Thursday, February 14, 2019

ചുവന്ന ശലഭം



ഋതുക്കളന്യോനം പുണർന്നു പോകുന്ന
കാലത്തിൻറെയീ നേരിയയിടനാഴിയിൽ
അന്ന് ഞാൻ നിന്നെ കണ്ടുമുട്ടീ; ആദ്യമായ്!
കാതരപ്പൂമിഴിയിലെൻ മുഖം നോക്കി ഞാൻ
വെറുതെ നിന്നൊന്നും ചൊല്ലുവാനാവാതെ!
പിന്നെയെൻ കിനാവിൻറെ  പുഷ്പവാടിയിൽ
മദനോത്സവത്തിൻറെ ജാലമുരളികയൂതി
ലാസികേ നീയെത്തി മഞ്ജീരനാദമോടെ!
വർഷവും ശിശിരവും വസന്തവും നമുക്കായ്
മത്സരിച്ചിരുന്നു ആ പ്രണയത്തിൻറെ
മാസ്മരിക മന്ദാര മലർവനിയിലെന്നും!
ആ സുഗതസ്വപ്നത്തിൻറെ സുന്ദരസുസ്മിതം
നിനക്ക് വേണ്ടി ഞാനെൻറെ നെഞ്ചിൽ
പാത്തു വച്ചിട്ടുണ്ടെത്രയോ കാലങ്ങളായി!
ഒരിക്കലും വറ്റാത്തൊരു പ്രണയസാഗരം
എന്നെഞ്ചിൽ നിനക്കായി തിരയിളക്കവേ;
നിന്നിലേക്ക് മാത്രമൊഴുകുമൊരു നദിയായി
ഞാനെത്തിടുമെത്ര വിടപറഞ്ഞകന്നാലും!
അന്നോളം നീയെൻറെ പ്രണയത്തിൻറെ
ദൂത് തേടിക്കാത്തിരിക്കുമെൻ മൺകുടിൽ
മുറ്റത്ത് നാം നട്ട മുല്ലതൻ സൗരഭ്യമേറ്റുറങ്ങൂ;
നിൻരാകിനാവിൽ ഞാനെത്താം നമുക്കൊത്ത്
ഋതുകല്പനയുടെ ചുവന്ന പനനീരുകൾ പൂത്തു -
നിൽക്കുന്ന മലർത്തോപ്പിലേക്ക് പോയിടാം!

* ശുഭം *

2 comments:

  1. ഒരിക്കലും വറ്റാത്തൊരു പ്രണയസാഗരം
    എന്നെഞ്ചിൽ നിനക്കായി തിരയിളക്കവേ;
    നിന്നിലേക്ക് മാത്രമൊഴുകുമൊരു നദിയായി
    ഞാനെത്തിടുമെത്ര വിടപറഞ്ഞകന്നാലും!

    ReplyDelete
  2. ഋതുകല്പനയുടെ ചുവന്ന പനനീരുകൾ പൂത്തു -
    നിൽക്കുന്ന മലർത്തോപ്പിലേക്ക് പോയിടാം!
    ആശംസകൾ

    ReplyDelete