Saturday, August 28, 2021

ഫക്കീറിൻറെ ഒട്ടകം!


 



ഖലീഫാ ഉമറിൻറെ മുൻപിലൊരു ദിവസം മൂന്ന് ചെറുബാല്യക്കാരായ കുട്ടികൾ ഒരാളെ ഹാജരാക്കി. ആ കുട്ടികളുടെ മുഖം കണ്ണീരിൽ കുതിർന്നിരുന്നു. അവർ വളരെ വിഷമത്തോടെ ഖലീഫയോട് ആവലാതി പറഞ്ഞു.


"സത്യവിശ്വാസകികളുടെ നേതാവേ. ഈ മനുഷ്യൻ ഞങ്ങളുടെ പിതാവിനെ വധിച്ചിരുന്നു. ഞങ്ങൾക്ക് അങ്ങ് നീതി നടപ്പിലാക്കിത്തരണം."


ആ മനുഷ്യൻ ആകെ പരവശനായ നിലയിലായിരുന്നു. മുഖമാകെ സങ്കടം നിറഞ്ഞിരുന്നു. ഒരു കൊലപാതകിയുടെ മുഖത്തിന് ഒട്ടും ചേരാത്ത ഭാവം. ഖലീഫാ ഉമർ അദ്ദേഹത്തോട് ചോദിച്ചു.


"എന്താണ് നിൻറെ കഥ?"


അയാൾ പറഞ്ഞു. "ഞാനൊരു ഫക്കീറാണ്. ദൂരദേശത്താണെൻറെ വീട്. എനിക്കാകെയുള്ള സമ്പാദ്യം ഒരു ഒട്ടകമാണ്. അതിൻറെ പുറത്തേറി, ജീവിതോപാധി തേടി, ദൂരദേശങ്ങളിലൂടെ സഞ്ചരിക്കുന്നൊരു സഞ്ചാരിയാണ് ഞാൻ. ഒരു യാത്രയ്ക്ക് ശേഷം, വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ക്ഷീണം മാറ്റാനായി വഴിയിലൊരു തോട്ടത്തിൻറെ അരികിൽ വിശ്രമിക്കവേ ഉറങ്ങിപ്പോയി. ആ സമയം എൻറെ ഒട്ടകം, അടുത്തുള്ള തോട്ടത്തിലേക്ക് കയറി വിളകൾ തിന്നു പോയി. അത് കണ്ടപ്പോൾ തോട്ടക്കാരൻ അതിനെ അടിച്ചോടിക്കാൻ ശ്രമിച്ചു. നിർഭാഗ്യവശാൽ മർമ്മഭാഗത്ത് അടികൊണ്ട ഒട്ടകം ചത്തുപോയി. ആ മനുഷ്യൻ ആ വിവരം എന്നോട് വന്നു പറഞ്ഞപ്പോൾ, അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ അയാളെ അടിച്ചു. എൻറെ കഷ്ടമേ!! അയാൾ മരിച്ചു പോയി. ആരും അത് കണ്ടവരില്ല. ആരെങ്കിലും അറിയുന്നതിൻറെ മുൻപേ ഓടിരക്ഷപ്പെട്ടാലോ എന്ന് ഞാൻ കരുതി. അപ്പോഴാണ് എല്ലാമറിയുന്ന പടച്ച തമ്പുരാനെ ഓർത്തത്. അവനിൽ നിന്നും ഞാൻ എവിടേക്കാണ് ഓടിയൊളിക്കുക? അവസാനം ഞാൻ ആ മനുഷ്യൻറെ മക്കളോട് വിവരങ്ങൾ പറഞ്ഞു. അവർ നിയമം നടപ്പിലാക്കാനായി എന്നെ അങ്ങയുടെ മുൻപിൽ കൊണ്ട് വരികയും ചെയ്തു."


ഉമർ: "നിങ്ങൾക്ക് വധശിക്ഷയാണ് ലഭിക്കുക എന്നറിയില്ലേ?" 


അയാൾ: "അറിയാം"


ഉമർ കുട്ടികളോട്: "നിങ്ങൾ ഇയാളിൽ നിന്നും പ്രതിവിധിയായി വല്ലതും കൈപ്പറ്റിയോ കൈപറ്റാതെയോ ഇയാൾക്ക് ക്ഷമിച്ചു കൊടുക്കാൻ തയ്യാറുണ്ടോ? 


കുട്ടികൾ ഏകസ്വരത്തിൽ: "ഇല്ല. വൃദ്ധനും സാധുവുമായിരുന്ന ഞങ്ങളുടെ പിതാവിനെ വധിച്ചുകളഞ്ഞ ഇയാളോട് ക്ഷമിക്കുകയോ? ഒരിക്കലുമില്ല. ഞങ്ങളെ അനാഥകളാക്കിയ ഇയാൾക്ക് ശിക്ഷ ലഭിക്കുക തന്നെ വേണം. ഞങ്ങൾക്ക് നീതി വേണം."


ഉമർ: "അല്ലാഹുവിൻറെ ഗ്രന്ഥത്തിൽ നിന്നും, പ്രവാചകൻറെ ചര്യയിൽ നിന്നും, ഇയാൾക്ക് വധശിക്ഷ വിധിക്കുന്നു."


വധശിക്ഷയ്ക്കായി കൊണ്ട് പോകാനൊരുങ്ങവേ അയാൾ വിളിച്ചു പറഞ്ഞു. "സത്യവിശ്വാസികളുടെ നേതാവേ, എനിക്കൊരു അപേക്ഷയുണ്ട്."


എന്താണത് എന്നർത്ഥത്തിൽ ആളുകൾ അയാളെ നോക്കിനിൽക്കെ അയാൾ തുടർന്നു.


"എൻറെ വീട്ടിൽ, എൻറെ വരവും കാത്തിരിക്കുന്ന വൃദ്ധരായ മാതാപിതാക്കളുണ്ട്. പിഞ്ചുമക്കളുണ്ട്. സ്നേഹനിധിയായ ഭാര്യയുണ്ട്. അവർ ഈ വൃത്താന്തമൊന്നുമറിയാതെ എൻറെ വരവും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുകയാവും. മാത്രമല്ല എനിക്ക് കുറച്ചു കടങ്ങളും ഉണ്ട്. എനിക്കൊരു മൂന്ന് ദിവസത്തെ സമയം തരണം. ഞാൻ പോയി, അവരെ കണ്ടൊന്ന് യാത്ര പറയട്ടെ. എൻറെ കടങ്ങളൊക്കെ വീട്ടട്ടെ. അവർക്കും എനിക്കും അതൊരു ആശ്വാസമാവുമല്ലോ?"


ആളുകൾ പരസ്പരം മുഖത്തോട് മുഖം നോക്കി. കൊലയാളിയായ ഒരാൾ! അയാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു! അയാളെ വിട്ടയച്ചാൽ അയാൾ പിന്നെ മരിക്കാൻ വേണ്ടി മാത്രമായി തിരികെ വരുമോ? 


"നിങ്ങളെ എങ്ങിനെ വിട്ടയക്കും? നിങ്ങൾ തിരികെ വരുമെന്നുള്ളതിന് എന്താണുറപ്പ്? ആരെങ്കിലും നിങ്ങൾക്ക് വേണ്ടി ജാമ്യം നിൽക്കാനുണ്ടോ?" 


ഖലീഫാ ഉമർ ചോദിച്ചപ്പോൾ, അയാൾ നിരാശയോടെ പറഞ്ഞു. "ഞാൻ അറിയുന്ന, എന്നെ അറിയുന്ന ആരും ഇവിടെയില്ല." ആൾക്കൂട്ടത്തിലേക്ക് നോക്കി അയാൾ കേണു. "അനുഗ്രഹീതരെ, നിങ്ങളിൽ ആരെങ്കിലും എനിക്ക് വേണ്ടി ജാമ്യം നിൽക്കുമോ? തീർച്ചയായും ഞാൻ തിരികെ വരും."


ആൾക്കൂട്ടത്തിൽ നിന്നും മുറുമുറുപ്പുയർന്നു. വധശിക്ഷ വിധിച്ചൊരാൾക്കെങ്ങിനെ ജാമ്യം നിൽക്കും? അയാളെങ്ങാനും തിരികെ വന്നില്ലെങ്കിൽ പകരം ജാമ്യക്കാരൻ വധിക്കപ്പെടും. ആർക്കും അതിന് ധൈര്യമുണ്ടായില്ല. അയാൾ വീണ്ടും ജനങ്ങളിലേക്ക് നോക്കി കെഞ്ചി. അപ്പോൾ ഗിഫ്ഫാർ ഗോത്രത്തിൻറെ നേതാവായിരുന്ന അബൂദർറുൽ ഗിഫ്ഫാർ  മുന്നോട്ട് വന്നു.


"നിങ്ങൾ തിരികെ വരുമെന്നതിന് എന്താണുറപ്പ്? എനിക്കും നിങ്ങൾക്കുമിടയിൽ അങ്ങിനെ വല്ല ഉറപ്പുമുണ്ടോ?"


അയാൾ വിളിച്ചു പറഞ്ഞു. "സർവ്വേശ്വരനായ അല്ലാഹുവല്ലാതെ വേറെ ഒന്നുമില്ല"


അബൂദർറ് : "അത് മതി. ഞാൻ നിങ്ങൾക്ക് ജാമ്യമാണ്."


ആളുകൾ ആശ്‌ചര്യത്തോടെ ചോദിച്ചു.  "അബൂദർറ്... താങ്കൾ ശരിക്കും ആലോചിച്ചിട്ടാണോ?"


അബൂദർറ് : "ഇസ്‌ലാമിൻറെ മുൻപ്, അജ്ഞതയുടെ കാലത്ത്, ആരെങ്കിലും അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്താൽ നമ്മൾ അംഗീകരിച്ചിരുന്നല്ലോ? പിന്നെയെന്തിനാണ് ഞാനിപ്പോൾ ഭയക്കുന്നത്? ഞാനുറപ്പിച്ചു കഴിഞ്ഞു. സത്യവിശ്വാസികളുടെ നേതാവേ, ഞാൻ ഇയാൾക്ക് വേണ്ടി ജാമ്യം നിൽക്കാം. ഇയാൾ സ്വന്തം കുടുംബത്തോട് യാത്രപറഞ്ഞ്, കടവും കടമയും വീട്ടി വരട്ടെ."


അയാൾ വിട്ടയക്കപ്പെട്ടു. അതിവേഗം അയാൾ അവരിൽ നിന്നും മറയുകയും ചെയ്തു. മരണപ്പെട്ട വൃദ്ധൻറെ മക്കൾ മദീനയിൽ അയാളെയും കാത്തിരുന്നു. മൂന്നാം ദിവസം. ഇന്നാണ് അയാൾ വരാമെന്ന് പറഞ്ഞത്. മരണശിക്ഷയേറ്റുവാങ്ങാൻ. അക്ഷമരായി ആ മക്കൾ കാത്തിരിക്കുകയാണ്. അബൂദർറും കാത്തിരിക്കുകയാണ്. പകൽ അവസാനിക്കാറായപ്പോൾ ആ മക്കൾ ഖലീഫയുടെ മുൻപിലെത്തി. 


"ഞങ്ങൾ ഞങ്ങളുടെ പിതാവിൻറെ ഘാതകനെ അങ്ങയുടെ മുൻപിൽ ഹാജറാക്കി. ഒരു ജാമ്യക്കാരനെ വിശ്വസിച്ച് അങ്ങ് അയാളെ വിട്ടയച്ചു. അയാൾ പറഞ്ഞ അവധി കഴിഞ്ഞല്ലോ? ഞങ്ങൾക്ക് നീതി വേണം."


"അബൂദർറ്, താങ്കൾക്കെന്താണ് പറയാനുള്ളത്?"


ഖലീഫയുടെ ചോദ്യത്തിന് ശാന്തനായിക്കൊണ്ട് അബൂദർറ് മറുപടി പറഞ്ഞു. "അസ്തമയം വരെ കാക്കണം. അയാൾ വന്നില്ലെങ്കിൽ, അയാൾക്ക് പകരം ആ വധശിക്ഷയ്ക്ക് ഞാൻ അർഹനാണ്."


അവർ കാത്തിരുന്നു. അസ്തമയമായി. ഇനി സമയമില്ല. അയാൾക്ക് പകരം ജാമ്യക്കാരൻ വധിക്കപ്പെടണം. അബൂദർറ് സ്വന്തം വിധി സ്വീകരിക്കാനൊരുങ്ങി. വധശിക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കെ, ഖലീഫാ ഉമർ ദുഃഖിതനായിരുന്നു. ശ്രേഷ്ടനായ പ്രവാചകാനുയായിയാണ് അബൂദർറ്. ഒരു ഗോത്രത്തിൻ്റെ നേതാവാണ്. പൗരപ്രമുഖനാണ്. സർവ്വോപരി തൻറെ വലിയ സുഹൃത്തുമാണ്. എന്ത് ചെയ്യാം. നീതിയും നിയമവും നടപ്പാക്കുമ്പോൾ, സ്വന്തബന്ധങ്ങളോ ആളുകളുടെ സ്ഥാനമാനങ്ങളോ നോക്കാൻ പാടില്ലല്ലോ.


ആ മുഹൂർത്തമായി. നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇരുണ്ടു തുടങ്ങിയ തെരുവീഥിയിൽ കൂടി ഒരാൾ ഓടിവന്നുകൊണ്ട് വിളിച്ചു പറഞ്ഞു.


"ആ നിരപരാധിയെ വിട്ടയക്കണേ. അപരാധി ഇതാ വന്നിരിക്കുന്നു."


ആളുകൾ നോക്കിയപ്പോൾ അത്ഭുതപ്പെട്ടു. ഓടിക്കിതച്ച് പരവശനായി വന്നത് അയാളായിരുന്നു. അയാൾ അവർക്ക് മുൻപിലേക്ക് തളർന്നു വീണു. പ്രയാസപ്പെട്ടുക്കൊണ്ട് അയാൾ പറഞ്ഞു.


"നേരം വൈകിയതിന് ക്ഷമിക്കണം. വഴി വളരെ ഇടുങ്ങിയതായിരുന്നു. നീണ്ടതും. സമയത്തിനെത്താൻ വേണ്ടി ഞാൻ ഓടിവരികയായിരുന്നു. എന്നിട്ടും എനിക്കതിനായില്ല. എനിക്ക് പകരം ഇദ്ദേഹത്തെ ശിക്ഷിക്കുമോ എന്നായിരുന്നു ഞാൻ ഭയന്നത്. അല്ലാഹുവിന് സ്തുതി. നിങ്ങൾ അദ്ദേഹത്തെ വിട്ടേക്കൂ. ഞാൻ ഇതാ ഇവിടെയുണ്ടല്ലോ."


ആ മൂന്ന് കുട്ടികൾ കരഞ്ഞുകൊണ്ട് അയാളുടെ അരികിലേക്ക് വന്നു. "അല്ലാഹുവിനോടുള്ള കരാർ പാലിച്ച നിങ്ങളോട് ഞങ്ങൾ എങ്ങിനെയാണ് പ്രതികാരം ചെയ്യുക. അല്ലാഹു ഞങ്ങളുടെ പിതാവിനോട് കരുണ ചെയ്യട്ടെ. ഞങ്ങൾ നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിലേക്ക് തിരിച്ചു പോകാം."


ആ മുഹൂർത്തത്തിൽ അവിടെ പുഞ്ചിരികൾക്കല്ലാതെ വാക്കുകൾക്കെന്ത് സ്ഥാനം!


ശുഭം 

No comments:

Post a Comment