Wednesday, April 28, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം



 അദ്ധ്യായം 48: ശ്മശാനം 


ശ്മശാനം ഒരു അതിർത്തിയാണ്. ഭൂമിയിലെ സഹചാരത്തിൻറെ അവസാനത്തെ അടയാളം അവിടെയാണ്. മരണപ്പെട്ടവനോടുള്ള കടം കണ്ണീരിൽ ചാലിച്ച് അവിടം പൂർത്തിയാക്കപ്പെടുന്നു. പിന്നെ അവൻറെ അനന്തരത്തിലേക്കവർ പിന്തിരിഞ്ഞു നടക്കുന്നു.


അന്ന്, വിഷാദത്തിൻറെ വന്മതിൽകെട്ടിനുള്ളിൽ തടവിലാക്കപ്പെട്ട സൂസൻറെ മുഖത്തേയ്ക്ക്, കഴുകൻറെ കണ്ണുകളോടെ ലാസർ നോക്കി. മുഖത്ത് കടും വർണ്ണത്താൽ വരച്ച ശോകഭാവത്തിൻറെ അടിയിൽ, അവൻ ദംഷ്ട്രകളൊളിപ്പിച്ചു. 


ഫ്രെഡിയുടെ കല്ലറയുടെ ഏറെക്കുറെ അടുത്തു തന്നെയായിരുന്നു ലിസിയുടെ കല്ലറയും. അതൊരു ബോണസ്സാണെന്ന് അവൻ കണ്ടു. ലിസിയുടെ മരണത്തിന് പിന്നിൽ സൂസനായിരിക്കെ,  അവളുടെ മനസ്സിലേക്ക് കടക്കാനുള്ള താക്കോൽ, ലിസി തന്നെയായിരിക്കട്ടെ എന്നവൻ തീരുമാനിച്ചത്, അന്ന്,  അവിടെ വച്ചാണ്. 


ഫ്രെഡിയുടെ മരണം സ്വാഭാവിക മരണമായി വിധിക്കപ്പെട്ടു. വിനായകൻ കൊല്ലപ്പെട്ടു. ഇനിയിപ്പോൾ തനിക്ക് ഭീക്ഷണിയാവുന്ന ഒന്നും ബാക്കിയില്ല. 


പ്രതികാരം പൂർത്തിയാക്കി. മനസ്സിലെ പകയുടെ അഗ്നി കെട്ടടങ്ങി. ഇനി വേണ്ടതൊരു സ്വസ്ഥ ജീവിതമാണ്. മിത്ര തൻറെ കൈകുമ്പിളിലേക്ക് വരണം. ഇനി കളിക്കേണ്ടത് സുന്ദരമായൊരു ജീവിതത്തിനും, മിത്ര എന്ന സ്ഥാപനത്തിനും വേണ്ടിയാണ്.  


ലാസർ, തന്ത്രപൂർവ്വം സൂസൻറെ ശ്രദ്ധ പിടിച്ചു പറ്റി. അതും ലിസിയുടെ മരണത്തിൽ അങ്ങേയറ്റം ദുഃഖിക്കുന്ന സ്നേഹനിധിയായ, വിരഹതാപത്തിൽ നീറുന്ന ഭർത്താവിൻറെ വേഷത്തിൽ. താൻ കാരണമാണല്ലോ ഇമ്മാനുവൽ ഈ വിരഹ ദുഃഖമനുഭവിക്കുന്നതെന്ന ചിന്ത സൂസൻറെ മനസ്സിൽ അവനോടൊരു ദീനാനുകമ്പയുണ്ടാക്കി. കൗശലപൂർവ്വം ആദമിനെ കൂടി പാട്ടിലാക്കിയതോടെ, അവൻറെ കെണിയിൽ സൂസൻ പൂർണമായും പെട്ടു.


കമ്പനിയിലെ തൊഴിലാളികൾക്കിടയിൽ അവൻ തന്നെയാണ് തന്ത്രപൂർവ്വം തന്നെയും സൂസനെയും കുറിച്ചുള്ള അപവാദങ്ങൾ പരത്തിയത്. അങ്ങിനെ സൂസനെ വിവാഹനാടകമെന്ന തീരുമാനത്തിലേക്ക് അവനെത്തിച്ചു. അതും സൂസന് യാതൊരു സംശയവും തോന്നാത്ത വിധം.


സൂസനോട് ഇടപെടുമ്പോൾ സൂക്ഷിക്കണമെന്ന് നല്ലവണ്ണമറിയാം. ലിസിയുടെ പേര് പറഞ്ഞ്, സൂസനെ പേടിപ്പിച്ചോ ഭീക്ഷണിപ്പെടുത്തിയോ തൻറെ കാര്യം സാധിക്കാമെന്നിരിക്കെ, ലാസറിന് അതിൽ താല്പര്യം തോന്നിയില്ല. ഇതിനിടയിലെപ്പോഴോ, സൂസൻ ഒരാഗ്രഹമായി അവൻറെ ഉള്ളിൽ കയറിക്കൂടിയിരുന്നു. 


വിവാഹം കഴിഞ്ഞ രാത്രി തന്നെ അവനൊരു കാര്യം മനസ്സിലാക്കി. താൻ കരുതിയ അത്ര എളുപ്പമൊന്നും സൂസൻറെ ജീവിതത്തിലേക്ക് പ്രവേശിക്കാനാവില്ല. അവളുടെ ഉള്ളു നിറയെ ഫ്രെഡി മാത്രമാണ്. ജീവിതത്തിൽ ആദ്യമായി അവന് ഫ്രെഡിയോട് അസൂയ തോന്നി. എങ്കിലും കാത്തിരിക്കാൻ അവൻ തയ്യാറായിരുന്നു. 


എന്നാൽ കാര്യങ്ങളൊക്കെ വേറൊരു രീതിയിലായ ദിവസം വന്നെത്തി. ഒട്ടും പ്രതീക്ഷിക്കാത്തത്. അന്നാണ് സൂസൻ ഗാർഡനിലെ മാവിൻ ചുവട്ടിലൊരു മനുഷ്യനെ കണ്ടത്. രണ്ടു തലയുള്ളൊരു മനുഷ്യൻ. പിന്നീട് സോഫിയയുടെ വെളിപ്പെടുത്തൽ കൂടിയായപ്പോൾ, അവൻറെ ഉള്ളിൻറെ ഉള്ളിലൊരു ഭയം മൂടൽമഞ്ഞ് പോലെ നിറഞ്ഞു. 


ഭൂതപ്രേതാദികളിലൊന്നും വിശ്വാസമില്ല. പക്ഷെ ഫ്രെഡിയുടെ പ്രേതം എന്ന് പറഞ്ഞപ്പോൾ, ഉള്ളിൽ നിന്നൊരു തീഗോളം നെഞ്ചിലേക്ക് കയറി വന്നു. ഫ്രെഡി മരിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. എന്നിരുന്നാലും അവൻ ജീവിച്ചിരിക്കാനൊരു സാധ്യതയുണ്ടോ?


ഇല്ല... വിനായക് അവൻറെ മരണം ഉറപ്പാക്കി തന്നെ വിളിച്ചു പറഞ്ഞതാണ്. അപ്രതീക്ഷിതമായി വിനായക് മരിച്ചത് തനിക്ക് ഗുണമായേ വന്നുള്ളൂ. 


എന്നിട്ടും ഇപ്പോഴെന്തേ ഇങ്ങിനെ ഒരു പ്രേതം? സോഫിയക്ക് തോന്നിയതാവും എന്ന് തന്നെ മനസ്സിലുറപ്പിച്ചു. അടുക്കളയിലും പരിസരങ്ങളിലുമൊക്കെ സസൂഷ്മം പരിശോധിച്ചു. പിന്നെയും പിന്നെയും പരിശോധിച്ചു. പ്രത്യേകിച്ചൊന്നും കാണാൻ കഴിഞ്ഞില്ല. മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞു.


എല്ലാം സോഫിയയുടെ തോന്നൽ മാത്രമാണ്.


എന്നാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പഴുണ്ടായ അനുഭവം കടുത്തതായിരുന്നു. അതൊരു തോന്നലാണെന്ന് എത്ര തന്നെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും, അതിനായില്ല. താൻ കണ്ട രൂപം. താൻ കേട്ട ശബ്ദം. ഒക്കെ എങ്ങിനെ വെറും തോന്നലാവും?


മനസ്സിൽ ഒരായിരം വട്ടം ഉയർന്നു വന്ന ചോദ്യമാണ്... പ്രേതങ്ങളുണ്ടോ എന്നത്. ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ സാധിക്കാതെ മനസ്സ് വിഷമിച്ചു പോയി. അന്ന് ലിസിയുടെ ശബ്ദം വ്യക്തമായി കേട്ടതാണ്.


അങ്ങിനെയിരിക്കെയാണ്, ഫ്രെഡിയുടെ കല്ലറ പൊളിക്കപ്പെട്ടതും, തലയോട്ടി ആരോ കൊണ്ട് പോയതും. അവൻറെ ഉള്ളിലെ, ക്രിമിനൽ അതിവേഗം ഉണർന്നത് അപ്പോഴാണ്. തനിക്ക് ചുറ്റും താൻ അറിയാതെ എന്തോ നടക്കുന്നുണ്ടെന്ന്, മനസ്സ് വിളിച്ചു പറഞ്ഞു. 


ലീലാകൃഷ്‌ണൻറെ കണ്ണുകളിൽ,  കുറ്റവാളിയെ തേടുന്ന ഒരു ഡിറ്റക്ടിവിൻറെ കൂർമ്മത കണ്ടെത്താൻ പ്രയാസമുണ്ടായില്ല. ഇരയെ പിടിക്കാൻ വേണ്ടി പതുങ്ങുന്ന വന്യമൃഗത്തിൻറെ ഭാവം ആ കണ്ണുകളിൽ തിരിച്ചറിയാനായപ്പോഴാണ്, ഫ്രെഡിയുടെ കല്ലറ ഒരു ചോദ്യചിഹ്നമായി മനസ്സിലുയർന്നത്.


ആ കല്ലറയ്ക്കകത്ത് കിടക്കുന്നത് ഫ്രെഡിയല്ല എന്നറിയാവുന്ന ഒരേ ഒരാൾ താൻ മാത്രമായിരുന്നെങ്കിൽ, ഇനി മുതൽ, അതങ്ങിനെയാവില്ല. ഏറ്റവും ചുരുങ്ങിയത് പോലീസുകാർക്കെങ്കിലും ആ സത്യം മനസ്സിലാക്കാൻ ഇനി സാധ്യത വളരെ കൂടുതലാണ്.


മാത്രമല്ല, ലീലാകൃഷ്‌ണൻറെ ചോദ്യങ്ങളിൽ ഒളിച്ചിരിക്കുന്ന അപകട സാധ്യതയും അവൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. ലിസിയുടെ മരണവും ഫ്രെഡിയുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് അയാൾ സംശയിക്കുന്നുണ്ടെന്ന് ഉറപ്പാണ്. അയാളൊരു ഉടുമ്പാണ്. പിടിച്ചാൽ പിടിച്ചിടം കൊണ്ടേ പോകൂ..


ഒരപകടത്തിൻറെ കരിമ്പുക തൻറെ ജീവിതത്തിൻറെ മേലേയ്ക്ക് ചുരുണ്ടു കൂടുന്നത് തിരിച്ചറിഞ്ഞ, അന്ന് തന്നെയാണ്, അവൻ സൂസനോടൊത്തൊരു ജീവിതം സ്വപ്നം കാണേണ്ടതില്ല എന്നുറപ്പാക്കിയതും. 


അന്നാണ്, Angel’s Nest- ൻറെ മുറ്റത്ത് നായ്ക്കൾ കൂട്ടമായെത്തിയത്. ഒന്ന് ഭയന്നെങ്കിലും അവൻറെ ഉള്ളിൽ, അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾക്ക്, അതിൽ പങ്കുണ്ടെന്ന് ഉറപ്പായിരുന്നു. ഹസ്സനാണോ സൂസനാണോ എന്ന് മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. മനസ്സ് അവസാനം ചെന്ന് നിന്നത് സൂസനിലേക്ക് തന്നെയാണ്.


സൂസൻ എത്ര കണ്ട് അപകടകാരിയാണെന്ന് മനസ്സിലാക്കാൻ ലിസിയെക്കാൾ മികച്ചൊരു ഉദാഹരണം വേണ്ടതില്ലെന്ന് അറിയാമായിരുന്ന ലാസർ, അത് വരെ താൻ കണക്ക് കൂട്ടിയിരുന്നതെല്ലാം പൊളിച്ചെഴുതി.  


തൻറെ നില പരുങ്ങലിലാണെന്ന് തോന്നിയപ്പോൾ മുതൽ, എന്നെന്നേയ്ക്കുമായി രക്ഷപ്പെടുക എന്നൊരു തീരുമാനത്തിലേക്ക് അവനെത്തി. 


അതിന് കയ്യിൽ ഇപ്പോഴുള്ള പണമൊന്നും പോര. ആകെയുണ്ടായിരുന്ന സമ്പാദ്യത്തിൽ നിന്നും നല്ലൊരു തുക ചിലവാക്കിയാണ് ലിസിയെ കളിക്കിറക്കിയത്. അതിനി പറഞ്ഞിട്ട് കാര്യമില്ല. 


മാത്രമല്ല, രക്ഷപ്പെട്ട്, ഉമയമ്മയേയും, ബിജുവച്ഛനേയും കൂട്ടി, ആരും തിരിച്ചറിയാത്തൊരു സ്ഥലത്ത് പോയി ജീവിക്കണം. പുതിയൊരു ജീവിതം. പുതിയ പേരിൽ. പുതിയ ആളായിട്ട്.


സുഖമമായി ജീവിക്കാനുള്ളത്രയും സമ്പാദ്യവും അതിന് വേണം. അതിനുള്ള വഴി കൂടി എത്രയും വേഗം കണ്ടെത്തേണ്ടിയിരിക്കുന്നു. 


ഇനി സൂസനും ആദമും. വേണ്ട. വർഷങ്ങൾക്ക് ശേഷം, പ്രതികാര ദാഹവുമായി തന്നെ തേടിവരാൻ ആദമോ, കഥയറിയുമ്പോൾ സംഹാരരുദ്രയാവാൻ സൂസനോ ഇനി വേണ്ട. വേറെ നിവർത്തിയൊന്നുമില്ല. 


ഒരാഴ്ച കൂടി കഴിഞ്ഞാൽ മിത്രയ്ക്കൊരു ഏറ്റെടുക്കലുണ്ട്. നൂറ്റി ഇരുപത് കോടി രൂപയുടെ ഏറ്റെടുക്കൽ. വകമാറ്റിവച്ച ആ പണം, ഇനി തനിക്കിരിക്കട്ടെ. 


അവൻ തീരുമാനങ്ങളൊക്കെ ഒന്ന് കൂടി മനസ്സിൽ പറഞ്ഞുറപ്പിച്ചു. 


ഇതേസമയം, ലീലാകൃഷ്‌ണനും ഹസ്സനും തങ്ങളുടെ അന്വേഷണത്തിൻറെ അവസാന ഘട്ടത്തിലായിരുന്നു. ഫ്രെഡിയുടെ കല്ലറ തകർത്ത ലീലാകൃഷ്ണൻ  എടുത്ത തലയോട്ടി സൂപ്പർ ഇമ്പോസിംഗ് നടത്തിയപ്പോൾ കിട്ടിയ ചിത്രം ഫ്രെഡിയുടെ ചിത്രവുമായി ഒരു തരത്തിലും യോജിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ, ഹസ്സനിൽ ഫ്രെഡി എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നൊരു പ്രതീക്ഷയുണ്ടായി. പക്ഷെ, ചാത്തൻ ചോലയെക്കുറിച്ച് കേട്ട കാര്യങ്ങൾ കാരണം ലീലാകൃഷ്ണൻ ഫ്രെഡി മരിച്ചു എന്ന് തന്നെ അപ്പോൾ മുതൽ വിശ്വസിക്കുകയും ചെയ്തു.


ലിസിയുടെ രേഖാചിത്രം കണ്ടപ്പോൾ തന്നെ ഇമ്മാനുവലാണ് തങ്ങൾ തേടുന്ന ആൾ എന്നവർക്ക് മനസ്സിലായിരുന്നു. പക്ഷെ പോലീസ് ബുദ്ധിയിൽ ഉദിച്ചത്, സൂസന് ഇതിലെന്തെങ്കിലും പങ്കുണ്ടോ എന്ന ചോദ്യമാണ്. 


ലിസിയുടെ മരണത്തിൽ അന്ന് പൊലീസിന് അകെ സംശയമുണ്ടായിരുന്നു സനൽ എന്ന യുവാവിന് വേണ്ടി സൂസൻ തന്നോട് ശക്തമായി സംസാരിച്ചത് ഹസ്സൻ ഓർത്തു. അന്ന് തനിക്ക് സൂസനെ സംശയിക്കാൻ കാരണമൊന്നുമില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങിനെയല്ല. 


ലീലാകൃഷ്ണൻ സനലിനെ രഹസ്യമായി കസ്റ്റഡിയിൽ എടുത്തു. ലീലാകൃഷ്ണൻറെ ചോദ്യങ്ങൾക്ക് മുൻപിൽ പിടിച്ചു നിൽക്കാനൊന്നും സനലിനായില്ല. ഫ്രെഡിയെ നഷ്ടപ്പെടും എന്നൊരു തോന്നലുണ്ടായപ്പോഴേക്കും, അതിന് കാരണമായേക്കാവുന്ന ലിസിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സൂസൻ എത്തി എന്നത് തന്നെ, സൂസൻറെ മാനസികാവസ്ഥ വളരെ അപകടം പിടിച്ചതാണെന്ന് ലീലാകൃഷ്ണനും ഹസ്സനും മനസ്സിലായി. അപ്പോൾ പിന്നെ ഫ്രെഡിയുടെ മരണത്തിൻറെ ഉത്തരവാദി ഇമ്മാനുവൽ ആണെന്നറിയുന്ന നിമിഷം അവളെങ്ങിനെ പ്രതികരിക്കും എന്ന് ആലോചിക്കുകയെ വേണ്ട.


ലീലാകൃഷ്ണൻ ഇമ്മാനുവലിനെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് പറഞ്ഞ്, ആ വഴിക്ക് കുറെയധികം സഞ്ചരിച്ചു. രണ്ടുമൂന്ന് ദിവസങ്ങൾക്ക് ശേഷമാണു ലീലാകൃഷ്ണൻ തിരികെയെത്തിയത്. ഞെട്ടിപ്പിക്കുന്ന കുറെ കാര്യങ്ങൾ പറയാനുണ്ടെന്നും, നാളെ കാണാമെന്നും രാത്രി വൈകിയ വേളയിൽ ലീലാകൃഷ്ണൻ ഹസ്സനെ വിളിച്ചു പറഞ്ഞു.


ആ രാത്രി, പരിചയമില്ലാത്തൊരു നമ്പറിൽ നിന്നും ഹസ്സനൊരു ഫോൺകാൾ വന്നു. ആ ഫോൺ അറ്റൻഡ് ചെയ്ത ഹസ്സൻ അത്ഭുതപ്പെട്ടു പോയി. കാരണം അത് ഫ്രെഡിയായിരുന്നു. 


“ഹസ്സൻ... നീയെത്രയും പെട്ടെന്ന് ഫോഴ്‌സുമായി Angel’s Nest-ലേക്ക് വരണം. ഇമ്മാനുവൽ സൂസനെ കൊല്ലാൻ ശ്രമിക്കുകയാണ്. ഞാൻ അവളെ രക്ഷിക്കാൻ പോകുന്നു. എനിക്ക് നിൻറെ സഹായം വേണം.”


ഇതായിരുന്നു ഫ്രെഡിക്ക് പറയാനുണ്ടായിരുന്നത്. 


തുടരും


1 comment: