Sunday, July 8, 2012

തൊരപ്പന്‍ കുഞ്ഞാലിയും മുയല്‍ ഫ്രെയ്യും



കുഞ്ഞാലി ഒട്ടുമേ പ്രസിദ്ധനല്ലായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു വട്ടപ്പേരോ തണ്ടപ്പേരോ ഇല്ലാതിരുന്ന കാലം. അവന്‍ റോഡിലൂടെ വരുന്നത്‌ കണ്ട്‌, അതാരാ വരുന്നത്‌ എന്ന്‌ ചോദിച്ചാല്‍ നാട്ടുകാര്‍ പറയും, ഓ അതാ കുഞ്ഞാലിയാണെന്ന്‌. അത്രയുമേ ഉണ്ടായിരുന്നുള്ളൂ കുഞ്ഞാലി. 

അത്‌ പണ്ടത്തെ കഥ. ഇന്നങ്ങിനെയല്ല. കുഞ്ഞാലി വിജൃംഭതനും വിഖ്യാതനുമാണ്‌. സര്‍വോപരി തൊരപ്പനെന്ന വട്ടപ്പേരിന്റെ ഉടമസ്ഥനാണ്‌. കുഞ്ഞാലി നാട്ടില്‍ ഈസ്റ്റ്‌ വെസ്റ്റ്‌ നടന്നിരുന്ന കാലത്തെങ്ങിനെയോ ഒരു വിസ തല്ലിക്കൂട്ടി സൌദിയിലേക്ക്‌ വണ്ടി കേറി. അറബിയുടെ കഷ്ടകാലമോ, അതല്ല കുഞ്ഞാലിയുടെ നല്ല കാലമോ, അറബിയുടെ ബകാലയുടെ കാഷ്യറായിട്ടാണ്‌ കുഞ്ഞാലിക്ക്‌ ജോലി കിട്ടിയത്‌. ഏറെ താമസിയാതെ അറബിയുടെ കട പൂട്ടി. കുഞ്ഞാലി തനാസലു മാറ്റി വേറെ ഒരു കൂലി കഫീലിനെ വച്ചു. സ്വന്തമായി കട തുറന്നു. ഇന്ന്‌ ഒന്നല്ല, ഗഡാഗഡികളായ മൂന്ന്‌ കടകളുടെ ഉടമസ്ഥനാണ്‌ കുഞ്ഞാലി. നാട്ടിലെമ്പാടും സ്ഥലവും, കൊട്ടാരം പോലൊരു വീടും, പൊന്നിട്ട്‌ മൂടിയൊരു പെണ്ണുമൊക്കെ കുഞ്ഞാലിക്ക്‌ സ്വന്തം. അങ്ങിനെ വെറും കുഞ്ഞാലി അല്‍കുഞ്ഞാലിയായി മാറി. 

കയ്യിലിഷ്ടം പോലെ പണവുമായി നാട്ടില്‍ വരുന്ന ഗള്‍ഫുകാരനെ ചുറ്റിപ്പറ്റി, "പൂലുള്ളോടത്ത്‌ പൂയരയുണ്ടാകും" എന്നു പറഞ്ഞ പോലെ, നാട്ടിലൊരു പണിയുമില്ലാത്ത ചില കുണ്ടന്‍മാരുമുണ്ടാവും. ഉപഗ്രഹങ്ങള്‍ എന്നാണ്‌ അവരെ വിളിക്കാന്‍ പറ്റിയ നല്ല പേര്‌. ഓസിന്‌ കള്ള്‌, വല്ലപ്പോഴുമൊരു പെണ്ണ്‌, ഇഷ്ടം പോലെ ചിക്കന്‍ കാല്‌ ഇത്രയുമൊക്കെയാണ്‌ ഉപഗ്രഹങ്ങളുടെ ആവിശ്യം. ആ ആവിശ്യങ്ങള്‍ നിറവേറ്റികൊടുത്താല്‍ നിറവേറ്റിക്കൊടുക്കുന്നവനെ നാവുകൊണ്ടുഴിഞ്ഞ്‌ സുഖിപ്പിക്കുക എന്നതാണ്‌ ഉപഗ്രഹങ്ങളുടെ ധര്‍മം. പറ്റിക്കൂടാന്‍ പറ്റാത്ത ഗള്‍ഫുകാരന്റെ കല്ല്യാണം മുടക്കലും, അവനെ പുച്ഛിക്കലുമാണ്‌ പ്രധാന തൊഴില്‌. കുഞ്ഞാലി ആദ്യത്തെ തവണ നാട്ടില്‍ വന്നപ്പോള്‍ ഉപഗ്രഹങ്ങളുടെ ഒരു തല്ലായിരുന്നു. കുഞ്ഞാലിയുടെ കയ്യിലാണെങ്കില്‍ ഇഷ്ടം പോലെ പണവും. കുഞ്ഞാലി വെറും കുഞ്ഞാലിയല്ലല്ലോ? അല്‍കുഞ്ഞാലിയല്ലേ!

ഉപഗ്രഹങ്ങളെല്ലാവരും കൂടി മൂപ്പിച്ച്‌ കുഞ്ഞാലിയേയും കൊണ്ട്‌ മൈസൂര്‍ക്കൊരു ടൂറ്‌ പോയി. വഴിക്കടവ്‌ നാടുകാണി ചുരം വഴിയാണ്‌ പോകുന്നത്‌. കുറെ പോയി കേരളാ അതിര്‍ത്തിയൊക്കെ കഴിഞ്ഞു. വഴിയരികില്‍ ഒരു ഷാപ്പു കണ്ടപ്പോള്‍ അവിടെ നിര്‍ത്തി. കുഞ്ഞാലിയും ഉപഗ്രഹങ്ങളും ഷാപ്പിലേക്ക്‌. ഐറ്റംസിന്റെ പേരിന്റെ കൂട്ടത്തില്‍ അന്നത്തെ സ്പെഷല്‍ ഐറ്റം കുഴിമുയല്‍ ഫ്രൈ! 

മുയല്‍ ഫ്രൈ ആണെന്ന നിലയില്‍ കുഞ്ഞാലിയുടെ ഓര്‍ഡര്‍ അതായിരുന്നു. ഒരു പ്ലേറ്റ് വന്നു. സംഗതി കിടിലന്‍ . കിടിലോല്‍ക്കിടിലന്‍ . തീറ്റയൊക്കെ കഴിഞ്ഞ്‌ കാശു കൊടുക്കാന്‍ നേരം തന്റെ കൂടെ വന്നൊരു ഉപഗ്രഹത്തിനോട്‌ കുഞ്ഞാലിയുടെ വക ഒരു ചോദ്യം. 

സംഗതി സൂപ്പറാണ്‌ കേട്ടൊ. ഈ കുഴിമുയലിനെന്താ നമ്മുടെ നാട്ടില്‍ പറയുക?

ഉപഗ്രഹത്തിനും പേരറിയില്ല. ഷാപ്പുടമയാണ്‌ പ്രശ്ണം പരിഹരിച്ചത്‌. 

അത്‌ സാര്‍ . നിങ്ങളൊക്കെ പെരുച്ചായീന്ന്‌ ശൊല്ലും... 

ബ്ലേ ന്നൊരു ശബ്ദം.. കുഞ്ഞാലി വച്ച വാള്‌ ഷാപ്പിന്റകത്ത്‌ ഏതോ ഒരാഫ്രിക്കന്‍ രാജ്യത്തിന്റെ ഭൂപടം വരച്ചു. അപ്പോഴും മിനക്കെട്ടിരുന്ന്‌ കുഴിമുയലിന്റെ കാല്‍കുറകില്‍ നിന്നും കഷ്ണങ്ങള്‍ കടിച്ചു വലിക്കുകയായിരുന്ന മറ്റൊരു ഉപഗ്രഹത്തിന്റെ കയ്യില്‍ നിന്നും ആ കഷ്ണം തെറിച്ച്‌ പോയി അടുത്തിരുന്നവന്റെ മടിയില്‍ വീണു. അവന്റെ മുഖം അപ്പോള്‍ ശരിക്കും ഒരു പെരുച്ചായിയെ പോലെ ഉണ്ടായിരുന്നു. 

ഈ സംഭവം രഹസ്യമായി നാട്ടില്‍ പാട്ടാക്കിയ ഉപഗ്രഹങ്ങളാണ്‌ കുഞ്ഞാലിക്ക്‌ തൊരപ്പന്‍ എന്ന വട്ടപ്പേര്‌ നേടിക്കൊടുത്തത്‌. ഉദ്ധിഷ്ടകാര്യത്തിന്‌ അതുങ്ങളുടെ വക ചെറിയൊരു ഉപകാര സ്മരണ. 




11 comments:

  1. അറബിയുടെ കഷ്ടകാലമോ, അതല്ല കുഞ്ഞാലിയുടെ നല്ല കാലമോ, അറബിയുടെ ബകാലയുടെ കാഷ്യറായിട്ടാണ്‌ കുഞ്ഞാലിക്ക്‌ ജോലി കിട്ടിയത്‌. ഏറെ താമസിയാതെ അറബിയുടെ കട പൂട്ടി.

    ReplyDelete
  2. വേറെ എവിടെയോ വായിച്ചതോര്‍ക്കുന്നു.

    ReplyDelete
  3. അബൂതീ... കഥ കലക്കി. മസിലു പിടിച്ച് വായിച്ചു തുടങ്ങിയ ഞാന്‍ ഒടുവില്‍ വന്നപ്പോള്‍ പൊട്ടിച്ചിരിച്ചുപോയി... ഈ കുഴിമുയല്‍ ഫ്രൈ ബിസിനസ് ഗള്‍ഫില്‍ ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ അറബിയെ നഷ്ടത്തില്‍നിന്നു രക്ഷിക്കാമായിരുന്നല്ലോ...

    ReplyDelete
  4. I read the same story in another blog, instead of trip to Mysore it was to Kanyakumari.

    ReplyDelete
  5. മറ്റേതെങ്കിലും ഒരു ബ്ലോഗില്‍ ഇത് വായിചിട്ടുണ്ടാവില്ല എന്ന് പറയാനാവില്ല. കാരണം ഇത് ജനങ്ങള്‍ക്കിടയില്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു കഥ മാത്രമാണ്. മറ്റൊരു ബ്ലോഗില്‍ ഇത് പ്രസിദ്ധീകരിച്ചു ഞാന്‍ കണ്ടിരുന്നെങ്കില്‍ പോസ്റ്റായി ഇടില്ലായിരുന്നു... :)

    ReplyDelete
  6. അങ്ങനെ അല്‍കുഞ്ഞാലി എലികുഞ്ഞാലിയായി

    ReplyDelete
  7. കുഞ്ഞാലികഥ രസിപ്പിച്ചു

    ReplyDelete
  8. ഞാന്‍ ആദ്യമായാണ് വായിക്കുന്നത് ഇഷ്ടമായി ...അല്‍പ്പം കൂടി നര്‍മ്മം കൊടുക്കാമായിരുന്നു എന്ന് തോന്നി ,,,ആശംസകള്‍

    ReplyDelete
  9. അബൂതി, ഇത് താങ്കള്‍ പറഞ്ഞത് പോലെ നാട്ടില്‍ വായ്മൊഴിയായി കൈമാറിക്കൊണ്ടിരുന്ന ഒരു കഥയാണ്. സംഭവങ്ങള്‍ മനോധര്‍മ്മത്തിനനുസരിച്ചു മാറുമെന്നു മാത്രം. നമ്മുടെ കൊച്ചു കേരളത്തിലെ ഭാഷാന്തരത്തിന് ഉദാഹരണമായി ഇത്തരം കഥകള്‍ കേള്‍ക്കാറുണ്ട്. ആറു നാട്ടില്‍ നൂറു ഭാഷ എന്നല്ലേ. ഇതുപോലൊന്ന് ഞാന്‍ വായിച്ചത് ഗള്‍ഫ് മനോരമയുടെ വെള്ളിടി എന്ന പംക്തിയിലാണ്. ലിങ്ക് ഇതാ:
    http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?tabId=15&programId=7095555&BV_ID=@@@&contentId=7260015&contentType=EDITORIAL&articleType=Malayalam%20News

    ReplyDelete