Saturday, May 1, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 49: Angel's Nest-ലെ പ്രേതം 


അദ്ധ്യായം 49: Angel's Nest-ലെ പ്രേതം 


തൻറെ മുൻപിൽ ആകാശഭൂമികൾ ഇരുണ്ടുപോയെന്ന് ഫ്രെഡി ചിന്തിച്ച ആ ദിവസം! 


Angel's Nest-ൻറെ ഗാർഡനിലെ മാവിൻ ചുവട്ടിൽ നിൽക്കുമ്പോൾ, അവൻ സ്വയമൊരു അഗ്നിഗോളമായി എരിയുകയായിരുന്നു.


സൂസൻ തന്നെ കണ്ടെന്ന് തോന്നിയപ്പോൾ പെട്ടെന്ന് അവിടന്ന് മാറിക്കളഞ്ഞു. വീടിൻറെ പിൻഭാഗത്തേയ്ക്ക് മാറിയ ഫ്രെഡി, അവിടെ ഒരല്പ സമയം കാത്തിരുന്നു. അവൻറെ മനസ്സിൽ ചിന്തകൾ തിളച്ചു മറിഞ്ഞു. 


തന്നെ കൊല്ലാൻ തമിഴന് കരാർ കൊടുത്തത് ഇമ്മാനുവലോ സൂസനോ, അതല്ല രണ്ടു പേരും ചേർന്നാണോ? അങ്ങിനെയൊരു സംശയം അവൻറെ ഉള്ളിലുണ്ടായി. ഈയടുത്ത് വാർത്തകളിൽ, ഒരു വിദേശ മലയാളി കുടുംബത്തിലെ ഭർത്താവിൻറെ മരണം വർഷങ്ങൾക്ക് ശേഷം, ഭാര്യയും കാമുകനും ചേർന്ന് നടത്തിയ കൊലപാതകമാണെന്ന് അവിടത്തെ പോലീസ് കണ്ടെത്തിയത്, വാർത്തകളിൽ വായിച്ചത് അവനോർത്തു.  


കുറെ നേരം അവിടെയിരുന്ന ഫ്രെഡി, ഇനിയെന്താണ് വേണ്ടത് എന്നാലോചിച്ചു. എന്തായാലും തൻറെ ശത്രു ആരാണ് എന്നറിഞ്ഞിട്ടു തന്നെ കാര്യം. ഒരു മുൻവിധി ഒന്നിലും വേണ്ട. രഹസ്യമായി ഇവിടെ തന്നെ താമസിച്ച്, എല്ലാവരുടെയും നീക്കങ്ങൾ നിരീക്ഷിക്കണം. ശത്രു ആരാണെന്നറിഞ്ഞിട്ട് മാത്രം മതി, ആരുടെയെങ്കിലും മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. 


വീടിൻറെ അടുക്കളയോട് ചേർന്നായിരുന്നു ജനറേറ്റർ റൂം. അവിടെ, Angel's Nest-ൻറെ സെക്യൂരിറ്റി സിസ്റ്റത്തിൻറെ ഒരു രഹസ്യ കണ്ട്രോൾ പാനൽ ഉണ്ടായിരുന്നു. അതുപയോഗിച്ചവൻ അടുക്കള വാതിൽ തുറന്ന് അകത്തു കടന്നു. അപ്പോഴാണ് സോഫിയ കണ്ടത്. അവൾ വലിയ വായിൽ നിലവിളിച്ചു കൊണ്ടോടി. ഫ്രെഡി അടുത്ത നിമിഷം, സ്റ്റോർ റൂമിലേക്ക് കയറി. അവിടെയുണ്ടായിരുന്ന രഹസ്യ വാതിൽ തുറന്നു. നേരെ സെല്ലാറിലേക്ക് പ്രവേശിച്ചു. 


