Sunday, April 25, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 47: വനവാസം 


ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ഫ്രെഡി പതുക്കെപ്പതുക്കെ, ആരോഗ്യം തിരികെ പിടിച്ചു. പക്ഷെ താൻ ആരാണെന്നോ, എന്താണ് തനിക്ക് സംഭവിച്ചതെന്നോ, മനസ്സിലാക്കാൻ അവനായില്ല. 


ഊരിൽ നിന്നും പുറം ലോകവുമായി ബന്ധമുള്ള മൂന്നാലു പേര് മാത്രമേ ഉള്ളൂ. അവരും അന്വേഷിച്ചു നോക്കി. അതിനെല്ലാം ഒത്തിരി പരിമിതികൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ അത് കൊണ്ടൊന്നും യാതൊരു ഉപകാരവും ഉണ്ടായില്ല. 


പോലീസിലോ ഫോറസ്റ്റിലോ ഫ്രെഡിയുടെ കാര്യം അറിയിക്കാൻ മൂപ്പൻ സമ്മതിച്ചില്ല.  ഫ്രെഡിക്ക് ഓർമ്മ തിരികെ കിട്ടുന്നത് വരെ, അവനാ ഊരിൽ തന്നെ കഴിയട്ടെ എന്നും, ആരും പുറത്തു പോയി വല്ല്യ അന്വേഷണമൊന്നും നടത്തേണ്ടതില്ലെന്നും, മൂപ്പൻ പറഞ്ഞു. ആരാണോ ഫ്രെഡിയെ കൊല്ലാൻ നോക്കിയത്, അവർ വീണ്ടും ഫ്രെഡിയെ കൊല്ലാൻ നോക്കുമെന്ന് അദ്ദേഹം ഭയന്നു.


മാവോയിസ്റ്റാണോ എന്നൊരു സംശയം ഊരിലെ ചിലർക്കുണ്ടായിരുന്നു. വളരെ അപൂർവ്വമായി വരുന്ന അവർ ഊരിൽ ദിവസങ്ങളോളം തങ്ങും. കുറെ കാര്യങ്ങൾ പറയും. വലിയ വലിയ കാര്യങ്ങൾ. പിന്നെ ചുമക്കാവുന്നിടത്തോളം സാധനങ്ങളുമായി വനത്തിലേക്ക് തിരികെ പോകും. ചിലപ്പോഴൊക്കെ സംഘട്ടനങ്ങളിൽ പറ്റിയ പരിക്കുമായി അവർ വരാറുണ്ട്. ആര് വന്നാലും മൂപ്പൻ കയ്യൊഴിയില്ല. ഒന്ന് രണ്ടു വട്ടം ഫോറസ്ററ് ഗാർഡുകളെയും അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്. 


മയിലിൻറെ കുടിലിലാണ് ഫ്രെഡി താമസിക്കുന്നത്. മയിലിനൊരു മകളുണ്ടായിരുന്നു. മരതകം. മയിലിൻറെ ഭർത്താവ് നാലഞ്ച് വർഷങ്ങൾക്ക് മുൻപ് സർപ്പവിഷം തീണ്ടി മരിച്ചതാണ്. 


ഫ്രെഡി പതുക്കെ അവരിലൊരാളായി മാറുകയായിരുന്നു. താനാരാണെന്നോ താനെന്താണെന്നോ തനിക്കെന്താണ് സംഭവിച്ചതെന്നോ ഓർമ്മയില്ലാതെ, ആ ചെറിയ കൂട്ടം മനുഷ്യർക്കിടയിൽ, അവരിലൊരാളായി, ഫ്രെഡി ജീവിച്ചു തുടങ്ങി. ശരീരത്തിൻറെ ഓരോ ഭാഗങ്ങളും വീണ്ടെടുത്ത്, സ്വന്തമായി നടക്കാമെന്നായപ്പോൾ മൂപ്പൻ അതിശയത്തോടെ വീണ്ടും പറഞ്ഞു. നിങ്ങളൊരു അത്ഭുത മനുഷ്യനാണ്!


പക്ഷെ ഫ്രെഡിയുടെ ഉള്ളിൽ ഒരു അഗ്നികുണ്ഡമെരിഞ്ഞു. മനസ്സിൽ നിറയെ ചോദ്യങ്ങളായിരുന്നു. താൻ ആരാണെന്നതിനേക്കാൾ അവനെ അലട്ടിയത്, തന്നെയും കാത്ത് എവിടെയെങ്കിലും ആരെങ്കിലുമുണ്ടോ എന്നാണ്. അച്ഛൻ, അമ്മ, കൂടപ്പിറപ്പുകൾ, ഭാര്യ, മക്കൾ അങ്ങിനെ ആരെങ്കിലും. 


ഉണ്ടാവുമായിരിക്കും. എല്ലാവരുമുണ്ടാവുമായിരിക്കും. വഴിക്കണ്ണുമായി അവർ തന്നെ കാത്തിരിക്കുന്നുണ്ടാവും.


മനസ്സ് മുഴുവൻ മൂടൽമഞ്ഞ് നിറഞ്ഞിരിക്കുന്നു. പുഴ പോലെയൊഴുകുന്ന മൂടൽമഞ്ഞ്. താൻ ഒറ്റയ്ക്കാണ്. ഒട്ടും കാഴ്ച കിട്ടുന്നില്ല. അകലെയെങ്ങോ ഒരു സ്ത്രീയുടെ തേങ്ങൽ കേൾക്കാം. ഒരു കൊച്ചുകുഞ്ഞിൻറെ കരച്ചിൽ കേൾക്കാം. പക്ഷെ അതാരാണെന്നോ, അതെവിടെ നിന്നാണെന്നോ മനസ്സിലാവുന്നില്ല. തൻറെ പേരെന്താണെന്ന് പോലും ഓർമ്മ വരുന്നില്ല. 


പുഴയിലെ പ്രതിബിംബത്തിലേക്ക്, ഫ്രെഡി അത്ഭുതത്തോടെ നോക്കിയിരുന്നു. ഒട്ടും പരിചയമില്ലാത്ത മുഖം. ആ മുഖം നിറയെ മുറിക്കലകൾ. ഇതാണോ ഞാൻ? ഫ്രെഡിയുടെ നെഞ്ചിൽ ചോദ്യമൊരു ചുഴലിക്കാറ്റ് പോലെ വീശിയടിച്ചു. 


ഊരിലെ ജീവിതത്തിനിടയിൽ ഫ്രെഡി നായാട്ട് പഠിച്ചു. പ്രാണരക്ഷാർത്ഥമോടുന്ന ഇരയുടെ മേലേക്ക് എങ്ങിനെ കുന്തമെറിയണമെന്നും, പതുങ്ങിനിന്നെങ്ങിനെ അമ്പെയ്യണമെന്നും, വന്മരങ്ങളുടെ ശിഖരങ്ങളിൽ നിന്ന് എങ്ങിനെ തേനെടുക്കണമെന്നും പഠിച്ചു. മീൻ പിടിക്കാനും, വനഫലങ്ങളിൽ തിന്നാൻ പറ്റുന്നതും പറ്റാത്തതും, തിരിച്ചറിയാനും പഠിച്ചു. 


മരതകത്തിന് ഫ്രെഡിയെയും, ഫ്രെഡിക്ക് മരതകത്തിനെയും ഒത്തിരി ഇഷ്ടമായിരുന്നു. ആ ഊരിൽ, ജീവിതത്തിനൊരു അർത്ഥമുണ്ടെന്നവൻ കണ്ടെത്തിയത് അവളുടെ കണ്ണിലായിരുന്നു. ഇത് തൻറെ രണ്ടാം ജന്മമാണെന്നും, കഴിഞ്ഞ ജന്മത്തിൽ തനിക്കുണ്ടായിരുന്നതെല്ലാം ഇന്ന് തനിക്കന്യമാണെന്നും അവൻ തൻറെ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. 


മയിൽ തന്നെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് കാണുന്നതെന്ന് അവനറിയാം. അവൻറെ ഉള്ളിലുണ്ടായിരുന്നതും ഒരു കൂടപ്പിറപ്പ് തന്നെയായിരുന്നു. 


ഇതിനിടയിലെപ്പോഴോ അവനൊരു കുഞ്ഞു മൂങ്ങയെ കിട്ടി. എങ്ങിനെയോ പരിക്ക് പറ്റിയ ഒന്ന്. അവനതിനെ പരിചരിച്ചു. അത് അവനുമായി വല്ലാതെ ഇണങ്ങി. പിന്നീടെപ്പോഴും അതവനെ ചുറ്റിപ്പറ്റിയാണ് ജീവിച്ചത്.


പതുക്കെപ്പതുക്കെ അവനൊരു കാട്ടുമനുഷ്യനായി. ഒരു വനവാസിയുടെ എല്ലാ അടയാളങ്ങളുമുള്ളവൻ.  


ഊരിൽ ഇടയ്ക്കിടയ്ക്ക് വന്യജീവികളുടെ കടന്നു കയറ്റമുണ്ടാവും. ചിലപ്പോൾ പകർച്ചവ്യാധിയുടെ ആവും. പ്രകൃതിയോടും ജീവിതത്തോടും മല്ലിട്ട് അവരെങ്ങനെ ജീവിക്കുന്നു എന്നത് ഒരത്ഭുതം തന്നെയാണ്. നാട്ടുവാസികളായ ചിലർ ചിലപ്പോഴൊക്കെ വരും. ഫോറസ്റ്റ് ഗാർഡുകളും സർക്കാർ തലങ്ങളിൽ ഉള്ളവരുമൊക്കെ ഉണ്ട് ആ കൂട്ടത്തിൽ. ഊരിലുള്ളവർക്ക് പുറത്തുള്ളവരെ വിശ്വാസമില്ല. 


ചിരിച്ചുകൊണ്ട് ചതിക്കുന്നവരാണ് നാട്ടുവാസികൾ. ചിരിച്ചുകൊണ്ട് ചതിക്കാൻ അവർക്ക് മാത്രമേ കഴിയൂ.   


ആരെങ്കിലും വരുന്നു എന്നറിഞ്ഞാൽ, മൂപ്പൻ ഫ്രെഡിയെ ഒളിപ്പിക്കും. മൂപ്പന് ഉറപ്പുണ്ടായിരുന്നു; ഫ്രെഡി ജീവിച്ചിരിക്കുന്നു എന്നറിഞ്ഞാൽ, ശത്രു വീണ്ടും അപകടപ്പെടുത്തുമെന്ന്. തങ്ങൾ കഠിനപ്രയത്നം നടത്തി തിരിച്ചു പിടിച്ച ആ ജീവന് എന്തെങ്കിലും അപായം സംഭവിക്കുന്നത്, അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 


മാസങ്ങൾ കഴിഞ്ഞു പോയി. ഇതിന്നിടയിൽ മയിലിൻറെ ജീവിതത്തിലേക്ക് വേറൊരാൾ വന്നു. പിന്നെ ഫ്രെഡിയുടെ കിടത്തം വീടിൻറെ പുറത്തായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം രാത്രി തൻറെ അരികിലൊരു മുരൾച്ച കേട്ട് ഫ്രെഡി ഉറക്കത്തിൽ നിന്നുണർന്നു. നോക്കുമ്പോൾ തൊട്ടരികിൽ ഇരുട്ട് കട്ടപിടിച്ചപോലൊരു കറുത്ത രൂപം. ഒരു കറുത്ത നായയായിരുന്നു അത്.


പെട്ടെന്ന് അവൻറെ മനസ്സിലൊരു മിന്നലുണ്ടായി. ആ പ്രകാശത്തിലൊരു ചിത്രം തെളിഞ്ഞു വന്നു. ഒരു കറുത്ത നായ, ഒരു ആറു വയസ്സുകാരൻറെ നേരെ ഇടിവെട്ടുന്ന ശബ്ദത്തിൽ കുരച്ചുകൊണ്ടോടിയടുക്കുന്നു. അവൻ ഉറക്കെ നിലവിളിക്കുന്നുണ്ട്. നായ അവൻറെ തൊട്ടടുത്തെത്തി അവൻറെ മേലേക്ക് ചാടി.


ഒരു ഞെട്ടലോടെ പിടഞ്ഞെഴുനേറ്റ ഫ്രെഡിയുടെ മേലേക്ക് ആ നായ ചാടി വീണു. ഫ്രെഡിയിൽ നിന്നൊരു ആർത്തനാദമുയർന്നു. ഊരുണർന്നു. ആളുകൾ ഓടിക്കൂടിയപ്പോൾ കണ്ടത്, ഫ്രെഡിയുടെ കാലിൽ കടിച്ചു വലിക്കുന്ന ഭീമാകാരനായൊരു നായയെ ആണ്. ആളുകൾ ബഹളം കൂട്ടി ഓടിവന്നപ്പോൾ നായ ഓടിമറഞ്ഞു. പക്ഷെ ഫ്രെഡിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. 


മുഖത്ത് വെള്ളം വീണപ്പോൾ ബോധം വീണ ഫ്രെഡി തനിക്ക് ചുറ്റുമുള്ളവരെ പകച്ചു നോക്കി. താനിതെവിടെയാണെന്ന് അവനു മനസ്സിലായില്ല. നെഞ്ചിലേക്ക് തീഗോളം പോലെ, ഒരു ഉണ്ട വന്നു പതിച്ചത് മാത്രമേ ഓർമ്മയുള്ളൂ. എന്നിട്ട് ഞാൻ മരിച്ചില്ലേ? അവൻ അത്ഭുതത്തോടെ ചുറ്റിലും നോക്കിയിരിക്കെ ഒരു മൂളലോടെ അവൻറെ മൂങ്ങ അവൻറെ തോളിൽ വന്നിരുന്നു. മെല്ലെ മെല്ലെ അവന്, മനസ്സിലെ ചിത്രങ്ങൾ തെളിഞ്ഞു വന്നു. മൂപ്പൻറെ കുഴിഞ്ഞ കണ്ണുകളിലേക്ക് നോക്കി, അവൻ പതറിയ ശബ്ദത്തിൽ പറഞ്ഞു.


“ഞാനോർക്കുന്നു. ഞാനിപ്പോളെല്ലാം ഓർക്കുന്നു...”   


ആ രാത്രിയിലും മൂപ്പൻറെ പുഞ്ചിരിക്ക് നല്ല പ്രകാശമുണ്ടായിരുന്നു. പിറ്റേന്ന് പുലരിയിൽ നായയുടെ കടിയേറ്റ് പരിക്ക് പറ്റിയ മുറിവിൽ മരുന്ന് പുരട്ടി,  ഫ്രെഡി ഊരിൻറെ അരികിലെ മലഞ്ചെരുവിലേക്ക് നടന്നു. അവിടെ ഒരു പാറയിലിരുന്നു. ഉദിച്ചു വരുന്ന സൂര്യനെ നോക്കിയിരിക്കെ ആ മനസ്സ് നിറയെ തീ പോലെ പൊള്ളുന്ന ചോദ്യങ്ങളായിരുന്നു.


സൂസൻറെയും ആദമിൻറെയും അവസ്ഥ ഇപ്പോഴെന്താണ്? തന്നെയും കാത്ത് ദിവസവും അവർ നോക്കിയിരിക്കുന്നുണ്ടാവുമോ? തന്നെ കൊല്ലാൻ ശ്രമിച്ച ആ തമിഴനാരാണ്? അവന് ആരാണ് കൂലി കൊടുത്ത്? തന്നെ കൊല്ലാനേൽപ്പിച്ചത്? പ്രിയപ്പെട്ടൊരാൾ എന്നാണവൻ പറഞ്ഞത്? പ്രിയപ്പെട്ടൊരാൾ! പ്രിയപ്പെട്ടവരെനിക്ക് വളരെ കുറച്ചല്ലേ ഉള്ളൂ. ഇതിൽ ആർക്കാണ് ഞാൻ മരിക്കേണ്ടത്? എന്തിന് വേണ്ടി?


എല്ലാ ചോദ്യങ്ങളും കനൽ പോലെ പൊള്ളുന്നു. കരൾ കത്തുകയാണ്. ഹൃദയം നുറുങ്ങുകയാണ്. എൻറെ സൂസൻ... അവളുടെ അവസ്ഥയിപ്പോൾ എന്താവും?  രണ്ടര വർഷത്തോളമായി താനിവിടെ വന്നിട്ട്. എന്തായിരിക്കും ഇപ്പോൾ അവളുടെ അവസ്ഥ? ഇത്രയും കാലം എന്നെ കാണാതെ അവൾക്ക് ജീവിച്ചിരിക്കാനായിട്ടുണ്ടാവുമോ? 


കാണുമ്പോൾ അവളോടിവരില്ലേ? എന്നെ വാരിപ്പുണരില്ലേ? ആദം ഇപ്പോൾ സ്‌കൂളിൽ പോയിത്തുടങ്ങിയിരിക്കില്ലേ? അവനെന്നെ തിരിച്ചറിയുമോ? 


ഹൊ... എത്രയും വേഗം... ഒന്നവരിലേക്കെത്തിയെങ്കിൽ!!!


മിത്രയുടെ അവസ്ഥ എന്താവും? സൂസൻ ഒരു പാവം പെണ്ണല്ലേ? അവൾക്ക് അത് നോക്കി നടത്താൻ ആയിട്ടുണ്ടാവുമോ? 


ആരായിരിക്കും എന്നെ കൊല്ലാൻ ഏൽപ്പിച്ചത്? പ്രിയപ്പെട്ടൊരാൾ!  ഒരു പക്ഷെ ആ തമിഴൻ കള്ളം പറഞ്ഞതാവും. പക്ഷെ എന്തിന്? അറിയണം. എല്ലാം അറിഞ്ഞേ പറ്റൂ. 


കാലിലെ മുറിവ് ഭേദമായപ്പോൾ, ഫ്രെഡി തിരികെ പോകാൻ തീരുമാനിച്ചു. പുഴയിലൂടെ, ചങ്ങാടത്തിൽ ഒരുപാട് താഴേക്ക് പോകണം. അവിടെ ഒരു ആദിവാസി ഊരുണ്ട്. അവിടെ നിന്നും, വല്ലപ്പോഴും ജീപ്പോ മറ്റോ കിട്ടുമത്രെ. ദൂരെയുള്ള പട്ടണത്തിലേക്ക്. തൻറെ നഗരത്തിലേക്ക്, ആ പട്ടണത്തിൽ നിന്നും പിന്നെയുമെത്രയോ ദൂരം പോകണം. 


കെട്ടിപ്പിടിച്ച ഫ്രെഡിയോട് മരതകം കണ്ണീരോടെ യാത്ര പറഞ്ഞു. മിഴികൾ തുടച്ചു നിൽക്കുന്ന മയിലിൻറെ കണ്ണുകളിൽ നോക്കി നിശബ്ദമായി യാത്ര പറഞ്ഞു. മൂപ്പൻറെ കൈകൾ കൂട്ടിപ്പിടിച്ച് നന്ദി കാണിച്ചു. വിറയ്ക്കുന്ന കരങ്ങളോടെ മൂപ്പൻ ഒരായുധം, ഫ്രെഡിക്ക് കൊടുത്തു. ഉപേക്ഷിക്കരുത്. സുരക്ഷിതനാണെന്ന് നിനക്കുറപ്പാകുന്നത് വരെ... ഉപേക്ഷിക്കരുത്.    


യാത്ര പറഞ്ഞു പോരുമ്പോൾ കണ്ണൻ കൂടെയുണ്ടായിരുന്നു. അവനാണ് ചങ്ങാടം തുഴഞ്ഞത്. ചങ്ങാടത്തിലേക്ക് മൂങ്ങ പറന്നു വന്നു. 


കുറെ മുഷിഞ്ഞ നോട്ടുകൾ തൻറെ കൈകളിലേക്ക് പിടിപ്പിച്ച് യാത്ര പറഞ്ഞു പോകുന്ന കണ്ണനെ നോക്കി, ഫ്രെഡി ഒരു ശില പോലെ നിന്നു. മനുഷ്യരിൽ നിന്നും ഞാനകന്ന് പോവുകയാണ്. 


ഇനി, കൊല്ലാൻ തയ്യാറായത് ആരാണോ, അയാളുടെ അടുത്തേയ്ക്ക്. നിഴൽ പോലെ കൂടെ നടന്ന ആ ശത്രു ആരാണെന്ന് കണ്ടുപിടിക്കാൻ.


അലഞ്ഞു തിരിഞ്ഞുള്ള യാത്രയായിരുന്നു അത്. കണ്ണൻ നീട്ടിക്കൊടുത്ത ഇത്തിരിപ്പണം എങ്ങിനെയൊക്കെ മുറുകെ പിടിച്ചിട്ടും, വണ്ടിക്കൂലിക്ക് തികഞ്ഞില്ല. പിന്നെ നടത്തം തുടങ്ങി. ആ വേഷവും രൂപവുമൊക്കെ ആളുകളിൽ അത്ഭുതമുണ്ടാക്കി. ഫ്രെഡി അതൊന്നും ശ്രദ്ധിച്ചില്ല. അവൻറെ ഉള്ളിൽ മുഴുവൻ സൂസനും ആദമും ആയിരുന്നു. അവരെ കാണണം. ആ ആഗ്രഹം മാത്രമായിരുന്നു.


പകലെരിഞ്ഞു തീർന്നു. രാത്രി ഒരുപാടായിരിക്കുന്നു. തുടിക്കുന്ന ഹൃദയവുമായി ഒരു ലോറിയിൽ ഫ്രെഡി ആ മഹാനഗരത്തിൻറെ പ്രാന്തപ്രദേശത്ത് വന്നിറങ്ങി. തന്നെ നോക്കുന്ന ആളുകളെയൊന്നും ശ്രദ്ധിക്കാതെ വേഗം നടത്തം തുടങ്ങി. അവസാനം Angel’s Nest-ൻറെ ഗേറ്റിൻറെ മുൻപിൽ എത്തുമ്പോൾ ഹൃദയം തുടിച്ചു തുള്ളുന്നുണ്ടായിരുന്നു. 


സൂസനും ആദമിനും തന്നെ കാണുമ്പോൾ എന്തൊരു സന്തോഷമായിരിക്കും....


എത്രയൊക്കെ മുറിക്കലകളുണ്ടായിട്ടും, എങ്ങിനെയൊക്കെ ഇരുണ്ട് വികൃതനായിട്ടും, ഫ്രെഡിയുടെ മുൻപിൽ ആ ഗേറ്റ് തുറക്കാൻ അധികം താമസമൊന്നുമുണ്ടായില്ല. അപ്പോഴേക്കും എവിടെ നിന്നെന്നറിയാതെ, മൂങ്ങ അവൻറെ ചുമലിലേക്ക് പറന്നിറങ്ങിയിരുന്നു. അവനതിനെ സ്നേഹത്തോടെ നോക്കി. ഒരിക്കൽ ഇണങ്ങിയാൽ പിന്നെ മിക്ക മൃഗങ്ങളും മനുഷ്യനെ ഉപേഷിക്കില്ലല്ലോ എന്നവനോർത്തു.


അതിവേഗം നടന്ന ഫ്രെഡി ഗാർഡനിലെത്തിയപ്പോൾ, വീടിൻറെ ഹാളിലിരിക്കുന്ന ഇമ്മാനുവലിനെ കണ്ട് നടുങ്ങി. ആ സമയത്ത് എന്തിനാണ് അവനവിടെ വന്നത്? ഉള്ളിലാ ചോദ്യം പെരുമ്പറ മുഴക്കി. 


അവൻറെ തൊട്ടരികെ എന്തോ പറഞ്ഞ് പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന സൂസനെ കണ്ടപ്പോൾ, ഗാർഡനിലെ ആ മാവിൻറെ ചുവട്ടിൽ, ഒരു പ്രതിമ പോലെ ഫ്രെഡി ഹൃദയം തകർന്നു നിന്നു. വലത്തെ തോളിൽ മൂങ്ങയും!


തുടരും 

1 comment: