Sunday, July 28, 2019

ഗ്രാമത്തിലെ പെൺകുട്ടി....

മുൻ അദ്ധ്യായം: ഒരു പെൺപ്രാവിൻറെ കഥ 
അദ്ധ്യായം 40: വെളുത്ത അരയന്നം


അതിരാവിലെ അവളെഴുനേറ്റു. അടുക്കളയിൽ കയറി. ദോശ ചുട്ടു. കടുംചായ ഊതിക്കുടിക്കുന്ന നേരത്താണ് കണ്ണുതിരുമ്മി മോൾ വന്നത്. അവൾ മോളെ പല്ലു തേപ്പിച്ചു. കുളിപ്പിച്ചു. കണ്ണെഴുതി. കവിളത്തൊരു കറുത്ത പുള്ളി കുത്തി. നന്നായി ഒരുക്കി. ദോശ പിച്ചിയെടുത്ത്, ചമ്മന്തിയിൽ മുക്കി മോൾക്ക് കൊടുക്കവെ സിദ്ധു വന്നു. അവൻ മോളുടെ കൂടെയിരുന്ന്  വായ പൊളിച്ചു. മോൾക്ക് ചിരിയടക്കാനായില്ല. രണ്ടുപേർക്കും അവൾ ദോശക്കഷ്ണങ്ങൾ മാറി മാറി കൊടുക്കുന്നത് നോക്കിയിരുന്നു അമ്മ. ആ കാഴ്ച അവരുടെ ഹൃദയത്തെ തണുപ്പിച്ചു.

ആശുപത്രിയിലെത്തിയപ്പോൾ എട്ടൊൻപത് മണിയായിരുന്നു. കൂടെ മോളുണ്ട്. പുതിയ ഡിസൈനിലുള്ള ചുവന്നൊരു പുത്തൻ ഉടുപ്പാണ് മോളെ ധരിപ്പിച്ചിരുന്നത്. ആ ഉടുപ്പിൽ അവൾ അതീവ സുന്ദരിയായിരുന്നു.

അവളോർത്തു, ഗായത്രി തീർച്ചയായും സുന്ദരിയായിരിക്കും. അവൾ മനസ്സിലൊന്നു സങ്കൽപ്പിച്ചു നോക്കി. അവിടെ കുറച്ചു തടിയുള്ള, നല്ല ഉയരമുള്ള, ഹൃദ്യമായി പുഞ്ചിരിക്കുന്ന, ധാരാളം കേശഭാരമുള്ള ഒരു ശാലീന യുവതിയുടെ രൂപം തെളിഞ്ഞു. മിക്കവാറും, അവളൊരുപാട് സംസാരിക്കുന്നവളായിരിക്കും. എപ്പോഴും ചിരിക്കുന്നവളായിരിക്കും. പെട്ടെന്ന് പിണങ്ങുകയും, അതേ  പോലെ ഇണങ്ങുകയും ചെയ്യുന്നവളായിരിക്കും.

മോളെ കണ്ടപ്പോൾ വിനോദിൻറെ മുഖത്ത് പൂനിലാവുദിച്ചു. മോൾ സന്തോഷവതിയായിരുന്നു. ആ മുഖത്തെ പ്രകാശം കണ്ടപ്പോൾ വിനോദ് സ്വയം പറഞ്ഞു.

"അച്ഛന് നല്കാനാവാത്തത്... അമ്മയെ കൊണ്ടേ പറ്റൂ...." പിന്നെ ബാബുവിനെ നോക്കി.  "നീ മോളെ രാധേച്ചിയുടെ അവിടെ കൊണ്ടാക്കിക്കോ. വെറുതെ പഠിപ്പ് മുടക്കണ്ട. രാത്രി നാട്ടീന്ന് പിള്ളാര് വരും. അവര് നിന്നോളും. ഇനിയെത്ര ദിവസാണാവോ ഈ നശിച്ച ജയിലിൽ....." അവസാനിക്കുമ്പോൾ അവൻറെ ശബ്ദത്തിൽ നിരാശയുടെ ഉപ്പുരസമുണ്ടായിരുന്നു.

അവളുടെ മുഖം മ്ലാനമായി. കുറച്ചു കഴിഞ്ഞ്, ബാബു മോളെയും കൊണ്ടു പോയപ്പോൾ ചോദിച്ചു..

