Thursday, February 28, 2019

പ്രണയ സല്ലാപം!


ആ കമ്ര പൂമുഖത്തമ്പിളി പോലെയു-
ദിച്ചതിന്നെന്നോർമ്മ തന്നെയാണോ?
അവാച്യലജ്ജയാലോ നിന്മുഖമിങ്ങനെ,
മൂവന്തി പോലെ ചുവന്നു പോയി?

രാസിക്യമോർമയിൽ തുള്ളിത്തുളുമ്പവേ-
യെന്മനം നിന്നെ കൊതിച്ചുപോയീ!
ഒട്ടും നിനയ്ക്കാത്ത നേരത്തു കണ്ട ഞാൻ,
മന്ദാക്ഷഭാരത്താൽ വലഞ്ഞു പോയീ!
 
താവകമാനസ മണിവീണയിലൊരു ശ്രീ-
രാഗമായൊഴുകുവാനെന്തുവേണം?
നിന്നാർദ്രയധരങ്ങൾ ചുംബിച്ചുണർത്തും,
നല്ലോടക്കുഴലാവാനെന്തുവേണം?

എൻജീവനായകായീമുഗ്ദ്ധപ്രണയത്തീ-
ന്നാവോളം മോന്തിക്കുടിച്ചു കൊൾക!
നിൻവിരൽ മീട്ടുന്ന വീണയായ് പണ്ടേ,
ഞാൻ നിന്നുടെ മാറിലലിഞ്ഞതല്ലേ?

രാജിതരജനിതൻ രജതമേഘങ്ങളിൽ-
ചന്ദനം തേച്ചു കളിക്കുന്ന ചന്ദ്രിക;
രാധികേ നിന്മുഖകാന്തിയ്ക്കു മുന്നിൽ,
നാണിച്ചു നിൽക്കുന്നു വിണ്ണിലെന്നും!

പോരുകപോരുക നീയിനി പോരുക -
പ്രേമാർദ്രസാഗര തീരത്ത് പോയിടാം!
പ്രാണനിൽ രാഗമായുണരുക നീയിനി,
പ്രേമസ്വരൂപനാമെന്നാത്മ നായകാ! 


ശുഭം 

2 comments:

  1. ചങ്ങമ്പുഴയെ അനുസ്മരിപ്പിക്കുന്നുവല്ലൊ

    ഈ പ്രണയ സല്ലാപത്തിലൂടെ പോകുമ്പോൾ...!

    ReplyDelete
  2. സല്ലാപം.....
    ആശംസകൾ

    ReplyDelete