Wednesday, March 31, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 40: കെണിയറിയാതെ 


ക്ഷമയുള്ള വേട്ടക്കാരൻ സമയത്തെ കുറിച്ച് വേവലാതിയില്ലാത്തവനാണ്. അയാൾ താനൊളിച്ചിരിക്കുന്ന പൊഴുതിലേക്ക് തൻറെ ഇര വന്നു ചേരുന്നത് വരെ കാത്തിരിക്കും. 


ലാസറും ലിസിയും അങ്ങേയറ്റം ക്ഷമയോടെ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയത്നത്തിലായിരുന്നു. ഫ്രെഡിക്ക് അന്നൊരു പരിചയത്തിൻറെ ചൂണ്ട ഇട്ടു കൊടുത്ത ലിസി, വളരെ പതുക്കെ ഫ്രെഡി പോലുമറിയാതെ ഒരു സൗഹൃദത്തിൻറെ വല വിരിച്ചു. അറിയാതെ തന്നെ ഫ്രെഡി പതുക്കെ പതുക്കെ അതിലേക്ക് കയറുകയായിരുന്നു.


ചെറിയ ചെറിയ മെസ്സേജുകളിൽ നിന്നും വലിയ വലിയ മെസ്സേജുകളിലേക്കും ഒരുപാട് സമയം നീണ്ടു നിൽക്കുന്ന ഫോൺകാളുകളിലേക്കും ലിസി ആ ബന്ധത്തെ വളർത്തി. ഇടയ്ക്കിടയ്ക്ക് നാലു വരി കവിതകളൊക്കെ അവളെഴുതി ഫ്രെഡിക്കയച്ചുകൊടുത്തു. അത് ഫ്രെഡിക്കും ഒരു പുതിയ അനുഭവമായിരുന്നു.


തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഇമ്മാനുവൽ അറിയരുതെന്ന് മാത്രം ലിസി ഫ്രെഡിയോട് ആവശ്യപ്പെട്ടു. അതിനവൾ കാരണം പറഞ്ഞത്, ഇമ്മാനുവൽ അതുൾക്കൊള്ളണം എന്നില്ല എന്നതായിരുന്നു. ആദ്യമൊക്കെ വളരെ കരുതലോടെയായിരുന്നു ഫ്രെഡി അവളോട് ഇടപെട്ടിരുന്നത്. പിന്നെ പിന്നെ അവനവളെ വിശ്വാസമായി. സൂസനോട് ഈ സൗഹൃദത്തെക്കിറിച്ച് പറയാൻ ഫ്രെഡിയും തയ്യാറായില്ല.


ലിസിയെ സൂസന് വലിയ ഇഷ്ടമല്ല എന്ന് ഫ്രെഡി മനസ്സിലാക്കിയിരുന്നു. അതിൻറെ കാരണമെന്താണെന്നവനറിയുകയും ഇല്ല. ചോദിച്ചതുമില്ല. അതുകൊണ്ട് തന്നെ ഈ സൗഹൃദം സൂസനോടൊ, ആത്മാർത്ഥസുഹൃത്ത് ഹസ്സനോടോ ഫ്രെഡി പങ്കുവച്ചില്ല. ലാസറും ലിസിയും ആഗ്രഹിച്ചതും അത് തന്നെയായിരുന്നു.


ലിസിയും വളരെ കരുതലോടെയാണ് ഫ്രെഡിയുമായി ഇടപെട്ടത്. പല പ്രാവശ്യം ഫ്ലാറ്റിലേക്ക് വിളിച്ചെങ്കിലും, ഫ്രെഡി പോയില്ല. അത്തരം ഒരു സാഹചര്യം ഫ്രെഡി ഇഷ്ടപ്പെടുന്നില്ല എന്നവൾക്ക് വളരെ വേഗം മനസ്സിലായി. കുടുംബ ബന്ധങ്ങൾക്ക് വലിയ മൂല്യം കൊടുക്കുന്ന ആളാണ് ഫ്രെഡി എന്നും, തന്ത്രപൂർവമല്ലാതെ ഫ്രെഡിയെ തങ്ങളുദ്ധ്യേശിക്കുന്ന കെണിയിലേക്ക് കൊണ്ടുവരാനാവില്ലെന്നും, ലിസിക്കും ലാസറിനും ഉറപ്പായി. അങ്ങിനെ ഫ്രെഡിയെ സ്വന്തം ഫ്ലാറ്റിലേക്ക് ക്ഷണിക്കുന്നത് ലിസി നിർത്തി.


ഫ്രെഡി സൗഹൃദ വലയിൽ പൂർണ്ണമായും അകപ്പെട്ടു എന്ന് മനസ്സിലായപ്പോഴാണ്, സംഗീതവും വായനയുമൊക്കെ ഇഷ്ടമുള്ള ഫ്രെഡിയെ, കവിതയിലൂടെയും പാട്ടിലൂടെയുമൊക്കെയാണ് ലിസി കൂടുതൽ തന്നിലേക്കടുപ്പിച്ചത്. ഇതിനെല്ലാം ധാരാളം സമയമെടുത്തു. പക്ഷെ ലിസിയും ലാസറും നിരാശരായിരുന്നില്ല. സ്വന്തം കുടുംബത്തിനും അഭിമാനത്തിനും ക്ഷതമേൽക്കത്തക്ക ഒരു ഭീക്ഷണിയുണ്ടായാൽ, തങ്ങളുദ്ധ്യേശിക്കുന്ന പോലെ, ഫ്രെഡിയിൽ നിന്നും ഭീമമായൊരു സംഖ്യ കരസ്ഥമാക്കാമെന്നു തന്നെ അവർ വിശ്വസിച്ചു. 


ലിസിയുടെ മനസ്സിലും അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറെയധികം പണം സ്വന്തമാക്കാം. ശേഷിച്ച ജീവിതം, ഇമ്മാനുവൽ അനുവദിക്കുകയാണെങ്കിൽ അവൻറെ കൂടെ സന്തോഷമായി ജീവിക്കാം. അവൾക്ക് ഇമ്മാനുവലിൻറെ കൂടെ ജീവിക്കാൻ തന്നെയായിരുന്നു ഇഷ്ടം. ഇമ്മാനുവലിനെ കുറിച്ച് അധികമൊന്നും ഇപ്പോഴും അവൾക്കറിയില്ല. മാത്രമല്ല, ഫ്രെഡിയുടെ ജീവനാണ് അവൻറെ ആത്യന്തികമായ ലക്ഷ്യമെന്നും. 


ആദമിൻറെ മൂന്നാം പിറന്നാൾ അടുത്തു. ഒന്നും രണ്ടും പോലെ ഇത്തവണയും വിപുലമായൊരു പരിപാടി തന്നെയാണ് ഫ്രെഡിയും സൂസനും പ്ലാൻ ചെയ്തത്. ഫ്രെഡിയുമായി ലിസിക്കുള്ള സൗഹൃദത്തെ, അതിൽ നിന്നും ഒന്നുകൂടി മുന്നോട്ട് കൊണ്ട് പോകാൻ ഇതാണ് പറ്റിയ അവസരമെന്ന് ലാസറും ലിസിയും മനസ്സിലാക്കി. ലിസി ആദ്യം ചെയ്തത് ഒരു പന്ത്രണ്ട് വരി കവിതയെഴുതി ഫ്രെഡിക്കയച്ചു കൊടുക്കുകയായിരുന്നു. 


ഫ്രെഡിക്ക് ആ കവിത ഒരുപാടിഷ്ടമായി. എവിടെയൊക്കെയോ തൻറെയും സൂസൻറെയും ജീവിതത്തിൻറെ അടയാളങ്ങൾ അവനതിൽ കണ്ടെത്തി. 


ലിസി ചോദിച്ചു. "അച്ചായാ... (ഫ്രെഡിയെ ഇപ്പോൾ അങ്ങിനെയാണ് വിളിക്കുന്നത്). മോൻറെ പിറന്നാളിന് നമുക്കൊരുമിച്ചീ കവിത ആലപിച്ചാലോ?"


"അയ്യോ... വേണോ? ഒരു ട്യൂണൊക്കെ വേണ്ടേ?."


"ഞാനൊന്ന് കൊടുത്തുനോക്കട്ടെ.?" 


"നോക്ക്. കൊള്ളാമെങ്കിൽ നമുക്ക് പാടാം."


ലാസറും ലിസിയും തന്ത്രപൂർവം കവിതയ്ക്ക് ട്യൂൺ ചെയ്യിച്ചത്, ഒരു പ്രൊഫഷനലിനെ കൊണ്ട് തന്നെയായിരുന്നു. ട്യൂൺ കേട്ടപ്പോൾ ഫ്രെഡിക്ക് താല്പര്യമായി. ലിസിയോട് ഇമ്മാനുവലിൻറെ സമ്മതം വാങ്ങിക്കാൻ ആവശ്യപ്പെട്ടു. 


നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ ലാസർ ഫ്രെഡിയുടെ  ഓഫീസ് കാബിനിൽ വന്നു കണ്ടു.


“സാർ... ലിസിക്കൊരു റിക്വസ്റ്റ് ഉണ്ട്. ആദമിൻറെ ബർത്ത് ഡേ പാർട്ടിക്ക് അവൾക്കൊരു പാട്ടു പാടിയാൽ കൊള്ളാമത്രെ.” 


“അതിനെന്താ... എത്ര പാട്ടു വേണമെങ്കിലും അയാൾക്ക് പാടാമല്ലോ.” ഒന്നുമറിയാത്ത പോലെ ഫ്രെഡി പറഞ്ഞു.


“അതല്ല. അവൾക്ക് സാറിൻറെ കൂടെ പാടണമെന്ന്.” 


“എന്നാൽ പിന്നെ... ഇമ്മാനുവലും അവളും കൂടി പാടിയാൽ പോരെ?” 


“സാറ്‌ പാർട്ടി പിരിച്ചു വിടാനുള്ള പാട്ടാണോ ഉദ്ധ്യേശിച്ചത്.  എൻറെ പൊന്നു സാറെ... ഞാനൊരു പാട്ടു പാടിയാൽ അവിടെ പിന്നെയാരും ഇരിക്കൂല.” 


“ഹഹഹ... ശരി. നമുക്ക് നോക്കാം”


“അവളൊരു ട്യൂൺ ഒക്കെ ഇട്ട് സ്വന്തമായി പാട്ടൊക്കെ എഴുതിയിട്ടുണ്ട്. അവൾക്കിത്തിരി എഴുത്തും വായനയുമൊക്കെയുണ്ട്. സിഡി കാറിലുണ്ട്. ഐ വിൽ ബ്രിങ്ങ് ഇറ്റ്. പാട്ടിൻറെ കാര്യങ്ങളൊക്കെ സാറവളോട് നേരിട്ട് ചോദിച്ചാൽ മതി. ഞാനവളുടെ നമ്പർ സാറിനു വാട്സാപ്പ് അയക്കാം.”       


ചിരിച്ചുകൊണ്ട് ലാസർ അത് പറഞ്ഞപ്പോൾ ഫ്രെഡിക്ക് വിഷമമായി. പാവം. ഇവനറിയുന്നില്ലല്ലോ, ഞാനും അവളും തമ്മിൽ വലിയ സൗഹൃദത്തിലാണെന്ന്. അതൊരു സൗഹൃദമായിട്ട് പോലും എന്തുകൊണ്ടാണ് ഞങ്ങളുടെ ഇണകൾ അറിയെ ഞങ്ങൾക്കത് ആസ്വദിക്കാനാവാത്തതാവോ? ഒരർത്ഥത്തിൽ ഞങ്ങൾ ഇമ്മാനുവലിനെയും സൂസനെയും ചതിക്കുകയല്ലേ? അതല്ല... കട്ട് തിന്നുന്നതിൻറെ ഒരു സുഖം തലയ്ക്ക് പിടിച്ചു പോയോ? 


വീട്ടിലെത്തിയ ഫ്രെഡി സിഡി പ്ലെയറിൽ സിഡിയിട്ട് പ്ലേ ചെയ്യവേ, അത്ഭുതത്തോടെ കേട്ടിരുന്ന സൂസനോട് ചോദിച്ചു. 


“ആളെ മനസ്സിലായോ? പാടുന്ന ആളെ?” 


ഇല്ലെന്ന് സൂസൻ തല വെട്ടിച്ചപ്പോൾ പറഞ്ഞു. “അത് ഇമ്മാനുവലിൻറെ വൈഫാണ്. അവൾ തന്നെയാണ് എഴുതിയത്. മ്യുസിക്കും അതെ. ആദമിൻറെ ബർത്ത് ഡേ പാർട്ടിക്ക് പാടാനാണത്രെ.”

 

സൂസൻറെ ഉള്ളൊന്ന് മങ്ങി. അവളത് പുറത്ത് കാണിക്കാതെ ചോദിച്ചു. “ബർത്ത് ഡേ പാർട്ടിക്കോ ഈ പ്രണയ ഗാനം? വല്ല ആശംസാ ഗാനവുമല്ലാതെ...”


ഫ്രെഡി പൊട്ടിച്ചിരിച്ചുപോയി. അവളെ നോക്കി അർത്ഥഗർഭമായൊരു മൂളലിൽ എല്ലാം ഒതുക്കി. സൂസൻ പിന്നെ കൂടുതലൊന്നും പറഞ്ഞില്ല. വരികളും സംഗീതവും അവൾക്കും ആസ്വാദ്യകരമായിരുന്നു. ആ രംഗം അങ്ങിനെ അവിടെ കഴിഞ്ഞു. 


ബർത്ത് ഡേ പാർട്ടിയുടെ അന്ന്, ക്ഷണിക്കപ്പെട്ട അതിഥികളുടെ മുൻപിൽ, ഒരു അപ്സരസ്സിനെ പോലെ സുന്ദരിയായ ലിസിയും ഫ്രെഡിയും ഒരുമിച്ച് തന്നെ ആ ഗാനം പാടി. സദസ്സ് മുഴുവൻ ആ ഗാനം അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്തു. പാടുന്നതിനിടയിൽ ഒരു കള്ളച്ചിരിയോടെ തന്നെ നോക്കുന്ന ഫ്രെഡിയെ സൂസൻ പ്രണയപൂർവ്വം നോക്കുന്നുണ്ടായിരുന്നു.. 


ആ ദിവസം കഴിഞ്ഞു പോയി. പിറ്റേന്ന് രാവിലെ തൻറെ മൊബൈലിൽ ലിസിയുടെ ഒരു മെസ്സേജ് വന്നു കിടക്കുന്നത് ഫ്രെഡി കണ്ടു.


“അച്ചായാ... എൻറെ ജീവിതത്തിൽ ഞാനിത്രയും സന്തോഷിച്ച ഒരു ദിവസമില്ല. എനിക്കാ സന്തോഷം തന്നത് അച്ചായനാണ്. അച്ചായനിഷ്ടമായാലും ഇല്ലെങ്കിലും ഞാൻ അച്ചായനെ കെട്ടിപ്പിടിച്ചൊരുമ്മ തരുന്നു. ദേഷ്യമൊന്നും വേണ്ടാട്ടോ. എനിക്ക് സന്തോഷം സഹിക്കാൻ വയ്യാഞ്ഞിട്ടാണ്.”


ഒരു നിമിഷം അമ്പരന്ന ഫ്രെഡിയുടെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വിടർന്നു. തിരികെ ഒരു മെസ്സേജയച്ചു.


“എനിക്കൊരു ഭാര്യയും തനിക്കൊരു ഭർത്താവുമുണ്ടെന്ന് മറക്കണ്ട. എന്തായാലൂം ഇത് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇത് ആദ്യത്തേതും അവസാനത്തേതുമാവട്ടെ.”


അൽപ സമയത്തിനകം അവളുടെ മറുപടിയെത്തി 


“ഞാനൊരു മുട്ടൻ തെറിയാണ് പ്രതീക്ഷിച്ചത്. ഒരു താക്കീതിൽ നിർത്തിയതിന് നന്ദി. അച്ചായൻ പറഞ്ഞ പോലെ... ആദ്യത്തേതും അവസാനത്തേതും.”


“ഓ.. അങ്ങിനെയാവട്ടെ. ബിസിയാണ്. പിന്നെ കാണാം. ടേക്ക് കെയർ.”


തിരികെ ഒരു സ്മൈലി ഇമോജിയും ഒരു ലവ് ചിഹ്നവും വന്നു. ഈ കുട്ടിയുടെ ചിലപ്പോഴത്തെ പെരുമാറ്റം, ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ എന്നാണ് ഫ്രെഡി ആലോചിച്ചത്. ചിലപ്പോൾ തോന്നും അവളൊരു കൊച്ചു കുട്ടിയാണെന്ന്. ചിലപ്പോൾ ഒരുപാട് നിരാശയുള്ളൊരു ആൾ. ചിലപ്പോൾ തന്നോട് പ്രേമമാണെന്ന് തോന്നും. ചിലപ്പോൾ അമ്മയെ പോലെ പെരുമാറും. ചിലപ്പോൾ അനുജത്തിയെ പോലെയോ ചേച്ചിയെ പോലെയോ ആവും. എന്ത് തന്നെയായാലും അവളുടെ സ്നേഹം തൻറെ ഹൃദയത്തിൻറെ എവിടെയോ തൊട്ടു തലോടുന്നുണ്ട്. അതെന്നെ പേടിപ്പെടുത്തുന്നുണ്ട്. ഗൂഢമായ എന്തോ ഒരു സന്തോഷത്തിലേക്ക് കൊണ്ടുപോകുന്നുമുണ്ട്. കുടഞ്ഞെറിഞ്ഞിട്ടും ശരീരത്തിൽ നിന്നും പോകാതെ അള്ളിപ്പിടിച്ചു നിൽക്കുന്ന... എന്തോ ഒന്ന്.


ഒരുമാസം കൂടി കഴിഞ്ഞുപോയി. ഇതിനിടയിൽ പലപ്പോഴും ലിസിയുടെ ഭാഗത്ത് നിന്നുള്ള മെസേജുകളിൽ ചെറിയ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ ഫ്രെഡി കണ്ടിരുന്നു. വരികൾക്കിടയിൽ പ്രണയമോ കാമമോ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. ഫ്രെഡി അത് അവഗണിക്കുകയാണ് ചെയ്തത്. ശകാരിക്കാനോ തിരുത്താനോ ഫ്രെഡി തയ്യാറായില്ല. വർഷങ്ങളുടെ സൗഹൃദം കൊണ്ടവൾ എടുക്കുന്ന അമിത സ്വാതന്ത്ര്യമായി മാത്രമേ അതിനെ കണ്ടുള്ളൂ. തൻറെ നിയന്ത്രണം തൻറെ കയ്യിലാണല്ലോ എന്നോർത്ത് കണ്ണടച്ച്. ചിലപ്പോഴൊക്കെ അവനറിയാതെ അതാസ്വദിക്കുന്നുമുണ്ടായിരുന്നു. ഒരു ദിവസം അവളൊരു കവിതയെഴുതി അയച്ചു. 


ഒരു തുള്ളി തേനിലൊരു-

ന്മാദ സാഗരമൊളിപ്പിച്ചു,  

നിശാഗന്ധി കാത്തിരിക്കവേ;

അതറിയാതെ പാവം രാപ്പാടി 

പാട്ടിൻറെ പാൽക്കടൽ 

നീന്തിക്കടന്നു പോയ്!

ചുംബനം ചോരുന്ന ചുണ്ടുമാ-

യവൾ കാത്തിരിപ്പായെത്രയോ-

നാളിങ്ങനെ ഖിന്നയായ്!


നിൻറെ ചൂടുള്ള നിശ്വാസങ്ങളെ-  

ന്നാണിനിയെന്നിലലിയുക?

എൻറെ മോഹനദിയിലെന്നാണൊ-   

രുന്മാദ ജലതരംഗമാവുക? 

ഒന്ന് വിടരുവാനായി ഞാനെന്നും 

നിൻറെ ഗാനം കാതോർക്കുന്നു.

നീയെന്നെ കാണാത്തതോ? 

അല്ല നിനക്കെന്നെ വേണ്ടാത്തതോ? 

അതല്ല എനിക്കായി പാടുവാൻ 

നിന്നിലിനിയൊരു ഗാനമില്ലെന്നോ?


രാശലഭങ്ങളേ നിങ്ങളകന്നു പോവുക.

പാർവ്വണചന്ദ്രികേ, നീയും!

ഇരുട്ടിൽ ഞാനേകയായിരിക്കട്ടെ. 

ഒരു തുള്ളിയുന്മാദം നുരയ്ക്കുന്ന 

തേനെൻറെ നെഞ്ചിൽ ഞാൻ, 

പാത്തുവെക്കാമെന്നരുമയാം 

രാപ്പാടീ, നീയെത്തുമ്പോളൂട്ടുവാൻ!   

     

കവിത വായിച്ച് ഏറെ നേരം എന്തൊക്കെയോ ആലോചിച്ചിരുന്ന ഫ്രെഡി അതിന് ഇങ്ങിനെ ഒരു മറു കുറിപ്പെഴുതി.


പ്രിയ കവയത്രീ. 


കവിത വായിച്ചു.  സന്തോഷമായി. വളരെ മനോഹരമായിരിക്കുന്നു. ഇനിയുമെഴുതുക. എഴുതിയെഴുതി ഉയരങ്ങളിലേക്ക് പോവുക. എന്നിട്ട് നീയൊരു നക്ഷത്രമാവുക. മണ്ണിൽ നിന്നെനിക്ക് നോക്കിക്കണ്ടാസ്വദിക്കാനാവുന്നൊരു ഉത്കൃഷ്ട നക്ഷത്രം. 


എന്ന്. 

ഹൃദയപൂർവം     

ഒരാരാധകൻ 


  

 തുടരും

         

1 comment:

  1. ഫ്രെഡി സൗഹൃദ വലയിൽ പൂർണ്ണമായും അകപ്പെട്ടു എന്ന് മനസ്സിലായപ്പോഴാണ്, സംഗീതവും വായനയുമൊക്കെ ഇഷ്ടമുള്ള ഫ്രെഡിയെ, കവിതയിലൂടെയും പാട്ടിലൂടെയുമൊക്കെയാണ് ലിസി കൂടുതൽ തന്നിലേക്കടുപ്പിച്ചത്...

    ReplyDelete