"മോളെയെന്തേ പെട്ടെന്ന് തിരിച്ചയച്ചൂ... കാണാൻ പൂതിയാണെന്ന് പറഞ്ഞിട്ട്.. ഞാൻ കരുതി മോളിവിടെ എൻറെ കൂടെ നാലഞ്ചു ദിവസം കാണൂന്ന്..."

വിനോദ് ഒരല്പം നേരം മിണ്ടാതിരുന്നു...

"ഒന്നൂല്ല.. നീ അവളുടെ സന്തോഷം കണ്ടോ? ആശ കൊണ്ടും....  സ്നേഹം കൊണ്ടും വഞ്ചിതയാകാതിരിക്കട്ടെ... അവൾ." 

അവളുടെ നെറ്റി ചുളിഞ്ഞു.. മുഖഭാവം ആകെ മാറി. അവിടം നീരസം തളം കെട്ടി. 

"ഇതെന്താ, ഇങ്ങിനെയൊക്കെ പറയുന്നത്.. ഞാൻ മോളെ എന്ത് ചെയ്യുമെന്നാ? മനുഷ്യർക്ക് മനസ്സിലാവുന്ന പോലെ പറഞ്ഞാൽ ഉപകാരമായിരുന്നു..." 

അവനവളുടെ മുഖത്തേക്ക് നോക്കി. അവളുടെ ആ നീരസം നോക്കി നിൽക്കെ അവനിലൊരു പുഞ്ചിരി വിടർന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. ആ ചിരിക്കിടയിൽ അവൻ പറഞ്ഞു...

"വാ... വന്നിവിടെ ഇരിക്ക്.. പറയട്ടെ..."

അവളുടെ മുഖത്തൊരു പരിഭവക്കടലുണ്ട്. എന്നിട്ടും അവൾ കട്ടിലിൻറെ അരികിലെ ഇരുമ്പ് കസേരയിൽ ഇരിക്കാൻ തുടങ്ങി. അപ്പോൾ കിടക്കയിൽ കൈകൊണ്ട് തട്ടിക്കൊണ്ട് അവൻ പറഞ്ഞു.

"അവിടെയല്ലെടീ..വെള്ളക്കൊക്കെ... ഇവിടെ.. ഇവിടെയിരിക്ക്...."

അവളവിടെ മുഖം കുനിച്ചിരുന്നു.  അവൻറെ ചിരി അടങ്ങിയിരുന്നില്ല. അവൾ പരിഭവത്തിൽ തന്നെയാണ്. കിടക്കയിൽ നോക്കിയിരുന്നു മടുത്തപ്പോൾ മെല്ലെ അവനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി. അവൻ തൻറെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ പരിഭവത്തോടെ പിന്നെയും താഴേക്ക് നോക്കിയിരുന്നു. അല്പം കഴിഞ്ഞപ്പോൾ അത് തന്നെ ആവർത്തിച്ചു. രണ്ടു മൂന്നു വട്ടം വീണ്ടും ആവർത്തിച്ചപ്പോൾ അവളുടെ ചുണ്ടിലും ഒരു ചെറു ചിരിയൂറിവന്നു. പരസ്പരം കണ്ണിൽ നോക്കി നിൽക്കെ തെല്ല് കൊഞ്ചലോടെ ചോദിച്ചു.

"എന്താ....?"

"ഒന്നൂല...."

"പിന്നെന്താ... ഇങ്ങിനെ നോക്കുന്നത്...?"

"ചുമ്മാ...."

"എന്തിനാ മോളെ പറഞ്ഞയച്ചത്.. ഞാനവളെ എന്ത് ചെയ്യൂന്നാ പറഞ്ഞത്.."

അവളുടെ മുഖത്ത് പിന്നെയും പരിഭവം....

"അതല്ലെടാ.. അവളമ്മയില്ലാതെ വളർന്ന കുട്ടിയല്ലേ... നീയിങ്ങനെ അടുത്തു പെരുമാറിയാൽ.... പിന്നെ നിനക്കും അവൾക്കും ഒക്കെ... അതൊരു ബുദ്ധിമുട്ടാവും. അതാ ഞാൻ.. വെറുതെ അവളാശിച്ച്... പിന്നെ സങ്കടാവണ്ടല്ലോ... കൊച്ചു കുട്ടിയല്ലേ... അല്ലെങ്കിൽ പിന്നെ..."

അവനൊന്നു നിർത്തി. ഒരു നിശ്വാസമുതിർത്തു.

