Saturday, April 10, 2021

ചിലന്തിവലയിൽ‌ ‌ഒരു‌ ‌ചിത്രശലഭം‌!



അദ്ധ്യായം 43: പാപം 


രാത്രി കിടന്നിട്ട് ഉറക്കമൊട്ടും ശരിയാവാതെ ലിസി അതിരാവിലെ എഴുന്നേറ്റു.  നാളെയോ മറ്റന്നാളോ ഇമ്മാനുവൽ വരും. വന്നിട്ട് വേണം. ഫ്രെഡി എന്ന മനുഷ്യനെ ചതിക്കാൻ തനിക്കാവില്ലെന്ന് അദ്ദേഹത്തോട് പറയാൻ.


എന്തായിരിക്കും പ്രതികരണം? ദേഷ്യപ്പെടുമായിരിക്കും. എത്രയോ ലക്ഷങ്ങൾ കൊടുത്ത് എന്നെ രക്ഷിച്ചതും... ഈ നാടകമെല്ലാം കളിച്ചതും... ഫ്രെഡിയിൽ നിന്നും തട്ടിയെടുക്കാൻ സാധിക്കുന്ന കോടികളെന്ന ലാഭം കണ്ടിട്ടാണ്. 


അത് നടക്കില്ല എന്നറിയുമ്പോൾ എങ്ങിനെ ദേഷ്യപ്പെടാതിരിക്കും. ദേഷ്യപ്പെട്ടോട്ടെ. എന്ത് പറഞ്ഞാലും... എന്ത് ചെയ്താലും... വിരോധമില്ല. അത്രയ്ക്കുണ്ട് ആ മനുഷ്യനോട് കടപ്പാട്. ആ മനുഷ്യനെ അല്ലാതെ ഇനി വേറെ ഒരു പുരുഷനെയും സ്വീകരിക്കാൻ എനിക്കാവില്ല. അതെങ്ങിനെ ഞാൻ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കും?! 


മൊബൈൽ ഫോണിൽ നോട്ടിഫിക്കേഷൻ ബെല്ലടിച്ചപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്. നേരം വെളുത്തു വരുന്നേ ഉള്ളൂ. ഇരുട്ടിൻറെ ആധിപത്യം പകലിന് വഴിമാറിക്കൊടുക്കുന്നെ ഉള്ളൂ. വാട്സ്ആപ്പിൽ ഫ്രെഡിയുടെ രണ്ട് മെസേജ്. 


ആദ്യത്തേത് ഒരു ലൊക്കേഷനാണ്. ഏകദേശം അൻപത് കിലോമീറ്ററോളം ദൂരെയുള്ള ഒരു മലമ്പ്രദേശമാണ് ഡെസ്റ്റിനേഷൻ. രണ്ടാമത്തെ മെസ്സേജ് ഇങ്ങിനെയായിരുന്നു. 


"പത്തുമണി ആകുമ്പോഴേക്കും ഈ ഇടത്തേയ്ക്ക് വന്നോളൂ. ഒരു സർപ്രൈസ് ഉണ്ട്. എന്താ വരുന്നോ?"


അവൾ അത്ഭുതപ്പെട്ടു. തിരികെ മെസ്സേജ് അയച്ചു 


"എന്താ അച്ചായാ?"


"അതൊക്കെയുണ്ട്. വിൽ യു കം?"


"വരാം. എനിക്ക് ലൈസൻസില്ല. എന്നാലും വരാം." 


"വെരി ഗുഡ്."


അവളൊരു സ്മൈലി ഇട്ടെങ്കിലും അതിന് മറുപടി വന്നില്ല. അവൾ ഒരു മൂളിപ്പാട്ടും പാടി ബാത്ത് റൂമിലേക്ക് പോയി. ഈ സമയം സൂസൻ, ഫ്രെഡിയുടെ മൊബൈലിൽ താൻ അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യുകയായിരുന്നു.


കുളി കഴിഞ്ഞ് ഒരു മൂളിപ്പാട്ടും പാടി ലിസി ഒരുങ്ങാൻ തുടങ്ങി. പെട്ടെന്ന് ഓംലറ്റ് ഉണ്ടാക്കി ബ്രഡ്ഡും കൂട്ടി കഴിച്ചു. എട്ടര ആയപ്പോഴേക്കും അവൾ കാർ സ്റ്റാർട്ട് ചെയ്തിരുന്നു. ലൈസൻസില്ലെങ്കിലും നന്നായി കാറോടിക്കും.  ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ സെറ്റ് ചെയ്തു. ഞാനിറങ്ങി എന്നൊരു മെസ്സേജ് ഫ്രെഡിക്കയച്ചു. റിപ്ലെ ഒന്നും കണ്ടില്ല.  മെല്ലെ കാർ മുന്നോട്ടെടുത്തു.


അരമണിക്കൂർ കൊണ്ടവൾ നഗരാതിർത്തി കടന്നു. തിരക്കില്ലാത്ത റോഡിലൂടെ, കാർസ്റ്റീരിയോയിൽ കുറഞ്ഞ വോള്യത്തിൽ പാട്ടുമിട്ട് മെല്ലെ വണ്ടിയോടിച്ചു പോവുകയായിരുന്നു. കുറെ ദൂരം ചെന്നപ്പോൾ വിജനമായൊരു സ്ഥലത്ത്, ഒരു മിനിട്രക്ക് നിർത്തിയിരിക്കുന്നതിൻറെ അരികിൽ, ഒരു യുവാവ് കൈകാണിക്കുന്നത് കണ്ടു. അത് സനലായിരുന്നു.


സനൽ റോഡിൻറെ ഏകദേശം നടുക്കായിരുന്നു നിന്നിരുന്നത്. അവൾക്ക് വണ്ടി നിർത്തുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. വണ്ടി നിർത്തിയ അവൾ നേരിയ ഭയപ്പാടോടെ സനലിനെ നോക്കി. സനൽ അകത്തേയ്ക്ക് നോക്കിയപ്പോൾ അവൾ ഗ്ലാസ് ഒരു സെന്റി മീറ്ററോളം താഴ്ത്തി. പുഞ്ചിരിച്ചു കൊണ്ട് സനൽ പറഞ്ഞു. 


“അയ്യോ... സോറി. വണ്ടി പഞ്ചറാണ്. ഒറ്റയ്ക്ക് മാറ്റാൻ കഴിയില്ല. ഒരു സഹായത്തിന് ആളെ കിട്ടുമോ എന്ന് നോക്കിയതാണ്. നിങ്ങൾക്ക് സഹായിക്കാൻ ആവില്ല. പൊയ്‌ക്കൊള്ളൂ.”


അവൾ ആശ്വാസത്തോടെ തല കുലുക്കിയപ്പോൾ സനൽ മാറിക്കൊടുത്തു. ആ വാഹനം അകന്ന് പോകുന്നത് സനൽ നോക്കി നിന്നു.


സ്റ്റീരിയോയിൽ ഒരു പഴയ ഹിന്ദി ഗാനവും കേട്ട് അതിനൊപ്പിച്ച് സ്റ്റിയറിങ്ങിൽ താളം പിടിച്ച്, ഡ്രൈവിംഗ് ആസ്വദിച്ചുകൊണ്ട് വണ്ടിയോടിക്കുകയായിരുന്നു ലിസി. ഒരു ചെറിയ കുന്നിൻറെ ചെരിവിൽ കൂടിയാണ് വണ്ടിയോടുന്നത്. ഒരു ഭാഗം താഴ്ചയാണ്. കുറച്ചു മുന്നിലൊരു കൊടും വളവ് കണ്ടപ്പോൾ അവൾ സ്പീഡൊന്ന് കുറച്ചു. അപ്പോഴാണ് കാറിൻറെ തൊട്ടു പിന്നിൽ, ഒരു ട്രക്ക് ശ്രദ്ധിച്ചത്. അത് വളരെ അടുത്തായിരുന്നു.


അടിവയറ്റിൽ നിന്നൊരു തീഗോളം നെഞ്ചിലേക്ക് ഉരുണ്ടു കയറി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. അറിയാതെ ആക്സിലറേറ്ററിൽ കാലമർന്നു. ഒരു പാമ്പിനെ പോലെ പുളഞ്ഞുകൊണ്ട് കാർ മുന്നോട്ടു കുതിച്ചു. ശ്രദ്ധ മുഴുവൻ റിയർ വ്യൂ മിററിലായതിനാൽ മുന്നിലെ വളവിൻറെ തൊട്ടരികിലെത്തിയപ്പോൾ മാത്രമാണ് അതിനെക്കുറിച്ച് ബോധവതിയായത്. അപ്പോഴേക്കും പിന്നാലെ വന്ന ട്രക്ക് കാറിൻറെ പിന്നിൽ ചെറുതായൊന്ന് മുട്ടി. 


ബ്രേക്കിൻറെ നിലവിളിയെക്കാൾ ഉച്ചത്തിൽ, ലിസിയുടെ തൊണ്ടയിൽ നിന്നൊരു വികൃത ശബ്ദം ഉയർന്നു. കാർ നേരെ താഴ്‌ചയിലേക്ക് വീണു. ചുളുങ്ങിയ കാറിനുള്ളിൽ ചുരുണ്ടുകൂടിയ ലിസിയുടെ മുഖത്തേക്ക് ചോര കിനിഞ്ഞിറങ്ങി. കുറച്ചധികം സമയം കഴിഞ്ഞു. കാഴ്ച്ചകൾ മങ്ങിത്തുടങ്ങവേ അവൾ, നിഴൽ പോലെ ഒരാൾ കാറിൻറെ അരികിലേക്ക് വരുന്നത് കണ്ടു. 


വന്ന ആൾ കാറിൻറെ അരികിലിരുന്നു. അകത്തേയ്ക്ക് എത്തിനോക്കി. ലിസി മന്ത്രിക്കും പോലെ പറഞ്ഞു.


“ഹെല്പ് മീ... പ്ലീസ്....”


അയാൾ എന്തോ തിരയുകയായിരുന്നു. ലിസിയെ അയാൾ ശ്രദ്ധിച്ചില്ല. അയാൾ അകത്തേയ്ക്ക് കയ്യിട്ട് മൊബൈൽ എടുത്തു. അതിൻറെ സ്ക്രീൻ പൊട്ടിയിരുന്നു. ഫിംഗർ പ്രിന്റ് ലോക്ക് ആയതിനാൽ അയാൾ വീണ്ടും അകത്തേയ്ക്ക് കൈ നീട്ടി. ലിസിയുടെ വലതു കൈ വലിച്ചെടുത്തപ്പോൾ, വേദന സഹിക്കാൻ വയ്യാതെ അവൾ നിലവിളിച്ചു. തള്ള വിരൽ വച്ച് നോക്കിയപ്പോൾ അൺലോക്കാവാതിരുന്ന മൊബൈൽ ചൂണ്ടു വിരൽ വച്ചപ്പോൾ അൺലോക്കായി. അയാൾ വാട്സ്ആപ്പ്  ഓപ്പൺ ചെയ്ത് ഫ്രെഡിയുടെ മൊബൈലിൽ നിന്നും വന്ന എല്ലാ മെസ്സേജുകളും ഡിലീറ്റ് ചെയ്തു. എന്നിട്ട് ഫോൺ കാറിൻറെ അകത്തേയ്ക്കിട്ടു. തിരികെ മടങ്ങുന്ന അയാളെ നോക്കി ലിസി വേദനയോടെ ഞരങ്ങിക്കൊണ്ട് പറഞ്ഞു കൊണ്ടേയിരുന്നു.  


“പ്ലീസ്.... ഹെല്പ് മീ... പ്ലീസ്.... ചേട്ടാ.. പ്ലീസ്.”


ഒരു നിഴൽ പോലെ അയാൾ അകന്നകന്ന് പോകവേ ലിസിയുടെ കാഴച മങ്ങിയില്ലാതായി. 


ഉറങ്ങുന്ന ആദമിൻറെ അരികിൽ അസ്വസ്ഥയായി ഇരിക്കുകയായിരുന്നു സൂസൻ. സമയം പന്ത്രണ്ട് മണിയായിട്ടുണ്ട്. അവൾ ഇടയ്ക്കിടയ്ക്ക് മൊബൈലിലേക്ക് നോക്കും. അവളുടെ കണ്ണുകളിൽ നനവുണ്ടായിരുന്നു. പെട്ടെന്ന് മൊബൈൽ അടിച്ചപ്പോൾ അവളൊന്ന് ഞെട്ടി വിറച്ചു. സനലിൻറെ നമ്പർ കണ്ടപ്പോൾ ശ്വാസഗതിയുയർന്നു. മൊബൈൽ മെല്ലെ ചെവിയോട് ചേർത്തു.


"ചേച്ചീ... അത് കഴിഞ്ഞു.  രണ്ടു രണ്ടര മണിക്കൂറായി. അപ്പോൾ തന്നെ വിളിച്ചാൽ പോലീസുകാർ സംശയിക്കും. അതാണ് വിളിക്കാതിരുന്നത്. ഞാൻ അത് വഴി നേരെ തോട്ടത്തിലേക്ക് പോന്നു. ഇന്നലെ ടൗണിലേക്ക് ലോഡുമായി വന്നതാണ് ഞാൻ. നാട്ടുകാരായത് കൊണ്ട്, ടൗണിൽ വന്നപ്പോൾ ചേച്ചിയെ കാണാൻ വന്നിരുന്നു. എന്നെ പറ്റി ആര് ചോദിച്ചാലും ചേച്ചി അങ്ങിനെ പറഞ്ഞാൽ മതി. ഇനി ചേച്ചി എന്നെ വിളിക്കണ്ട. ഞാനും വിളിക്കില്ല. ചേച്ചി സൂക്ഷിക്കണം." 


അവൾക്കെന്തെങ്കിലും പറയാനാവുന്നതിൻറെ മുൻപേ ഫോൺ ഡിസ്കണക്റ്റായി. അവൾ നാലഞ്ച് നിമിഷങ്ങൾ ശില പോലെയിരുന്നു. പിന്നെ ബാത്ത്റൂമിലേക്കോടി. വാതിലടച്ച്, പൈപ്പ് തുറന്നിട്ട്  ആർത്തലച്ചു കരഞ്ഞു കൊണ്ടവിടെ കുത്തിയിരുന്നു.  


താനൊരു മഹാപാപം ചെയ്തിരിക്കുന്നു. ഒരു ജീവൻ... ഒരു ജീവനെടുത്തിരിക്കുന്നു. കർത്താവൊരിക്കലും എന്നോട് പൊറുക്കില്ലായിരിക്കും. കർത്താവേ... എൻറെ പാപത്തിന് നീ എൻറെ പ്രിയപ്പെട്ടവരേ ശിക്ഷിക്കരുതേ.


രണ്ടര മണിയായപ്പോൾ ഫ്രെഡി വീട്ടിലേക്ക് വന്നു. സൂസൻ ബെഡ്‌റൂമിൽ കിടക്കുകയായിരുന്നു. ഫ്രെഡി അവളുടെ അരികിലെത്തി. അവൻറെ മുഖമാകെ ശോകഭാവമായിരുന്നു. കിടക്കയിൽ അവളുടെ അരികിലിരുന്നവൻ അവളുടെ ശിരസ്സിൽ തലോടി. അവൾ ഞെട്ടലോടെ കണ്ണ് തുറന്നു. അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. ഭീതിയോടെ അവനെ നോക്കി.


“എന്ത് പറ്റി?” അവൻറെ ചോദ്യം അങ്ങേയറ്റം ദുർബലമായിരുന്നു.


കുറച്ചു സമയം അവനെ തുറിച്ചുനോക്കി. പിന്നെ സമനില വീണ്ടെടുത്ത്, മെല്ലെ, പതറിയ ശബ്ദത്തിൽ പറഞ്ഞു.


“വയ്യ... എന്താന്നറിയില്ല. ഭയങ്കര തലവേദന.”


“ഡോക്ടറെ കാണണോ?”


“ആ.. വേണ്ട. ഒരു ഗുളിക കഴിച്ചു. മാറിക്കൊള്ളും. ഫ്രെഡിയെന്താ ഇന്നേരത്ത്?”


അവളുടെ ഹൃദയം ഇടിമുഴക്കം പോലെ മിടിക്കുന്നുണ്ടായിരുന്നു. ഫ്രെഡി മെല്ലെ അവളുടെ ശിരസ്സ് തലോടിക്കൊണ്ട് പറഞ്ഞു. 


“ഒരു ബാഡ് ന്യുസുണ്ട്. നമ്മുടെ ഇമ്മാനുവലിൻറെ വൈഫില്ലേ... ലിസി... അവൾക്കൊരു ആക്‌സിഡണ്ട്.” 


അവളൊന്നും പറഞ്ഞില്ല. വിറയ്ക്കുന്ന കരങ്ങൾ കൊണ്ടവൻറെ കൈ പിടിച്ച് തൻറെ നെഞ്ചിലേക്ക് വച്ചു. ഫ്രെഡിയുടെ മുഖത്ത് ദുഃഖം തളം കെട്ടിയിരുന്നു. അവൻ മെല്ലെ പറഞ്ഞു.


“പാവം കുട്ടി. ജീവിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എനിക്കറിയില്ല... ഇനി ഇതെങ്ങിനെ ഇമ്മാനുവലിനോട് പറയുമെന്ന്.”


സൂസൻ കണ്ണുകൾ ചേർത്തടച്ചു. അവളുടെ കണ്ണുകളിൽ രണ്ടു സമുദ്രങ്ങൾ തിരതല്ലി. മെല്ലെ അവൾ എഴുന്നേറ്റിരുന്നു. ഫ്രെഡിയുടെ ചുമലിലേക്ക് തല ചായ്ച്ചു. ഇടറിയ ഒരു തേങ്ങൽ മാത്രം.


തുടരും

1 comment: