ഓരോ പ്രഭാതവും എന്നെ നോക്കി
പുഞ്ചിരിച്ചകലുകയാണ്.
ഓരോ പ്രദോഷവും എന്നെ നോക്കി
തേങ്ങിപ്പിരിയുകയാണ്.
ഓരോരോ പുലരിയിലും എന്നിൽ
പിറക്കുന്ന സ്വപ്നങ്ങൾ
അസ്തമയത്തിന്നു മുന്നേയെന്നിൽ
ശ്വാസം മുട്ടി മരിക്കുന്നു!
അത് കണ്ടാണ്; ദൂരെ പശ്ചിമം
ചോപ്പിച്ച സന്ധ്യ തേങ്ങുന്നത് !
നമുക്കിടയിലെ ഈ സ്നേഹധാരയ്ക്കിടയിൽ
ചില മഹാമൗനങ്ങളുടെ ഇരുണ്ട ചുഴികളുണ്ട്.
എന്നെ എന്തിനിത്ര നോവിച്ചെന്നു ഞാൻ
ചോദിക്കിലും നീയൊളിക്കുന്ന മൗനമാളങ്ങൾ!
നാളെയെൻറെ ശ്വാസം നിലച്ചതിൽ പിന്നെ
നീയേറെ കൊതിച്ചേക്കാം ഒന്നുരിയാടാൻ.
ആ വൈകിയ നേരത്തിലും നിൻറെ മുന്നിൽ
നിശ്വാസങ്ങളായെന്റെ സ്വപ്നങ്ങളോടിയെത്തും!
ഇന്നീ വരണ്ട മനസ്സിലുണങ്ങി വിറച്ചുനിൽക്കുന്ന
പാഴ്ക്കിനാവിനത് കേട്ടിട്ടുള്ളം തണുക്കുവാൻ!
എൻറെ തെറ്റുകൾ ഞാനെണ്ണിപ്പറയാം...
ഒരു പക്ഷെ, നിനക്കതിന്നോളമറിയില്ലായിരിക്കും!
കളങ്കമില്ലാത്ത വിശ്വാസമാണെൻറെ ആദ്യപാപം!
നിന്നെ വിശ്വസിച്ചപ്പോൾ ഞാനതിൽ ഉപ്പിട്ടില്ല.
ഒരു കണ്ണടച്ചപ്പോൾ മറുകണ്ണടക്കാതിരിക്കാൻ
മറന്നു പോയ മൂഢൻ ചതിക്കപ്പെടാനർഹനാണ്!
പ്രണയത്തിൽ സ്വാർത്ഥത കലർത്താൻ
മറന്നു പോയ തെറ്റിന് വലിയ ശിക്ഷ വേണം!
മനസ്സിനെ ഉരുക്കിയുരുക്കി ധൂളികളാക്കണം!
ഒഴുകിയൊഴുകിക്കണ്ണീരു പോലുമെന്നെ വെറുക്കണം!
നമുക്കിടയിലിപ്പോൾ പ്രണയമൊരു
ചടച്ച മഴ പോലെയാണ്.
ഹൃദയത്തെയൊട്ടും നനയ്ക്കാതെയാ
മഴ പൈത് കൊണ്ടേയിരിക്കുന്നു!
ഓർമകളുടെ മരച്ചില്ലകൾക്ക് പോലും
പെയ്യാനൊന്നുമത് ബാക്കി വെക്കുന്നില്ല!
വരണ്ട മനസ്സിൻറെയുറവകൾ ഇന്നും
ദാഹിച്ചു നിലവിളിക്കുന്നു!
പ്രിയേ; നീയത് കേൾക്കാത്തതെന്താണ്?
അത്രമേൽ ദൂരെയാണോ ഞാനാ മനസ്സിൽ?
ഒരു തലോടൽ മാത്രമാണ് ഞാൻ കൊതിച്ചത്.
ആർദ്രമായ ചില വാക്കുകളാണ് തേടിയത്.
മരണം വരെ നിണമുതിരുന്ന മുറിവുമായ്
ജീവിക്കുവാനെനിക്കൊരല്പം ദയ കൂടി വേണം!
ഇന്നുമെൻ കിനാപാടങ്ങളിലേക്കുള്ള നീരുറവകൾ;
അത് നിൻറെ ഹൃദയത്തിലല്ലോ കിനിയുന്നത്?
അവിടെയാണ് ഞാനെൻറെ പാഥേയമൊളിപ്പിച്ചത്.
നിനക്കറിയാതെ പോയതാവാം ചിലപ്പോളത്.
അറിയുമ്പോളെന്നെ തേടി നീ വരണം, നിൻറെ
കാലൊച്ചയ്ക്കായ് കാതോർത്തിരിക്കും ഞാൻ!
എല്ലാ പരിഭവങ്ങളും ശ്മാശാനത്തിലുപേക്ഷിക്കും
എങ്കിലും പ്രണയം, നുരുമ്പുന്ന അസ്ഥിക്കുള്ളിൽ
ഒളിച്ചിരുന്നാറടി മണ്ണിലേക്കെൻ കൂടെ പോരും!
അവിടേക്കാണ് നീ വരേണ്ടത്. ശ്മാശാനത്തിലേക്ക്!
അവിടെയെൻറെ ശിരോശിലയുടെയരികിലേക്ക്!
നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാൻ!
എന്റെ തൊലി പൊളിച്ചെടുത്ത് ഞാൻ നിന്നെ
പുതപ്പിച്ചത് നീയവിടെ വച്ചോർക്കണം! ഓർക്കുമോ?
നെഞ്ച് പൊളിച്ചെൻറെ ഹൃദയം തന്നതുമോർക്കണം!
നീ മറന്നിരിക്കല്ല ചിലപ്പോളതൊന്നും; എന്നാലും!
അന്നോളമിവിടെയീ മരത്തണലിൽ ഞാനിരിക്കാം
അടയ്ക്കാത്തയുദ്യാന വാതിലിൽ മിഴികൾ തറച്ച്!
വഴിവിട്ടോടിയ മനസ്സിന് കൂട്ടിരിക്കുന്ന ചങ്ങലയുടെ
കിലുക്കത്തിനുമുണ്ട് ഒരു സുഗത താളമോർക്കാൻ!
പൂവുകൾ തല്ലിപ്പൊഴിച്ചെത്തുന്ന പിശറൻ കാറ്റിന്
എൻറെ കരളിൻറെ കിനാക്കളെ തൊടാനാവില്ല.
മരഞ്ചാടിയെത്തുന്ന മർക്കടൻമാർക്കെറിയാൻ
ഞാനെൻറെ സ്മാരകം ഇവിടെ ഉപേക്ഷിക്കുകയാണ്!
ഇനി വരുന്ന മഴക്ക് മുൻപേ മരിച്ചു മണ്ണടിയണം;
അപ്പോൾ മാത്രമേ നീയെന്നെ കാണാൻ വരികയുള്ളൂ!
* ശുഭം *
 

 
 
നല്ല വരികൾ
ReplyDeleteആശംസകൾ
നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.
ReplyDeleteനമുക്കിടയിലിപ്പോൾ പ്രണയമൊരു
ReplyDeleteചടച്ച മഴ പോലെയാണ്.
ഹൃദയത്തെയൊട്ടും നനയ്ക്കാതെയാ
മഴ പൈത് കൊണ്ടേയിരിക്കുന്നു!
കവിതയെക്കുറിച്ച് നിരൂപണം നടത്താൻ ഞാനാളല്ല... എങ്കിലും ഈ വരികൾ വല്ലാതങ്ങിഷ്ടപ്പെട്ടു പോയി...
ReplyDeleteഇനിയും വരാം...