Wednesday, May 5, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം



 അദ്ധ്യായം 50: കേസ് ഡയറി


“സാർ... ഇതാണ് ഇമ്മാനുവലിൻറെ... അല്ല... ലാസറിൻറെ ജാതകം.” 


തൻറെ കയ്യിലെ ഫയൽ ഹസ്സന് നേരെ നീട്ടി ലീലാകൃഷ്ണൻ പറഞ്ഞു. ഹസ്സൻറെ ഓഫീസിൽ ആയിരുന്നു അവർ. സമയം വൈകുന്നേരം അഞ്ചു മണിയായിട്ടുണ്ട്. ഒരു പകൽ എരിഞ്ഞടങ്ങാനൊരുങ്ങുന്നു. 


ഹസ്സൻ നേർത്ത പുഞ്ചിരിയോടെ, ലീലാകൃഷ്ണനോട് മുന്നിലെ കസേരയിൽ ഇരിക്കാൻ ആംഗ്യം  കാണിച്ചു. ആ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. ഡിപ്പാർട്ട്മെന്റിലെ അതിസമർത്ഥനായ കുറ്റാന്വേഷകൻ, എന്ത് പറയുന്നു എന്ന് കേൾക്കാൻ അക്ഷമനായിരുന്നു.


"സോറി സാർ. ഇത് പോലെ കുരുത്തം കെട്ടൊരു കേസ്...  എൻറെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. എത്ര പ്രാവശ്യമാണ് നമ്മുടെ അനുമാനങ്ങൾ തെറ്റിയത്?  ഇത് ശരിക്കും ഞാൻ... അല്ല... നമ്മൾ തോറ്റുപോയൊരു കേസാണ്."


ഹസ്സൻറെ കണ്ണുകൾ കുറുകിപ്പോയി. എങ്കിലും, തിരിച്ചൊന്നും പറയാതെ ലീലാകൃഷ്ണന് സംസാരിക്കാനുള്ള സാവകാശം നൽകി.


"സാർ... ബട്ടർഫ്‌ളൈ ഇഫക്ട് എന്ന് കേട്ടിട്ടില്ലേ? ഒരു ചെറുശലഭത്തിൻറെ ചിറകടിയിൽ നിന്നൊരു കൊടുങ്കാറ്റ് ജനിക്കുന്ന... ആ ഭ്രാന്തൻ തിയറിയെ കുറിച്ച്?"


"ഉവ്വ്... എവിടെയോ അങ്ങിനെ വായിച്ചിട്ടുണ്ട്..." ഹസ്സൻ പതുക്കെ തലകുലുക്കി.


"നമ്മുടെ ഈ കേസും.. ഏതാണ്ട് അത് പോലൊക്കെ തന്നെയാണ്. ഫ്രെഡിയുടെ ബാല്യത്തിലെ ഒരു പ്രവർത്തിയുടെ പ്രതിഫലനമാണ് ഏയ്ഞ്ചൽസ് നെസ്റ്റിൽ നടന്നത്. ഒരു കൊടുങ്കാറ്റായി അത് വീശി. ഫ്രെഡിയുടെ അച്ഛൻറെ ആശ്രിതനായിരുന്നു ലാസറിൻറെ അച്ഛൻ. ഒരു സേവ്യർ. തിരിച്ചറിവില്ലാത്ത പ്രായത്തിൽ ഫ്രെഡിയുടെ അശ്രദ്ധകൊണ്ടുണ്ടാവുന്ന ഒരു അപകടത്തിൽ, ലാസറിൻറെ മാതാപിതാക്കൾ മരിക്കുന്നു. ലാസർ അത്ഭുതകരമായി രക്ഷപ്പെടുന്നു. അതൊരു വലിയ ട്രാജഡി തന്നെയാണ്. അന്ന് കുഞ്ഞു ലാസറിൻറെ മനസ്സിൽ, ആഴത്തിലൊരു മുറിവ് പറ്റി. അത് മാറുമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. ആ ബാലൻറെ ജീവിതം പിന്നെ അതിനേക്കാൾ മോശം വഴികളിലൂടെയാണ് സഞ്ചരിച്ചത്. ആ യാത്രയിൽ... അവനിലെ മാലാഖയുടെ മുഴുവൻ ഊർജവും... അവനിലെ ചെകുത്താൻ... ഊറ്റിയെടുത്ത് സ്വന്തമാക്കിയിരുന്നു!"


തൻറെ സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ട് ഹസ്സൻ ലീലാകൃഷ്ണൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. 


"സഹിക്കാൻ വയ്യാതായിരിക്കണം. പതിനൊന്ന് വയസ്സായപ്പോഴേക്കും ലാസറിൻറെ മനസ്സിൽ ഒരാളെ കൊല്ലാനുള്ള ധൈര്യം സ്വരുക്കൂടിയിരുന്നു. സ്വന്തം അമ്മാവൻറെ നെഞ്ചിലൊരു കുഞ്ഞു കത്തി കുത്തിയിറക്കി ഇരുട്ടിലേക്കവൻ ഓടിയൊളിക്കുമ്പോൾ... അവന് വയസ്സ് പതിനൊന്നാണ്. വെറും പതിനൊന്ന്!!"


നെറ്റി ചുളിച്ചുകൊണ്ട് ഹസ്സൻ ചോദിച്ചു. "എന്നിട്ട്... ആ മനുഷ്യനെന്തായി?"


"അതൊരു മനുഷ്യനൊന്നും ആയിരുന്നില്ല."  മൂക്ക് അമർത്തിത്തിരുമ്മിക്കൊണ്ട് ലീലാകൃഷ്ണൻ തുടർന്നു. "അയാളൊരു അറുകൊലമുണ്ടൻ ചെകുത്താനായിരുന്നു. കിടന്നുപോയി. കുറച്ചധികം കാലം. അയാൾക്ക് നരകിക്കാനായിരുന്നു യോഗം. അവിടന്ന് ലാസർ എത്തിപ്പെട്ടത് ഒരുപാട് ദൂരെയുള്ള ഒരു ഗ്രാമത്തിലാണ്. അവിടെ അവൻ ലാസറായിരുന്നില്ല. ഇമ്മാനുവൽ ആയിരുന്നു."


"പേരിൽ വന്ന ഈ വ്യത്യാസം എങ്ങിനെയാവാം..?" ഹസ്സന് ആകാംഷയുണ്ടായിരുന്നു.


"നോ ഐഡിയ. പക്ഷെ ആ നാട്ടിൽ അവൻ അറിയപ്പെട്ടത് ഇമ്മാനുവൽ എന്നാണ്. അന്നൊക്കെ ജനന സർട്ടിഫിക്കറ്റിന്... ഇന്നത്തെ പ്രാധാന്യമില്ലല്ലോ? സ്‌കൂളിൽ പറഞ്ഞ പേര്... അച്ഛൻ... അമ്മ.. ഊഹം വച്ചൊരു ജനനത്തീയതി. ഇതൊക്കെ പിന്നെയുള്ള രേഖകളിൽ പതിഞ്ഞു പോയി. ചുരുക്കിപ്പറഞ്ഞാൽ, ആ പഴയ ലാസർ, ഇമ്മാനുവലിൻറെ ഒരു ആൾട്ടർ ഈഗോ മാത്രമായി മാറി. അതിനുള്ള ഒരേ ഒരു ലക്ഷ്യം... ഫ്രെഡിയെ   ഇല്ലാതാക്കുക എന്നത് മാത്രമായിരുന്നു."


"ഊം... അപ്പോൾ... മിത്രയിലേക്ക് ഫ്രെഡി ഇമ്മാനുവലിനെ കണ്ടെത്തി കൊണ്ടുവന്നതല്ല. ഫ്രെഡിയുടെ അടുത്തേയ്ക്ക് അവൻ വന്നതാണ്. വാട്ട് എ ക്ലെവർ!"


"സാമർഥ്യമല്ല അവൻറെ ആയുധം. ക്ഷമ! അസാമാന്യമായ ക്ഷമ! ക്ഷമയോടെ കാത്തിരുന്ന് ഇരയെ വീഴ്‌ത്തുന്ന വേട്ടക്കാരൻ. ഇരയുടെ പിന്നാലെ എത്ര ദൂരം വേണമെങ്കിലും... കാലടിശബ്ദം കേൾപ്പിക്കാതെ പതുങ്ങിച്ചെല്ലുന്നവൻ. എന്തോ മഹാത്ഭുതം പോലെ... അന്ന് ഫ്രെഡി മരിക്കാതെ രക്ഷപ്പെട്ടതാണവൻറെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചത്. ആൻഡ് ഇറ്റ് വാസ് എ മിറാക്കിൾ. ഇറ്റ് വാസ് എ ഡാം മിറാക്കിൾ! അതെങ്ങിനെ സംഭവിച്ചു? വല്ലാത്തൊരു അത്ഭുതം തന്നെയാണ്. അല്ലെ? "


"യെസ്... ഇറ്റ് ഈസ്..." ഹസ്സൻ തല കുലുക്കി.  "ഡോക്ടർ പറഞ്ഞത്... അവൻറെ ചെസ്റ്റിലെ ആ മൂന്ന് മുറിപ്പാടുകൾ... മുൻപ് ശരീരത്തിൽ തറച്ച ബുള്ളറ്റുകൾ പുറത്തെടുക്കാനുണ്ടാക്കിയ മുറിവുകളാണെന്നാണ്. പക്ഷെ അതാര് ചെയ്തു? അതൊരു ഡോക്ടർ ചെയ്തതല്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഏറ്റവും കുഴക്കുന്ന ചോദ്യം... ഇത്രയും കാലം ഇവനെവിടെയായിരുന്നു എന്നാണ്."


"ഞാൻ പറഞ്ഞില്ലേ സാർ... ഈ കേസിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കിയതും അറിഞ്ഞതുമൊക്കെ... കേവലം മഞ്ഞുമലയുടെ തുമ്പ് മാത്രമാണ്. ശരിക്കും ഒരു കുടുക്കുവഴിയിലൂടെ ഓടുന്ന പോലെ..."


"യാ... എക്‌സാക്ട്ലി . സ്റ്റിൽ... വി ആർ റണ്ണിങ്ങ് ഇൻ ദ മീസ്. വാട്ട് എബൗട്ട് ലിസി? അവളുടെ ഐഡന്റിറ്റിയെ കുറിച്ച് എന്തെങ്കിലും...?"


"അത് അതിനേക്കാൾ വലിയ തമാശയാണ്. ലാസറിന് അവളെ എവിടന്ന് കിട്ടി എന്ന് നമുക്കറിയാം. പക്ഷെ… അവിടേക്കവൾ മാനത്ത് നിന്നും വന്നതാണെന്ന് തോന്നുന്നു. അവളെ കുറിച്ച് വേറൊരു വിവരവും നമ്മുടെ കയ്യിലില്ല. അവളുടെ വീഡിയോ... ഫോട്ടോ.. ഇതൊക്കെ ഉള്ളത് കൊണ്ട്... വേണമെങ്കിൽ നമുക്കന്വേഷിച്ച് കണ്ടെത്താം. പക്ഷെ എന്ത് ഫലം സാർ. പശുവും ചത്തു. മോരിലെ പുളിയും പോയി."


"അവരുടെ വിവാഹമൊക്കെ ഒരു കഥയാണപ്പോൾ.... അല്ലെ? ഫ്രെഡിയെ കുടുക്കാൻ ഇമ്മാനുവൽ ഇറക്കിയ ഒരു തുറുപ്പ് ചീട്ടായിരിക്കും... ഈ ലിസി. പക്ഷെ എന്തിന്. കൊല്ലാനുദ്ധ്യേശിച്ച ആളെ ഇങ്ങിനെ ഒരു ട്രാപ്പിൽ പെടുത്തേണ്ട കാര്യമെന്ത്?"


"സംശയിക്കുകയൊന്നും വേണ്ട സാർ. രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകിൽ ലിസിയിലൂടെ ഫ്രെഡിയുടെ കുടുംബം തകർക്കുക. അതൊരു വലിയ മെന്റൽ ടോർച്ചറിംഗ് ആണല്ലോ. സ്വഭാവരീതി ഒക്കെ വച്ച് നോക്കുമ്പോൾ... ലാസർ  ഒരു സാഡിസ്റ്റ് ആവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. തൻറെ ഇരയെ ഒറ്റയടിക്ക് കൊല്ലാൻ അവൻ കരുതിയിരുന്നില്ല എന്നുറപ്പാണ്. ആയിരുന്നെകിൽ ഇത്രയും കാലം കാത്തിരിക്കേണ്ടിയിരുന്നില്ലല്ലോ?"


ഹസ്സൻ സമ്മതഭാവത്തിൽ തല കുലുക്കി. "യെസ്... യു ആർ റൈറ്റ്. ബട്ട്... സ്റ്റിൽ... എല്ലാം ഒരു മിസ്റ്ററിയാണ്. നമുക്ക് തെളിവുകൾ കുറവാണ്. എല്ലാം തിയറികൾ മാത്രമാണ്. തിയറികൾ  മാത്രം!" 


ലീലാകൃഷ്ണൻ ഒന്ന് പുഞ്ചിരിച്ചു. "അതെ... ഊഹങ്ങളുടെയും ചില ഫാക്ടുകളുടെയും അടിസ്ഥാനത്തിൽ നമ്മളുണ്ടാക്കിയ ഒരു തിയറി മാത്രമാണിതെല്ലാം. വെറും ഒരു കഥ മാത്രം. പക്ഷെ ഇതല്ലാതെ വേറൊന്നും നമ്മുടെ കയ്യിലില്ല. ഇനി കിട്ടാനും പോകുന്നില്ല."


"മീഡിയയ്ക്ക് ലാസറിനെക്കുറിച്ച് എന്തെങ്കിലും  സൂചന....?" ഹസ്സൻ ചോദ്യം മുഴുവനാക്കിയില്ല.


"ഇതുവരെ  ഇല്ല. പക്ഷെ...  ചിലർ ഈ കഥയുടെ വേരു മാന്താൻ ഇറങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. ഇൻവെസ്റ്റിഗേഷൻ ജേണലിസ്സം തലയ്ക്കു പിടിച്ച കുറെ അവന്മാരും അവളുമാരുമുണ്ട്. ഇതൊരു സെൻസേഷണൽ ഇഷ്യുവാക്കാൻ അവർക്ക് കഴിയും."


"അത് പാടില്ല. അതിന് മുൻപേ നമ്മൾ കൺവെൻസിംഗായൊരു കഥയുണ്ടാക്കി അവതരിപ്പിക്കണം. ലാസറിലേക്ക് ആരും എത്തരുത്. എല്ലാ അന്വേഷങ്ങളും ഇമ്മാനുവലിൽ ഒതുങ്ങണം."


"സാറ് പറഞ്ഞു വരുന്നത്...."


"നമ്മളിത് കുഴിച്ചു മൂടുന്നു. അത്ര തന്നെ. ഇതൊരു അനൗദ്വോഗിക അന്വേഷണമായിരുന്നില്ലേ? ഇപ്പോൾ നീയും ഞാനും കരുതിയാൽ അതിന് കഴിയും. ഇല്ലേ?"


"അപ്പോൾ സൂസൻ?"  ലീലാകൃഷ്ണൻ ആകാംഷയോടെ ചോദിച്ചു.


ഹസ്സൻറെ ചുണ്ടിലൊരു ഗൂഢസ്മിതം പിറന്നു. ഒന്ന് കണ്ണടച്ച് കാണിച്ചുകൊണ്ട് പറഞ്ഞു.


"നമുക്ക് പാല് കുടിക്കുന്ന പൂച്ചകളാവാം!" 


ലീലാകൃഷ്‌ണനൊന്നു പുഞ്ചിരിച്ചു. പ്രകാശം തീരെയില്ലാത്തൊരു പുഞ്ചിരി. മെല്ലെ തലയാട്ടി. തൻറെ കരിയറിൽ പ്രമാദമായേക്കാവുന്ന ഒരു കേസ് ഡയറി, ഇരുട്ടിലേക്ക് മെല്ലെ നീക്കി വെക്കണം. കണ്ടു പിടിച്ച സത്യങ്ങൾ മനസ്സിൽ കുഴിച്ചു മൂടണം. നിയമത്തിൻറെ മുൻപിലേക്ക് കൊണ്ട് വരേണ്ട ഒരു കുറ്റവാളിയെ കണ്ടില്ലെന്ന് നടിക്കണം. 


ശരിക്കും തോറ്റു പോയ ഒരു കേസന്വേഷകൻ. അയാളെഴുനേറ്റു. ഹസ്സനെ ഗൂഢമായൊന്ന് നോക്കി. പിന്നെ സല്യൂട്ട് ചെയ്തു. പിന്നെ ഒന്നും പറയാതെ മെല്ലെ ആ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി.


ആ നോട്ടം, നെഞ്ചിൽ തറച്ച ഒരമ്പായിരുന്നു. അതിൻറെ നോവിൽ ഹസ്സനിലൊരു നെടുവീർപ്പ് ജനിച്ചു. അതാ നെഞ്ചിലൊരു കൊടുങ്കാറ്റായി ചുഴറ്റിയടിക്കാൻ തുടങ്ങി. 


തുടരും. 

1 comment:

  1. അങ്ങനെ ലാസറിന്റെ ജാതകം പുറത്തായി ...

    ReplyDelete