Friday, August 6, 2021

പ്രേമോപഹാരം!




ചാരുചന്ദ്രിക മിഴിയിലേന്തിയ 

പ്രണയദേവതയാണു നീ.

സാരസുന്ദര ശ്രുതികൾ മൂളും   

ദേവഗായികയാണു നീ.


താവകാമൃതഹാസകൗമുദി

ചന്ദനപ്പൂഞ്ചോലയിൽ, 

മാമകസ്മൃതി വീണലിഞ്ഞിഴ 

ചേർന്നതാണീ ജീവനിൽ!


യാനവീഥിയിലാകെയും നീ 

പൂത്തു നിന്ന പൂമരം!

പൂങ്കിനാവിൻ പുണ്യമായ് നീ 

പൂർണ്ണമാക്കിയെൻ ജീവനം!


ശ്യാമമേഘക്കുളിർ മാരിയായ് നീ  

പ്രാണനിൽ മധു തൂവവേ,

നിന്നെയോർത്തു പാടിടാം ഞാൻ 

ഹൃദയതംബുരു മീട്ടിടാം!  


ലാലസാഗുണ രാഗമുണരും  

വാരിജപ്പൂമിഴികളിൽ, 

ശ്രീലസ്വപ്ന വസന്തമായിക

മാതർമന്ത്രമൊളിച്ചുവോ?  


താരകപ്പൂമാല ചാർത്തിയ 

രാവിലെന്നെയോർത്തുവോ?

രാക്കുയിൽ കളഗാനമുയരേ 

തവമാരനെ നീ തേടിയോ?


അബൂതി 

1 comment:

  1. അതിമനോഹരം.... നല്ല വരികൾ.. ഇനിയും എഴുതുക 👏👏👏👏👏

    ReplyDelete