"നീ ഞങ്ങളുടെ കൊച്ചു ജീവിതത്തിലേക്കു വരണം... നിനക്കിപ്പോളതിന് സമ്മതവുമല്ല..... അപ്പോൾ പിന്നെ..."

അവളവനെ ദയനീയമായി നോക്കി. ആ മുഖത്തു നിന്നും പരിഭവം പടിയിറങ്ങിപ്പോയിരുന്നു. വിഷാദം നിഴലിട്ടു നിൽക്കെ, ജീവനില്ലാത്ത ഒരു പുഞ്ചിരി മാത്രം ബാക്കിയായി. അവളുടെ ശബ്ദം പതറിയിരുന്നു.. 

"അതങ്ങനെയല്ല വിനോദെ.. ഞാൻ പറഞ്ഞില്ലേ... അത്.. അത് ശരിയാവില്ല.. നീ കരുതിയ പോലെ അല്ല..."

അവൾ പറയാൻ പ്രയാസപ്പെടവേ, തല കുലുക്കിക്കൊണ്ടവൻ ഇടയ്ക്ക് കയറിപ്പറഞ്ഞു.  

"ഞാനൊരു കാര്യം ചോദിക്കട്ടെ...?"

അവളവനെ നോക്കി... "ഉം" എന്നൊരു ചോദ്യം ആ കണ്ണിലുണ്ടായിരുന്നു..

"ഇന്നലെ പറഞ്ഞല്ലോ.... ഇടയിലുള്ളവർ? ഒന്നുമുണ്ടായിട്ടല്ല... വെറുതെ ഒന്നറിയാൻ... ഒരു ക്യൂരിയോസിറ്റി.... "

അവളവനെ തുറിച്ച് നോക്കി.. അവളുടെ മുഖം ചുവന്നു.. അവിടെ ദേഷ്യമോ സങ്കടമോ ഒക്കെ ഉരുണ്ടു കൂടി. വിനോദ് അമ്പരന്നു. ശെടാ.. കുരു പൊട്ടിയോ? ഇന്നലത്തെ തർക്കം അവനോർത്തു. ശങ്കയോടെ നോക്കിനിന്നു. അവൻറെ അമ്പരന്ന നോട്ടം കാണെ, അവളുടെ ഭാവം പതുക്കെ പതുക്കെ മാറി വന്നു. അവിടെ ഒരു കുസൃതീ ഭാവമുണർന്നു.. 

"പൊട്ടനാ... അല്ലെ? പരമ പൊട്ടൻ... സ്‌കൂൾ മാഷണത്രെ... സ്‌കൂൾ മാഷ്..."

വിനോദിനൊന്നും മനസ്സിലായില്ല. കഥയറിയാതെ ആട്ടം  കാണുന്നവനെ പോലെ അവനവളെ നോക്കി നിന്നു.

"വെറുതെയല്ല പണ്ടെല്ലാരും അപ്പക്കള എന്ന് വിളിച്ചീരുന്നത്... ഞാനാ പറഞ്ഞതിൻറെ അർത്ഥം.... എനിക്ക് വേറെ ആളുണ്ടെന്നാണോ.....? ഏ.... ആണോ?"

ചോദിച്ചത് അബദ്ധമായി എന്നവന് മനസ്സിലായി. ഒരു ഇളിഭ്യച്ചിരിയുമായി അവനവളെ നോക്കിയിരുന്നു.

"എൻറെ പൊന്നെ..... ഞാൻ സിദ്ധുൻറെ കാര്യമാണ് പറഞ്ഞത്. പെട്ടെന്നോരിസം ഞങ്ങൾക്കിടയിലേക്ക് നീ കടന്നു വന്നാ... എനിക്കറിയില്ല.... അവനെങ്ങിനെയാ അതെടുക്കുകാന്ന്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല... എന്നാലും... നീ... ഛെ.. ഛെ..." 

തൻറെ ജാള്യത, ചമ്മിയ പുഞ്ചരിയിൽ ഒളിപ്പിക്കാനുള്ള അവൻറെ വിഫല ശ്രമം, അത്ര കണ്ടു വിജയിച്ചില്ല. മെല്ലെ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു..

"ഓ... സോറി.. ഞാൻ അത്രയ്ക്കങ്ങ് ഓർത്തില്ല..."

"എനിക്കോർക്കാതെ പറ്റുമോ? ഞാൻ അമ്മയല്ലേ?"

അവളുടെ ആ ചോദ്യത്തിൻറെ മുൻപിൽ അവൻ പതറി. ശരിയല്ലേ? സിദ്ധു ഈ ഒരു കാര്യം എങ്ങിനെയാണ് എടുക്കുക എന്ന് പറയാനാവില്ല. മോൾ കൊച്ചു കുഞ്ഞായത് കൊണ്ട് അഡ്ജസ്റ്റബിൾ ആണ്. പക്ഷെ സിദ്ധു കൗമാരത്തിലേക്ക് കടന്ന ഒരാളാണ്. വ്യക്തിത്വം രൂപപ്പെട്ട് വരുന്ന ഒരാൾ. ഇപ്പോൾ അവനുണ്ടാവുന്ന ചെറിയ ഷോക്ക് പോലും അവനിലെ മനുഷ്യനെ മോശമായി സ്വാധീനിക്കാം.  അവനങ്ങനെ ഓരോന്നാലോചിച്ചിരിക്കെ അവൾ തുടർന്നു....

"അത് മാത്രമല്ല.. വേറെയും കാര്യമുണ്ട്..."

എന്താത് എന്നർത്ഥത്തിൽ അവനവളുടെ മുഖത്തു നോക്കിയപ്പോൾ അവൾ മുഖം തിരിച്ചു... ചുമരിലേക്ക് നോക്കി പതുക്കെ പറഞ്ഞു...

"ആ നാട്ടിൽ അല്ലെ ജീവിക്കേണ്ടത്? ആ നാട്ടുകാർക്കിടയിൽ? പേടി തോന്നുന്നില്ലേ നിനക്ക്? എനിക്കുണ്ട്. മക്കളെ ഓർത്ത്. നിൻറെ സൽപ്പേരിന് വന്നു വീഴുന്ന കളങ്കമോർത്ത്.."

അവളൊന്നു നിർത്തി... വിനോദ് എന്തെങ്കിലും പറയുന്നുണ്ടോ എന്നവൾ കാതോർത്തു. നീയിനി ഒന്നും പറയണ്ട എന്നവൻ പറഞ്ഞെങ്കിൽ എന്നവളാഗ്രഹിച്ചെങ്കിലും അവൻ അങ്ങിനെ പറഞ്ഞില്ല... ശ്വാസമടക്കിപ്പിടിച്ച് അവനവളെ കേൾക്കുകയായിരുന്നു.. ഒരു ചെറിയ കാത്തിരിപ്പിൻറെ ശേഷം അവൾ നിരാശയോടെ തുടർന്നു... 

"ഇപ്പോഴുള്ള ഇഷ്ടമൊക്കെ... നാട്ടുകാരുടെ നാലു പരദൂഷണം കേൾക്കുമ്പോൾ പോണ വഴികാണില്ല. വേണ്ടായിരുന്നു എന്ന് തോന്നിയാൽ.... അതൊരുപാട് മനസ്സുകളെ വേദനിപ്പിക്കും.. എന്നെയും കൊണ്ട്... ഒന്ന് അങ്ങാടിയിൽ പോകാൻ പോലും നിനക്കൊരു സൊയ്‌ര്യം കിട്ടില്ല. വൃത്തികെട്ട നോട്ടവും... കളിയാക്കുന്ന വഷളൻ ചിറി കോട്ടലും കണ്ട്... നിനക്ക് വേഗം മടുക്കും.  ഞാനത് കൊറേ അനുഭവിച്ചതാണ്. കണാരേട്ടൻറെയും... രാജേട്ടൻറെയും... സുകുവിൻറെയും കഥകൾ കേട്ട് മടുക്കുമ്പോൾ.... നിനക്കെന്നോടിപ്പോളുള്ള സ്നേഹമില്ലാതാവും. അതൊന്നും വേണ്ട വിനോദ്... എനിക്കതൊന്നും വിധിച്ചിട്ടില്ല... അല്ലെങ്കിലും വിനോദിനെ പോലൊരാൾക്ക് എന്നെ പോലൊരുത്തി ശരിയാവൂല... ഒരിക്കലും... ശരിയാവൂല..."

അവൾ നിർത്തിയത് ഒരു ഗദ്ഗദത്തോടെയാണ്... അവനു മുഖം കൊടുക്കാതെ തിരിഞ്ഞിരിക്കുകയാണവൾ. ഒരല്പ നേരം അനുകമ്പയോടെ അവളെ നോക്കികൊണ്ട് അവനിരുന്നു. പിന്നെ മെല്ലെ അവളുടെ ചുമലിൽ പിടിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി. അവളുടെ കലങ്ങിച്ചുവന്ന കണ്ണുകളിലേക്ക് നോക്ക് അവൻ ചോദിച്ചു...

"കഴിഞ്ഞോ? ഭാഗ്യം കേട്ട ചില നേരങ്ങളിലെ വീഴ്ച..... അത് എല്ലാവരുടെ ജീവിതത്തിലും ഇല്ലേ? അത് കൊണ്ട്.... അത് വിട്ടേക്ക്. അത്തരം നശിച്ച ഓർമകളെ നമുക്ക് മനഃപൂർവ്വം മറക്കാം. മറക്കണം. പിന്നെ നാട്ടുകാര്.. പോകാമ്പറയെടോ...  നമ്മൾ കണ്ടില്ല കേട്ടില്ല എന്ന് വച്ചാൽ അവർ താനേ നിറുത്തും... അല്ലെങ്കിലും താനിപ്പോൾ നാട്ടുകാർക്ക് പഴേ പോലെയൊന്നുമല്ല. വേറെ ലെവലാണ്.. വാസ്വേട്ടൻറെ മോളിപ്പോൾ  ഹീറോയിനാണ്... ഹീറോയിൻ.."

അവനൊന്നു ചിരിച്ചു.

"കാലം മാറിയില്ലേ... ആളുകളുടെ കാഴ്ചപ്പാടുകളും മാറി.. അതുകൊണ്ട്... അതൊന്നുമോർത്ത് നീ ബേജാറാവണ്ട... സിദ്ധുവിൻറെ കാര്യം... അത് ഉള്ളതാണ്.. അവൻ എന്നെ എങ്ങിനെ സ്വീകരിക്കുമെന്ന് പ്രവചിക്കാനാവില്ല. ഭൂമിയിൽ അമ്മ മാത്രമുള്ള കുഞ്ഞിന് അമ്മയാണ് ലോകം. ആ ലോകത്തേക്ക് ഒരീച്ചയെ പോലും അവർ അടുപ്പിക്കില്ല...   ഒരീച്ചയെ പോലും...

അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി. അവളുടെ മിഴികൾ ചോരുന്നുണ്ടായിരുന്നു. അവൻ മെല്ലെ കൈനീട്ടി ആ കണ്ണുനീർ ധാര മുറിക്കവേ പറഞ്ഞു.

"നിർത്താനായില്ലേ നിനക്ക് നിൻറെ ഈ കണ്ണീർ വർഷം? നോക്കൂ, നമുക്ക് കാത്തിരിക്കാം. നമ്മുടെ മക്കളൊക്കെ അവരവുടെ ചില്ലകളിലേക്ക് പറന്നു പോകുന്ന  സമയം വരില്ലേ? വയസ്സാവില്ലേ നമുക്ക്. താങ്ങായും തണലായും... ആരെങ്കിലുമുണ്ടായിരുന്നെങ്കിലെന്നേറെ കൊതിക്കുന്ന സമയം... അപ്പോൾ നീയെൻറെ കുടിലിലേക്ക് വരണം. അത് വരെ കാത്തിരിക്കാൻ എന്നെ നീ സമ്മതിക്കുമോ?" 
  
പെട്ടെന്ന് അവളവൻറെ കൈ സ്വന്തം കൈക്കുള്ളിലാക്കി. പിന്നെ  സ്വന്തം കണ്ണീർ നനഞ്ഞ മുഖം ആ പുറങ്കയ്യിൽ ചേർത്തു വച്ചു. മന്ത്രിക്കും പോലെ പറഞ്ഞു.

"എന്തൊരു വിധിയാണ് വിനോദ് എന്റേത്? ഞാൻ നിന്നെ ഇന്നോളം കണ്ടതേയില്ലല്ലോ? അറിഞ്ഞതേയില്ലല്ലോ? നിനക്ക് തരാൻ എൻറെ കയ്യിലൊന്നുമില്ലല്ലോ വിനോദ്.. ഒന്നും.... നിനക്കറിയുമോ ഞാനെങ്ങിനെയാണ് ജീവിച്ചതെന്ന്... ഞാൻ...."

അവളെ തുടരാൻ സമ്മതിച്ചില്ല അവൻ.

"നിർത്ത്... നിർത്ത്... ഒരിക്കലും തുറക്കപ്പെടേണ്ടാത്ത താളുകൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും. നിൻറെ ജീവിതത്തിലും, എൻറെ ജീവിതത്തിലും അങ്ങിനെ ചില താളുകളുണ്ട്. അതവിടെ ഇരുന്നോട്ടെ.. അതെല്ലാം മനസ്സിൻറെ മച്ചിൽ, മറവിയുടെ പൊടിപുരണ്ട്‍ നുരുമ്പിച്ച് പോകണം.. അപ്പോഴേ ജീവിക്കാനാവൂ.. എല്ലാം എല്ലാവരോടും പറയേണ്ടതല്ല... അറിഞ്ഞതൊക്കെ അറിഞ്ഞെന്നു ഭവിക്കേണ്ടതുമല്ല. ജീവിതം ഒരു വലിയ സ്റ്റേജാണ്. അവിടെ... ചിലപ്പോഴൊക്കെ അഭിനയിക്കേണ്ടിവരും. അപ്പോഴേ നമുക്ക്  ചുറ്റുമുള്ളവരെ ജീവിപ്പിക്കാനാവൂ. അപ്പോഴേ... നമുക്കും ജീവിക്കാനാവൂ. എല്ലാം നമ്മളറിഞ്ഞാൽ.... ആ അറിവ് താങ്ങാനുള്ള കഴിവൊന്നും... മനുഷ്യൻറെ ഹൃദയത്തിനില്ല.. നോക്കൂ... ആർക്കും കട്ടെടുക്കാനാവാത്ത ഒരു മനസ്സില്ലേ നിൻറെ കയ്യിൽ? അശുദ്ധമാക്കാനാവാത്ത ഒരു ഹൃദയമില്ലേ നിനക്ക്? എനിക്കത് മതിയെടോ? അത് മാത്രം മതി. ഞാൻ കാത്തിരിക്കാം... മരണം വരെ... ഒരു പരാതിയുമില്ലാതെ..."

ആർദ്രമായ ഒരു നോട്ടമായിരുന്നു അവളുടെ മറുപടി. അവരങ്ങനെ പരസ്പരം മിഴികളിൽ നോക്കി നിൽക്കെയാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. പെട്ടന്നവൾ കൈകൾ വേർപ്പെടുത്തി. കിടക്കയിൽ നിന്നും എഴുനേൽക്കാൻ തുടങ്ങിയപ്പോഴേക്കും നഴ്സ് അകത്തേക്ക് കടന്നിരുന്നു.  രണ്ട്പേരുടെയും മട്ടും മാതിരിയുമൊക്കെ കണ്ടപ്പോൾ അവർക്ക് ആകെ ഒരു അമ്പരപ്പ്. അത് പിന്നെ കുസൃതി നിറഞ്ഞ ഒരു പുഞ്ചിരിയിലേക്ക് വഴിമാറി. വിനോദിന് മരുന്ന് കൊടുത്ത് പോകുമ്പോൾ നഴ്സ് അവരെ രണ്ടു പേരെയും ഒന്നുകൂടി നോക്കി. അപ്പോഴും അവരുടെ ചുണ്ടിൽ ആ കുസൃതിച്ചിരി പൂത്തിരി പോലെ കത്തി നിൽക്കുന്നുണ്ടായിരുന്നു.

അവളുടെ ഹൃദയത്തിൽ സുന്ദര സുസ്മിതങ്ങൾ പൂക്കളായ് വിടർന്നു. ആ മിഴിക്കോണുകളിൽ നാണം രോമഹർഷം ചൂടി നിന്നു. മനസ്സിലെ തെളിനീർ തടാകത്തിലേക്ക് വെളുത്ത ചിറകുകൾ വീശി വരുന്നൊരു ഹംസത്തിനെ, അവൾ ഉള്ളാലെ വിളിച്ചത് പ്രണയമെന്നാണ്. നാലുമിഴികൾ പരസ്പരം കഥ പറയുന്ന പ്രണയം. മനസ്സിൽ നിന്നും മനസ്സിലേക്ക് അറിയാതെയൊഴുകുന്ന ശീതസാഗരത്തിൻറെ പവിഴതീരങ്ങളിൽ അവർ അവരറിയാതെ പറന്നിറങ്ങുകയായിരുന്നു.

തുടരും 

No comments:

Post a Comment