Saturday, April 3, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 41: യാത്ര 

 

നിർത്താതെ അടിക്കുന്ന മൊബൈൽ ഫോൺ നോക്കി ഫ്രെഡി വീണ്ടും അറ്റൻഡ് ചെയ്യാതെ മേശപ്പുറത്തു വച്ചു. വിളിക്കുന്നത് ലിസിയാണ്. രാവിലെ അവളൊരു മെസ്സേജ് അയച്ചിരുന്നു. താൻ മറുപടിയൊന്നും അയച്ചിട്ടില്ല. 


ഇമ്മാനുവൽ ഒഫീഷ്യൽ ടൂറിലാണ്. ഒരാഴ്ചയോളം. ഇപ്പോൾ അവൾക്ക് തോട്ടമൊക്കെ ഒന്ന് കാണണമെന്ന്. എപ്പോഴോ സംസാരമദ്ധ്യേ വായിൽ നിന്നും അറിയാതൊന്ന് വീണതാണ്... തോട്ടത്തിലെ മനോഹരമായ കാഴ്ചകളെ കുറിച്ച്. അതിപ്പോൾ പാരയായി. ഇമ്മാനുവലിനോട് കുറെ ആവശ്യപ്പെട്ടെങ്കിലും അവൻ കൊണ്ട് പോകുന്നില്ലത്രെ. ഈ വരുന്ന ശനി ഞായർ ദിവസങ്ങളിൽ താൻ പോകുമ്പോൾ അവളെയും കൊണ്ട് പോകുമോ എന്നാണ് മെസ്സേജ്. അതൊരു ശരിയായ കാര്യമല്ലെന്ന് മനസ്സ് പറഞ്ഞപ്പോൾ അവഗണിച്ചു. മറുപടി ഒന്നും പറഞ്ഞില്ല. ഇപ്പോൾ ദാ... നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്നു.


പിന്നെയും മൊബൈൽ ഒന്ന് രണ്ടു വട്ടം റിംഗ് ചെയ്തു. പിന്നെ കുറെ നേരത്തേയ്ക്ക് അനക്കമൊന്നും ഉണ്ടായില്ല. അവൾ അത് വിട്ടു എന്ന് തോന്നിയപ്പോൾ ഫ്രെഡി ആശ്വസിച്ചു. ലിസി ചിലപ്പോൾ കൊച്ചു കുട്ടികളെ പോലെയാണ്. തീരെ വെളിവില്ലാത്ത സ്വപ്നജീവിയെ പോലെ പെരുമാറിക്കളയും. 


വൈകുന്നേരമായപ്പോൾ ലിസിയുടെ മെസ്സേജ് വന്നു. "അച്ചായാ... എന്നെ ഇഗ്നോർ ചെയ്യുകയാണെന്ന് മനസ്സിലായി. സാരമില്ല. പിണക്കമോ പരാതിയോ ഇല്ല. എന്നോടും വേണ്ട. കേട്ടോ."


ഫ്രെഡി ഒന്ന് പുഞ്ചിരിച്ചു. ഈ പെണ്ണിൻറെ ഒരു കാര്യം. ഒരു സ്മൈലി ഇമോജിയുടെ കൂടെ "പിണക്കമൊന്നും ഇല്ല. തിരക്കായിരുന്നു" എന്നൊരു മറുപടി ഇട്ടു. അടുത്ത മിനിറ്റിൽ മൊബൈൽ റിംഗ് ചെയ്തു. തലയ്ക്ക് കൈകൊടുത്ത് നാലഞ്ച് നിമിഷങ്ങൾ ഇരുന്നു. പിന്നെ അറ്റൻഡ് ചെയ്തു.


“ഹലോ...”


“അച്ചായാ... പിണക്കത്തിലാണോ?”


“അല്ലെടോ.. ബിസിയായിരുന്നു.” 


“ഞാൻ പറഞ്ഞ കാര്യം നടക്കുമോ?”


“പ്രയാസമാണ്. സോറി.” 


“സാരമില്ല. കൊതിക്കാനല്ലേ പറ്റൂ. വാശി പിടിക്കാൻ വയ്യല്ലോ.”


“ഇമ്മാനുവൽ ഇല്ലാത്തപ്പോൾ... അവനറിയാതെ… സൂസനറിയാതെ... ഞാൻ നിന്നെയും കൊണ്ട് തോട്ടത്തിലേക്ക് പോയാൽ… അത് മര്യാദയാണോ? പിന്നീട് അതവരറിഞ്ഞാൽ നമ്മളെന്ത് പറയും? പ്രത്യേകിച്ചും ഞാൻ പറഞ്ഞിട്ടാണ് ഇമ്മാനുവൽ ഒഫീഷ്യൽ ട്രിപ്പിന് പോകുന്നത്. അവനോട് ഒരു ന്യായവും പറയാനുണ്ടാവില്ല കുട്ടീ.”


“എനിക്കറിയാം... പാടില്ലാത്തതാണെന്ന്. പക്ഷെ വല്ലാതെ മോഹിച്ചു പോയി. മനസ്സ് കൊണ്ട് ഞാൻ അവിടെയൊക്കെ പോയി. അവിടെ ഏറ്റവും ഉയരമുള്ള കുന്നിൻ മുകളിലിരുന്ന് സൂര്യാസ്തമയം കണ്ടു. ഒരു പൂമ്പാറ്റയെ പോലെ അവിടെയൊക്കെ പറന്നു നടന്നു. അതൊക്കെയേ ഉള്ളൂ മോഹം.” 


“ഞാൻ ഇമ്മാനുവലിനോട് പറയാം.  നിന്നെയും കൊണ്ട് തോട്ടത്തിലൊക്കെ ഒന്ന് പോവാൻ. ആഗ്രഹമൊക്കെ നടക്കും.” 


“എന്നിട്ട് ആ കുന്നിൻ മുകളിൽ വച്ച് ബിസ്സിനസ്സ് കാര്യങ്ങൾ കേൾക്കാനോ? ജോലിത്തിരക്കിൻറെ ടെൻഷൻ കേൾക്കാനോ? വേണ്ടേ വേണ്ട. തോട്ടത്തിലേക്ക് പോകുന്നെങ്കിൽ അച്ചായൻറെ കൂടെ. എന്നെ അവിടെ ഒന്നെത്തിച്ചു തന്നാൽ മതി. തിരികെ കൊണ്ട് വന്നാൽ മതി. അവിടെ എൻറെ കൂടെ ഒട്ടും സമയം ചെലവഴിക്കേണ്ട.” 


“നീയെന്നെ കുഴക്കുകയാണ് കുട്ടീ.” 


“സോറി അച്ചായാ... ഞാൻ ഒന്നും ചോദിച്ചില്ല. അച്ചായൻ പ്രയാസപ്പെടേണ്ട.. ബൈ.” 


അവൾ പെട്ടെന്ന് ഫോൺ ഡിസ്കണക്ട് ആക്കി. ഫോണിലേക്ക് നോക്കി നോക്കി ഫ്രെഡി ഇത്തിരി ദേഷ്യത്തിൽ കുറച്ചു നേരം ഇരുന്നു. പിന്നെ പോട്ടെ പുല്ലെന്ന രീതിയിൽ ഇരുന്നു. ചില നേരത്ത് ലിസിയെ ജീവിതത്തിൽ നിന്നും മുറിച്ചു മാറ്റേണ്ടത് അത്യാവശ്യമാണെന്ന് തോന്നും. പിന്നെയും ദയ തോന്നും. ഒരു പാവം കുട്ടി. ഒരു കഥയില്ലാത്തവൾ. ആ സൗഹൃദം... സംസാരം.... ഇതൊക്കെ താനും ആസ്വദിക്കുന്നുണ്ട്. ചില സമയങ്ങളിൽ അവൾ ഉള്ളിലൊരു മോഹമായി മാറാറുണ്ട്. ആ പിഴവിൻറെ നാമ്പുകൾ കരിച്ചുകളയാനുമ്മാത്രം  തീഷ്ണമാണ് സൂസൻറെ സ്നേഹം. ആ കരുതൽ. ആ പ്രണയം. എല്ലാം.


പിറ്റേന്ന് നേരം വെളുത്തപ്പോൾ ലിസിയുടെ മെസേജ് ഉണ്ടായിരുന്നു. കുറെ ക്ഷമയൊക്കെ ചോദിച്ച്. സഹതാപം തോന്നി. അവളെ ഒന്ന് കൊണ്ട് പോയാലോ? മുൻപൊക്കെ സൂസൻ കൂടെ വരാറുണ്ടായിരുന്നു. മോൻ ഉണ്ടായ ശേഷം ഇല്ല. അവിടത്തെ തണുപ്പ് ആദമിന് പറ്റില്ല. അവൾ അവിടെയൊക്കെ ഒറ്റയ്ക്ക് ചുറ്റിനടന്ന് കണ്ടോളും. ആരെയെങ്കിലും കൂട്ടി വിട്ടാൽ മതിയല്ലോ? 


വേണോ വേണ്ടയോ എന്നൊരു ശങ്ക പിന്നെയും ഫ്രെഡിയുടെ മനസ്സിലുണ്ടായി. കുരിശാവുമോ എന്ന പേടിയുണ്ട്. ജീവിതമാണ്. കയ്യിൽ നിന്നും പോവാൻ ഒരു നിമിഷം മതി. അവളെ പോലെ ഒരു പെൺകുട്ടിയുമായി തോട്ടത്തിലേക്ക് ചെന്നാൽ അവിടെയുള്ളവർ എന്ത് കരുതും എന്നത് വേറെ കാര്യം. അത് പിന്നെ എന്തെങ്കിലുമൊക്കെ പറയാം. കൂടെ കിടക്കാനൊരു പെണ്ണിനെ വേണമെങ്കിൽ തോട്ടത്തിൽ കിട്ടാത്തതൊന്നുമല്ലല്ലോ. പക്ഷെ മനസ്സനുവദിച്ചിട്ടില്ല ഇത് വരെ. സൂസനെക്കാൾ തന്നെ കൊതിപ്പിക്കാൻ ഇതുവരെ ഒരു പെണ്ണിനും സാധിച്ചിട്ടില്ല. ഇനിയും അങ്ങിനെ തന്നെയാവും. തോട്ടത്തിലുള്ളവരോട് കസിനാണെന്നോ മറ്റോ പറഞ്ഞാൽ മതി. അവർ വിശ്വസിക്കാതിരിക്കില്ല. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയിൽ മിണ്ടിയും പറഞ്ഞും ഇരിക്കാനൊരാളുണ്ടാവും. അതും അവളെ പോലൊരു വായാടിപ്പെണ്ണാവുമ്പോൾ, അതൊരു രസം തന്നെയാണ്. പ്രശ്നം അതല്ല. ഇത് ശരിയല്ല എന്നറിഞ്ഞു കൊണ്ട് ഈ പാമ്പിനെ എടുത്ത് മടിക്കുത്തിൽ വെക്കണോ എന്നതാണ്. നാളെ ഇമ്മാനുവൽ ഇതറിഞ്ഞാൽ എന്ത് പറയും. അവനത് താങ്ങാനാവുമോ? പെണ്ണുപിടിക്കാതെ പെണ്ണുപിടിയനെന്ന പേര് വീഴുമോ? ഒരുപാട് ആശയക്കുഴപ്പങ്ങൾക്ക് ശേഷം അവസാനം ഫ്രെഡി അവളെ തോട്ടത്തിലേക്ക് കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു.


ഓഫീസിൽ എത്തിയപ്പോൾ അവളെ വിളിച്ചു. പ്രതീക്ഷിച്ചിരുന്നത് പോലെ അവൾ ഫോൺ എടുത്തു. എന്താ അച്ചായാ എന്ന ചോദ്യത്തിൽ ഒരു കൊച്ചു കുഞ്ഞിൻറെ കൊഞ്ചലുണ്ടെന്ന് ഫ്രെഡിക്ക് തോന്നി. 


“തോട്ടത്തിലേക്ക് പോന്നാൽ... അവിടെ കറങ്ങാൻ ഞാൻ കൂടെയുണ്ടാവില്ല. നല്ല അച്ചടക്കം വേണ്ടി വരും. അവിടെയുള്ളവരൊക്കെ നാട്ടുമ്പുറത്തെ സാധാരണക്കാരാണ്. അവരെക്കൊണ്ട് പറയിപ്പിക്കരുത്. എന്നെ നാറ്റിക്കരുത്.”


“അച്ചായാ.... സത്യാണോ? ഗോഡ് പ്രോമിസ്. ഞാൻ നല്ല കുട്ടിയായിരിക്കും. അച്ചായനൊരു ചൂരൽ വാങ്ങിക്കോ. എന്നിട്ട് ഞാൻ വികൃതി കാണിക്കുമ്പോഴൊക്കെ എനിക്ക് നല്ല അടി തന്നോ?”


“ഓക്കെ. എന്നാൽ ശനിയാഴ്ച അതി രാവിലെ റെഡിയായിരുന്നോളൂ. ഞാൻ വന്ന് പിക്ക് ചെയ്‌തോളാം.” 


“താങ്ക്യൂ അച്ചായാ.. താങ്ക്യൂ.”


ശനിയാഴ്ച രാവിലെ ഫ്രെഡി എത്തുമ്പോൾ അവളൊരുങ്ങി കാത്തിരിക്കുന്നുണ്ടായിരുന്നു. യാത്രയിൽ മുഴുവൻ അവൾ സംസാരിച്ചു കൊണ്ടിരുന്നു. അവളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ, കഥാപാത്രങ്ങൾ, എഴുത്തുകാർ, സിനിമ ഇതൊക്കെയായിരുന്നു വിഷയം. ഫ്രെഡി രസത്തോടെ കേട്ടിരുന്നു. ഇടയ്ക്കിടെ അവൾ  ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. ഇടയ്ക്കൊരിടത്ത് നിർത്തി ഭക്ഷണം കഴിച്ചു. ഉച്ചയോടെ തോട്ടത്തിലെത്തി. 


ലിസി വിടർന്ന കണ്ണുകളോടെ ആ മനോഹാരിത നോക്കിക്കണ്ടു. ഇതിന്നിടയിലെപ്പോഴോ, അവൾ തൻറെ ലക്‌ഷ്യം മറന്നിരുന്നു. വീടിൻറെ ഗേറ്റ് തുറന്നു കൊടുത്ത സ്ത്രീ ഫ്രെഡിയുടെ കൂടെ ലിസിയെ കണ്ടപ്പോൾ അമ്പരപ്പോടെ നോക്കി. ഫ്രെഡി പറഞ്ഞു. 


“ചേട്ടത്തീ... ഇത് മാണിക്കലത്തെ സിബുവച്ചായൻറെ മോളാണ്. വിവിഐപി ആണ്. ഒരു കുറവും വരാതെ നോക്കിക്കോണം. ചേട്ടത്തി റൂമൊക്കെ ഒന്ന് കാണിച്ച് കൊടുക്ക്.” ലിസിയെ നോക്കി. “നീയൊന്ന് ഫ്രെഷാവ്. ഞാൻ ഫാക്ടറിയിലേക്ക് പോകുന്നു. വൈകുന്നേരം ഇറങ്ങാം സർക്കീട്ടിന്. അവിടെ ഷെൽഫിൽ ബുക്ക്‌സൊക്കെയുണ്ട്. അതൊക്കെ നോക്കി നല്ല കുട്ടിയായിരിക്ക്.”


ഫ്രെഡി കാറോടിച്ച് പോകുന്നതും നോക്കി അവർ നിന്നു. വൈകുന്നേരം നാലു മണിയായപ്പോൾ ഫ്രെഡി ഫാക്ടറിയിൽ നിന്നും വന്നത് ഒരു തുറന്ന ജീപ്പുമായാണ്. ലിസിയെ തനിയെ തോട്ടത്തിലേക്ക് വിടാൻ ഫ്രെഡിക്ക് ഭയമുണ്ടായിരുന്നു. അവളെ പോലൊരു പെണ്ണിനെ തോട്ടത്തിലെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചൊരു പുരുഷൻ കണ്ടാൽ, അയാൾ ചിലപ്പോൾ ചെകുത്താനോട് സന്ധി ചെയ്തു എന്ന് വരും. 


തോട്ടത്തിലെ വീതികുറഞ്ഞ റോഡുകളിൽകൂടി ഫ്രെഡി അവളെയും കൊണ്ട് ജീപ്പിൽ കറങ്ങി നടന്നു. അവളെ കണ്ടവരൊക്കെ കണ്മിഴിച്ച് അവളെ തന്നെ നോക്കിനിൽക്കുന്നത് ഫ്രെഡി ശ്രദ്ധിച്ചിരുന്നു. സന്ധ്യയോടടുത്ത് അവിടെയുള്ള ഏറ്റവും വലിയ മൊട്ടക്കുന്നിൻറെ മുകളിലേക്ക് ഫ്രെഡി ജീപ്പോടിച്ചു. അവിടെ വിശാലമായ ഒരു പാറയിൽ അസ്തമയ സൂര്യനെ നോക്കി നിൽക്കെ, അവൾ സന്തോഷം കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു. അസ്തമയ ചക്രവാളത്തോളം മനോഹരമായിരുന്നു ആ പുഞ്ചിരി. 


ഫ്രെഡിയുടെ ഉള്ളിൽ എന്തെന്നറിയാത്തൊരു പെരുമ്പറ മുഴങ്ങി. അയാൾ വേഗം അവളിൽ നിന്നും മുഖം തിരിച്ചു. കണ്ണടച്ചപ്പോൾ സൂസൻറെ പുഞ്ചിരിക്കുന്ന മുഖം. കർത്താവേ... എന്നെയും പിശാചിനേയും നീ ഒരേ നുകത്തിൽ കെട്ടരുതേ.


ഇരുട്ടിയിട്ടാണവർ മടങ്ങിയത്. ജീപ്പിലിരിക്കെ അവൾ വിളിച്ചു 


“അച്ചായാ...”


“ഉം...”


“ഇത് പോലൊരു സന്ധ്യ എൻറെ സ്വപ്നങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.” 


“ആഹാ...”


“എനിക്കൊത്തിരി സന്തോഷമായി അച്ചായാ. ഒത്തിരിയൊത്തിരി.” 


“ഉം...”


“അച്ചായനെന്താ... ഒരു സന്തോഷമില്ലാത്ത പോലെ?” 


“ഹേയ്.. ഡ്രൈവ് ചെയ്യുകയല്ലേ. ശ്രദ്ധിച്ചില്ലെങ്കിൽ... നമ്മൾ ദാ... താഴെ പോയിക്കിടക്കും.” 


“അച്ചായന് മരിക്കാൻ പേടിയുണ്ടോ?” 


“ഹഹഹ... നല്ല ചോദ്യം. എനിക്കുണ്ട്.”


“എനിക്കിപ്പൊ... കുറേശ്ശെ. ഇമ്മാനുവലിച്ചായനെ കാണുന്ന വരെ ഞാൻ ഇടയ്ക്കിടയ്ക്ക് മരണം കൊതിക്കും. ഒന്ന് മരിച്ചുകിട്ടിയെങ്കിലെന്ന്.” ഒന്ന് നിർത്തി ഒരു നെടുവീർപ്പോടെ. “ഇപ്പോൾ ജീവിക്കാനാണ് കൊതി. ഒത്തിരി കാലം... ജീവിക്കാൻ... ഒരു കൊതി.” 


“ഒന്ന് ചോദിച്ചോട്ടെ? താനെങ്ങിനെയാ... അവിടെ… അങ്ങിനെ ഒരു ചുറ്റുപാടിൽ എത്തിയത്? ആരാ നിന്നെ ചതിച്ചേ?”


അവളൊന്നും മിണ്ടിയില്ല. ഫ്രെഡി പിന്നെ ചോദ്യം അവർത്തിച്ചതുമില്ല. ഓർക്കാനിഷ്ടമുണ്ടാവില്ലായിരിക്കും. അൽപ്പനേരം അവർക്കിടയിൽ മൗനം  നിലനിന്നു. പിന്നെ, ജീപ്പിൻറെ ഹെഡ്‌ലൈറ്റിൻറെ വെളിച്ചത്തിലേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞു  


“എൻറെ ബുദ്ധിമോശം. എടുത്ത് ചാട്ടം. പോട്ടെ. ഇനി പറഞ്ഞിട്ടെന്താ...?”


ഫ്രെഡി അവളെ ഒന്ന് നോക്കി. ഇരുട്ടിൽ അവളുട മുഖം വ്യക്തമായി കാണാൻ വയ്യ. അവനൊന്നു മൂളുക മാത്രം ചെയ്തു.


“അച്ചായനറിയുമോ? എൻറെ ജീവിതത്തിൽ ഒത്തിരി ആണുങ്ങളെ ഞാൻ കണ്ടു. പക്ഷെ നിങ്ങളെ പോലെ ഒരാളെ വേറെ കണ്ടില്ല. എനിക്ക് ചേച്ചിയോട് അസൂയ തോന്നുന്നു. സത്യം.”


ഫ്രെഡി ഒന്ന് ചിരിച്ചു. അവർ നേരെ പോയത് ശോശാമ്മയുടെ ചായിപ്പിലേക്കാണ്. ഫ്രെഡിയെ കണ്ടപ്പോൾ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്ന വറീത് ഭവ്യതയോടെ എഴുനേറ്റു. 


“അത് ശരി. ഇവിടെ സൊള്ളിക്കൊണ്ടിരിക്കുകയാണോ? അവിടെ പാറാവ് നിൽക്കേണ്ടതിന് പകരം?”


“അയ്യോ സാറെ. ഞാൻ ദാ ഇപ്പൊ വന്നേ ഉള്ളൂ. ഒടുക്കത്തെ തണുപ്പാ. ഒരു ചായ കുടിക്കാൻ...”


“ഉം... ശരി ശരി. വേഗം ചെല്ലാൻ നോക്ക്.”



ലിസിയെ കണ്ട വറീത് ചായ കുടിക്കാൻ മറന്ന് അവളെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ഫ്രെഡി ഒന്ന് മുരടനക്കി. അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ഫ്രെഡിക്കറിയാം. വറീത് ചൂടുള്ള ചായ ഒറ്റവലിക്ക് കുടിച്ച് വേഗം അവിടന്ന് പോയി. 


ശോശാമ്മ നല്ല കപ്പ വാട്ടിയതും കോഴിക്കറിയുമാണ് അവർക്ക് വിളമ്പിയത്. കറിയിലിത്തിരി എരിവുണ്ടായിരുന്നെങ്കിലും ലിസി അത് രുചിയോടെ തിന്നു. 


രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി വച്ച് അവരെ കാത്തിരിക്കുകയായിരുന്നു ചേട്ടത്തി. അവരോട് ശോശാമ്മയുടെ കടയിൽ നിന്നും  കഴിച്ചത് ഫ്രെഡി പറഞ്ഞില്ല. ഞങ്ങൾ എടുത്ത് കഴിച്ചോളാം എന്ന് പറഞ്ഞപ്പോൾ അവർ ടോർച്ചും തെളിച്ചു കൊണ്ട് പോയി. ആ വീട്ടിൽ ഫ്രെഡിയും ലിസിയും മാത്രമായി.

      

ചിമ്മിനിയിൽ വിറകെരിഞ്ഞു. ഫ്രെഡി ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. തൊട്ടരികെ ലിസി ഇരിക്കുന്നുണ്ട്. അവളുടെ മനസ്സ് പ്രഷുബ്ധമായിരുന്നു. ഇതുപോലൊരു അവസരത്തിന് വേണ്ടിയല്ലേ വർഷങ്ങളായി ഇമ്മാനുവലും താനും കാത്തിരുന്നത്. എത്രയോ ആണുങ്ങൾ കയറിയിറങ്ങിയ എൻറെ ഉടൽ. ഒരു പരിശുദ്ധിയും പറയാനില്ലാത്ത എൻറെ ജീവിതം. പക്ഷെ... ഇന്ന്...ഇന്നീ മനുഷ്യനെ വഞ്ചിക്കാൻ തനിക്കാവുന്നില്ലല്ലോ എന്നവളോർത്തു. പക്ഷെ, തനിക്കതിനാവില്ലെന്ന് ഇമ്മാനുവലറിഞ്ഞാൽ തന്നെ ഉപേഷിക്കുമായിരിക്കും. പിന്നെ ഭാര്യാഭർത്താക്കന്മാർ എന്ന വേഷം കെട്ടേണ്ട കാര്യമില്ലല്ലോ. ഇത്രയും കാലത്തിനിടയ്ക്ക് ജീവിച്ചത് ഈ കുറഞ്ഞ കാലം മാത്രമാണ്. അത് നഷ്ടപ്പെടും. സാരമില്ല. എവിടെയെങ്കിലും എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം. ഇമ്മാനുവലിൻറെ കാല് പിടിച്ചു നോക്കാം. ആ അടുക്കളയിലെങ്കിലും ഒരു സ്ഥാനം തരാൻ. 


ഇടയ്ക്ക് ഫ്രെഡി അവളെ ഒന്ന് തിരിഞ്ഞു നോക്കി. ചിമ്മിനിയിലെ ആളുന്ന നാളത്തിൽ, അവളുടെ മുഖമാകെ സ്വർണ്ണ പ്രഭയായിരുന്നു. അവരുടെ കണ്ണുകൾ കൊരുത്തു. ഫ്രെഡിയുടെ ഉള്ളിലൊരു തീപട്ടം കൊടുങ്കാറ്റു പിടിച്ചത് പോലെ വട്ടം കറങ്ങി. അതിൻറെ ചരട് പൊട്ടിപ്പോവുമോ എന്നവൻ ഭയന്നു. അവളുടെ കണ്ണുകളുടെ തിളക്കം മത്തു പിടിപ്പിക്കുന്ന പോലെ. 


ഫ്രെഡിയുടെ കണ്ണുകളിലെ തിളക്കം ലിസിയും ശ്രദ്ധിച്ചു. അവൾക്കപ്പോൾ ആശയല്ല തോന്നിയത്. ഭയമായിരുന്നു. ഫ്രെഡിയുടെ ഭാഗത്ത് നിന്നും അങ്ങിനെ ഒരു സമീപനമുണ്ടായാൽ, തനിക്കെതിർക്കാനാവില്ലല്ലോ എന്നവളോർത്തു. അരുത്. അങ്ങിനെ സംഭവിക്കരുത്. ഈ മനുഷ്യൻറെ ജീവിതം ഞാനായിട്ട് നശിപ്പിക്കില്ല. 


“എന്താ അച്ചായാ....?” അവളുടെ ചോദ്യത്തിൻറെ മുൻപിൽ ഫ്രെഡി ഒന്ന് പതറി. 


“ഒന്നുമില്ല. ഞാനെന്തോ... ചുമ്മാ ഓർത്തുപോയി.” 


“എനിക്കുറക്കം വരുന്നു. ഞാൻ കിടന്നോട്ടെ. ഇമ്മാനുവലച്ചായനെ ഒന്ന് വിളിക്കണം. അച്ചായൻ ചേച്ചിയെ വിളിക്കുന്നില്ലേ?”


“യെസ്.. വിളിക്കണം. നീ പോയി കിടന്നോളൂ. മുറി അകത്തു നിന്നും കുറ്റിയിട്ടോളൂ. രാവിലെ എഴുന്നേൽക്കണം. ഇവിടെ ഇനിയുമുണ്ട് കാണാനേറെ സ്ഥലങ്ങൾ. നാളെ വൈകുന്നേരം നമ്മൾ മടങ്ങും.”


അവളൊന്നു പുഞ്ചിരിച്ചു. “ഗുഡ് നൈറ്റ് അച്ചായാ.” 


“ഗുഡ് നൈറ്റ്. സ്വീറ്റ് ഡ്രീംസ്.”


അവൾ മെല്ലെ നടന്നു പോകുന്നതും നോക്കി ഫ്രെഡി ഇരുന്നു. അവൾ മുറിയിൽ കയറി വാതിലടക്കുമ്പോൾ ഫ്രെഡി തന്നെയും നോക്കിയിരിക്കുന്നത് കണ്ടു. അവൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ വാതിൽ അടച്ചു. വാതിൽ കുറ്റിയിടുന്ന ശബ്ദം അവനു കേൾക്കാമായിരുന്നു. 


ലിസി വാതിൽ ചാരി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മെല്ലെ മെല്ലെ നിശബ്ദമായി തേങ്ങിക്കൊണ്ടവൾ വാതിലും ചാരി, താഴെ വെറും നിലത്തിരുന്നു. തൻറെ തേങ്ങൽ ഫ്രെഡി കേൾക്കാതിരിക്കാൻ അവൾ കൈവെള്ള കൊണ്ട് വായ പൊത്തിപ്പിടിച്ചു. 


ആളുന്ന തീയിലേക്ക് നോക്കിയിരുന്ന ഫ്രെഡിയുടെ നെഞ്ചിലൊരു നെടുവീർപ്പ് പിടഞ്ഞു. പിന്നെ ഒരാശ്വാസം പോലെ ഒന്ന് പുഞ്ചിരിച്ചു. മൊബൈൽ ഫോൺ എടുത്ത് സൂസൻറെ നമ്പർ ഡയൽ ചെയ്തു.


തുടരും 

   

1 comment:

  1. കൊതിക്കാനല്ലേ പറ്റൂ. വാശി പിടിക്കാൻ വയ്യല്ലോ...

    ReplyDelete