പത്മജാകലികമോൽ ചേലൊത്ത മാറിടം,
പമ്മിപ്പതുക്കെയുയരവെ താഴവേ;
പൈതലെ പോൽ നീ മയങ്ങുന്ന കാണെ,
പാരിതിലെന്തുണ്ട് കാണുവാനിത്രയ്ക്കു ചന്തം?
ചെമ്പകപ്പൂവിതൾ ചേലൊത്ത ചുണ്ടിലെ,
ഗൂഢസ്മിതത്തിനിന്നെന്തുണ്ട് കാര്യം?
ഇന്നീ തണുക്കും പുലർകാല വേളയിൽ
എന്നെ കിനാ കണ്ടു മയങ്ങുകയാണോ നീ?
ഒരു നറുചുബനക്കുളിർ തൂവി നിന്നെ
ഉണർത്തിടാം ഞാനീ പൊന്നുഷസ്സിൽ.
ഉണരുക ദേവി; ഉണരുക നീയിനി;
ഉണരുകയെന്നുടെ ജീവൻറെ നാളമായ്!
ഹർഷണസുസ്മിതം പൊൻകണിയാകവേ,
ഹൃദയാന്തരങ്ങളിൽ വിടരുന്ന പൂക്കളാൽ;
ഹംസികെ നിന്മണിമാറത്തു ചാർത്താൻ,
ഹാരമൊന്നിന്നു ഞാൻ കോർത്തെടുക്കാം!
ഹർഷാവർഷമായ് ഇന്നെൻറെയരികിൽ,
വിടാരാൻ കൊതിക്കുന്ന ചെമ്പനീർ പൂവേ,
ഇത്തിരി ലജ്ജയിൽ നീരാടി നിൽപ്പൂ നിൻ,
മുഴുതിങ്കളോലും ഈ മൃദുഹാസം!
നീയെൻറെ മാറിൽ ചായുന്ന നേരം,
മനസ്സിൻറെ മായാവിപഞ്ചിയിലുണരും;
ഈയിളം കാറ്റിൻറെ മുരളികയൂതും,
അനശ്വരപ്രണയത്തിൻ മധുരഗീതം!
അവിരാമമരുമെ നിൻ മൊഴിത്തേൻ മധുരം,
നുണഞ്ഞു കൊണ്ടരികത്തു ഞാനിരിക്കേ;
ആർദ്രമാം നിന്നുടെ ലോലുപമിഴികളിൽ,
അരുമയാമനുരാഗപ്പൂക്കൾ വിടർന്നിരുന്നു!
ഏൻജന്മ സാഫല്ല്യ വരദാനമേ നിൻ,
സമ്മതമാകുമീ സൗപർണ്ണികയിൽ;
മാസ്‌മരവീചിതൻ മർമരമുണരവെ;
അതിൽ നീരാടി നീരാടി മതിവരുന്നില്ല!
ഉണരുക ദേവി; ഉണരുക നീയിനി;
ഉണരുകയെന്നുടെ ജീവൻറെ നാളമായ്!
25/07/2019
അബൂതി

അവിരാമമരുമെ നിൻ മൊഴിത്തേൻ മധുരം,
ReplyDeleteനുണഞ്ഞു കൊണ്ടരികത്തു ഞാനിരിക്കേ;
ആർദ്രമാം നിന്നുടെ ലോലുപമിഴികളിൽ,
അരുമയാമനുരാഗപ്പൂക്കൾ വിടർന്നിരുന്നു!