Sunday, April 18, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 45: നിർണ്ണയ ദിനം


സൂസൻ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോയത്. എന്താണ് അവൾക്ക് സംഭവിച്ചതെന്ന വേവലാതിയിൽ ഫ്രെഡിയും. പക്ഷെ അസഹനീയമായ ആ സമയങ്ങളിലൂടെ കടന്നു പോയപ്പോഴാണ്, സൂസന് ഫ്രെഡി തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നും, താൻ ഫ്രെഡിയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും മനസ്സിലായത്. ലിസിയുമായുള്ള ബന്ധം ഫ്രെഡിയോട് ചോദിക്കാൻ പലയാവർത്തി സൂസൻ തുനിഞ്ഞെങ്കിലും, അവൾക്കതിനായില്ല. അത് ചോദിച്ചാൽ, താനാണ് ലിസിയുടെ മരണത്തിൻറെ കാരണം എന്ന് ഫ്രെഡി തിരിച്ചറിയും എന്നവൾ ഭയന്നു.


ഇതിനിടെ വിനായക് ഫ്രെഡിയുടെ ദിനചര്യകളും മറ്റുമൊക്കെ സസൂഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ലാസർ അവന് ആദ്യമേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു പിഴവുമില്ലാത്ത ഒരു ക്ലീൻ കേസ് ആയിരിക്കണം, ഫ്രെഡിയുടെ കൊലപാതകമെന്ന്. ഫ്രെഡി സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളിൽകൂടി വിനായക് പല പ്രാവശ്യം സഞ്ചരിച്ചു. ഏതൊക്കെ സ്ഥലങ്ങളിൽ വച്ച് കൃത്യം നടത്താമെന്ന് കണക്കു കൂട്ടി. അവൻറെ മനസ്സിൽ കൃത്യമായ കണക്കു കൂട്ടലുകളുടെ, അളവുകോലുകൾക്കകത്തു നിൽക്കുന്ന മൂന്നിലധികം പദ്ധതികളുണ്ടായിരുന്നു.


പതുക്കെപ്പതുക്കെ സൂസനും ഫ്രെഡിയും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ലിസിയുടെ ഓർമ്മകൾ സൂസനെ പലപ്പോഴും അലട്ടിക്കൊണ്ടിരുന്നെങ്കിലും, അവളതിനെ തരണം ചെയ്യാൻ പഠിച്ചു. മനപ്പൂർവ്വം മറവിയുടെ മച്ചിലേക്ക് അവൾ തൻറെ വേദനയെയും പാപഭാരത്തെയും വലിച്ചെറിഞ്ഞു. 


മാസങ്ങൾ കടന്നു പോയി.  തോട്ടത്തിലെ ഒരു ചെറിയ തൊഴിലാളി പ്രശ്നം പിന്നീട് വലുതായി. അത് തീർപ്പാക്കാൻ ഫ്രെഡി തോട്ടത്തിലേക്ക് പോകുന്നു എന്ന് മനസ്സിലാക്കിയ ലാസർ, എന്തോ ആവശ്യാർത്ഥം സ്വന്തം നാട്ടിലേക്ക് പോയ വിനായകിനെ വിവരമറിയിച്ചു. ഫ്രെഡി എപ്പോഴെങ്കിലും തോട്ടത്തിലേക്ക് പോകുമ്പോൾ തന്നെ അറിയിക്കാൻ വേണ്ടി വിനായക് ലാസറിനെ ആദ്യമേ ചട്ടം കെട്ടിയിരുന്നു. 


അന്ന്, എല്ലാ തൊഴിലാളി പ്രശ്നങ്ങളും രമ്മ്യമായി പരിഹരിച്ച്, സന്തോഷത്തോടെ തിരികെ മടങ്ങുന്ന ഫ്രെഡിയുടെ കാറിൽ, വിനായകും ഉണ്ടായിരുന്നു. തിമിർത്തു പെയ്യുന്ന മഴ, തനിക്ക് അനുകൂലമാണല്ലോ എന്ന് വിനായക് മനസ്സിലോർത്തു.


ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട്, ചുരമിറങ്ങുകയായിരുന്നു അവർ. മുന്നേ കണ്ടു വച്ച ചാത്തൻ ചോലയുടെ കലുങ്ക് മറികടന്നതും വിനായക് പെട്ടെന്ന് പരിഭ്രാന്തിയോടെ പറഞ്ഞു.


“സാർ... സ്റ്റോപ്പ്. അവിടെ ആരോ വീണ് കിടക്കുന്നു.”


ഫ്രെഡി കാർ റോഡിൻറെ ഓരം ചേർന്ന് നിർത്തി. തിമിർത്തു പെയ്യുന്ന മഴയിലേക്ക് ഇറങ്ങിയ വിനായക് നേരെ കലുങ്കിൻറെ അരികിലേക്കോടി. മഴയിലൊന്ന് ശങ്കിച്ച് നിന്ന ഫ്രെഡിയും കാറിൽ നിന്നിറങ്ങി ഓടിച്ചെന്നു. പക്ഷെ ഫ്രെഡിക്ക് അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല.


“ഇവിടെയെങ്ങും ആരെയും കാണുന്നില്ലല്ലോ. നിനക്ക് തോന്നിയതാവും.”


ഇത്രയും പറഞ്ഞ് തിരിഞ്ഞ ഫ്രെഡി കാണുന്നത് തൻറെ നേരെ നീട്ടിപ്പിടിച്ച പിസ്റ്റലുമായി നിൽക്കുന്ന വിനായകിനെയാണ്. ഒരു നിമിഷം അമ്പരന്ന ഫ്രെഡി പരിഭ്രമത്തോടെ ചോദിച്ചു.


“നീ... നീയെന്താ കാണിക്കുന്നത്?”


വിനായക് ഒന്നും പറഞ്ഞില്ല. ഫ്രെഡി വിനായകനോട് കൈകൊണ്ട് ശാന്തമാവാൻ ആവശ്യപ്പെടുന്ന വിധം ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു. 


“നീ... നീ അവിവേകമൊന്നും കാണിക്കരുത്? എന്താണ് നിനക്ക് വേണ്ടത്?”


“ഇറ്റ് ഈസ് ഹാപ്പനിംഗ്... മിസ്റ്റർ ഫ്രെഡീ. ബാഡ്‌ലീ ഹാപ്പനിംഗ്. ഡോണ്ട് ബെഗ്. ബി എ മാൻ.” 


മഴയത്ത് നനഞ്ഞ് കുതിർന്നിട്ടും തൻറെ ശിരസ്സിൽ ഒരു ചുടുകാറ്റടിക്കുന്നത് ഫ്രെഡി മനസ്സിലാക്കി. അവനൊന്ന് ചുറ്റും നോക്കി. ചരൽ വാരിയെറിയുന്നത് പോലെ പെയ്യുന്ന മഴ. ചുറ്റിലും ഇരുട്ടാണ്. വിജനമായ സ്ഥലം. മഴയുടെ ശബ്ദത്തെക്കാൾ ഭീകരമായിരുന്നു, കുത്തിയൊലിക്കുന്ന ചാത്തൻ ചോലയുടെ ഹുങ്കാരം. പതറിയ ശബ്ദത്തോടെ ഫ്രെഡി ചോദിച്ചു.


“എന്തിന്?” 


“സോറി മിസ്റ്റർ ഫ്രെഡി. അൺഫോർച്യുനേറ്റ്ലി... എനിക്കും അതറിയില്ല. അതറിയേണ്ടത് എൻറെ ആവശ്യമല്ലല്ലോ?”    


“ആരാണ്..? അതെങ്കിലും പറ.”


“നിങ്ങൾ വളരെ സ്നേഹിക്കുന്ന ഒരാൾ. നിങ്ങൾക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ.” 


പറഞ്ഞു തീർന്നതും വിനായക് നിറയൊഴിച്ചിരുന്നു. നെഞ്ചിലൊരു തീഗോളം വന്നു പതിച്ച പോലെ ഫ്രെഡി പിന്നിലേക്ക് വേച്ചുപോയി. പിന്നെ മലർന്നു വീണു. വിനായക് മെല്ലെ നടന്നടുത്തു. പിന്നെയും രണ്ടു പ്രാവശ്യം കൂടി വിനായക് നിറയൊഴിച്ചു. 


അഞ്ചാറ് നിമിഷങ്ങൾ നനഞ്ഞ മണ്ണിൽ കൈകാൽ കൊണ്ട് ചുരമാന്തിയ ശേഷം ഫ്രെഡി നിശ്ചലനായി. വിനായക് ഫ്രെഡിയുടെ കഴുത്തിൽ കൈവച്ചു നോക്കി. പൾസ് ഇല്ലെന്ന് കണ്ടപ്പോൾ ഫ്രെഡിയെ പൂർണ്ണ നഗ്നനാക്കി, ചാത്തൻ ചോലയിലേക്കിട്ടു. 


തിരികെ കാറിൽ വന്ന് തൻറെ മൊബൈൽ ഫോൺ എടുത്തു അതിൽ നിന്നും സിം ഊരിയെടുത്തു. പിന്നെ രണ്ടും കൂടി ചാത്തൻ ചോലയിലേക്ക് വലിച്ചെറിഞ്ഞു. 


വന്യമായ രാത്രിമഴയുടെ തണുപ്പിൽ, തൻറെ കയ്യിലെ നുരയ്ക്കുന്ന ഗ്ലാസ്സിലേക്ക് നോക്കി, ലാസർ ഗൂഢമായി പുഞ്ചിരിച്ചു. പതിറ്റാണ്ടുകളായി താൻ ചുമന്നു കൊണ്ട് നടന്ന തൻറെ പക... തൻറെ പ്രതികാരം... അതിന്ന് നിറവേറ്റപ്പെട്ടിരിക്കുന്നു. 


ഫ്രെഡിയുടെ മരണം ഉറപ്പാക്കി വിനായക് വിളിച്ചിരുന്നു. മഴ കൊണ്ട് ഈ രാത്രി തണുത്ത പോലെ... എൻറെ മനസ്സും ഇന്ന് തണുത്തിരിക്കുന്നു. അപ്പച്ചനും അമ്മച്ചിയും പരസ്പരം പുണർന്നു കിടന്നപ്പോൾ, അവർക്കിടയിൽ പെട്ടുപോവാത്തവൻറെ പ്രതികാരം പൂർത്തിയാക്കപ്പെട്ടിരിക്കുന്നു. 


മാത്രമല്ല... അതിനൊരു ബോണസ് കൂടിയുണ്ട്. 


മിത്ര! നാലഞ്ച് വർഷം കഴിഞ്ഞാൽ മിത്രയുടെ CEO ആയി തനിക്കിരിക്കാം. കുറച്ച് തന്ത്രപൂർവ്വം കളിച്ചാൽ... സൂസനെ തൻറെ കയ്യിലെ വെറും കളിപ്പാവയാക്കാം. പിന്നെ മിത്ര എന്ന സ്ഥാപനം പൂർണ്ണമായും തൻറെ കയ്യിലിരിക്കും. ഇത്രയും കാലം തൻറെ നഷ്ടത്തിൻറെ വേദനയും പ്രതികാരവും ചുമന്നു കൊണ്ട് നടന്നതിന്... അതൊരു കൂലിയായിരിക്കട്ടെ. 


സമയമേറെയായിട്ടും ലാസറിന് ഉറക്കം വന്നില്ല. മനസ്സ് ഒരു തരം ഉന്മാദാവസ്ഥയിലായിരുന്നു. വിജയഭേരി മുഴക്കുന്ന മനസ്സ്. 


കഷ്ടം... ഇപ്പോൾ ലിസിയുണ്ടായിരുന്നെങ്കിൽ. പെണ്ണിൻറെ സ്നേഹം കനലിനേക്കാൾ ചൂടുള്ളതാണെന്ന് ആദ്യമായി പഠിപ്പിച്ചത് അവളാണ്. ഇപ്പോൾ... ഈ നിമിഷം അവളുണ്ടായിരുന്നെങ്കിൽ… പക്ഷെ അവളെ സൂസൻ കൊന്നു കളഞ്ഞല്ലോ. 


സൂസൻ... അവളൊരു സാധാരണ സ്ത്രീയല്ല. അവളെ എനിക്ക് വേണം. അവളൊരു ലക്ഷണമൊത്ത പെണ്ണ് തന്നെ. സ്ത്രീ തനിക്കൊരു പുതുമയുള്ള കാര്യമായിരുന്നില്ല. പക്ഷെ സൂസൻ അങ്ങിനെയല്ല. കീഴടങ്ങാൻ മനസ്സില്ലാത്തൊരു കാട്ടുപൂച്ചയാണവൾ. അതുകൊണ്ടാണ് തൻറെ ജീവിതത്തിന് കുറുകെ വന്ന ലിസിയെ അവൾ വളരെ നിസാരമായി തീർത്തുകളഞ്ഞത്. അവളെയും സനലിനെയും കൊന്നു കളയാനുള്ള പക ഉണ്ടായിരുന്നെകിലും വേണ്ടെന്ന് വച്ചതു തന്നെ... അവളെ ഒരിക്കൽ തൻറെ വരുതിയിലാക്കണം എന്ന ഉദ്ധ്യേശത്തോടെയാണ്. ഒരല്പ സമയമെടുത്താലും താനത് നേടുക തന്നെ ചെയ്യും. 


ഫ്രെഡിയുടെ കേസൊരു മാൻ മിസ്സിംഗ് കേസായി ചിത്രീകരിക്കപ്പെടും. നാടെങ്ങും കൊണ്ട് പിടിച്ച അന്വേഷണങ്ങൾ നടക്കും. ഹസ്സൻ മിക്കവാറും കാടിളക്കാതിരിക്കില്ല. വിനായകന് തോട്ടത്തിൽ കരുതിയതിൽ അധികം താമസിക്കേണ്ടി വന്നത് മാത്രമാണൊരു ഡ്രോ ബാക്ക്. എന്നാലും തന്നെയും വിനായകനെയും ബന്ധിപ്പിക്കുന്ന കണ്ണികളൊന്നും ഇല്ല. വിനായക് വളരെ പ്രൊഫഷണൽ ആയതുകൊണ്ട് തനിക്ക് പൊലീസിൻറെ ഭീക്ഷണിയൊന്നും ഉണ്ടാവാൻ പോകുന്നില്ല. കഴിഞ്ഞ എത്രയോ കാലങ്ങളായി തൻറെ ജീവിതം തന്നെ വലിയ ഒരഭിനയമായതുകൊണ്ട്... ഈ രംഗവും ഞാൻ നന്നായി പെർഫോം ചെയ്യും.     


ലാസർ തൻറെ ചിന്തകളിൽ മുഴുകിക്കൊണ്ടിരിക്കെയാണ് മൊബൈൽ ഫോൺ റിംഗ് ചെയ്തത്. അവൻറെ നെറ്റി ചുളിഞ്ഞു. വിനായക് ആവില്ലെന്ന് ഉറപ്പാണ്. പിന്നെ ആരാണീ രാത്രിയിൽ. മൊബൈൽഫോൺ എടുത്തുനോക്കിയപ്പോൾ ലാസർ കൂടുതൽ അസ്വസ്ഥനായി. ഹസ്സൻ! 


ലാസർ ഫോൺ അറ്റൻഡ് ചെയ്തില്ല. കുറെ നേരം റിംഗ് ചെയ്ത് നിന്ന ഫോൺ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങിയപ്പോൾ ലാസർ ഒരു ശങ്കയോടെ അറ്റൻഡ് ചെയ്തു. ഉറക്കച്ചടവ് പോലെ പതിഞ്ഞ ശബ്ദത്തിൽ ഹലോ പറഞ്ഞപ്പോൾ അപ്പുറത്തു നിന്നും പരിഭ്രാന്തനായ ഹസ്സൻറെ ശബ്ദം കേൾക്കാം.


“ഇമ്മാനുവൽ... ഫ്രെഡിക്കൊരു അപകടം പറ്റി. ഞാൻ അങ്ങോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഐ അഫ്രെയ്‌ഡ്‌... ഹീ ഈസ് നോട്ട് മെയ്ക്ക് ഇറ്റ്. ഞാൻ അലക്‌സാണ്ടറെ വിളിച്ചറിയിച്ചിട്ടുണ്ട്. താനും കൂടി വാ. എനിക്കെൻറെ കയ്യും കാലും വിറച്ചിട്ടു വയ്യ.”


“വാട്ട്....?”


ലാസറിൻറെ ചോദ്യത്തിൽ  ശരിക്കും നടുക്കമുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവനൊരു പിടിയും കിട്ടിയില്ല. തൻറെ എല്ലാ പദ്ധതികളും തകർന്നു പോവുകയാണല്ലോ? 


ഫ്രെഡിയുടെ കാർ ഓടിക്കുന്നത് വിനായക് ആണ്. അപ്പോൾ പൊലീസ് ഫ്രെഡിയെ തിരയും. മാത്രമല്ല വിനായകൻറെ ഐഡന്റിറ്റി അവർക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അത് പിന്നെ കറങ്ങിത്തിരിഞ്ഞ് തന്നിലേക്ക് വരാം. 


എന്ത് ചെയ്യണമെന്നറിയാതെ ലാസർ തലയ്ക്ക് കയ്യും കൊടുത്ത് സോഫയിലിരുന്നു. പിന്നെ വരുന്നത് വരട്ടെ എന്ന് തീരുമാനിച്ച് നേരെ ഹസ്സനെ വിളിച്ചു. അപകടം നടന്നത് എവിടെയെന്ന് ചോദിച്ചു മനസ്സിലാക്കി. 


അപകടസ്ഥലത്ത് എത്തിയപ്പോൾ കണ്ടത്, കത്തിക്കരിഞ്ഞ കാറിൽ, കറുത്ത അസ്ഥികൂടം മാത്രമാണ്. ദഹിച്ചു തീരാത്ത കരിഞ്ഞ മാംസം പറ്റിപ്പിടിച്ച അസ്ഥികൂടം മാത്രം. അവൻറെ ചുണ്ടിൽ ആ രാത്രിയെക്കാൾ വന്യമായൊരു പുഞ്ചിരി മിന്നിമറഞ്ഞു. 


തുടരും

1 comment: