
നീണ്ട മുളവടിയുടെ അറ്റം വളച്ച് കൊളുത്താക്കി, കൂരി വള്ളി കൊണ്ട് തോട്ടി കെട്ടുന്ന ജഅഫറിന്റെ അടുത്തേക്ക് നിറ വയറും താങ്ങിപ്പിടിച്ച് വന്ന ആസ്യ വേവലാതിയോടെ പറഞ്ഞു!
ഇങ്ങള് മാണ്ടാത്ത പണിക്കൊന്നും നിക്കണ്ടാട്ടൊ! ഇക്കാക്ക ഒരുജാതി മന്‍ഷ്യനാണ്!
അവളെ നോക്കി അയാള്‍ തെല്ല് ശബ്ദമുയര്‍ത്തി പറഞ്ഞു.
ഇജകത്ത് കേറിപ്പോ ആസ്യ. അന്റെ ചെവിട്ടാണികുറ്റിക്കൊന്ന് തന്നാണ്ടല്ലൊ ഞാന്.
ആസ്യക്ക് സങ്കടം വന്നു. നിറ കണ്ണുകളോടെ അവളകത്തേക്ക് പോകുന്നതും നോക്കി ഒരു നിമിഷം നിന്ന അയാള്‍, 'ഈ പെണ്ണിന്റൊരു കാര്യം' എന്ന് പറഞ്ഞു കൊണ്ട്, തോട്ടി താഴെയിട്ട് അവള്‍ക്ക് പിന്നാലെ ചെന്നു. കിടപ്പറയുടെ ജനലഴികളില്‍ പിടിച്ച് പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്ന അവളുടെ പിറകിലൂടെ ചെന്ന് പുണര്‍ന്നപ്പോള്‍ ദുര്‍ബലമായൊരു കുടച്ചിലോടെ അവള്‍ പ്രതിഷേധമറിയിച്ചു.
ഹ.. തെറ്റിയോ? ഇജൊന്ന് ആലോചിച്ചോക്ക്യ. ഞാനെപ്പൊ അണ്ടിത്തോട്ടത്തിന്റെ കാര്യം പറഞ്ഞാലും ഇജ് സമ്മയ്ക്കൂല. അനക്കന്റെ ബാപ്പ തന്നതല്ലെ അത്. അത് തരൂല്ലാന്ന് പറയാന്‍ കാക്കാക്ക് എന്താ കാര്യം. ഇപ്പം കൊല്ലെത്രായി? ഇക്കണ്ട കാലത്രയും ഇജ് പറിണതും കേട്ട് ഞാനടങ്ങിരുന്നു. ഇനിയത് പറ്റൂല. ഞമ്മളെ മക്കളെന്നോട് ചോദിക്കൂലെ! ഓലെ ഇമ്മാന്റെ സ്വത്തെന്ത്യേന്ന്?
അവള്‍ മെല്ലെ തിരിഞ്ഞ് അയാളുടെ മാറിലേക്ക് ചാഞ്ഞു. പിന്നെ കൈനഖം കൊണ്ട് ആ മാറില്‍ വെറുതെ കോറിക്കൊണ്ട് പറഞ്ഞു!
ഇച്ചണ്ടിത്തോട്ടൊന്നും വേണ്ട. ഒരു രണ്ടേക്കറ് അണ്ടിത്തോട്ടം. വല്ലാത്തൊരു എടങ്ങാറെന്നേണ്. ഇച്ചെന്റെ പൊന്ന് മാത്രം മതി. ഇങ്ങള് പോണ്ട! സൈനുകാക്ക എന്തും കാട്ടും. മൂപ്പര്‍ക്ക് സ്വത്തും മൊതലും മാത്രം മതി. ഇങ്ങളെ പണ്ടേ കണ്ടൂട!
അയാളവളുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് പറഞ്ഞു. അങ്ങിനെ പേടിച്ചാ, പടച്ചോന്റെ ദുനിയാവില് ഒളിക്കാന്‍ കാടുണ്ടോ? സത്യം ഞമ്മളെ ഭാഗത്താണെങ്കി ഞമ്മക്കെന്താടീ പേടി?
ആ മുഖം പിടിച്ചുയര്‍ത്തി ചുണ്ടുകള്‍ മൃദുവായി ചുംബിച്ചു. പിന്നെ പുറത്തേക്ക് നടന്നു. അയാളുടെ പിന്നാലെ വന്ന് വാതിലോളം വന്നവള്‍ , ഒരു കൈ നീട്ടി അയാളെ ഒന്നു വിളിക്കാനാഞ്ഞെങ്കിലും, പിറകില്‍ നിന്നും വിളിക്കേണ്ട എന്നു കരുതി, ഒരു കയ്യില്‍ തോട്ടിയും, മറു കയ്യിലൊരു ബക്കറ്റുമായി അയാള്‍ അകന്ന് പോകുന്നതും നോക്കി നിന്നു. അവളുടെ മനസ്സില്‍ അപ്പോള്‍ എന്തിനെന്നറിയാത്ത ഒരു ഭയം തളം കെട്ടി നിന്നിരുന്നു. ലോകമെങ്ങും കനത്ത നിശബ്ദതയാണെന്നും, ആ നിശബ്ദതയെ ഭേദിക്കുന്ന ഒരേ ഒരു ശബ്ദം, അകന്നകന്ന് പോകുന്ന അയാളുടെ കാലടിശബ്ദം മാത്രമാണെന്നും അവള്‍ക്ക് തോന്നി.
അവരുടേതൊരു പ്രണയ വിവാഹമായിരുന്നു. പ്രണയിച്ചിരുന്ന കാലത്തു തന്നെ ആകെയുണ്ടായിരുന്ന ഒരേ ഒരാങ്ങള, സൈനുദ്ധീന്‍ ആ ബന്ധത്തിന് എതിരായിരുന്നു. എങ്കിലും പൊന്നുങ്കുടം പോലെ നോക്കി വളര്‍ത്തിയ മകളുടെ കണ്ണു കലങ്ങിയപ്പോള്‍ , മനസ്സില്ലാ മനസ്സോടെയാണെങ്കിലും, ധനാഢ്യനായ ആസ്യയുടെ പിതാവ്, പുഴക്കക്കരെ നിന്നും വന്ന ദരിദ്രനായ ജഅഫറിനെ മരുമകനായി സ്വീകരിച്ചു. ആ പിതാവിന്റെ ഒസ്യത്ത് പ്രകാരം, രണ്ടേക്കര്‍ കശുമാവിന്‍ തോട്ടം ആസ്യയുടെ പേരില്‍ ഇഷ്ട ദാനം എഴുതി വച്ചിരുന്നു. മാത്രമല്ല, അതിന്റെ ശേഷമുള്ള സ്വത്ത് മതാചാര പ്രകാരം ഓഹരി വെക്കാനും ഒസ്യത്തിലുണ്ടായിരുന്നു. രണ്ടേ രണ്ടു മക്കളില്‍ ആസ്യയോട് പിതാവിനുണ്ടായിരുന്ന അധിക സ്നേഹമായിരുന്നു അത്. ഇഷ്ടം പോലെ സ്വത്ത് വേറെയുണ്ടായിരുന്നെങ്കിലും, കശുമാവിന്‍ തോട്ടം പെങ്ങള്‍ക്ക് വിട്ടു കൊടുക്കാന്‍ സൈനുദ്ധീന്‍ ഇതു വരെ തയ്യാറായിട്ടില്ല. അതിന്റെ പിന്നിലെ വികാരം ജഅഫറിനോടുള്ള വിദ്വേഷമായിരുന്നു. ആ കശുമാവിന്‍ തോട്ടം ആസ്യക്ക് വിട്ടു കൊടുക്കണം എന്ന് നാട്ടിലെ പ്രമാണിമാരൊക്കെ പറഞ്ഞെങ്കിലും സൈനുദ്ധീന്‍ അതൊന്നും ചെവി കൊണ്ടില്ല. ഇന്ന് ആ കശുമാവിന്‍ തോട്ടത്തിലെ അണ്ടിയറുക്കാനായി ജഅഫര്‍ രണ്ടും കല്‍പ്പിച്ച് പോയിരിക്കുകയാണ്.
ഇന്ന് റബിഉല്‍ അവ്വല്‍ മാസത്തിലെ പന്ത്രണ്ടാം തിയതിയാണ്. പ്രവാചകന്റെ ജന്‍മദിനം! മദ്രസയില്‍ നിന്നും കുട്ടികളുടെ പാട്ടും ബൈത്തുമൊക്കെയായി ഒരു ജാഥ, നോക്കിയാല്‍ കാണുന്ന ദൂരത്തുള്ള പഞ്ചായത്ത് റോഡിലൂടെ പോകുന്നുണ്ടായിരുന്നു. അതും നോക്കി ആസ്യ വാതില്‍ കട്ടിളയും ചാരി നിന്നു. നിറഗര്‍ഭിണിയാണവള്‍ . ഇന്നോ നാളെയോ എന്ന മട്ടില്‍ പ്രസവമുണ്ടാവും. ജഅഫര്‍ ഒരനാഥനാണ്. ആസ്യക്ക് സ്വന്തമായുള്ളത് ഒരേ ഒരാങ്ങള സൈനുദ്ധീനും. അയാള്‍ ആസ്യയോടൊന്ന് മിണ്ടിയിട്ട് ആറു വര്‍ഷമായി. ആസ്യ മിക്ക രാത്രിയിലും, ആ സങ്കടം പറഞ്ഞു കരയും. അവള്‍ക്ക് സൈനുദ്ധീനെ അത്രക്കിഷ്ടമായിരുന്നു. ചെറുപ്പത്തില്‍ ആസ്യ എന്നു വച്ചാല്‍ സൈനുദ്ധീനും അങ്ങിനെ തന്നെ ആയിരുന്നു. പക്ഷെ അയാള്‍ക്കിഷ്ടമില്ലാത്ത ഒരു പ്രണയവും വിവാഹവും ആസ്യയെ ഇന്നയാളുടെ ശത്രുവാക്കി മാറ്റിയിരിക്കുന്നു.
സമയം ഒരു പത്തുപത്തര ആയപ്പോള്‍ , ആസ്യയെ സഹായിക്കാനായി അടുത്ത വീട്ടിലെ സ്‌ത്രീ വന്നു. പാത്തുക്കുട്ടി എന്നാണ് അവരുടെ പേര്. അടുക്കളപ്പണിക്കും പുറം പണിക്കുമൊക്കെ ആസ്യയെ സഹായിക്കുന്നത് ആ സ്‌ത്രീയാണ്. സമയം ഇഴഞ്ഞു നീങ്ങി. അടുക്കളയില്‍ ചെറിയ ഉള്ളി തൊലി കളഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ആസ്യ. അപ്പോഴാണ് മുറ്റത്ത് നിന്നും ആസ്യാത്താ എന്ന വിളി കേട്ടത്. അടുക്കള വാതിലിലൂടെ മുറ്റത്തേക്കിറങ്ങി നോക്കിയപ്പോള്‍ , പാത്തുക്കുട്ടിയുടെ മകന്‍ സുലൈമാന്‍ കയ്യിലൊരു മീന്‍ കോമ്പലയുമായി നില്‍ക്കുന്നു. ആസ്യയെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു.
ജാഫര്‍ക്ക ഇന്നലെ പറഞ്ഞീര്‍ന്നു. മീന്‍ കിട്ട്യാ കൊണ്ടര്‍ണംന്ന്!
ജഅഫറിന് പുഴമീനെന്നു വച്ചാല്‍ ജീവനാണ്. അത് കഴുകിയ വെള്ളം കിട്ടിയാലും മതി എന്നാണ് വെപ്പ്. അവളത് വാങ്ങി, തിരിച്ച് മടങ്ങാന്‍ തുടങ്ങുന്ന അവനോട് പറഞ്ഞു.
എടാ, നീയാ അണ്ടിത്തോട്ടത്തിലൊന്ന് ചെന്ന് ജാഫര്‍ക്കാനോട് ഇങ്ങട്ടൊന്ന് വരാമ്പറി. ഇച്ചെന്തോ ഒരു വല്ലായ്ക. ഒരു സുഖംല്ല. ഒരുജാതി ചേല്.
ദാ ഇപ്പൊ വിളിച്ചിട്ട് വരാമെന്നും പറഞ്ഞ് സുലൈമാന്‍ അവിടന്ന് പോയി. സത്യത്തില്‍ ആസ്യക്ക് ഉള്ളു നിറയെ ഭയമായിരുന്നു. എന്തോ അപകടം നടക്കാന്‍ പോകുന്നെന്ന് അവളുടെ ഉള്ളിലിരുന്നാരോ മന്ത്രിക്കുന്ന പോലെ അവള്‍ക്ക് തോന്നി ഹൃദയത്തിന് എന്തെന്നില്ലാത്ത ഒരു ഭാരം!
സമയം ഉച്ചയാവുന്നതെ ഉണ്ടായിരുന്നുള്ളൂ. പാത്തുകുട്ടി അടുപ്പത്തെ പാത്രത്തില്‍ നിന്നും ഒരു തവികൊണ്ട് കോരിയെടുത്ത ചോറിന്റെ വേവു നോക്കുകയാണ്. ഇരിക്കപ്പൊറുതി കിട്ടാതെ ആസ്യ വല്ലാത്ത ഒരവസ്ഥയിലാണ്. വിളിക്കാന്‍ പോയ സുലൈമാനെയും കാണുന്നില്ല. പെട്ടെന്ന്, വീടിന്റെ മുറ്റത്ത് നിന്നും സുലൈമാന്റെ വല്ലാത്തൊരു കരച്ചില്‍ കേട്ടു. അത് കേള്‍ക്കെ, തന്റെ ഞരമ്പുകളിലെല്ലാം രക്‌തം കട്ടയാവുന്നത് പോലെ ആസ്യക്ക് തോന്നി. താന്‍ ഗര്‍ഭിണിയാണെന്ന് അവള്‍ മറന്നു. ചാടിപ്പിടഞ്ഞവള്‍ മുറ്റത്തെത്തി. നോക്കുമ്പോള്‍ വല്ലാത്ത ഒരു ഭാവത്തില്‍ നില്‍ക്കുന്ന സുലൈമാന്‍ ! ആസ്യയെ കണ്ടപ്പോള്‍ കാറിക്കരഞ്ഞു കൊണ്ടവന്‍ പറഞ്ഞു.
ജാഫര്‍ക്കാനെ കൊന്നു..സൈനുദ്ധീന്‍ കാക്ക കത്ത്യോണ്ട് കുത്തിക്കൊന്നു. ഞാങ്കണ്ടു!
വാടിയ ചേമ്പിന്‍ തണ്ടു പോലെ ആസ്യ ഒരു ഭാഗത്തേക്ക് കുഴഞ്ഞു വീണപ്പോള്‍ , പാത്തുക്കുട്ടി താങ്ങിയിട്ട് നിന്നില്ല. അവരുടെ ശരീരത്തിലേക്ക് ചാഞ്ഞു കൊണ്ട് ആസ്യ താഴെ മണ്ണിലേക്ക് ഒരു വശം ചെരിഞ്ഞ് വീണു.
പിറ്റേന്ന് വൈകുന്നേരം ജഅഫറിന്റെ മയ്യത്ത് ഖബറടക്കുമ്പോള്‍ , ആസ്യ പ്രസവ വേദന കടിച്ചമര്‍ത്തി തല കുടയുകയായിരുന്നു. ബോധം വീണതില്‍ പിന്നെ അവളൊരു വാക്ക് മിണ്ടുകയോ, ഒന്നു കരയുകയോ ചെയ്‌തിട്ടില്ല. മയ്യത്തു കട്ടില്‍ അകന്നു പോയി. പള്ളിക്കാട്ടിലെ ആറടി നീളമുള്ള മണ്‍ക്കുഴിയിലേക്ക് ജഅഫറിന്റെ ശരീരം എടുത്ത് വെക്കുമ്പോള്‍ , ആ കബറിന്റെ മേലെ മീസാന്‍ കല്ല് വെക്കുമ്പോള്‍ , അവള്‍ ജഅഫറിന്റെ രക്‌തത്തിന്റെ അവകാശി യെ പ്രസവിക്കുകയായിരുന്നു. വേദന കടിച്ച് പിടിച്ച്! കരയാതെ!! കണ്ണുനീരൊഴുക്കാതെ!!!
ഉലയിലെരിയുന്ന അഗ്നിക്ക് ജുഐഫറിന്റെ നെഞ്ചിലെരിയുന്ന അഗ്നിയെക്കാള്‍ ചൂടുണ്ടായിരുന്നില്ല. ചുവന്ന ലോഹം ഇരുമ്പു കൂടം കൊണ്ടടിച്ചു പരത്തുന്ന കൊല്ലണ്റ്റെ അരികില്‍ അവനിരുന്നു. രാവിലെ പത്തു പത്തര മണി നേരം. തിരക്കില്ലാത്ത ഒരു നേരമാണത്. തലേന്ന് രാത്രി കാച്ചി വച്ച പണിയായുധങ്ങളുമായി ആളുകളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. കൊല്ലന്റെ ആലയില്‍ അവനും കൊല്ലനും മാത്രം.
കണലായി മാറിയ ലോഹം പരന്ന് കൊണ്ടിരിക്കുമ്പോള്‍ , എരിയുന്ന കണ്ണുകളോടെ അവനിരിക്കുകയാണ്. കൊല്ലന്റെ നെറ്റിയില്‍ നിന്നുമിറ്റ് വീണൊരു വിയര്‍പ്പ് തുള്ളി ചുട്ടു പഴുത്ത ലോഹത്തില്‍ തട്ടി നീരാവിയായി.
ഒരിടവേളക്കായി പണി നിര്‍ത്തി ഒരു ബീഡിക്ക് തീ കൊളുത്തുന്നതിന്നിടയില്‍, കൊല്ലന്‍ അവനെ ഒന്ന് നോക്കി. പിന്നെ പറഞ്ഞു.
ഇങ്ങള് പൊയ്ക്കോളിം. ഒരു മൂന്നീസം കഴിഞ്ഞ് വരീം. സാധനം റെഡിയാക്കി വെക്കാം. കത്തി കാച്ചാനും മറ്റുമൊക്കെ ആളുകളിപ്പൊ വരാനായി.
അവന്‍ തന്റെ മടിക്കുത്തില്‍ സൂക്ഷിച്ച് വച്ചിരുന്ന ഒരു പൊതിയെടുത്ത് കൊല്ലന് കൊടുത്തു.
സാധനം അസ്സലായിരിക്കണം.
അവന്‍ മുഷ്ടി ചുരുട്ടി കാണിച്ചു. നല്ല ബലമുള്ളതാവണം എന്ന അര്‍ത്ഥത്തില്‍!
ഒരു പേടിം പേടിക്കണ്ട. ഇങ്ങള് പോയിട്ട് മൂനിന്റന്നു വന്നോളീം.
കൊല്ലന്‍ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. ജുഐഫര്‍ ആലയില്‍ നിന്നും പുറത്തേക്കിറങ്ങി. ബസ് വെയ്റ്റിംഗ് ഷെഡിലേക്കെത്തി ഒന്നിരിക്കാനാഞ്ഞപ്പോഴേക്കും വളവു തിരിഞ്ഞ് വന്ന ബസ്സ് കണ്ടു. അങ്ങാടിയില്‍ ബസ്സിറങ്ങുമ്പോള്‍ സ്പീക്കര്‍ പിടിപ്പിച്ച ഒരു ജീപ്പ് രണ്ടു ഭാഗവും കട്ടൌട്ടുകള്‍ കെട്ടി വച്ച് പോകുന്നത് കണ്ടു. അതില്‍ നിന്നും ഒരാള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.
പ്രിയമുള്ള നാട്ടുകാരെ. നമ്മുടെ നാടിന്റെ പൊന്നോമന പുത്രന്‍, പഞ്ചായത്ത് പ്രസിഡണ്ട്, ശ്രീമാന്‍ സൈനുദ്ധീന്‍ ഹാജി സാഹിബിന്റെ വക, കാലങ്ങളായി കുടിവെള്ളക്ഷാമം നേരിട്ടിരുന്ന കാരാപറമ്പ് ലക്ഷം വീട് കോളനി നിവാസികള്‍ക്കായി, ഒരു പൊതു കിണര്‍ കുഴിച്ച കാര്യം നിങ്ങളെ എല്ലാവരേയും സസന്തോഷ പൂര്‍വം അറിയിക്കട്ടെ. ഇന്ന് വൈകുന്നേരം ആറുമണിക്ക് ബഹുമാനപ്പെട്ട എമ്മലെ ചേകുട്ടി സാഹിബ് ആ കിണര്‍ ഉത്ഘാടനം ചൈത് കോളനി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങിലേക്ക്, ആ അപൂര്‍വ സുന്ദര മുഹൂര്‍ത്തനിന് സാക്ഷികളാകുവാന്‍ വേണ്ടി ഓരോ ജനാധിപത്യ വിശ്വാസികളേയും ഞങ്ങള്‍ സാദരം സ്വാഗതം ചെയ്യുകയാണ്.
അലച്ചലച്ച് പോകുന്ന ആ ശബ്ദത്തിന്റെ നേരെ അവനൊന്ന് കാര്‍ക്കിച്ച് തുപ്പി. വീടിന്റെ ഉമ്മറത്തെ കിണ്ടിയില്‍ വച്ചിരുന്ന വെള്ളം കൊണ്ട് കാലു കഴുകുന്നതിന്നിടയില്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോള്‍ നിസാക്കാരക്കുപ്പായമിട്ട് നില്‍ക്കുന്ന ഉമ്മ. ദുഹ്‌റ് നമസ്ക്കരിച്ചങ്ങിനെ ഇരുന്നതാവും. അവനെ കണ്ടപ്പോള്‍ ആസ്യ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
എന്ത്യേ.. ഇത്ര നേരായത്?
അവനൊരു നിമിഷം നിവര്‍ന്ന് നിന്ന് ഉമ്മയുടെ മുഖത്ത് നോക്കി. പിന്നെ കയ്യിലെ കിണ്ടി ഉമ്മറത്തെ അരമതിലില്‍ വച്ച് പറഞ്ഞു.
ഒന്നൂല്ല. ബസ്സിനൊരു താമസം. ഒന്ന് പഞ്ചറായി. അവന്‍ അരമതില്‍ കേറിയിരുന്നു. അവന്റെ അടുത്ത് വന്ന് സ്വകാര്യം പോലെ ആസ്യ ചോദിച്ചു.
എന്തായി... പോയ കാര്യം?
സാധനം കൊട്ത്തു. പൈസേം കൊട്ത്തു. മറ്റന്നാളല്ല, അതിന്റെ പിറ്റേന്ന് സാധനം തരും.
ഊം.. നല്ലോണം മൂര്‍ച്ച നോക്കണം. ഒരൊറ്റ വെട്ടിന് ഒരു മരം മുറിയണം..
ആസ്യയുടെ ശബ്ദത്തില്‍ തന്നെ ഉണ്ടായിരുന്നു ആ ആയുധത്തിനുണ്ടാവേണ്ടുന്ന മൂര്‍ച്ച. അവന്‍ അവരുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ അവിടെ രണ്ടു തുള്ളി കണ്ണീര്‍ തിളക്കുന്നുണ്ടായിരുന്നു.
ഉമ്മ ഒന്ന് ചിരിച്ചവന്‍ കണ്ടിട്ടേ ഇല്ല. അവരൊന്ന് ചിരിച്ചു കാണാന്‍ അവനേറെ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, അവനറിയാം. ഉമ്മ ചിരിക്കില്ലെന്ന്. ഉമ്മ ചിരിക്കണമെങ്കില്‍ ഉപ്പയെ കൊന്നവന്റെ ഉയിര് പോകണം. ഉമ്മ ജീവിച്ചിരിക്കുന്നത് തന്നെ അത് കാണാനാണ്. ഉപ്പയുടെ ഘാതകനന്റെ മയ്യത്ത് കാണാന്‍ .
കുഞ്ഞുനാളില്‍ ഓരോ ഉറുള ചോറ് അവന്റെ വായില്‍ വച്ച് കൊടുക്കുമ്പോഴും ആസ്യ പറയും..
ഉമ്മാന്റെ കുട്ടി നല്ലോണം തിന്നോളിം.. നല്ലോണം തിന്നാലെ മേം മേം വല്‌താകൊള്ളൂ.. വല്‌തായിട്ട് മാണ്ടെ അനക്കന്റെ ഉപ്പാനെ കൊന്നോനെ കൊല്ലാന്‍ ?
ഒരിക്കല്‍ പോലും സ്വന്തം നെഞ്ചിലേയോ അവന്റെയുള്ളിലേയോ പകയുടെ കനലുകള്‍ ചാരം മൂടാന്‍ ആസ്യ സമ്മതിച്ചിട്ടേ ഇല്ലായിരുന്നു. ദിവസവും ഒരു മൂന്നു നാലു പ്രാവിശ്യമെങ്കിലും അവള്‍ അവനോട്, ബാപ്പയെ കുറിച്ചും, ബാപ്പയെ കൊന്നവനെ കുറിച്ചും പറയും. വളര്‍ന്ന് വലുതായി വന്നപ്പോള്‍ അവനേയും കൊണ്ട് ചിലപ്പോഴൊക്കെ അവള്‍ പുഴക്കരയില്‍ പോകും. മണ്ണാത്തിപ്പാറയില്‍ കയറിയിരുന്ന് കൊണ്ട് ഇവിടെ വച്ചാണ് അവളാദ്യം അവന്റെ ഉപ്പയെ കണ്ടെതെന്ന് പറയും, അവന്റെ ഉപ്പ ഒരുപാട് സ്നേഹമുള്ളവനായിരുന്നെന്ന് പറയും. പുഴയോട് ചേര്‍ന്നു നില്‍ക്കുന്ന രണ്ടേക്കര്‍ അണ്ടിത്തോട്ടം ചൂണ്ടിക്കാണിച്ച് കൊടുത്തു കൊണ്ട് അത് അന്റെ ബാപ്പാന്റെ ചോരയാണെന്ന് പറയും. ജുഐഫര്‍ ആ കശുമാവിന്‍ തോട്ടത്തിലേക്ക് നോക്കുമ്പോഴെല്ലാം അവിടെ നിന്നും അവനൊരു വിളിയാളം കേള്‍ക്കാറുണ്ടായിരുന്നു. ഒരാത്മാവിന്റെ വിളിയാളം!
ഉപ്പ എന്നത് ജുഐഫറിനൊരു വികാരമായിരുന്നു. ഉപ്പയുടെ ഘാതകന്റെ ജീവന്‍ തന്റെ കൈകൊണ്ടെടുക്കുന്ന ഒരു ദിവസം അവന്‍ സ്വപ്നം കണ്ടു. അവനറിയാം. അതിനൊരു ദിവസം വരും. ഒരു ദിവസം. ആ ദിവസത്തിനായി അവന്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്.
എല്ലാ നിയമങ്ങളേയും ശക്‌തി കൊണ്ടും പണം കൊണ്ടു ഭേദിച്ച് പുറത്ത് മാന്യനായി വിലസി നടക്കുന്ന തന്റെ പിതാവിന്റെ ഘാതകനെ ദിവസത്തിലൊരു പ്രാവിശ്യമെങ്കിലും അവന്‍ ദൂരെ നിന്നും നോക്കിക്കാണും. അവനുറപ്പുണ്ടായിരുന്നു. ആ ശരീരത്തില്‍ നിന്നും രക്‌തം തെറിച്ച് തന്റെ മുഖത്ത് വീഴുന്ന ഒരു ദിവസം വരാനുണ്ടെന്ന്. ആ ദിവസത്തിനാണ് അവനും അവന്റെ മാതാവും നോമ്പും നോറ്റ് കാത്തിരിക്കുന്നതെന്ന്.
ഇന്ന് റബ്ബിയുല്‍ അവ്വല്‍ പന്ത്രണ്ട്. രാവിലെ ആസ്യ അവന് പുരയിടത്തില്‍ നിന്ന് പറിച്ചെടുക്കുന്ന കാച്ചിലും ചേമ്പും കാവിത്തും താളുമൊക്കെ അരിഞ്ഞിട്ടുണ്ടാക്കിയ ഒരു കൂട്ടാനോടു കൂടി ഒരല്‍പ്പം പൊടിയരിക്കഞ്ഞി കൊടുത്തു. അവനത് കുടിക്കുന്നതും നോക്കി അവളിരിക്കവേ, അവനത് ധൃതിയില്‍ കുടിച് തീര്‍ത്തു. തലേന്ന് രാത്രി കൊല്ലന്‍ പണി തീര്‍ത്ത് കൊടുത്ത ഒരു കൊടുവാളും ഒരു കഠാരിയും ആസ്യ തന്നെ അവനെടുത്ത് കൊടുത്തു. കൊടുക്കുമ്പോള്‍ അവളുടെ കയ്യോ കരളോ വിറക്കുന്നുണ്ടായിരുന്നില്ല. വാങ്ങിക്കുമ്പോള്‍ അവന്റെയും.
വീടിന്റെ ഇറയത്ത് കഴുക്കോലുകള്‍ക്കിടയില്‍ തിരുകി വച്ചിരുന്ന ഒരു തോട്ടി അവളവനെടുത്ത് കൊടുത്തു. അത് പണ്ട് ജഅഫര്‍ കെട്ടിയുണ്ടാക്കിയ അതേ തോട്ടിയായിരുന്നു. അതിന്റെ ഒരു ഭാഗത്ത് കാലപ്പഴക്കത്താല്‍ കറുത്ത് പോയ രകതക്കറയുണ്ടായിരുന്നു. ജഅഫറിണ്റ്റെ രക്‌തത്തിന്റെ അടയാളം. ആ തോട്ടി തന്റെ വലങ്കയ്യില്‍ മുറുകെ പിടിക്കുമ്പോള്‍ ജുഐഫറിന്റെ സിരകളില്‍ കൂടി ഒരു കുളിര്‍ ഓടി നടന്നു. അവന്റെ രോമങ്ങള്‍ എഴുനേറ്റ് നിന്നു. അവന്റെ മുടിഴികളിലൂടെ ഒരു തണുത്ത കൈ വിരല്‍ സഞ്ചരിക്കുന്നത് അവനു തോന്നി. ഒരു വല്ലാത്ത ധൈര്യം അവനെ വരിഞ്ഞ് മുറുക്കി.
ഉച്ച നേരമാണ്. നിസ്ക്കാരപ്പായയില്‍ മകന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് ആസ്യ കാത്തിരിക്കുകയാണ്. ആരോ ഓടി വരുന്ന ഒരു കാലൊച്ച അവള്‍ കേട്ടു. തന്റെ വീടിന്റെ മുറ്റത്ത് നിന്നും ആസ്യാത്താ എന്ന ആവര്‍ത്തിച്ചുള്ള വേവലാതി പൂണ്ട വിളി കേള്‍ക്കവെ, ആ ശബ്ദത്തിന്റെ ഉടമ സുലൈമാനാണെന്ന് ആസ്യ തിരിച്ചറിഞ്ഞു. വേഗം നിസ്ക്കാരപ്പായയില്‍ നിന്നുമെഴുനേറ്റ് വീടിന്റെ ഉമറത്ത് വന്നു. വരണ്ട മുഖത്തോടെ നില്‍ക്കുന്ന സുലൈമാന്റെ കണ്ണിലിലേക്കവള്‍ സൂക്ഷിച്ച് നോക്കി. ആ കണ്ണുകളില്‍ അന്ധകാരത്തിന്റെ രണ്ടു മഹാഗര്‍ത്തങ്ങള്‍ അവള്‍ കണ്ടു. പരവശമായ ശബ്ദത്തോടെ സുലൈമാന്‍ പറഞ്ഞു.
ആസ്യാത്താ,, ഞമ്മളെ ജുഐഫ് പറങ്കൂച്ചിക്കാട്ടിലിട്ട് മുനീറിനേം ഷുക്കൂറിനേം കുത്തി. ഇപ്പോ സൈനുദ്ധീന്‍കാക്ക കൊറേ ആള്‍ക്കാരീം കൂട്ടി അങ്ങോട്ട് പൊയ്ക്കണ്..
മുനീറും ഷുക്കൂറും! സൈനുദ്ധീന്‍ സാഹിബിന്റെ രണ്ട് ആണ്‍മക്കളാണവര്‍. ബാപ്പ ചെയ്‌ത തെറ്റിന് മക്കള്‍ ശിക്ഷയനുഭവിച്ചല്ലോ എന്നൊരു വേവലാതി ആസ്യയെ പിടികൂടി. ആ നിസ്ക്കാരക്കൂപ്പായം ധരിച്ചു കൊണ്ടു തന്നെ അവള്‍ അറിയാതെ ഓടി, പുഴക്കരയിലെ രക്‌തപങ്കിലമായ ആ തോട്ടത്തിലേക്ക്.
ഓടിയെത്തിയപ്പോഴേക്കും തോട്ടത്തിന്റെ പല ഭാഗങ്ങളിലായി ധാരാളം ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ബാല്യത്തില്‍ താനും തന്റെ സഹോദരന്‍ സൈനുദ്ധീനും കൂടി ഓടിക്കളിക്കുകയും, ഒളിച്ചുകളിക്കുകയുമൊക്കെ ചെയ്‌തിരുന്ന തോട്ടമാണത്. പിന്നെ അത് തന്റെ ഭര്‍ത്താവിന്റെ രക്‌തം വീണ സ്ഥലമായി. അതിന്റെ ശേഷം അവിടേക്ക് ഇന്നേ വരെ ചെന്നിട്ടില്ല.
വട്ടം കൂടി നില്‍ക്കുന്ന ആളുകളെ വകഞ്ഞു മാറ്റി അവള്‍ നോക്കിയപ്പോള്‍ കണ്ടു, അങ്ങിങ്ങായി വീണു കിടക്കുന്ന രക്‌തം പുരണ്ട ചില മനുഷ്യ രൂപങ്ങള്‍ . അതിന്നിടയില്‍ ജീവന്റെ തുടിപ്പുകള്‍ അപ്പോഴും ശേഷിക്കുന്ന തന്റെ സഹോദരന്‍ , സൈനുദ്ധീന്‍ , രക്‌തത്തിന്റെ ഒരു ചെറുപൊയ്കയില്‍ വീണു കിടക്കുന്നു. നെടുകെ പിളര്‍ന്ന വയറിന്റെ പുറത്തേക്ക് തള്ളി വന്ന കുടല്‍ മാലകളുമായി. ബീഭത്സമായിരുന്നു ആ രംഗം. എങ്കിലും അതവളെ തെല്ലും അലോസരപ്പെടുത്തിയില്ല.
സൈനുദ്ധീന്റെ അടുത്ത് അറ്റു തൂങ്ങിയ വലങ്കയ്യും രകതം കിനിയുന്ന കഴുത്തുമായി കാറ്റു പിടിച്ച ഒറ്റമരം പോലെ ആടിയായിടി നില്‍ക്കുന്ന ജുഐഫര്‍ . ജഅഫറിന്റെ പിന്‍ഗാമി. തന്റെ മകന്‍.
അവള്‍ ചെന്നു. ജുഐഫറിന്റെ അടുത്തേക്ക്. നിന്ദ്യമായ മരണം തൊട്ടടുത്ത് പല്ലിളിച്ച് നില്‍ക്കുമ്പോള്‍ , ജീവന്റെ അവസാന ഞരക്കവും ഞരങ്ങുന്ന സൈനുദ്ദീന്റെ ശരീരം കവച്ചു വച്ച്. ഉമ്മയുടെ മേലേക്ക് ചാഞ്ഞു കൊണ്ട് ജുഐഫര്‍ വീണു. അവനേയും കൊണ്ട് നിലത്തേക്ക് ചാഞ്ഞു വീണ ആസ്യ നിലത്തിരുന്ന്, തന്റെ മടിയിലേക്ക് മകന്റെ തലയെടുത്ത് വച്ചു. ചാലിട്ടൊഴുകുന്ന കണ്ണീര്‍ അവളുടെ കവിള്‍തടങ്ങളും താണ്ടി അവന്റെ രക്‌തം പുരണ്ട മുഖത്തേക്ക് വീണു. കഠിനമായ വേദനയിലും അവന്‍ ഉമ്മയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
ഉമ്മാ,, ഞാനെന്റെ ഉമ്മാന്റെ കണക്ക് തീര്‍ത്തു..
മരണം ജുഐഫറിന്റെ ആത്മാവിനെ അവന്റെ ശരീരത്തില്‍ നിന്നും ഊരിയെടുക്കുമ്പോള്‍ , അവന്റെ മുഖം തന്റെ മാറോട് ചേര്‍ത്തവളിരുന്നു. അവന്റെ ഉപ്പ അവന്റെ ഹഖിനു വേണ്ടിയും അവന്‍ അവന്റെ ഉപ്പയുടെ ഹഖിനു വേണ്ടിയും ജീവന്‍ ബലിയര്‍പ്പിച്ചപ്പോള്‍ , മരണാനന്തരം ഭൂമിയില്‍ വിട്ടേച്ച് പോകുന്ന അനന്തരത്തിനായി മനുഷ്യബലികള്‍ നടന്ന ആ നിണമണിഞ്ഞ ഭൂമിയില്‍ അവള്‍ മാത്രം ബാക്കിയായി. പിതാവിന്റെ സ്നേഹ സമ്മാനത്തിനു പകരം രണ്ടു ജീവനുകള്‍ നല്‍കേണ്ടി വന്നവള്‍ .
അവളൊന്ന് വിതുമ്പിയോ? അതോ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചോ? ആകാശത്ത് നിന്നും ആ പുത്രന്റെ രക്‌തം മഴയായി പെയ്‌തിറങ്ങിയോ? വര്‍ഷങ്ങളായി അവളുടെ നെഞ്ചിലെരിഞ്ഞു കൊണ്ടിരുന്ന ആ അഗ്നികുണ്ഡമണഞ്ഞുവോ? ആ കശുമാവിന്‍ തോട്ടത്തെ ചൂഴ്ന്ന് നില്‍ക്കുന്ന ചോര മണമുള്ള കാറ്റ് പോലും അവളുടെ മുമ്പില്‍ പകച്ച് നിന്നു.
ഗ്രാമവീഥിയിലെവിടെയോ അപ്പോഴും കഥയൊന്നുമറിയാതെ ഒരു കുഞ്ഞു ജാഥ പ്രവാചക ജന്‍മ ദിനത്തിന് മംഗളമോതിക്കൊണ്ട് പോകുന്നുണ്ടായിരുന്നു. ആകാശത്ത് നിന്നും അനുഗ്രഹത്തിന്റെ മാലാഖമാര്‍ ചിറകുകള്‍ വീശിക്കൊണ്ട് ഭൂമിയിലേക്ക് വന്നണഞ്ഞ ഒരു സുദിനത്തിന്റെ ഓര്‍മയില്‍ , ആ കുഞ്ഞു ജാഥയും കാത്ത്, വഴിയരികില്‍ , കയ്യില്‍ മിഠായി പൊതികളുമായി ചിലര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
നീണ്ട മുളവടിയുടെ അറ്റം വളച്ച് കൊളുത്താക്കി, കൂരി വള്ളി കൊണ്ട് തോട്ടി കെട്ടുന്ന ജഅഫറിന്റെ അടുത്തേക്ക് നിറ വയറും താങ്ങിപ്പിടിച്ച് വന്ന ആസ്യ വേവലാതിയോടെ പറഞ്ഞു!
ReplyDeleteപഴയ കുടിപ്പകക്കഥകളുടെ ആവര്‍ത്തനം പോലെ തോന്നി..
ReplyDeleteമകള്‍ക്ക് സ്നേഹം തുല്യമായി വീതിച്ചുനല്‍കണം. അതുപോലെ സ്വത്തും.കഥ നന്നായി അവതരിപ്പിച്ചു
ReplyDeleteishtaayi
ReplyDeleteAll the Best
നന്നായിരിക്കുന്നു കഥ.
ReplyDeleteപഴയ വടക്കൻ പാട്ടു കഥ പോലൊരു പ്രതികാരമായിപ്പോയെന്നുമാത്രം....!
ആശംസകൾ...
ഇതാണ് കഥ. ഒരു തെക്കന്‍ വീരഗാഥ. :(
ReplyDeleteഈ വീരഗാഥ ഇഷ്ടമായി. വളരെ നന്നയി പറഞ്ഞു
ReplyDeleteനന്നായി പറഞ്ഞു കഥ
ReplyDeleteനന്നായിരിക്കുന്നു കഥ, പക മാത്രം വിഷയമായത്തില്‍ സ്വല്പം വിഷമം, ഒരല്‍പം സ്നേഹവും ആകാമായിരുന്നു..
ReplyDeleteനന്നായി പറഞ്ഞു. ഒരു കഥയായി തനെ കാണുന്നു. പേപ്പറിൽ വന്ന ഒരു സംഭവം ഓർമ്മയിൽ വന്നു.
ReplyDeleteഇഷ്ടമായി ഈ കഥ
ReplyDeleteകഥ നന്നായി പറഞ്ഞു, പക്ഷേ വൈരാഗ്യം മാത്രം ഊട്ടിവളര്‍ത്താന്‍ ആ അമ്മക്ക് കഴിഞ്ഞതെങ്ങിനെ...?
ReplyDeleteനിന്റെ പിതാവിന്റെ ഖാതകന്‍, എന്റെ കൂടപ്പിറപ്പ്, അവരോടു നീ പൊറുക്കണം എന്ന്
ReplyDeleteമകനോട് എന്തെ ആസ്സ്യാ നിനക്ക് പറഞ്ഞു കൂടായിരുന്നോ?
കാരുണ്യത്തിന്റെ പ്രവാചകനെ ജന്മ ദിനത്തില്‍ നാല് ജീവന്‍ നിനക്ക് രക്ഷപ്പെടുതാമായിരുന്നില്ലേ?
ഉടനീളം ചോര മണക്കുന്ന ഒരു പോസ്റ്റ്. എന്തോ ആസ്വദിക്കാന്‍ കഴിഞ്ഞില്ല.ഒരു തരം ഞെട്ടല്‍.
ReplyDeleteMother it's not a just women!!! I don't thing so a real mom can brainnwash "like a devil"!!
ReplyDeleteപറയാന്‍ വിട്ടു പോയി, കൊല്ലന്റെയടുത്തു നിന്നു ജുഐഫര്‍ കത്തിയുണ്ടാക്കാന്‍ ചെല്ലുന്ന ഭാഗം മുതല്‍ കഥയില്‍ ഒരു വേര്‍ തിരിവ് ആവശ്യമാണ്.പുതിയ കാലഘട്ടത്തെ സൂചിപ്പിക്കാന്‍....
ReplyDeleteപ്രതികാരത്തിന്‍റെ മൂര്‍ച്ച....... കഥ കൊള്ളാം കേട്ടോ.
ReplyDelete