മാദകസ്വപ്നത്തിൻ മന്ത്രവാദത്തിൽ
മനസ്സിലെ മാമയിലുണർന്നാടാവേ,
മാമകസ്മൃതിലാകെ നിന്നോർമ്മയാം
മലർമണമൊഴുകുന്നു മഞ്ഞുപോൽ!
സംഭോഗരാഗത്താലുടൽ വീണകൾ
സ്വരജതിയാം പൂക്കളുതിർത്തീടവേ,
സംഗമവേളയിൽ നമ്മെ മറന്നു നാം
സുഗന്ധോദ്യാനത്തിലുല്ലസിച്ചതല്ലേ?
നേരുനീ ചൊല്ലു; നിനക്കില്ലെ ദാഹം?
നന്ത്യാർവട്ടവുമിതര നിശാപൂക്കളും,
നമുക്കല്ലോ വിടരുന്നതറിയുന്നില്ലേ;
നീയെന്നിട്ടുമെന്തിനിനിയുമീ മൗനം?
ഇനിയുമാമോദനിമിഷങ്ങളുണരുമോ?
ഇനിയുമാമാനന്ദരതികൂജനമുണരുമോ?
ഇനിയുമാമാർദ്ര ദ്വികപുഷ്പമുണരുമോ?
ഇനിയുമീ മതി ലജ്ജിച്ചു മിഴി പൂട്ടുമോ?
അലങ്കാരങ്ങളില്ലാത്ത കവിത പോൽ
ആഴിയിൽ വീഴും ഹിമമാരി പോൽ
അർത്ഥശൂന്യമെൻ വിമൂക ജീവനിൽ,
അനുഭൂതിയുണ്ടോ നീയില്ലെന്നാകിൽ?
കൽഹാരമുണരുമുഷസ്സിൽ നിനക്കായ്
കവിതയൊന്ന് കുറിച്ചിടാമീ ദളത്തിൽ!
കല്പിതമല്ലാത്തൊരെൻ പ്രണയമേ നീ
കാണ്മതില്ലെങ്കിലതെത്രമേൽ വിഫലം?
വൃഥാ കുറിച്ചിട്ടു ഞാൻനിനക്കായ്
വ്യർത്ഥമായടർന്നൊരെൻ കവിത.
വനസ്ഥബാലികാമാറിടമലങ്കരിച്ച
വൈരഹാരമെന്ന പോൽ വിഫലം!
അബൂതി
No comments:
Post a Comment