Thursday, September 14, 2017

ഓർമ്മകൾ

എന്തിനെൻ നെഞ്ചിലെ ചിറകറ്റ പക്ഷി;
വെറുതെ പറക്കാൻ കൊതിക്കുന്നു നീ?
അമ്പേറ്റു വീണിട്ടും, ചിറകറ്റു പോയിട്ടും,
ചാവ് കാത്ത് കിടക്കുമീ നേരത്തും.
വെറുതെ പറക്കാൻ കൊതിക്കുന്നു നീ?
ചേക്കേറുവാനുള്ള ചെറുചില്ല പോലും
ചതിയുടെ നാളമേറ്റുണങ്ങിയില്ലേ?
നിൻ സ്വപ്നമന്ദാര മലർവല്ലിയൊക്കെയും
നനതേടി തേങ്ങിയുണങ്ങിയില്ലേ?
നിയഴലിന്റെ ആയുധം നെഞ്ചിലാഴവേ
ചാവു കൊതിച്ചു കരഞ്ഞതല്ലേ?
നീ; ചാവു കൊതിച്ചു കരഞ്ഞതല്ലേ?
നോവിന്റെ പലകയിൽ ചമ്മ്രം പടിഞ്ഞിരിപ്പൂ
നിന്നോർമ്മകൾ; നീറുമോർമകൾ!
മുനകൂർത്ത മുള്ളുകൾ മലരിന്റെയുള്ളിൽ
പാത്തുവച്ചവർക്കിന്നും ചിരിക്കാം.
നിന്റെ ഗദ്ഗദങ്ങളുയരുന്ന നേരത്തവർക്ക്
മഹാമൗന ഗർത്തങ്ങളിൽ ഒളിക്കാം.
പിടയുക നീയീ നോവൽ നിർത്താതെ
നിന്റെ മരണം വരേ പിടഞ്ഞേ തീരുക.
നോവിനെ പുതയ്ക്കാൻ പഠിക്കും വരേയ്ക്കും
നോവിന്റെ തീച്ചൂളയിൽ പിടയുക.
മറവി തന്നാഴങ്ങളിൽ ഉറങ്ങുവാൻ പോയതല്ല
ഓർമ്മകൾ നെഞ്ചിൽ തറക്കുവാൻ
മുള്ളുകൾ തേടി പോയതാണ്.
വരുമവ; എപ്പോഴോ വരും നിശാനിദ്രയുടെ
കഴുത്തമർത്തി; നിന്നെയുണർത്തുവാൻ
ഓർമ്മകൾ; നീറുന്ന നിന്നോർമകൾ!
ഓർമ്മകൾ; തേങ്ങുന്ന നിന്നോർമകൾ!

1 comment:

  1. ഓർമ്മകൾ നെഞ്ചിൽ തറക്കുവാൻ
    മുള്ളുകൾ തേടി പോയതാണ്.
    വരുമവ; എപ്പോഴോ വരും നിശാനിദ്രയുടെ
    കഴുത്തമർത്തി; നിന്നെയുണർത്തുവാൻ
    ഓർമ്മകൾ; നീറുന്ന നിന്നോർമകൾ!
    ഓർമ്മകൾ; തേങ്ങുന്ന നിന്നോർമകൾ ...!

    ReplyDelete