ജനറേറ്റർ റൂമിലെ കണ്ട്രോൾ പാനലും, വീടിൻറെ ഭൂഗർഭ നിലയും, ആ ഭൂഗർഭ നിലയിലേക്കുള്ള രഹസ്യവാതിലുകളും, അതിൽ നിന്നും പുറത്തേയ്ക്ക് പോകാനുള്ള രഹസ്യ വഴിയുമൊക്കെ, ഫ്രെഡിക്ക് മാത്രമറിയാവുന്ന രഹസ്യങ്ങളായിരുന്നു.  അവിടെ രണ്ടു മൂന്നു ആളുകൾക്ക് നല്ല സൗകര്യത്തോടെ ജീവിക്കാവുന്ന വിധത്തിൽ എല്ലാം സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. അറ്റാച്ചഡ് ബെഡ്‌റൂം മുതൽ ഒരു മിനി കിച്ചൻ വരെ. Angel's Nest-ൻറെ സെക്യൂരിറ്റി സിസ്റ്റം കണ്ട്രോൾ ചെയ്യുന്ന AI-യുടെ കോർ സിസ്റ്റം അവിടെയായിരുന്നു. അവിടെ നിന്നും ആ വീടിൻറെയും പരിസരങ്ങളുടെയും മുഴുവൻ ചലനങ്ങളും അറിയാമായിരുന്നു. ആളുകളുടെ സംസാരം വരെ. അതിനൂതനമായ സാങ്കേതിക വിദ്യകളാണ് Angel's Nest-ൽ ഫ്രെഡി ഒളിപ്പിച്ച് വച്ചിരുന്നത്. ഇത്തരം വിഷയങ്ങളിലൊന്നും വലിയ താല്പര്യം കാണിക്കാതിരുന്ന സൂസന്, ഇതിനെക്കുറിച്ചൊന്നും യാതൊരു അവബോധവും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ ഫ്രെഡി അവളോടത്‌ പറഞ്ഞതുമില്ല. 


എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ ഫ്രെഡി വെളിയിൽ വരും. കിച്ചണിൽ നിന്നും തനിക്ക് ആവശ്യമുള്ള സാധനങ്ങൾ എടുക്കും. ശബ്ദമുണ്ടാക്കാതെ ചെന്ന് സൂസനെയും ആദമിനെയുമൊക്കെ കാണും. തന്നെ കണ്ട് പേടിച്ച പിറ്റേന്ന് തന്നെ സോഫിയ പോയത് ഫ്രെഡിക്കൊരു സൗകര്യമായി.


വന്ന അന്ന് തന്നെ ഇമ്മാനുവലും സൂസനും വേറെ വേറെ ആണ് കിടക്കുന്നത് എന്ന് മനസ്സിലായപ്പോൾ, അവൻ വലിയ ആശയക്കുഴപ്പത്തിലായി. അവർ ലീഗലി ഭാര്യാഭർത്താക്കന്മാർ ആണെന്നും എന്നാൽ മാനസ്സികമായോ ശാരീരികമായോ അങ്ങിനെയല്ല എന്നും തിരിച്ചറിഞ്ഞപ്പോൾ ഫ്രെഡിക്ക് സൂസനിലുണ്ടായിരുന്ന സംശയം പൂർണ്ണമായും ഇല്ലാതായി. തൻറെ ഫോട്ടോയുടെ മുൻപിൽ നിന്നും തേങ്ങുന്ന അവളുടെ അടുത്തേയ്ക്ക് ഓടിച്ചെല്ലാനും, നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കാനും അവൻ ആഗ്രഹിച്ചു. പക്ഷെ അടക്കി. മാത്രമല്ല, ഇമ്മാനുവലിൻറെ ഉദ്ധ്യേശം എന്താണെന്ന് അവന് മനസ്സിലായിട്ടുമില്ല. അവൻറെ മനസ്സിൽ മൂപ്പൻറെ വാക്കുകൾ അലയടിച്ചു. 


“ശത്രുവിനെ തിരിച്ചറിയുന്നത് വരെ നീ സുരക്ഷിതനല്ല!!!!”


അവിടെ വന്ന അന്ന് രാത്രി തന്നെ, ഫ്രെഡി ഒരു പുതിയ ഇമെയിൽ ID ഉണ്ടാക്കി അതിൽ നിന്നും ഹസ്സനൊരു മെയിൽ അയച്ചു. താൻ ആരാണെന്ന് പറയാതെ ആയിരുന്നു അത് അയച്ചത്. എങ്കിലും IP ട്രെയ്‌സ് ചെയ്ത് ഹസ്സൻ ഇവിടെ വരാതിരിക്കില്ല എന്ന് ഫ്രെഡിക്ക് ഉറപ്പായിരുന്നു. എന്നാൽ ദിവസങ്ങളോളം അത് സംഭവിക്കാതെ വന്നപ്പോൾ ഫ്രെഡിയുടെ സംശയം ഹസ്സനിലേക്കും തിരിഞ്ഞു. പക്ഷെ എന്തിന് വേണ്ടി എന്ന ചോദ്യം മാത്രം ബാക്കിയായി.


അങ്ങനെയിരിക്കെ ഒരു ദിവസം, വെള്ളം കുടിക്കാൻ വന്ന ഇമ്മാനുവലിനെ ചില ട്രിക്കുകൾ ഉപയേഗിച്ച് പേടിപ്പിച്ചു. അവനെ നല്ല സംശയമുണ്ടായിരുന്നത് കൊണ്ട് തന്നെ, പേടിപ്പിക്കാൻ  മടിയൊന്നും ഉണ്ടായില്ല. വീട്ടിൽ പലപല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഹോളോഗ്രാം പ്രൊജക്ടറുകളിലൊന്നിൻറെയും, സറൗണ്ടിങ്ങ് സൗണ്ട് സിസ്റ്റത്തിൻറെയും സഹായത്തോടെ അത് വളരെ ഭംഗിയായി ചെയ്തു. മുൻപ് ലിസി തനിക്കയച്ചിരുന്ന വോയ്‌സ് മെസേജിൽ നിന്നൊരല്പം, ബാക്കപ്പ് സ്റ്റോറേജിൽ നിന്നും റിക്കവറി ചെയ്തെടുത്തത്, ഒരൽപം സൗണ്ട് എഡിറ്റിംഗ് കൂടി ചെയ്ത് പ്രയോഗിച്ചപ്പോൾ, അവനെ ശരിക്കും പേടിപ്പിക്കാൻ ഫ്രെഡിക്കായി. 


അതിൻറെ പിറ്റേന്നാണ് കല്ലറ പൊളിച്ച് തമിഴൻറെ തലയോട്ടി ആരോ എടുത്തത് ഫ്രെഡി മനസ്സിലാക്കിയത്. ഹസ്സൻ രഹസ്യമായി അന്വേഷണം നടത്തുന്നുണ്ട് എന്നവന് മനസ്സിലായി. ലീലാകൃഷ്ണൻ വന്നത് മുതലുള്ള എല്ലാ കാര്യങ്ങളും ഫ്രെഡി പ്രത്യേകം ശ്രദ്ധിച്ചു. പിന്നെ ഹസ്സനും കുടുംബവും വന്നപ്പോൾ, സൂസനും ഹസ്സനുമൊക്കെ പ്രേതങ്ങളെ കുറിച്ചുള്ള തർക്കത്തിൽ ഏർപ്പെട്ടപ്പോൾ, സൂസൻ ഫ്രെഡി തങ്ങൾക്കിടയിൽ ഉണ്ടെന്ന് വിളിച്ചു പറഞ്ഞപ്പോൾ, എല്ലാവരെയും ആശയകുഴപ്പത്തിലാക്കാൻ വേണ്ടി തെരുവുനായ്ക്കളെ ആ വീട്ടുമുറ്റത്തേയ്ക്ക് ആകർഷിച്ചു. അന്നവിടെ കൂടിയവരിൽ ഒരാളാണ് തൻറെ ശത്രു എന്ന് ഫ്രെഡിക്ക് ഉറപ്പുണ്ടായിരുന്നു.


തൻറെ ബാല്യത്തിൽ ഒരു കറുത്ത നായയിൽ നിന്നും ആക്രമണം നേരിടേണ്ടി വന്ന ഫ്രെഡിക്ക്, സൈനോഫോബിയ എന്നൊരു അവസ്ഥയുണ്ടായിരുന്നു. നായ്ക്കളെ വല്ലാതെ പേടിയായിരുന്നു അവന്. അത് കാരണം, നായ്ക്കളെ വികർഷിക്കുന്ന ഒരു യന്ത്രം അവൻ അവിടെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്നുണ്ടാകുന്ന ഉയർന്ന ചില പ്രത്യേക ശബ്ദ തരംഗങ്ങൾ നായ്ക്കളെ അകറ്റി നിർത്തും. അതേ യന്ത്രത്തിൻറെ പ്രോഗ്രാമിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നായ്ക്കളെ ആകർഷിക്കാനും, അവരെ പ്രകോപിതരാക്കാനും സാധിക്കുമായിരുന്നു. അങ്ങിനെ എല്ലാവരുടെയും ഉള്ളിൽ ഒരു ഭീതിയും ആശയക്കുഴപ്പവും ഉണ്ടാക്കാൻ അന്ന് ഫ്രെഡിക്കായി. 


ആ രാത്രി തൻറെ മുറിയിൽ ഉറങ്ങാതെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന ഇമ്മാനുവലിനെ ഫ്രെഡി കണ്ടു. അവൻ തൻറെ ശത്രുവിനെ തിരിച്ചറിയുകയായിരുന്നു.


തൻറെ മരണം കൊണ്ട് ലാഭം മാത്രമുണ്ടായിട്ടുള്ള ഒരേ ഒരാൾ ഇമ്മാനുവലാണ്. സൂസൻറെ ഭർത്താവായ ഇമ്മാനുവലിന് നിയമപരമായി തന്നെ മിത്രയുടെ മേൽ ഒരു അവകാശമുണ്ടായിരിക്കുന്നു. ഇനി തന്ത്രപൂർവ്വം സൂസനെയും ആദമിനെയും കൂടി ഒഴിവാക്കിയാൽ, പിന്നെ എല്ലാ സ്വത്തുക്കളും സ്വാഭാവികമായും ഇമ്മാനുവലിൻറെ കൈകളിലെത്തിച്ചേരും. ഇമ്മാനുവൽ ശരിക്കും ലാസറാണെന്ന് ഫ്രെഡിക്ക് യാതൊരു ഊഹവുമില്ലായിരുന്നു. അത് കൊണ്ട് തന്നെ സ്വത്തിനു വേണ്ടി മാത്രം ഇമ്മാനുവൽ ഇങ്ങിനെയൊക്കെ ചെയ്യുന്നു എന്നതായിരുന്നു നിഗമനം. 


അങ്ങിനെ ഇമ്മാനുവലിനെ സൂഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കെ, ആ രാത്രി അവൻ സൂസൻറെ മുറിയിലേക്ക് പോകുന്നത് ഫ്രെഡിയുടെ ശ്രദ്ധയിൽ പെട്ടു. 


ഇന്നാണ് നെല്ലും പതിരും തിരിയുന്ന ദിവസമെന്ന് ഫ്രെഡിയുടെ ഉള്ളിലിരുന്നാരോ പറഞ്ഞു. 


ഫ്രെഡി അലാറം സിസ്റ്റം ഓഫാക്കി. ഇമ്മാനുവലുമായി മുഖാമുഖം കാണാൻ തന്നെയായിരുന്നു ഫ്രെഡിയുടെ തീരുമാനം. ഇന്ന് എല്ലാ ദുരൂഹതകളും അവസാനിക്കുന്ന ദിവസമാണെന്ന് അവൻ തീരുമാനിച്ചിരുന്നു. 


ഉറങ്ങിക്കിടക്കുന്ന സൂസൻറെ മുറിയിലേക്ക് പതുങ്ങിച്ചെന്ന ഇമ്മാനുവൽ, അവളെ ചുംബിക്കുന്നത് കണ്ടപ്പോൾ ഫ്രെഡിയുടെ രക്തം തിളച്ചു. ഞെട്ടിയുണർന്ന സൂസനും അവനും തമ്മിൽ നടന്ന സംഭാക്ഷണത്തിനിടയിലാണ്, ലിസിയും താനും തമ്മിലുള്ള ബന്ധം അവനറിയാമായിരുന്നെന്നും, ലിസിയെ കൊന്നത് താനാണെന്ന് അവൻ കരുതുന്നുണ്ടെന്നും ഫ്രെഡിക്ക് മനസ്സിലായത്. 


ഫ്രെഡി സ്വയം ചോദിച്ചു. ലിസിയുടെ മരണം ഒരു ആക്സിഡന്റ് അല്ലായിരുന്നോ? 


അവൻറെ ആ സംശയത്തിന് അധികം ആയുസുണ്ടായില്ല. അവരുടെ തുർന്നുള്ള സംഭാക്ഷണത്തിൽ നിന്നും, ലിസിയുടെ മരണം ഒരു കൊലപാതകമെന്നും, അതിൻറെ ഉത്തരവാദി സൂസനാണെന്നും അറിഞ്ഞപ്പോൾ ഫ്രെഡി തളർന്നു പോയി. 


പക്ഷെ അവനങ്ങനെ തളർന്നിരിക്കാനാവില്ലായിരുന്നു. സൂസൻറെ ജീവൻ അപകടത്തിലാണെന്ന് കണ്ട അവൻ വേഗം, ഹസ്സനെ വിളിച്ച് കാര്യം പറഞ്ഞു. പിന്നെ, വീടിൻറെ ഗെയ്റ്റുകളും വാതിലുകളും  തുറന്നിട്ടു. നേരെ സൂസൻറെ റൂമിലേക്ക് ഓടിച്ചെന്നു. 


മൂപ്പൻ നൽകിയ ആയുധം കയ്യിലുണ്ടായിരുന്നു. സഹചാരിയായ മൂങ്ങയും.


മുറിയിലേക്ക് ഓടിക്കയറിവന്ന ഫ്രെഡിയെ കണ്ട് ലാസർ അമ്പരന്നു പോയെങ്കിലും, ഒട്ടും സമയം കളയാതെ, ഫ്രെഡിക്ക് നേരെ നിറയൊഴിച്ചിരുന്നു. അതേ സമയം തന്നെ, ഫ്രെഡി ആയുധം പ്രയോഗിക്കുകയും ചെയ്തു.


വെടിയേറ്റു വീണ ഫ്രെഡി പ്രയാസപ്പെട്ട് ചുമർ ചാരി എഴുന്നേറ്റിരുന്നു. കാഴ്ച്ചകൾ മങ്ങി വരുന്നുണ്ടെങ്കിലും സൂസനെ ശരിക്കും കാണാമായിരുന്നു. നിലവിളിച്ചുകൊണ്ടവൾ തൻറെ നേരെ ഓടിവരുന്നതും, തൻറെ മുൻപിൽ മുട്ടുകുത്തിയിരിക്കുന്നതും അവൻ കണ്ടു.


തൻറെ രണ്ടു കൈകളും നീട്ടി സൂസൻ ഫ്രെഡിയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു. അവൻറെ പേര് വിളിച്ചുകൊണ്ടവൾ ഉറക്കെ കരഞ്ഞു.


മൂടൽ മഞ്ഞ് പോലെ കണ്ണുകളിൽ എന്തോ മൂടുന്നുണ്ട്. എന്നിട്ടും സൂസൻറെ മുഖത്തേയ്ക്ക് നോക്കി അവൻ പുഞ്ചിരിച്ചു. പിന്നെ ഇരുളടഞ്ഞ കണ്ണുകൾ തുറന്നു വച്ചുകൊണ്ട് തന്നെ അവളുടെ മാറിലേക്ക് വീണു. ഭാരം താങ്ങാനാവാതെ വീണു പോയ സൂസൻ ഉറക്കെയുറക്കെ നിലവിളിച്ചു. 


ഒന്നും മനസ്സിലാകാത്ത ആദം അവളുടെ നിലവിളി കേട്ടപ്പോൾ കരയാൻ തുടങ്ങി. പോലീസുകാരുടെ ബൂട്ടിൻറെ ശബ്ദം കേൾക്കാം. 


ആ മുറിയുടെ വാതിൽക്കൽ ആകാംഷ മുറ്റിയ കണ്ണുകളോടെ ഹസ്സനും ലീലാകൃഷ്ണനും പ്രത്യക്ഷപ്പെട്ടു.


തുടരും

   

1 comment: