Monday, September 18, 2017

റഖ്ബയിലെ ചെന്നായ്ക്കള്‍അഘാസുരനെ പോലെ നീണ്ട്‌ കിടക്കുന്ന കറുത്ത പാത. ഞങ്ങള്‍ക്കു പിന്നില്‍ റിയാദെന്ന മഹാപട്ടണത്തിൻറെ പ്രകാശ ഗോപുരങ്ങള്‍ മങ്ങിയിരിക്കുന്നു. ശരീരം മുഴുവന്‍ പാട്ടകള്‍ കെട്ടിത്തൂക്കിയ ഭ്രാന്ത്രനെ പോലെ, ഞങ്ങളുടെ കാര്‍ പലവിധ ശബ്ദങ്ങളുയര്‍ത്തവേ; അതെന്നെ ഭയപ്പെടുത്തി. ഇടക്കിടക്ക്‌ സ്പീഡോ മീറ്ററിലേക്കെന്റെ കണ്ണുകള്‍ തെന്നിവീഴും. അപ്പോളടിവയറ്റില്‍ നിന്നൊരാന്തലുയരും. കേട്ടറിഞ്ഞ കഥകളിലെല്ലാം ഭ്രാന്തമായ വേഗത അറബികള്‍ക്കൊരു ഹരം മാത്രമാണ്‌. 

വിമാനത്താവളത്തില്‍ നിന്നും എന്നെ കൂട്ടിക്കൊണ്ട്‌ പോവുകയാണ്‌ അവാദ്‌. കൂടെ അവന്റെ കൂട്ടുകാരനും. അവാദെന്റെ കഫീലാണത്രെ. പാസ്പോര്‍ട്ട്‌ വാങ്ങി നോക്കിയാണ്‌ അവാദ്‌ എന്നെ തിരിച്ചറിഞ്ഞത്‌. അങ്ങിനെ വിദേശികളുടെ പാസ്പോട്ട്‌ നോക്കുന്ന ഒരുപാട്‌ അറബികളെ ഞാനവിടെ കണ്ടു. എന്നാലും എനിക്ക്‌ നല്ല പേടിയുണ്ട്‌. ഒരു പരിചയവുമില്ലാത്ത നാട്‌. അറബികളെ കുറിച്ച്‌ കേട്ടതില്‍ മുക്കാലും മോശം കഥകള്‍. വിസ തന്നയാള്‍ പറഞ്ഞത്‌ ജോലി റിയാദിലായിരിക്കും എന്നാണ്‌. ഇതിപ്പോള്‍, റിയാദൊക്കെ വിട്ടു. കൂരിരുട്ട്‌ നിറഞ്ഞ്‌ നില്‍ക്കുന്ന മരുഭൂമിയിലൂടെയാണ്‌ യാത്ര. കറാര്‌ പ്രകാരം വര്‍ക്ഷോപിലാണ്‌ ജോലി. ഈ മരുഭൂമിയിലെവിടെ വര്‍ക്ഷോപ്‌? പടച്ചോനെ; പെട്ടോ? മരുഭൂമിയില്‍ ഒട്ടകങ്ങളേയും ആടുകളേയും മേയ്ക്കേണ്ടി വരുമോ? ഈത്തപ്പനയുടെ മുകളിലേക്ക്‌ വലിഞ്ഞു കയറേണ്ടി വരുമോ? ചിന്തകള്‍ക്ക്‌ ഐസിനെക്കാള്‍ തണുപ്പുണ്ടായിരുന്നു. 

അവാദും കൂട്ടുകാരനും എന്തൊ പറഞ്ഞ്‌ ചിരിച്ചുല്ലസിച്ചാണിരിക്കുന്നത്‌. ഇടയ്ക്കൊരു പെട്രോല്‍ പമ്പില്‍ നിറുത്തിയപ്പോള്‍ എനിക്കവര്‍ പെപ്സിയും കേയ്ക്കും വാങ്ങിച്ച്‌ തന്നു. അതിനൊട്ടും രുചി തോന്നിയില്ലെങ്കിലും, മനസ്സിന്റെ ഭാരമൊന്ന്‌ കുറഞ്ഞു. മനുഷ്യപ്പറ്റുള്ളവരാണെന്ന്‌ തോന്നുന്നു. ഇനിയതല്ല, അറുക്കുന്നതിന്റെ മുന്‍പുള്ള വെള്ളം കാട്ടലോ? അല്ലാഹു അഅ്‌ലം. പടച്ചോനേ, നീ തുണ. നീ മാത്രമാണ്‌ തുണ. 

അര്‍ദ്ധ രാത്രി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രധാന പാതയില്‍ നിന്നുള്ളിലേക്ക്‌ തിരിഞ്ഞു. മുന്നിലൊരു വലിയ മതില്‍ക്കെട്ടുണ്ട്‌. ഒറ്റപ്പെട്ടൊരു കെട്ടിടം. ദൂരെ നിന്നത്‌ ഇരുട്ടില്‍ മറ്റൊരിരുട്ടായി, ഒരു പ്രേതഭവനം പോലെ കാണാം. പറഞ്ഞറിയിക്കാനാവാത്ത അമ്പരപ്പിൻറെ വരണ്ട ഭൂമിയിലേക്കെൻറെ മനസ്സ്‌ ഓടിപ്പോയി. 

കാര്‍ നിര്‍ത്തി. ഡോര്‍ തുറന്നപ്പോളെന്നെ വരവേറ്റത്‌, തൊട്ടടുത്തെവിടെ നിന്നോ ഉയരുന്ന പരിചയമില്ലാത്തൊരു ജീവിയുടെ ഓലിയിടലാണ്‌. ഒന്നല്ല. ഒരുപാടെണ്ണത്തിൻറെ. പേടിച്ച്‌ പോയി. ഒരു മുരളല്‍ കേട്ട്‌ ഞെട്ടിത്തിരിഞ്ഞു നോക്കി. ഇരുട്ട്‌ കട്ട പിടിച്ച പോലൊരു കറുത്ത സത്വം; എൻറെ തൊട്ടടുത്ത്‌. രോമകൂപങ്ങളെഴുനേറ്റ്‌ നില്‍ക്കുക മാത്രമല്ല, തൊണ്ടയില്‍ നിന്നൊരു വൃത്തികെട്ട ശബ്ദമുണ്ടാവുകയും ചെയ്‌തു. അവാദ്‌ ചിരിച്ചു കൊണ്ട്‌ അറബിയിലെന്തൊക്കെയോ പറഞ്ഞു. അതൊരു നായയായിരുന്നു. അത്‌ കുറച്ചകലേക്ക്‌ മാറിപ്പോയി. അവാദ്‌ മുന്നോട്ട്‌ നടന്നപ്പോള്‍ വിറച്ചു കൊണ്ട്‌ ബാഗെടുത്ത്‌ ഞാനും കൂടെ ചെന്നു. അവാദൊരു മുറിയുടെ വാതില്‍ തുറന്നു. അകത്തെ ലൈറ്റിട്ടു. അറബിയുടെ കൂടെ ആംഗ്യഭാഷ കൂടിയായപ്പോള്‍, അവാദ്‌ പറഞ്ഞത്‌, "ഇതാണ്‌ നിൻറെ മുറി" എന്നായിരിക്കും എന്ന്‌ ഞനൂഹിച്ചു. 

കഴിഞ്ഞ കുറച്ചു കാലമായി ആ മുറി ആരും ഉപയോഗിക്കുന്നുണ്ടാവില്ല. അത്രയ്ക്ക്‌ പൊടി പിടിച്ചിരുന്നു. ഒരു മൂലയിലെ ഇരുമ്പു കട്ടിലില്‍ മടക്കി വച്ച പഴയൊരു കിടക്ക കണ്ടു. അകത്ത്‌ കയറിയപ്പോള്‍ തന്നെ ഞാനൊരു നാലഞ്ചു വട്ടം തുമ്മി. ഇതിനകം തന്നെ എൻറെ മനസ്സിലെ ഗള്‍ഫെന്ന ചില്ലു കൊട്ടാരം തകര്‍ന്നടിഞ്ഞിരുന്നു. ഇപ്പോളവിടെ നല്ലൊന്നാന്തരം മുരിക്കും കാടാണ്‌. അടുത്തെവിടെ നിന്നോ ആടിൻറെ കരച്ചില്‍ കേട്ടപ്പോള്‍ അഷ്ടാംഗങ്ങളും തളര്‍ന്നു പോയി. അപ്പോള്‍ സംഗതി അത്‌ തന്നെ. എന്നെ ഇവിടേക്ക്‌ കൊണ്ടു വന്നത്‌ ആടിനെ നോക്കാന്‍ തന്നെ. പടച്ച തമ്പുരാനേ, ഇതിലെയാണോ ദുനിയാവിലെ നരകത്തിലേക്കുള്ള വഴി? നിരാശയെൻറെ കഴുത്തിന്‌ കുത്തിപ്പിടിച്ചപ്പോളെനിക്ക്‌ ശ്വാസം മുട്ടി. കണ്ണുകള്‍ തുളുമ്പി. അപ്പുറത്ത്‌ നിന്നും അവാദിൻറെ വിളി കേട്ടു. കണ്ണീര്‍ തുടച്ചു. ഏതായാലും പെട്ടു. ഇനിയൊന്ന്‌ പൊരുതി നോക്കാം. തോല്‍ക്കാന്‍ മനസ്സുള്ളവരെയല്ലേ തോല്‍പ്പിക്കാനാവൂ. എനിക്കതിന്‌ മനസ്സില്ല. 

പുറത്തേക്കിറങ്ങിയ ഞാനന്തം വിട്ടു. അവിടമാകെ പ്രകാശമയം. ആകെ പരന്നു കിടക്കുന്ന പലവിധ കാറുകളുടെ അസ്ഥികൂടങ്ങള്‍. എൻറെ നെഞ്ചില്‍ നിന്നും വലിയൊരു നെടുവീര്‍പ്പ്‌ പുറത്തേക്ക്‌ വന്നു. ഹൊ.. അപ്പൊ, വര്‍ക്ഷോപ്‌ തന്നെയാണല്ലെ? ഇതെന്താ ഈ മരുഭൂമിയിലൊരു വര്‍ക്ഷാപ്‌? അപ്പൊ ഞാന്‍ കേട്ട ആടിൻറെ കരച്ചില്‍? 

കാതോര്‍ത്തപ്പോള്‍ ആടിൻറെ കരച്ചില്‍ മാത്രമല്ല, പ്രാവിന്റെ കുറുകല്‍ കൂടി കേട്ടു. പിന്നെയും വേറൊന്തൊക്കെയോ ജീവികളുടെ ശബ്ദങ്ങള്‍. അവാദ്‌ മുറിയിംഗ്ളീഷും ആഗ്യവും അറബിയും കൂട്ടിക്കലര്‍ത്തിയാണ്‌ സംസാരിക്കുന്നത്‌. ഇപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ പിടികിട്ടുന്നുണ്ട്‌. ആശ്വസിക്കാന്‍ വകയുണ്ടെങ്കിലും, ആടുകളുടെ കരച്ചിലും, പ്രാവിന്റെ കുറുകലും, പിന്നെ അകലെയല്ലാതെ കേള്‍ക്കുന്ന ഏതോ ജീവികളുടെ വന്യമായ ഓരിയിടലും കാരണം; ഭയം മൂടല്‍മഞ്ഞ്‌ പോലെ നെഞ്ചില്‍ കനത്ത്‌ നിന്നു. എന്താണതൊക്കെ എന്ന്‌ ചോദിക്കാന്‍ എനിക്ക്‌ ഭാഷ വശമില്ല. ധൈര്യവും ഇല്ല. 

റഗ്ബ! റിയാദില്‍ നിന്ന്‌ നൂറ്റമ്പതോളം കീലോമീറ്റര്‍ അകലെ. ഹുറൈമിലയ്ക്കും താദിക്കിനും ഇടയിലെ ഒരു കുഞ്ഞു പട്ടണം. അവിടെയാണ്‌ എൻറെ ജോലിസ്ഥലം. പട്ടണത്തിൻറെ പുറത്ത്‌ കൂടി പോകുന്ന ദേശീയപാതയില്‍ നിന്നും ഒരഞ്ഞൂറ്‌ മീറ്റര്‍ ഉള്‍വലിഞ്ഞ്‌ നില്‍ക്കുന്ന വലിയൊരു മതില്‍ക്കെട്ടിനകത്തെ ഒറ്റപ്പെട്ടൊരു കെട്ടിടമാണ്‌ ഞങ്ങളുടെ ഗാരേജ്‌. പഴയ കാറുകള്‍ പൊളിച്ച്‌ വില്‍ക്കുന്ന "തസ്ലിയ" എന്നറബിയില്‍ വിളിക്കുന്ന ഗാരേജ്‌. 

ഒന്നര വര്‍ഷം, ആയുസിൻറെ കണക്ക്‌ പുസ്‌തകത്തിലെരുപാട്‌ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തു. മരുഭൂമിയുടെ വശ്യതും തീവ്രതയും കണ്ടു. മൂക്കില്‍ നിന്നും രക്‌തം കിനിഞ്ഞ്‌ കണ്ണുകളില്‍ ഇരുട്ട്‌ കയറുന്ന ഉഷ്ണവും, അസ്ഥികളിലേക്ക്‌ തുളഞ്ഞ്‌ കയറുന്ന തണുപ്പും അനുഭവിച്ചു. കണ്ണിലും മൂക്കിലേക്കുമൊക്കെ ചരലുകള്‍ വാരിയെറിയുന്ന പൊടിക്കാറ്റും, ആലിപ്പഴത്തിൻറെ അകമ്പടിയോടെ പെയ്യുന്ന മഴയും കണ്ടു. 

നഷ്ടകഷ്ടങ്ങളൊന്നുമുണ്ടായിരുന്നില്ല. നേട്ടങ്ങളേ ഉള്ളൂ. അതിലേറ്റവും വലുത്‌, അവാദ്‌ എന്ന മനുഷ്യനായിരുന്നു. അറബികളെ കുറിച്ചുണ്ടായിരുന്ന സകല മുന്‍വിധികളേയും വേരോടെ പിഴുതെറിഞ്ഞു അദ്ദേഹം. ഒരു സാദാരണ അറബ്‌ കുടുംബത്തിലെ അംഗം. ചെറുപ്പക്കാരന്‍. കഠിനാധ്വാനി. നല്ല വായനാശീലമുള്ളയാള്‍. എനിക്കദ്ദേഹം കഫീലും, സഹോദരനും, ചങ്ങാതിയും, ഗുരുവും ഒക്കെയായിരുന്നു. സാദാ ഹിന്ദികളെ പോലെ അറബി ഭാഷ, ഹാതാ കീതാ, മാഫീ കൂഫീ എന്ന്‌ പഠിച്ചാല്‍ പോര, അറബി അറബിയെ പോലെ പഠിക്കണം എന്നദ്ദേഹം വാശി പിടിച്ചു. എന്നെ അറബി എഴുത്തും വായനയും പഠിപ്പിച്ചു. ഞങ്ങളൊരുമിച്ച്‌ ഭഷണം കഴിച്ചു. ഒരുമിച്ച്‌ ജോലി ചെയ്‌തു. ഒരു മുറിയിലായിരുന്നില്ല കിടന്നിരുന്നത്‌. അതിൻറെ കാരണം അവാദിൻറെ കൂര്‍ക്കം വലിയായിരുന്നു. കെട്ടിടം പോലും കുലുങ്ങുന്ന കൂര്‍ക്കം വലിയുടെ പ്രകമ്പനങ്ങള്‍ ചിലപ്പോഴൊക്കെ ഇടച്ചുമര്‌ തുളച്ച്‌ എൻറെ മുറിയിലേക്ക്‌ വരെ എത്താറുണ്ടായിരുന്നു. 

അരിയും ഇറച്ചിയും ഉറുളന്‍ കിഴങ്ങുമൊക്കെ ഒരുമിച്ചിട്ട്‌ കുറച്ചു വെള്ളത്തില്‍ പുഴുങ്ങിയെടുത്താല്‍ ഞങ്ങള്‍ക്കുള്ള ഉച്ച ഭഷണമായി. പിന്നെ കുറേ ഇലകളും സബാദിയും (തൈര്‌). ആദ്യമൊക്കെ അത്‌ കഴിക്കുമ്പോള്‍ അറിയാതെ കണ്ണ്‌ നിറയും. കറിക്കൊരല്‍പ്പം രുചി കുറഞ്ഞാല്‍, ഉച്ചയ്ക്ക്‌ മീന്‍ പൊരിച്ചതില്ലെങ്കില്‍, ഉമ്മാനോട്‌ ദുല്‍മ്‌ കാണിച്ചിരുന്ന, മുഖം കറുപ്പിച്ചിരുന്ന ഭൂതകാലമെന്നെ തേറ്റ കാട്ടി കൊഞ്ഞനം കുത്തി. ഭഷണത്തിനോടുള്ള എൻറെ പ്രയാസം അവാദ്‌ തിരിച്ചറിയുന്നുണ്ടായിരുന്നു. ശീലമായിക്കൊള്ളും എന്ന്‌ പറഞ്ഞാശ്വസിപ്പിക്കാനും ആ മനസ്സില്‍ നന്‍മയുണ്ടായിരുന്നു. പിന്നെ പിന്നെ എനിക്കാ ഭക്ഷണം ഇഷ്ടമായി തുടങ്ങി. ചുട്ട കോഴിയും ആടും മുയലുമൊക്കെ കൂടുതല്‍ ഇഷ്ടമുള്ള വിഭവങ്ങളുമായി. പൊരിച്ച മീനോ, മീന്‍ മുളകിട്ടതോ, വരട്ടിയ പോത്തോ മാത്രമല്ല, ചുട്ടെടുത്ത വറ്റല്‍മുളകും പുളിയും കൂട്ടി അമ്മിയിലിട്ട്‌ ഉമ്മയരച്ചെടുക്കുന്ന തേങ്ങാ ചമ്മന്തിയും, കുറിയരിയുടെ കഞ്ഞിയും, കാവിത്തും കാച്ചിലും ചേമ്പും ചേനയും താളുമൊക്കെയിട്ട കൂട്ടാനുമൊക്കെ, ഇന്നീ ദാഹങ്ങളുടെ മരുഭൂമിയില്‍ വെറും മരീചികകള്‍ മാത്രമാണ്‌. 

ഈ വലിയ മതില്‍ക്കെട്ടിനകത്ത്‌ ഞങ്ങള്‍ മാത്രമായിരുന്നില്ല. പതിനഞ്ചോളം ആടുകളും കുറേ മുയലുകളും പ്രാക്കളും കോഴികളുമുണ്ട്‌, പോരാത്തതിന്‌ മനുഷ്യനെ ആട്ടിക്കൊത്തുന്ന രണ്ട്‌ ടര്‍ക്കികളും. പിന്നെ അസ്‌വദ്‌ എന്ന നായയും. അസ്‌വദിൻറെ പേരും നിറവും ഒന്നായിരുന്നു. തനി കറുപ്പന്‍. റഗ്ബയില്‍ നിന്നു മാത്രമല്ല, ഹുറൈമിലയില്‍ നിന്നും, താദിക്കില്‍ നിന്നുമൊക്കെ വണ്ടിയുടെ സാധനങ്ങള്‍ വാങ്ങിക്കാന്‍ ആളുകള്‍ അങ്ങോട്ട്‌ വരും. ചിലരൊക്കെ ആടുകളെയോ മുയലുകളേയോ വാങ്ങിക്കാനും. അത്‌ അവാദിൻറെ ബന്ധുക്കളായിരിക്കും. ചിലര്‍ പൈസയൊന്നും കൊടുക്കില്ല. നന്നായിട്ടൊന്ന്‌ ചിരിച്ച്‌ കാണിച്ചിട്ട്‌ അവര്‍ പോകും. 

ബുധനാഴിച്ച വൈകുന്നേരം നാലഞ്ചു പേര്‍ വരും. അവാദിൻറെ കൂട്ടുകാര്‍. അന്നെന്നെ വിമാനത്താവളത്തില്‍ നിന്നും കൊണ്ടു വന്നപ്പോള്‍ കൂടെയുണ്ടായിരുന്നവന്‍, മന്‍സൂറ്‍ അവനെന്തായാലുമുണ്ടാകും. ആള്‍ നല്ലൊരു ഗായകനാണ്‌. അവൻറെ പാട്ടിൻറെ മുന്‍പില്‍ തീജ്വാലകള്‍ പോലും കുളിര്‍ന്ന്‌ നില്‍ക്കും. 

ഇന്‍ത്ത മന്‍ത്താ.. ഇന്‍ത്ത മന്‍ത്താ.. യാ ഹബീബീ. 
ഇന്‍ത്ത മന്‍ത്താ.. അല്‍ അവ്വലാനീ.. 

അവനത്‌ പാടുമ്പോള്‍ മനം കുളിര്‍ത്ത്‌ പോവും. എൻറെ പ്രിയ സ്നേഹിതേ, നീയല്ല എൻറെ ആദ്യത്തെ ആള്‍ എന്ന്‌ പാടാനും വേണം ഒരു സത്യസന്ധത. 

ബുധനായിച്ച രാത്രിയില്‍ ഒരു ആട്‌, അല്ലെങ്കില്‍ നാലഞ്ച്‌ കോഴികള്‍, അല്ലെങ്കില്‍ മൂന്നോ നാലോ മുയലുകള്‍ എന്നിവയെ അറുത്ത്‌ ചില അറബി മസാലക്കൂട്ടുകളൊക്കെ ചേര്‍ത്ത്‌ കനലില്‍ ചുട്ടെടുക്കും. ആടാണെങ്കില്‍ പകുതി പിറ്റേന്ന്‌ അവാദ്‌ വീട്ടിലേക്ക്‌ കൊണ്ട്‌ പോകും. ഒരു പങ്ക്‌ വ്യാഴം വെള്ളി ദിവസങ്ങളില്‍ എനിക്ക്‌ കഴിക്കാനായി എടുത്ത്‌ വെക്കും. 

വ്യാഴം ഉച്ച കഴിഞ്ഞാല്‍ പിന്നെ ശനി ഉച്ച വരെയെങ്കിലും ആ വലിയ മതില്‍ കെട്ടിനകത്ത്‌ ഞാന്‍ തനിച്ചാവും. രാവില്‍ മുറ്റത്ത്‌ ഉലാത്തി ദിവാസ്വപ്നവും കണ്ട്‌, വാഹനങ്ങളുടെ അസ്ഥി കൂടങ്ങളോടോ, അസ്‌വദിനോടോ, കുട്ടനെന്ന എൻറെ പുന്നാര ആടിനോടോ, അല്ലെങ്കില്‍ തന്നെത്താനോ സംസാരിക്കും. നാടിനെ കുറിച്ചും കൂട്ടുകാരെക്കുറിചും ഉമ്മയെ കുറിച്ചുമൊക്കെ ഓര്‍ക്കും. ചിലപ്പോല്‍ ചിരിക്കും. ചിലപ്പോള്‍ കരയും. ചിലപ്പോള്‍ സുന്ദര സ്വപ്നങ്ങളുടെ നീരാഴങ്ങളില്‍ സുവര്‍ണ മീനിനെ പോലെ നീന്തിത്തുടിക്കും. 

ചില രാത്രികളില്‍ റഖ്ബയുടെ താഴ്‌വാരങ്ങളില്‍ നിന്നും ചെന്നായ്ക്കളുടെ ഓരിയിടല്‍ കേള്‍ക്കാം. ഇവിടെ വന്നിറങ്ങിയ അന്ന്‌ മുതല്‍ ആ ഓരിയിടലുകള്‍ എന്നെ ഭയപ്പെടുത്താറുണ്ട്‌. ഈ മരുഭൂമിയുടെ കനത്ത നിശബ്ദതയില്‍, അവറ്റകളുടെ കൂട്ടത്തോടെയുള്ള ഓരിയിടല്‍ തീര്‍ച്ചയായും അതിഭീകരമാണ്‌. ചില ദിവസങ്ങളില്‍ അത്‌ വിദൂരതയില്‍ നിന്നായിരിക്കും. ചിലപ്പോള്‍, തൊട്ടടുത്ത്‌, ഈ മതില്‍ക്കെട്ടിനോട്‌ ചാരി അത്‌ കേള്‍ക്കാം. അസ്‌വദിനെ പോലുമത്‌ ഭയപ്പെടുത്താറുണ്ട്‌. 

ഒരിക്കലീ മതില്‍ ചാടിക്കടന്ന്‌ അവറ്റകളെൻറെ അടുത്തെത്തുമെന്ന്‌ ഞാന്‍ ഭയക്കുന്നു. ഒരു ഇരുമ്പ്‌ വടിയെൻറെ മുറിയുടെ മൂലയില്‍ സൂക്ഷിച്ചിരിക്കുന്നത് മനസ്സിനൊരു ബലം കിട്ടാന്‍ വേണ്ടി മാത്രമാണ്‌. അവാദിൻറെ കര്‍ശന നിര്‍ദേശമുണ്ട്‌, തനിച്ച്‌ ഈ മതില്‍ കെട്ടിൻറെ പുറത്തേക്ക്‌ പോവുകയേ ചെയ്യരുതെന്ന്‌. ആരുമില്ലാത്തപ്പോള്‍ ഗേറ്റടച്ച്‌ അകത്തിരുന്നു കൊള്ളുക. പുറത്ത്‌ അപകടങ്ങള്‍ക്ക്‌ ബഹുരൂപങ്ങളുണ്ട്‌. 

റഖ്ബയിലെ താഴ്‌വരകളില്‍ അപകടകാരികളായ ചെന്നായ്ക്കളുണ്ട്‌. ദേശീയപാതയിലൂടെ വാഹനമോടിച്ച്‌ പോകുന്നവരെയല്ലാതെ മറ്റൊരു മനുഷ്യനെ കാണണമെങ്കില്‍ അങ്ങാടിയിലെത്തണം. അരമുക്കാല്‍ മണിക്കൂറ്‍ നടന്നാലെ അവിടെയെത്തൂ. അതിന്നിടയില്‍ കണ്ടു മുട്ടുന്ന മനുഷ്യര്‍ ഏതു തരക്കാരാണെന്ന്‌ പറയാനൊക്കത്തില്ല. ചെന്നായ്ക്കളെക്കാള്‍ മോശമാണ്‌ മനുഷ്യരില്‍ ചിലര്‍. അത്‌ കൊണ്ട്‌ ഞാന്‍ പുറത്തെങ്ങും പോകാറില്ല. 

അപൂര്‍വ്വമായേ മലയാളികളെ കാണൂ. അതും സ്പെയര്‍ വാങ്ങാന്‍ വരുന്ന ആരെങ്കിലും. ആവര്‍ത്തിച്ച്‌ വരുന്ന ഒന്നു രണ്ടാളുകളെ പരിചയമുണ്ട്‌. നാട്ടിലേക്ക്‌ ആഴിച്ചയില്‍ രണ്ടു വട്ടം ഫോണ്‍ ചെയ്യും. അത്‌ അവാദിൻറെ മെബൈലില്‍ നിന്നും. അതിനവാദ്‌ പൈസ വാങ്ങാറുമില്ല. എനിക്കൊരു മെബൈല്‍ ഫോണ്‍ വാങ്ങിച്ചു തരട്ടേ എന്ന്‌ ചോദിച്ചപ്പോള്‍ വേണ്ടാന്ന്‌ പറഞ്ഞു. 

എനിക്കെന്തിനാ? ആരെ വിളിക്കാനാ? ഇവിടെയാരും കൂട്ടില്ല. നാട്ടിലുള്ള കൂട്ടുകാര്‍ പാവപ്പെട്ടവരാണ്‌. കണ്ണകന്നു. കരളകന്നു. ആ ബന്ധമൊക്കെ നേര്‍ത്ത്‌ നേര്‍ത്ത്‌ വരികയാണ്‌. എങ്കിലും എന്നുമെൻറെ പകല്‍ സ്വപ്നങ്ങളില്‍ ഇടത്തും വലത്തുമൊക്കെ എൻറെ കൂട്ടുകാര്‍ എപ്പോഴുമുണ്ട്‌. എനിക്കൊരു നയാ പൈസയുടെ ചിലവില്ലാത്തത്‌ കൊണ്ട്‌ ശംബളം മുഴുവന്‍ നാട്ടിലേക്കയക്കും. ഉമ്മയ്ക്ക്‌ നല്ല സമ്പാദ്യശീലമുള്ളതിനാല്‍ അതവിടെ ഉണ്ടാകുമെന്നെനിക്ക്‌ നല്ല ഉറപ്പുണ്ട്‌. അതിനും ഞാനെങ്ങും പോകാറില്ല. മന്‍സൂറാണത്‌ അയക്കാറുള്ളത്‌. 

ആദ്യ ശംബളം കുഴലായി നാട്ടിലേക്കയക്കാന്‍ നോക്കിയപ്പോള്‍ അവാദ്‌ ചോദിച്ചു. നീയെന്തിനാണ്‌ എൻറെ രാജ്യത്തെയും നിൻറെ രാജ്യത്തെയും ഒരുമിച്ച്‌ ചതിക്കുന്നത്‌? ഇത്‌ ഹറാമാണെന്ന്‌ നിനക്കറിയാമോ? ഞാന്‍ വല്ലാതായിപ്പോയി. രാജ്യസ്നേഹമെന്നാല്‍ രാജ്യത്തെ നിയമങ്ങളനുസരിച്ച്‌ അഭിമാനത്തോടെ ജീവിക്കലാണ്‌ എന്ന്‌ അവാദെന്നെ പഠിപ്പിച്ചു. അതൊരു വലിയ പാഠം തന്നെയാണ്. മനുഷ്യരിൽ മിക്കവാറും പഠിക്കാതെ പോകുന്ന പാഠം.

കുട്ടന്‍ എന്ന ആടായിരുന്നു ആ മതില്‍ കെട്ടിൻറെ അകത്ത്‌ എനിക്കേറ്റവും വലിയ കൂട്ട്‌. ഞാന്‍ വരുമ്പോള്‍ അവനൊരു പൊടിക്കുഞ്ഞായിരുന്നു. അസ്‌വദിനെ പോലെ കറുത്ത അവൻറെ നെറ്റിയിലൊരു വെളുത്ത പൊട്ടുണ്ടായിരുന്നു. എൻറെ കയ്യില്‍ നിന്നവന്‍ ചോറ്‌ തിന്നും. റൊട്ടി ഉയര്‍ത്തിക്കാണിച്ച്‌ രണ്ടു കാലില്‍ അവനെ ഞാന്‍ നടത്താറുണ്ടായിരുന്നു. അവനെപ്പോഴും എന്നെ ചുറ്റിപ്പറ്റി ജീവിച്ചു. 

വന്നൊരു ആറേയു മാസം കഴിഞ്ഞപ്പോളൊരു ബുധനാഴിച്ച അവാദ്‌ അവനെ കൊണ്ടു വരാന്‍ പറഞ്ഞു. എനിക്കറിയാം അത്‌ അറുക്കാനാണെന്ന്‌. വല്ലാത്ത വിഷമത്തോടെ ഞാന്‍ ചെന്നു. ആട്ടിന്‍ കൂട്ടത്തില്‍ നിന്നും അവനെ പിടിക്കാന്‍ നോക്കിയപ്പോള്‍ കരഞ്ഞു കൊണ്ടവന്‍ എൻറെ കണ്ണിലേക്കൊരു നോട്ടം നോക്കി. എൻറെ കൈകാലുകള്‍ തളര്‍ന്നു പോയി. തന്നെ കശാപ്‌ ചെയ്യാന്‍ പോവുകയാണെന്ന്‌ അവനെങ്ങാനും തിരിച്ചറിഞ്ഞോ? എന്നെ കൊല്ലരുതേ എന്നല്ലേ അവനിപ്പോള്‍ എന്നോട്‌ യാചിക്കുന്നത്‌? എനിക്ക്‌ വലിയ വിഷമമായി. പക്ഷെ എനിക്കെന്ത്‌ ചെയ്യാനാവും? അവൻറെ ഉടമസ്ഥന്‍ ഞാനല്ല. അവാദാണ്‌. 

എങ്കിലും ഞാന്‍ അവാദിൻറെ അടുത്തേക്ക്‌ തിരിച്ചു ചെന്നു. മടിച്ച്‌ മടിച്ച്‌ ഞാന്‍ ആ ആടിന്‌ നല്ല സുഖമില്ലെന്നും ക്ഷീണിതനാണെന്നും കള്ളം പറഞ്ഞു. അവാദൊന്ന്‌ പുഞ്ചിരിച്ചു. അവനറിയാമല്ലോ, എനിക്കാ ആടിനെ ഇഷ്ടമാണെന്ന്‌. എന്നാല്‍ വേറൊരെണ്ണത്തിനെ കൊണ്ടു വാ എന്നായി. അപ്പോള്‍, എനിക്കിഷ്ടമുള്ള ഒരാടിനെ രക്ഷിക്കാന്‍ ഞാന്‍ തന്നെ തീറ്റ കൊടുക്കുന്ന മറ്റൊരെണ്ണത്തിനെ കൊല്ലേണ്ടി വരുന്നല്ലോ എന്നായി വിഷമം. അന്നാടിൻറെ മാംസത്തിന്‌ എനിക്ക്‌ തീരെ രുചി തോന്നിയില്ല. അന്നു മുതല്‍ ഒരാഴിച്ചയോളം എൻറെ മനസ്സില്‍ കുട്ടനു പകരം അറുക്കപ്പെട്ട ആടായിരുന്നു. നെഞ്ചിലൊരു ഭാരാമായി, അതിൻറെ കരച്ചില്‍ ഉള്ളലങ്ങിനെ നിന്നു. പതുക്കെ പതുക്കെ, മഞ്ഞുരുകുന്നത്‌ പോലെ അത്‌ മാറുകയും ചെയ്‌തു. 

അതിൻറെ ശേഷം കുട്ടനും ഞാനും വല്ലാതങ്ങ്‌ അടുത്തു. ദിവസവും രാവിലെ എന്നെ കാണുന്നത്‌ വരെ, എൻറെ കയ്യില്‍ നിന്നൊരു കഷ്ണം റൊട്ടി കിട്ടുന്നത്‌ വരെ കുട്ടന്‍ ആര്‍ത്തലച്ച്‌ കരയും. മാത്രമല്ല, ഇടക്കിടക്കവനെന്നെ കാണണം. കണ്ടില്ലെങ്കില്‍ കരയും. കുട്ടാ എന്ന്‌ ഞാനൊന്നു വിളിച്ചാല്‍ അവന്‍ തുള്ളിച്ചാടി ഓടി വരും. ചിലപ്പോള്‍ വല്ല്യ അധികാരത്തിൽ എൻറെ റൂമില്‍ പോയി കിടക്കയില്‍ കയറിക്കിടക്കും. മൂത്രമൊഴിച്ചിട്ടില്ല ഇതു വരെ. ഇപ്പോഴെനിക്ക്‌ ആടിൻറെ മണമാണെന്ന്‌ അവാദ്‌ ഇടക്കിടക്ക്‌ പറയാറുണ്ട്‌. കുട്ടാ കുട്ടാ എണ്റ്റെ വിളി അനുകരുച്ച്‌ അവരൊക്കെ ഇപ്പോള്‍ അവനെ കൂത്താ എന്നാണ്‌ വിളിക്കാറ്‌. 

ഇതിന്നിടയിലവന്‍ വളര്‍ന്നു. കൂട്ടത്തിലെ രണ്ട്‌ മൂന്ന്‌ പെണ്ണാടുകള്‍ കുട്ടൻറെ മക്കളെ പെറ്റു. അങ്ങിനെ എൻറെ കുട്ടനും അച്ഛനായി. എൻറെ ഇഷ്ടക്കാരന്‍ എന്ന നിലയില്‍ അവനവിടെയെല്ലാം വിലസി നടന്നു. എൻറെ കൂടെ കുട്ടന്‍ നടക്കുന്നത്‌ കണ്ടപ്പോള്‍ അവാദൊരിക്കല്‍ മന്‍സൂറിനോട്‌ പറഞ്ഞു. ഇതൊരു പെണ്ണാടായിരുന്നെങ്കില്‍ ചിലപ്പോളിവന്‍ അതിനെ കല്ല്യാണം കഴിച്ചേന്നെ. അത്‌ കേട്ട്‌ ഞാനൊരുപാട്‌ ചിരിക്കുകയും ചെയ്‌തു. അന്ന് മാത്രമല്ല, ചിലപ്പോഴൊക്കെ അതോർത്ത് ഞാൻ ഈരിച്ചിരിക്കാറുണ്ടായിരുന്നു.

അസ്‌വദിനെ മറ്റെല്ലാ ആടുകള്‍ക്കും പേടിയായിരുന്നു. പക്ഷെ കുട്ടനെ അസ്‌വദിനായിരുന്നു പേടി. തരം കിട്ടിയാല്‍ കുട്ടന്‍ അസ്‌വദിനെ ഇടിക്കും. തിരിച്ചു കടിക്കാന്‍ അസ്‌വദിനാവാഞ്ഞിട്ടല്ല, അസ്‌വദ്‌ അവാദിനോട്‌ അങ്ങേയറ്റം നന്ദിയുള്ളവനായിരുന്നു. അസ്‌വദ്‌ അവിടെയുള്ളതാണ്‌ തനിച്ചാവുന്ന ദിവസങ്ങളില്‍ എൻറെയും ധൈര്യം. മനുഷ്യന്‌ വിശ്വസിക്കാന്‍ നായ്ക്കള്‍ കഴിഞ്ഞിട്ടേ ഉള്ളൂ മണ്ണില്‍ മനുഷ്യന്‍ പോലും ഉള്ളൂ എന്നെനിക്ക് തോന്നിയത് ആസ്വദിനെ കണ്ടതിന്റെ ശേഷമാണ്. 

നിലാവുള്ള വ്യാഴായിച്ചകളില്‍ പുറത്തൊരു പരവതാനി വിരിച്ച്‌ ഞാനതില്‍ മലര്‍ന്ന്‌ കിടക്കുമ്പോള്‍, പരവതാനിയിൽ കേറിക്കിടക്കാന്‍ കുട്ടനുമുണ്ടാവും. അതിൻറെ പുറത്ത്‌ അസ്‌വദുണ്ടാവും. ഞാന്‍ പണ്ട്‌ നാട്ടിലെൻറെ ചെറുപ്പത്തില്‍ നടന്ന്‌ തമാശകളൊക്കെ അവരോട്‌ പറയും. കുറച്ചു കഴിയുമ്പോള്‍ ഒരു കോട്ടുവായിട്ട്‌ അസ്‌വദ്‌ എഴുനേറ്റ്‌ പോവും. ഇടക്ക്‌ തിരിഞ്ഞൊരു നോട്ടമുണ്ടവന്‌. ഇങ്ങിനെ ബോറടിപ്പിക്കരുത്‌ എന്നാവും അവന്‍ പറയുന്നത്‌. അപ്പോളെഴുനേറ്റിരുന്ന്‌ ഞാനവനെ ചീത്ത പറയും. അത്‌ കേട്ടാല്‍ തിരിഞ്ഞ്‌ പോലും നോക്കാതെ ഒരൊറ്റ പോക്കാണ്‌. മൃഗങ്ങള്‍ മനുഷ്യരെക്കാള്‍ ബുദ്ധിയുള്ളവരാണെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. 

കുട്ടനപ്പോഴും അവിടെ നില്‍ക്കും. ഉറങ്ങാന്‍ പോകുമ്പോള്‍ എൻറെ കൂടെ റൂമില്‍ കയറും. പുറത്താക്കിയാലും പോകില്ല. കരഞ്ഞ്‌ ബഹളമുണ്ടാക്കും. അങ്ങിനെ എൻറെ റൂമിൻറെ ഒരു മൂല അവന്‍ തീറെഴുതിയെടുത്തു. രാവിലെ അവൻറെ കരച്ചില്‍ കേട്ടുണരും. അപ്പോള്‍ സുബഹിക്ക്‌ ബാങ്ക്‌ കൊടുക്കുന്നേ ഉണ്ടാകൂ. ആ നിമിഷം തന്നെ പിടിച്ച്‌ പുറത്താക്കിയില്ലെങ്കില്‍ അവിടെ മൂത്രമൊഴിക്കും എന്നാണാ കരച്ചിലിൻറെ അര്‍ത്ഥം. ചിലപ്പോള്‍ കട്ടിലിന്‍മേലേക്ക്‌ ചാടിക്കയറി വരാനും മതി. 

നമസ്ക്കരിക്കാന്‍ വേണ്ടി ഞങ്ങള്‍ അവിടെ ഒരു സ്ഥലം ഒഴിവാക്കിയിട്ടിട്ടുണ്ട്‌. അങ്ങോട്ട്‌ അസ്‌വദ്‌ ഒരിക്കലും വരാറില്ല. ബാങ്ക്‌വിളി കേള്‍ക്കുമ്പോള്‍ ഓരിയുടുക എന്നൊരു ദുസ്വഭാവമല്ലാതെ മറ്റൊരു ബുദ്ധിമുട്ടും അവനെ കൊണ്ടില്ല. റൂമിൻറെ അകത്തേക്ക്‌ വരാരില്ല. ആളുകളെ തൊടാറില്ല. പകലൊന്നും മുന്‍ഭാഗത്തേക്ക്‌ വരികയേ ഇല്ല. കുട്ടനങ്ങിനെ അല്ല. അവനെൻറെ പിന്നാലെ നടക്കും. നിസ്ക്കരിക്കുന്ന സ്ഥലത്തേക്ക്‌ വന്നപ്പോള്‍ ഒരിക്കല്‍ അവാദ്‌ തല്ലിയോടിച്ചു. മൂത്രമൊഴിച്ചാല്‍ പരവതാനി കഴുകാന്‍ വലിയ ബുദ്ധിമുട്ടാണ്‌. ഓരോ പ്രാവിശ്യം വരുമ്പോഴും ഞാനോ ആവാദോ അവനെ പിടിച്ച്‌ പുറത്താക്കുന്ന കാരണം പിന്നീടെപ്പോഴോ അങ്ങോട്ട്‌ വരുന്നത്‌ അവന്‍ നിര്‍ത്തി. 

ഈ ഒന്നര വര്ഷത്തിനിടയിൽ ചില ദുരനുഭവങ്ങളും ഉണ്ടായി. അതിലേറ്റവും കടുത്തത്, കാട്ടറബിയായൊരാൾ ദുനിയാവിലെവിടെയും കിട്ടാത്ത ഒരു സാധനം അന്വേഷിച്ച്‌ വന്നതാണ്‌. ഒരുപാട്‌ പഴയ വാഹനങ്ങളുടെ അടിഭാഗത്തു കൂടി അവനെന്നെയും കൊണ്ട്‌ തിരഞ്ഞു. എനിക്കറിയാം. അത്‌ കിട്ടില്ലെന്ന്‌. അതു പറഞ്ഞാലയാള്‍ വിശ്വസിക്കണ്ടെ. അവസാനം ഞാന്‍ പറഞ്ഞു. ഇനി നോക്കിയിട്ട്‌ കാര്യമില്ല. ഇവിടെയൊന്നും അത്‌ കിട്ടില്ല. ഇത്‌ കേട്ടതോടെ അയാള്‍ ദേഷ്യത്തോടെ എൻറെ മുഖത്തേക്ക്‌ കാര്‍ക്കിച്ച്‌ തുപ്പി. ഞാന്‍ തരിച്ച്‌ നില്‍ക്കെ അയാള്‍ പറഞ്ഞു. 

നീയൊരു ബംഗാളി... കഴുത.. ഹെ നായെ.. നിൻറെ ഉമ്മ നശിച്ച്‌ പോകട്ടെ. എൻറെ ആക്ഷേപം, തീര്‍ച്ചയായും നീയൊരു വ്യഭിചാരിണിയുടെ പുത്രനാണെന്നാണ്‌. അല്ലെങ്കില്‍ നിൻറെ പിതാവ്‌ ഗുഹ്യരോഗം പിടിപെട്ടവനാവും. 

പിന്നെയും അയാളെന്തൊക്കെയോ പറഞ്ഞു. എൻറെ കാതുകള്‍ അപ്പോഴേക്കും കൊട്ടിയടക്കപ്പെട്ടിരുന്നു. അവൻറെ തെറി വിളി കേട്ടാണ്‌ ആവാദ്‌ ഓടി വന്നത്‌. എനിക്കും അവനുമിടയില്‍ അവാദ്‌ കയറി നിന്നു. എൻറെ സഹോദരനെ ചീത്ത പറയാന്‍ നീയാരാണ്‌, നിനക്കെന്തെങ്കിലും പറയനാനുണ്ടെങ്കില്‍ എന്നോട്‌ പറയുക. ഞാനാണ്‌ ഉത്തരവാദപ്പെട്ടവന്‍ എന്നൊക്കെ പറഞ്ഞ്‌ അവാദ്‌ അയാളോട് ഏറ്റുപിടിച്ചു. അവര്‍ തമ്മില്‍ നല്ല രീതിയില്‍ വഴക്കുണ്ടായി. കയ്യാങ്കളിയൊന്നും ഉണ്ടായില്ല. ബഹളം കേട്ടപ്പോള്‍ കുരച്ച്‌ കൊണ്ട്‌ അസ്‌വദ്‌ ഓടി വന്നു. അപ്പോള്‍ അയാള്‍ എന്തൊക്കെ പ്രാകിപ്പറഞ്ഞു കൊണ്ട്‌ ഞങ്ങളെ വിട്ട്‌ പോവുകയും ചെയ്‌ത്‌. 

എന്റെ കണ്ണ്‌ നിറഞ്ഞിരുന്നു. തുപ്പല്‍ മുഖത്ത്‌ നിന്നും തുടച്ചു മാറ്റിയെങ്കിലും അറപ്പോടെ ആ മുഖം എൻറെ മനസ്സിലങ്ങിനെ തെളിഞ്ഞു നിന്നു. സങ്കടം സഹിക്കാനായില്ല. അറബി ഭാഷ ഇങ്ങിനെ പഠിക്കേണ്ടിയിരുന്നില്ല എന്ന്‌ തോന്നി. അവാദെൻറെ അടുത്തേക്ക്‌ വന്നു. കണ്ണ്‌ നിറഞ്ഞിരിക്കുന്നത്‌ കണ്ടപ്പോള്‍ ചേര്‍ത്ത്‌ പിടിച്ചാശ്വസിപ്പിച്ചു. സാരമില്ല. അറബികള്‍ ഒന്നുമല്ലായിരുന്നു. മൃഗങ്ങളെ പോലെ കഴിഞ്ഞവരായിരുന്നു. ഇസ്ളാം അവര്‍ക്ക്‌ ഉന്നതി നല്‍കി. പിന്നെ പടച്ചോനവരെ സമ്പത്ത്‌ കൊണ്ടനുഗ്രഹിച്ചു. എന്നാലും ആ പഴയ ജാഹിലിയാ കാലത്തെ മുള്ളു ചെടികളില്‍ മനസ്സിൻറെ മൂക്കു കയര്‍ കുരുങ്ങിക്കിടക്കുന്നവര്‍ അറബികള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്‌. അത്‌ കൊണ്ട്‌ ഇതൊന്നും സാരമാക്കണ്ട. 

ഞാന്‍ സങ്കടത്തോടെ പറഞ്ഞ്‌. പാവം എൻറെ ഉമ്മാനെയാണല്ലോ അവനങ്ങിനെ പറഞ്ഞത്‌. എൻറെ ഉമ്മ എത്ര പാവമാണെന്ന്‌ നിങ്ങള്‍ക്കറിയുമോ? ഉപ്പയില്ലാത്ത ഞങ്ങളെ വളര്‍ത്താന്‍ ഉമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നറിയുമോ? അത്രയും ചോദിച്ചപ്പോഴേക്കും ഞാന്‍ പൊട്ടിക്കരഞ്ഞ്‌ പോയിരുന്നു. സങ്കടം സഹിക്കാനായില്ലെനിക്ക്‌. 

തൻറെ രണ്ട്‌ കൈകൊണ്ടും അവാദെന്നെ ചേര്‍ത്ത്‌ പിടിച്ചു. സുന്ദരമായ ക്ഷമ കൊണ്ട്‌ അല്ലാഹു നിന്നെ അലങ്കരിക്കട്ടെ. അവനെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്‌. അവനെ കണ്ടു മുട്ടുമ്പോള്‍ നിൻറെ ഉമ്മയ്ക്ക്‌ സമ്മാനമായി നല്‍കാന്‍ നീയീ വേദനയുടെ പ്രതിഫലം മാറ്റി വെക്കുക. 

ഇന്ന്‌ വ്യാഴായിച്ച. രാവിലെ പത്തു പതിനൊന്ന്‌ മണിയായപ്പോള്‍ ബെന്‍സ്‌ കാറിൻറെ സെല്‍ഫ്‌ മോട്ടോറും തേടി വന്നൊരു കറുമ്പനാണ്‌ ആദ്യ കസ്റ്റമര്‍. കണ്ടാൽ കാപ്പിരിയെ പോലൊരാൾ. സാധനം വലിയ വിലപേശലൊന്നുമില്ലാതെ അയാളെടുത്തപ്പോള്‍ ഞാനന്തം വിട്ടു. സാധാരണ അറബികള്‍ നമ്മള്‍ നൂറു റിയാല്‍ പറഞ്ഞാല്‍ ഇരുപത്തഞ്ചിനു തരുമോ എന്ന്‌ ചോദിക്കുന്ന ഖൌമാണ്‌.

ഇയാളവിടെമൊക്കെ നല്ലോണം നോക്കി അത്ഭുതപ്പെട്ടു. ഉഷാറാണല്ലോ എന്നൊക്കെ പറഞ്ഞാണ്‌ പോയത്‌. ഉച്ചകഴിഞ്ഞ്‌ അവാദും കൂട്ടുകാരും പോയി. ഞാന്‍ വലിയ ഗേറ്റടച്ചു. ചങ്ങലയിട്ട്‌ പൂട്ടി. രാത്രിയായി. നല്ല നിലാവുണ്ട്‌. ഭൂമിയാകെ പാല്‍നിലാവ്‌ പരന്നൊഴുകുകയാണ്‌. പുറത്തു വിരിച്ച പരവതാനിയില്‍ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്ന അമ്പിളിമാമനെ നോക്കി മലര്‍ന്ന്‌ കിടക്കുമ്പോള്‍ പതിവു പോലെ അസ്‌വദ്‌ പരവതാനിക്ക്‌ പുറത്തിരിക്കുന്നു, കുട്ടന്‍ പരവതാനിയില്‍ കിടക്കുന്നു. 

എങ്ങും വല്ലാത്ത മൂകത തളം കെട്ടി നില്‍ക്കുന്നു. ചെന്നായ്ക്കളുടെ ഓലിയിടല്‍ കേള്‍ക്കാനില്ല. റോഡിലൂടെ ഇടക്കിടക്ക്‌ പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ മാത്രമാണ് ആ മൂകതയ്ക്കൊരു കളങ്കം. എൻറെ മനസ്സിലേക്ക്‌ മന്‍സൂറ്‍ തലേന്ന്‌ പാടിയ പാട്ടിൻറെ വരികള്‍ അറിയാതെയൊഴുകി വന്നു. 

ഞാനെൻറെ ഞരമ്പുകള്‍ കൊണ്ടല്ലേ നിന്നെ കെട്ടിയിട്ടത്‌? 
നിന്നെയൂട്ടിയതെൻറെ കരള്‍ കൊയ്‌ത ധാന്യമണികളല്ലേ? 
എന്നിട്ടുമെന്തേ, നീ നിൻറെ ഹിജാബിലൊളിച്ചിരിക്കുന്നത്‌? 
നിന്റെ മൌനത്തിലെൻറെ കിന്നരം തേങ്ങുന്നത്‌ കേട്ടില്ലയോ? 
ദാഹം കൊണ്ട്‌ ഞാന്‍ മരിക്കുന്നതിൻറെ മുന്‍പ്‌; 
കരയിലടിഞ്ഞ മത്സ്യമായി ഞാനൊടുങ്ങുന്നതിൻറെ മുന്‍പ്‌;
വരൂ, എന്റെ പ്രാണന്‍ മഹറായി സ്വീകരിക്കൂ. 
എൻറെ മണിയറയിലെ കട്ടില്‍, നമുകൊരുമിച്ച്‌ കുലുക്കാം. 

ആ നിലാവില്‍, പ്രണയര്‍ദമായൊരു കിനാവില്‍ എനിക്കതിയായ സുഖം തോന്നി. ