Wednesday, April 14, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 44: വേട്ടക്കാരൻ  

    

ലാസറിന് ഒരമ്പരപ്പായിരുന്നു.  എന്താണ് സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ലിസി എന്തിനാണ് അങ്ങോട്ട് പോയത്? അവളെവിടെക്കാണ്‌ പൊയ്ക്കൊണ്ടിരുന്നത്? ആരെ കാണാൻ? ഒന്നുമറിയില്ല. അവളൊന്നും പറഞ്ഞില്ലല്ലോ.


ഫ്രെഡിയും അവളും തോട്ടത്തിലേക്ക് പോയത് മാത്രമേ തനിക്കറിയൂ. താൻ തൻറെ ലക്ഷ്യത്തിലേക്ക് അടുത്തു എന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ ഫ്രെഡിയുടെ കാൾ കിട്ടിയപ്പോൾ, അകെ തളർന്നു പോയി. 


ഫ്രെഡി ഓഫീസിൽ തന്നെ ഉണ്ടായിരുന്നു എന്ന് അലക്‌സാണ്ടർ സാർ പറഞ്ഞു. അപ്പോൾ പിന്നെ ആരെ കാണാനാണ് അവൾ പുറത്തേയ്ക്ക് പോയത്? അതൊരു നിഗൂഢമായ സംഗതി തന്നെ.


മരണം ഒരു ആക്‌സിഡണ്ട് തന്നെയാണത്രെ. വേറെ ഒരു വാഹനം കാറിൻറെ പിന്നിൽ ചെറുതായി മുട്ടിയിട്ടുണ്ടെന്ന് ഹസ്സൻ പറഞ്ഞു. അതേത് വാഹനമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 


പോലീസ് അന്വേഷണത്തോട് ലാസറിന് വലിയ താല്പര്യം തോന്നിയില്ല. അത് തനിക്കൊരു ബാധ്യതയായി മാറാനുള്ള സാധ്യതയുണ്ട്. വിശിഷ്യാ, ലിസിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചൊരു അന്വേഷണം നടന്നാൽ, അത് ഫ്രെഡിയിലേക്ക് എത്തും. ഹസ്സൻ ഫ്രെഡിയുടെ സുഹൃത്താകയാൽ, ഫ്രെഡിയും ലിസിയും തമ്മിലുള്ള ബന്ധത്തിൻറെ പൊരുൾ അയാൾ തേടാതിരിക്കില്ല. അത് തനിക്ക് ഗുണം ചെയ്യില്ല.


പക്ഷെ ഹസ്സൻ ഉന്നയിച്ച ചോദ്യം, അത് ലാസറിൻറെ മനസ്സിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ലിസി എന്തിനാണ് അത്രയും ദൂരേയ്ക്ക് ഒറ്റയ്ക്ക് വണ്ടിയോടിച്ച് പോയത്? ആര് വിളിച്ചിട്ട്? ആരെ കാണാൻ? 


ലിസിയെ ആരെങ്കിലും കൊന്നതാണോ? അവളുടെ പഴയ ആളുകളാണോ? അതിന് സാധ്യത കുറവാണ്. അവർ പണം വാങ്ങി ഒഴിഞ്ഞ കേസല്ലേ? അപ്പോൾ അവരിങ്ങനെ ചെയ്യുമോ? മാത്രമല്ല, അവരായിരുന്നെങ്കിൽ ഇതിനെത്രയോ മുന്നേ അത് സംഭവിച്ചേനെ.


പിന്നെ ആര്? ഫ്രെഡിയാണോ? സാധ്യത ഇല്ലാതില്ല. ലിസി ഒരു ബാധ്യതയാകും എന്നെങ്ങാനും ഫ്രെഡിക്ക് തോന്നിയോ? ഫ്രെഡി വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിച്ചതാവാൻ വഴിയില്ലേ? ഫ്രെഡി വിളിച്ചാൽ ലിസി എവിടേക്കും, ഏത് സമയത്തും ചെല്ലുമല്ലോ?


കപ്പിനും ചുണ്ടിനുമിടയ്ക്ക് തൻറെ ലക്ഷ്യം തട്ടിത്തെറിപ്പിച്ചതാരാണെന്നറിയണം. പോലീസിനെ ഇൻവോൾവ് ചെയ്യിക്കാതെ  ഒരു അന്വേഷണം. അതിനിപ്പോൾ ആരുടെ സഹായമാണ് തേടുക എന്നാലോചിച്ചപ്പോഴാണ്, ക്ലാവർ പരിചയപ്പെടുത്തിയ തമിഴനെ ഓർമ്മ വന്നത്. അവൻറെ പരിചയത്തിൽ ഇതിനൊക്കെ പറ്റിയ ഒരാളുണ്ടെന്ന്… മുമ്പൊരിക്കൽ അവൻ പറിഞ്ഞിരുന്നു.  


നാല് ദിവസം കഴിഞ്ഞപ്പോൾ, അതിരാവിലെ തൻറെ ഫ്ലാറ്റിൻറെ ഡോർ ബെൽ  മുഴങ്ങുന്നത് കേട്ടാണ് ഇമ്മാനുവൽ ഉണർന്നത്. ഉറക്കച്ചടവോടെ വാതിൽ തുറന്നപ്പോൾ മുന്നിലൊരു അപരിചിതൻ.


"ഹായ്... ഐ ആം വിനായക്." 


"ഓ... വിനായക്. വരൂ."


ലാസർ വിനായകിനെ ഒന്ന് നോക്കി. ഒരു പ്രൊഫഷനലിൻറെ എല്ലാ ലക്ഷണവും ഒത്തിണങ്ങിയ ആൾ.  തീഷ്ണമായ കണ്ണുകൾ. കോലൻ മുടി മിലിറ്ററി ക്രോപ്പിൽ മുറിച്ചിരിക്കുന്നു. ചുണ്ടിലൊരു ചെറു പുഞ്ചിരിയുണ്ടെന്ന് തോന്നുന്ന ഭാവം. പക്ഷെ, അതൊരു പരുക്കൻ ഭാവത്തിൽ പൊതിഞ്ഞു വച്ചിരിക്കുകയാണ്.


ആവി പറക്കുന്ന ഒരു കപ്പ് ചായയുടെ കൂടെ ലാസർ, വിനായകിനോട് തൻറെ ആവശ്യം പറഞ്ഞു. കാലിയായ ചായക്കപ്പ് തിരികെ വെച്ച്, വിനായക് പറഞ്ഞു. 


"റ്റു വീക്സ്. ഐ വിൽ ബാക്ക് റ്റു യു. ആഫ്റ്റർ റ്റു വീക്സ്."


ലിസിയുടെ മരണത്തിൻ മേലുള്ള പോലീസ് കേസന്വേഷണം, ഒരു ഹിറ്റ് ആൻഡ് റൺ കേസ് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ആ അന്വേഷണത്തിന്, അത്ര വലിയ മൂർച്ച പോരായിരുന്നു. പിന്നിൽ നിന്നും പുഷ് ചെയ്യാൻ ആരുമില്ലാത്ത ഒരു സാധാരണ കേസ് മാത്രമായിരുന്നു അവർക്കത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ അത് വഴി സഞ്ചരിച്ച ആളുകളെ ഒക്കെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആ കൂട്ടത്തിൽ അവർ സനലിനേയും ചോദ്യം ചെയ്തെങ്കിലും, അവൻ സമർത്ഥമായി തന്നെ അത് കൈകാര്യം ചെയ്തു. 


സനലിൻറെ മൊഴികളുടെ കൃത്യതയ്ക്ക് വേണ്ടി പോലീസ് സൂസനോട് സംസാരിച്ചപ്പോൾ, ചെറുപ്പം മുതൽ സനലിനെ അറിയാമെന്നും, തന്നെ വന്നു കണ്ടിരുന്നെന്നും മറ്റുമൊക്കെ സൂസനും പറഞ്ഞപ്പോൾ, അവൻറെ മേലെ പോലീസിനുമുണ്ടായിരുന്ന നേരിയ സംശയം ഇല്ലാതായി. അപ്പോഴും പോലീസുകാർ അതൊരു കൊലപാതകമായി കാണുന്നുണ്ടായിരുന്നില്ല.


ലാസറിൻറെ ഭയം സത്യത്തിൽ വേറൊന്നായിരുന്നു. തോട്ടത്തിലേക്ക് ഫ്രെഡിയുടെ കൂടെ പോയ ലിസി, അവിടെ വച്ച് അവനുമായി ശാരീരിക ബന്ധമുണ്ടായിട്ടുണ്ടാവും. അവൾ അത് മൊബൈൽ ഫോണിൽ ഫ്രെഡി അറിയാതെ ഷൂട്ട് ചെയ്തിരിക്കും. അതായിരുന്നല്ലോ പ്ലാൻ. എങ്കിൽ അത് പൊലീസിന് കിട്ടിയാൽ എല്ലാ പദ്ധതികളും തകരും. 


ഹസ്സൻ അത് ഒതുക്കുകയെ ഉള്ളൂ. ലിസി അങ്ങിനെ എന്തിന് ചെയ്തു എന്നാലോചിക്കുമ്പോൾ, ഹസ്സൻറെ പോലീസ് ബുദ്ധി ചിലപ്പോൾ തൻറെ നേരെ തിരിയാനും മതി. ആത്മാർത്ഥ സുഹൃത്തല്ലേ ഫ്രെഡി.    താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് ഫ്രെഡി മനസ്സിലാക്കിയാൽ, അവനും ജാഗ്രതയിലാവും.

 

രണ്ടാഴ്ച കഴിഞ്ഞപ്പോൾ വിനായക് തിരികെയെത്തി. അയാളുടെ കയ്യിൽ ചുവന്ന രണ്ടു ഫയൽ ഫോൾഡറുകളുണ്ടായിരുന്നു.  


അതിൽ ആദ്യത്തെ ഫയലിൽ ഒരു ചെറുപ്പക്കാരൻറെ ഫോട്ടോ പിൻ ചെയ്തിട്ടുണ്ട്. അയാളെ ലാസറിന് പരിചയമില്ല. ഫോട്ടോയിലേക്കും തൻറെ മുഖത്തേയ്ക്കും മാറി മാറി നോക്കിയ ലാസറിനോട് വിനായക് പറഞ്ഞു.


"സനൽ. ദ കില്ലർ. നോട്ട് എ പ്രൊഫഷണൽ... ബട്ട് എക്സലൻറ് വർക്ക്. ഇറ്റ് വാസ് നോട്ട് അൻ ആക്‌സിഡണ്ട്. നോട്ട് അറ്റ് ആൾ."


ലാസർ അത്ഭുതപ്പെട്ടുപോയി. തനിക്കോ ലിസിക്കോ യാതൊരു ബന്ധവുമില്ലാത്ത ഒരാൾ, എന്തിനു വേണ്ടി അവളെ അപകടപ്പെടുത്തി കൊല്ലണം? ഇനി ഫ്രെഡി എങ്ങാനും പറഞ്ഞിട്ടാണോ? അടുത്ത ഫയൽ നോക്കിയ ലാസർ അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോയി.


സൂസൻ!!!


അവൻ വിനായകനെ നോക്കി. വിനായക് സ്പഷ്ടമായ മലയാളവും ഇംഗ്ലീഷും ഇട കലർത്തി പറഞ്ഞു.


ഐ തിങ്ക്... ഷീ ഈസ് ദ മാസ്റ്റർ മൈൻഡ്. ശ്രദ്ധിച്ച് കേൾക്കണം.  ലിസിയും ഫ്രെഡിയും തോട്ടത്തിൽ ഉള്ളപ്പോൾ… സനൽ തോട്ടത്തിലുണ്ട്. വെരി നെക്സ്റ്റ് ഡേ... സനൽ സൂസനെ ഫോൺ വിളിച്ചിട്ടുണ്ട്. ആൻഡ് ഹി വാസ് ഹിയർ... ഇൻ ദ സിറ്റി. ലിസി കൊല്ലപ്പെട്ട അന്ന്... ലിസി സഞ്ചരിച്ച വഴികളിൽ കൂടി... അടുത്തടുത്ത സമയം അവൻ സഞ്ചരിച്ചിട്ടുണ്ട്. അവളുടെ പിന്നാലെ. അപകടം സംഭവിച്ചു എന്ന് പോലീസ് പറയുന്ന സമയത്തിൻറെ ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞ്... അവൻ സൂസനെ വിളിച്ചിട്ടുണ്ട്. ഫ്രെഡിയുമായി അവനൊരു കോണ്ടാക്റ്റ് ഇല്ല. ഫ്രെഡി അവനെ അറിയുകയും ഇല്ല. സൂസൻറെ അറിവോടെ സനൽ ആണ് ലിസിയെ കൊന്നത്. ബട്ട്. ഐ ആം വണ്ടറിംഗ്. പോലീസുകാർ എന്തു കൊണ്ടിത് ട്രൈസ് ഔട്ട് ചെയ്തില്ല? ഹൗ ദേ മിസ്സ് ഇറ്റ്?”


ലാസർ സൂസൻറെ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. ഇവൾ എന്തിന് ലിസിയെ കൊല്ലണം. ഒരു പക്ഷെ... ലിസിക്ക് ഫ്രെഡിയുമായുള്ള ബന്ധം അവളറിഞ്ഞിരിക്കും. 


എത്ര പെട്ടെന്ന്..?. എത്ര സിമ്പിളായി ഇവൾ ലിസിയെ ഒഴിവാക്കി? ഇവളെ സൂക്ഷിക്കണം. ഫ്രെഡിക്ക് ഇതിനെക്കുറിച്ച് വല്ലതുമറിയാമോ? 


എന്നാലും ഒരു പെണ്ണിനെങ്ങിനെ ഇത്ര പെട്ടെന്ന് ഇത് പോലൊരു തീരുമാനത്തിലെത്താനാവുന്നു? വല്ലാത്തൊരു പെണ്ണ് തന്നെ.


ലാസർ വിനായകിനെ നോക്കി. "ഐ ഹാവ് എ ന്യൂ പ്ലാൻ. എ ബെറ്റർ പ്ലാൻ.” 


എന്താണത് എന്ന അർത്ഥത്തിൽ വിനായക് ലാസറിനെ നോക്കിയിരിക്കെ, ലാസർ തുടർന്നു.


“ഫ്രെഡി... ഫ്രെഡിയുടെ സമയം കുറിക്കണം. ഇനി താമസിക്കണ്ട. നല്ല പോലെ ആലോചിച്ച്... വേണ്ടത് ചെയ്‌തോളൂ. അതിൻറെ ശേഷം... എനിക്ക് സൂസനെ ഒന്നു കാണണം.” 


വിനായക് തല കുലുക്കുമ്പോൾ, ലാസറിൻറെ ചുണ്ടിലൊരു പിശാചിൻറെ പുഞ്ചിരിയുണ്ടായിരുന്നു. ക്രൂരത തളം തല്ലി നിൽക്കുന്നൊരു പുഞ്ചിരി.


തുടരും

No comments:

Post a Comment