Saturday, July 17, 2021

ഹലാക്കിലെ നെയ്‌ച്ചോറ്!!!



ഒരു നല്ല ഞായറാഴ്ചയായിട്ട്, രാവിലെ സുബഹിക്ക് തന്നെ കാര്യങ്ങളൊക്കെ കൈ വിട്ടുപോയി. പരമശുദ്ധനായ ഞാൻ, ഒരു രസത്തിനൊരു കുനിഷ്ഠ് തമാശ പറഞ്ഞതാണ്. അത് ഓളുടെ തലമണ്ടയിൽ കേറി ആണിയടിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ. 


ഇപ്പോഴെന്തായി! വെളുക്കാൻ തേച്ചത് പാണ്ട് മാത്രമല്ല, കുഷ്ഠവും കുരുപ്പും കൂടിയായി. അവൾ മോന്തയും വീർപ്പിച്ച്, ഏത്തക്കൊട്ടയിൽ വെള്ളം കോരിവച്ചപോലൊരു ഇരുത്തമാണ്. ഓളെ മുണ്ടൻ ചത്തുപോയെന്ന് തോന്നുന്നു. യാതൊരു മിണ്ടാട്ടവുമില്ല!  


സോപ്പിടാൻ വേണ്ടി ഞാനരികിൽ ചെന്ന്, "എന്ത് പറ്റിയെടീ ചക്കരപ്പാട്ടെ" എന്നൊരു ചോദ്യത്തോടെ, ആ ചുമലിലൊന്ന് സ്പർശിച്ചതേയുള്ളൂ. പാമ്പ് ചീറ്റുന്നത് പോലൊരു ശബ്ദം കേട്ടു. കറണ്ടടിച്ചപോലെ, ദാ കിടക്കുന്നു ഞാനൊരു മൂലയിൽ. ബലാലിന് വല്ല്യ ശക്തിയില്ലാത്തോണ്ട് നടുവൊടിഞ്ഞില്ല!  


ഇതിപ്പോൾ മുടിയാൻ കാലത്ത് മുച്ചീർപ്പൻ കുലച്ച പോലായല്ലോ പടച്ചോനെ. രാവിലെ കിട്ടാറുള്ള പതിവ് ചായ കിട്ടാഞ്ഞിട്ടാണെന്ന് തോന്നുന്നു, അടിവയറ്റീന്നൊരു ഗുളുഗുളൂ ശബ്ദം. ഇന്നിനിയോള്, അടുക്കളയിൽ കേറി ഒരു ഗ്ലാസ്സ് വെള്ളമനത്തിത്തരുമെന്ന്‌ കരുതുക വയ്യ. ദാ.. ഇരിക്കുന്ന ഇരിപ്പു കണ്ടില്ലെ? സർവേ കല്ലിൽ  പോക്കാച്ചിത്തവളയിരിക്കുന്ന പോലെ. ആഹ! കാണാനെന്തൊരു ചേല്. നല്ല അന്തസ്സുള്ള പോക്കാച്ചിത്തവള!


രാവിലെ തന്നെ മുറിക്കയ്യൻ കുപ്പായവും വലിച്ചുകേറ്റി നേരെ ജിന്നങ്ങാടിയിലെ പൊണ്ണൻ മമ്മൂൻറെ ചായക്കടയിലേക്ക് വച്ചുപിടിച്ചു. നല്ല സ്ട്രോങ്ങായിട്ടൊരു ചായയങ്ങോട്ട് വലിച്ചുകേറ്റിയപ്പോൾ, വയറ്റിൽ നിന്നും സൈറൺ മുഴങ്ങി. ശടപടാന്ന് ഓടിപ്പിടഞ്ഞ് കക്കൂസിൽ കേറി കുന്തിച്ചിരിക്കുമ്പോഴാണ്, ആ ചിന്തകൾ മനസ്സിലേക്ക് ഏന്തിവലിഞ്ഞ് കയറിവന്നത്.    


അല്ലെങ്കിലും അതങ്ങിനാ! വിനാശ കാലത്ത്‌ കുരുത്തക്കേടിന്‌ പടുജീവൻ വെക്കാൻ, സ്ഥലകാലമൊന്നും പണ്ടേ നോക്കാറില്ലല്ലോ!?


ഓളൊരു പെണ്ണല്ലേ? പെണ്ണുങ്ങൾക്കിത്ര വാശി പാടുണ്ടോ? ഞനൊന്നുമില്ലെങ്കിലും... ഓളെ ഭർത്താവല്ലേ? ഈ ലോകത്തുള്ള സകലമാന പെണ്ണുങ്ങളുടേയും വിചാരം... അവളുമാരില്ലെങ്കിൽ... ഞങ്ങൾ ഭർത്താക്കന്മാരെല്ലാം എടങ്ങേറിൻറെ കൊടീം പിടിച്ച്‌, പണ്ടാറടങ്ങിപ്പോകുമെന്നാണോ? ആഹ! എന്നാലിന്നിവൾക്ക്‌ കാണിച്ചു കൊടുത്തിട്ടു തന്നെ കാര്യം. ഇന്നുച്ചത്തേക്കുള്ള ശാപ്പാട്‌... സ്വന്തം നിലയിൽ... ഞാനുണ്ടാക്കി... അവളെക്കൊണ്ട് തീറ്റിക്കണം. ഞമ്മളോടാണോ കളി? ഇവളുമാരൊന്നുമില്ലെങ്കിലും... ഞങ്ങൾ ഭർത്താക്കന്മാർക്കൊരു പൊല്ലാപ്പും ഇല്ലാതെ...  എത്രകാലം വേണമെങ്കിലും സുഖമായി ജീവിക്കാമെന്നൊന്ന് കാണിച്ചു കൊടുക്കണം. അല്ല പിന്നെ. 


എന്തുണ്ടാക്കും എന്നാലോചിച്ചപ്പോൾ, ഒരു നെയ്ച്ചോറ് തന്നെ ആയിക്കളയാം എന്നാണ് ബുദ്ധിയിലുദിച്ചത്. അതല്ലെങ്കിലും അങ്ങിനെതന്നെ വേണമല്ലോ? വിവരക്കേടാവുമ്പോൾ ഏറ്റവും ചുരുങ്ങിയത്‌ നീരോട്ടി മലയുടെ അത്രയും വലിപ്പമുള്ള വിവരക്കേടെങ്കിലും വേണം. എന്നാലേ അതിനൊരു ഗുമ്മുള്ളൂ!


ഒന്നും നോക്കിയില്ല. നേരെ ചെന്ന് ബീരാൻകാക്കാൻറെ കടയിൽ നിന്നും ഒരു കിലോ പോത്തിറച്ചിയും, പള്ളിപ്പീടികയിൽ നിന്ന് ജീരകശാല അരി, അണ്ടി, മുന്തിരി, ഏലം, പട്ട, കരയാമ്പൂ, നെയ്യാദികളുമൊക്കെ വാങ്ങി വന്ന എന്നെ കണ്ട് ഞെട്ടിച്ചാടിയ ഓളുടെ തള്ളിവന്ന തവളക്കണ്ണുകൾ മനഃപൂർവ്വം കണ്ടില്ലെന്ന്‌ നടിച്ചു. 


സംഗതിവശാൽ ജീവിതത്തിലിന്നോളം ഞാൻ ഒരു സാദാ ചോറു പോലും വച്ചിട്ടില്ല. കറിയും വച്ചിട്ടില്ല. പാചകവുമായി ആകെയുള്ള ബന്ധം, ഉണ്ടാക്കിയത് തിന്നുതീർക്കുക എന്നത് മാത്രമാണ്. ആ ഞാനാണ് ഒരു സഞ്ചി നിറയെ സാധനങ്ങളുമായി അവളുടെ മുന്നിലൂടെ നേരെ അടുക്കളയിലേക്ക് കയറിപ്പോകുന്നത്. അവളുടെ കണ്ണ് തള്ളിത്തള്ളി പുറത്തേയ്ക്ക് തെറിച്ചുപോകാഞ്ഞത് മഹാഭാഗ്യം!


സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരുന്ന വഴി, പൊണ്ണൻ മമ്മൂൻറെ ചായക്കടയിൽ ചായയടിക്കാൻ നിൽക്കുന്ന ഉസ്മാനോട്,  നെയ്‌ച്ചോറെങ്ങിനെയാണുണ്ടാക്കുക എന്ന് തഞ്ചത്തിൽ ചോദിച്ച് മനസ്സിലാക്കിയിരുന്നു. മാത്രമല്ല പോത്ത് കറിയുണ്ടാക്കുന്നതിനെക്കുറിച്ചും. ഞാനാരാ മോൻ. അങ്ങിനെ തോറ്റുകൊടുത്താൽ പറ്റില്ലല്ലോ. 


അടുക്കളയിൽ കയറിയ എൻറെ കയ്യിലാദ്യം തടഞ്ഞത് സവാളയായിരുന്നു. ഒരഞ്ചാറെണ്ണമെടുത്ത്,  എല്ലാറ്റിൻറെയും ശ്രീലങ്കൻ കീഴ്‌കോണും, കാശ്മീർ തലയും വെട്ടിമാറ്റി, കുപ്പായമൂരി, നീളത്തിൽ അരിയാൻ തുടങ്ങി. ഒരഞ്ചാറു നിമിഷം കുഴപ്പമില്ലായിരുന്നു. പിന്നെ കണ്ണുകളിൽ നിന്നും മലവെള്ളപ്പാച്ചിലുണ്ടായി. മൂക്കിലാണെങ്കിൽ ആകെമൊത്തം ഒരു ജഗപൊക. ൻറെ പടച്ചോനെ.. ഈ ഉള്ളി വെട്ടുന്ന പെണ്ണുങ്ങളെയൊക്കെ സമ്മതിക്കണം.


തോറ്റു കൊടുക്കാനെനിക്ക്‌ മനസ്സില്ലായിരുന്നു. ഞാൻ തോറ്റെന്നാലത്‌ സകല ഭർ‍ത്താക്കൻമാരും തോറ്റ പോലെയാണ്‌. അഖിലലോക ഭർത്താക്കൻമാരേയും ഒന്നിച്ച് ചേർത്തൊരു സംഘടനയുണ്ടാക്കി, അതിൻറെ പ്രസിഡണ്ടാവുക എന്നതാണ്‌, ഇപ്പോഴെൻറെ ലക്ഷ്യം. അപ്പോൾ പിന്നെ ഞാനെങ്ങനെ, ഈ നാലഞ്ച് ഊളസവാളകളുടെ മുന്നിൽ തോൽക്കും?   


ഉള്ളി വെട്ടെന്ന യുദ്ധം കഴിഞ്ഞു. ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി എന്നിവ ചതച്ചെടുത്തു. അളവൊക്കെ തോന്നിയപടിയാണ്. എൻറെ സിദ്ധാന്തം ഇതെല്ലാം കൂടുന്നതിനനുസരിച്ച് സംഗതി നന്നാവുമെന്നാണ്. അറിവില്ലായ്മ ഒരു പാപമല്ലല്ലോ. തക്കാളി അരിഞ്ഞുവച്ചു. ഇപ്പോൾ കുക്കറിഷോയിൽ കാണുന്ന മേശ പോലെ, അടുക്കള മൊത്തം കുഞ്ഞികുഞ്ഞി പാത്രങ്ങളിൽ ഓരോരോ സാധനങ്ങൾ.

 

ആദ്യം ഉണ്ടാക്കാൻ തുടങ്ങിയത്‌ ബീഫ്‌ കറി.  അടുപ്പത്ത് പാത്രം വച്ചു. വെളിച്ചെണ്ണയൊഴിച്ച് വയറ്റാനാണ് പറഞ്ഞത്.  മൂന്ന് കുപ്പിയിലെണ്ണ. ഇതിലേതാണ് പടച്ചോനെ വെളിച്ചെണ്ണ. ഞാൻ ഓരോ കുപ്പിയും മൂടി തുറന്ന് മണത്ത് നോക്കി. വെളിച്ചെണ്ണയാണെന്ന് തോന്നിയത് കുറെ ചൂടായികൊണ്ടിരിക്കുന്ന പാത്രത്തിലേക്കൊഴിച്ചു.  


അരിഞ്ഞതും ചതച്ചതും ഒക്കെക്കൂടി വാരിയിട്ട് ഒരു വയറ്റായിരുന്നു. അങ്ങിനെ നാശ കോടാലിയാക്കിയ വയറ്റിലേക്ക്, തോന്നിയ പടി മുളകു പൊടിയും, മല്ലിപ്പൊടിയും, മഞ്ഞൾ പൊടിയുമൊക്കെ ഇട്ട്‌, ഒരു ജഗ്‌ വെള്ളമൊഴിച്ച്‌, അത്‌ തിളച്ചു വരുന്നതിൻറെ മുമ്പേ, കണ്ടിച്ചു വച്ചിരുന്ന  പോത്തുമിട്ടു. എന്നിട്ട് ഞാൻ എന്നോടു തന്നെ സ്വയം പറഞ്ഞു. ഇജ്ജാളൊരു സംഭവം തന്നെ ട്ടൊ. വീതനപ്പുറത്തിരിക്കുന്ന ഉപ്പുപാത്രം എന്നോട് വിളിച്ചു ചോദിക്കുന്നുണ്ട്. എന്നെ ഇനി നിൻറെ ചെകുത്താനാണോടാ ഇടുക എന്ന്. ആര് കേൾക്കാൻ!


ഉപ്പില്ലാത്ത ബീഫ് അവിടെ കിടന്ന് വേവട്ടെ. ആ നേരം കൊണ്ട് അടുത്ത പണി നോക്കാം. നെയ്‌ച്ചോറ് വെക്കാനുള്ള പാത്രമെടുത്ത്‌ അടുപ്പത്ത്‌ വെച്ചു. അതിൻറെ അടിയിലുള്ള ഇത്തിരി വെള്ളം ശൂന്ന്‌ പറഞ്ഞു തുടങ്ങിയപ്പോൾ നാലു വലിയ സ്പൂണ്‍ നെയ്യ്‌ കോരി ഒഴിച്ചു. തീ ഒരു കണ്ട്രോളുമില്ലാതെ കത്തുകയാണ്. അൽപ്പം കഴിഞ്ഞപ്പോൾ പാത്രത്തിൽ ചടിപിടീന്നൊരു പൊട്ടിത്തെറിപ്പ്.      


അണ്ടിപ്പരിപ്പ്‌ ഇട്ടു. ഇളക്കലിനൊട്ടും കുറവു വന്നില്ലെങ്കിലും സായിപ്പിനെ പോലെ വെളുത്തിരുന്ന അണ്ടിപ്പരിപ്പ്‌, എങ്ങിനെ ഇത്ര വേഗം നീഗ്രോയെ പോലെ കറുപ്പനായെന്ന്, എത്ര ആലോചിച്ചിട്ടും ഒരു പിടീം കിട്ടിയില്ല. ഒരുവിധം യുദ്ധ കാലാടിസ്ഥാനത്തിൽ അണ്ടിപ്പരിപ്പ്‌ കോരിയെടുത്തു. ആ വകയിൽ വിരൽ തുമ്പൊന്ന് ചെറുതായി പൊള്ളിയപ്പോൾ, ഒന്നും നോക്കിയില്ല. യാതൊരു മടിയും കൂടാതെ അണ്ടിപ്പരിൻറെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു. 


പിന്നെ മുന്തിരിയിട്ടു. ഇടുന്നതിൻറെ മുമ്പേ എടുത്തു. ഉള്ളിയിട്ടു. ഇളക്കിയിളക്കി മനുഷ്യൻറെ കയ്യിൻറെ പേശികളൊക്കെ വേദനിക്കാൻ തുടങ്ങി. ചുവന്നു തുടങ്ങിയപ്പോൾ കോരിവെക്കാനായി ഒരു പാത്രമെടുക്കാനങ്ങോട്ട്‌ തിരിഞ്ഞതേയുള്ളൂ. പിന്നെ നോക്കുമ്പോൾ അണ്ടിപ്പരിപ്പാണോ ഉള്ളിയാണോ കൂടുതൽ കറുത്തത്‌, എന്നായി സംശയം. ഒരു നിമിഷം കൊണ്ട്‌ ഇങ്ങിനെയൊക്കെ സംഭവിക്കുമോ? 


എന്നാലുമെൻറെ അടുപ്പേ, ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി! 


ഇനിയും ഉള്ളി അരിയാനുള്ള ത്രാണി കണ്ണുകൾക്കില്ലാത്തതിനാൽ, തൽക്കാലം നീഗ്രോ ഉള്ളിയും അണ്ടിപ്പരിപ്പുമൊക്കെ മതിയെന്ന് വച്ചു. 


ബാക്കിയുള്ള അരയുള്ളിയുടെ കൂടെ, പട്ടയും, ഗ്രാമ്പൂവും, ഏലവുമൊക്കെ ഓരോ പിടി നെയ്യിലേക്കിട്ട്, ജഗ്ഗിൽ കരുതിയിരുന്ന വെള്ളം മുഴുവനും ഒഴിച്ചു. ഉപ്പുപാത്രം ഇത്തവണയും നിലവിളിക്കുന്നുണ്ട്. ഞാനുണ്ടോ കേൾക്കുന്നു?! 


വെള്ളം തിളയ്ക്കുന്നതിൻറെ മുൻപേ, കഴുകി വച്ചിരുന്ന അരിയെടുത്തിട്ടു. അരിയും വെള്ളവും തമ്മിലുള്ള അനുപാതം കണ്ടിട്ട് എനിക്കങ്ങോട്ട് തൃപ്തി വരുന്നില്ല. സംഗതി ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്നാണു ഉസ്മാൻ പറഞ്ഞത്. ഞാൻ അത് രണ്ടര ഗ്ലാസ്സ് ആക്കി ഇപ്പോഴേ ഒഴിച്ചിട്ടുണ്ട്. എന്നിട്ടും എന്തോ ഒരു പോരായിക പോലെ.  ഇതു മതിയാവുമോ? സംശയം സഹിക്കാനായില്ല. എന്നാൽ പിന്നെ വെള്ളത്തിനൊരു കുറവു വരണ്ട. ഒരു ജഗ്ഗ്‌ വെള്ളം കൂടിയൊഴിച്ചു. വെറും പച്ചവെള്ളത്തിൻറെ കാര്യത്തിൽ എന്തിനാ ഈ പിശുക്ക്?


ഇടക്കിടക്ക്‌ ഇളക്കിക്കൊണ്ടിരിക്കണമെന്നും, അടുപ്പിലെ തീ കുറയ്ക്കണമെന്നും, ഇല്ലെങ്കില്‍ അടിയില്‍ പിടിക്കുമെന്നും ഉസ്മാൻ പറഞ്ഞതിനാൽ, ഇളക്കാനുള്ള തവിയും പിടിച്ച്‌, ഞാൻ അടുപ്പിൻറെ ശീർഷക കോണിൽ തന്നെ നിൽക്കുമ്പോൾ, വീടിൻറെ മുറ്റത്ത്‌ നിന്നൊരു നശിച്ച കാക്ക,  ക്രാ ക്രാ എന്ന്‌ വിരുന്നുകാരെ വിളിച്ചു. 


നശൂലം പിടിച്ച കാക്കയ്ക്കിതെന്തിൻറെ സൂക്കേടാ? ഈയുള്ളവനിവൻറെ ബീവിയെ ഒന്നിമ്പ്രഷൻ ചെയ്യാനായി, ഒരു പോങ്ങ അരിയിട്ടൊരു പിടി നെയ്‌ച്ചോറ് വെക്കുന്ന ദിവസം തന്നെ വേണോ, പോക്കണം കെട്ട ഈ കാക്കയ്ക്ക്‌ വിരുന്നുകാരെ വിളിക്കാൻ? 


മുറ്റത്തേക്കോടിച്ചെന്ന്‌, ഒരു കല്ലെടുത്ത്‌ കാക്കയെ എറിഞ്ഞോടിച്ചു. "പോ കാക്കേ! നീ വേണേ...  അയലോക്കത്തെ ആലിക്കുട്ട്യാക്കാൻറെ അടുക്കളപ്പുറത്തു ചെന്ന്‌... എത്ര വേണേലും വിരുന്നുകാരെ വിളിച്ചൊ." 


കാക്ക എന്നെ പ്രാകിപ്പറഞ്ഞു കൊണ്ടെങ്ങോട്ടോ പറന്നു. തിരിച്ചടുക്കളയിലെത്തിയ ഞാൻ നെയ്‌ച്ചോറിൽ ഇടക്കിടക്ക്‌ തവിയിട്ടിളക്കിക്കൊണ്ട്‌ നിന്നു. എത്ര ഇളക്കിയിട്ടും വെള്ളം വറ്റുന്നില്ല. ഇപ്പോൾ സംഗതി ഏകദേശം ഒരു പായസപ്പരുവമായിട്ടുണ്ട്‌. തവളക്കണ്ണൻ തിളവരുന്ന ഒരു ഒന്നൊന്നര പായസം. സംഗതി പാളിയോ... പടച്ചോനെ?!


ആ സമയത്താണ്‌  യാതൊരു ലൈസൻസുമില്ലാതെ തീ കത്തിക്കൊണ്ടിരിക്കുന്ന, മറ്റേ അടുപ്പത്തെ ബീഫിൻറെ കലത്തിൽ നിന്നും, ഞാനടിയിൽ പിടിച്ചത്‌ മതിയോ എന്നൊരു ചോദ്യത്തോടെ, ഒരു മണം എന്നെ തേടി വന്നത്‌? ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്ന തിരിച്ചറിവിൽ ഞാൻ അടുപ്പിലെ തീയൊക്കെ അണച്ചു. ഇനിയെന്ത്‌ എന്നൊരു ഹിമാലയൻ ചോദ്യം മാത്രം ബാക്കിയായി. 


ഈ നെയ്പായസമെങ്ങിനെയാണ്‌ നെയ്ചോറാക്കുക എന്ന്‌ അവളോട്‌ തന്നെ ചോദിക്കേണ്ടി വരുമല്ലോ എന്നതാണ്, ഇപ്പോഴത്തെ എൻറെ ഏറ്റവും വലിയ പ്രശ്നം! 


അതു വരെ അടുക്കളയിലേക്കൊന്നു വരാത്ത ബീവി, അപ്പോഴേക്കും പിണക്കത്തിൻറെ ചൂടിത്തിരി കുറഞ്ഞതിനാലും, ജീവിതത്തിൽ ആദ്യമായി എൻറെ കൈകൊണ്ടുണ്ടാക്കിയ എന്തെങ്കിലുമൊക്കെ കഴിക്കാമെന്നതിനാലും, ഇത്തിരി തെളിഞ്ഞ മുഖവുമായി അടുക്കള വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. 


അടുപ്പത്തു കഞ്ഞിപ്പരുവത്തിലിരിക്കുന്ന നെയ്ചോറും, വീതനപ്പുറത്തുള്ള സോസറിലെ നിഗ്രോ കശുവണ്ടിയും, ഉള്ളിയുമൊക്കെ കണ്ടപ്പോൾ, അവളുടെ മുഖം ഹാസ്യരസം കാരണം ഒരു തളികയോളം വികസിച്ചു. ആദ്യം വായ പൊത്തി ഗും ഗും എന്നു ചിരിച്ചവൾ പിന്നെ കയ്യെടുത്ത്‌ വിശാലമായി ഹഹഹ എന്നു പൊട്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി. 


എനിക്കാണെങ്കിൽ ആ ചിരി എന്നെ കൊല്ലുന്ന പോലെയും തോന്നി. കാമുകിയുടെയും അവളുടെ അഞ്ചാറു കൂട്ടുകാരികളുടെയും മുന്നിൽ വച്ച്‌, സൈക്കിളില്‍ നിന്നും തലേം കുത്തി വീണവനെ പോലെ, ഞാൻ തീരെ വോൾട്ടേജില്ലാത്ത ഒരു അവിഞ്ഞ ഇളിയും ഇളിച്ചു കൊണ്ടങ്ങിനെ നിന്നു! 


പോത്തു കറിയിൽ നിന്നും സ്പൂണിൽ ഒരൽപം കറിയെടുത്തവൾ ആദ്യമൊന്നു മണത്തു നോക്കുകയും, പിന്നെ രുചിച്ചു നോക്കുകയും ചെയ്തു. നവരസങ്ങൾ ആ മുഖത്ത്‌ മിന്നിമറയുന്നത്‌ കണ്ടപ്പോൾ തന്നെ, കറി അസ്സലായി എന്നെനിക്ക്‌ ബോധ്യമായി. പോരാത്തതിന്‌ അടിയിൽ പിടിച്ചതും. വായയിൽ പെട്ടത് തുപ്പിക്കളഞ്ഞ ശേഷം,  അവളൊരു പിടി പഞ്ചസാരയെടുത്ത് വായിലിട്ടു. അതിൻറെ മേലേ കുറേ വെള്ളവും കുടിച്ചു. എല്ലാമൊന്ന്‌ നോർമ്മലായി വന്നപ്പോൾ അവളെന്നോട്‌ ഒരേ ഒരു കാര്യമേ പറഞ്ഞുള്ളൂ. 


"ഇനി മേലാലീ അടുക്കളേക്ക്‌ ഇങ്ങളെങ്ങാനും വന്നാ... പടച്ചോനാണെ... ഞാനെൻറെ വീട്ടീ പോവും. പറഞ്ഞില്ലാന്ന് മാണ്ടാ."


ഇക്കഥ ഇവ്വിധം ശുഭം!

അബൂതി

1 comment: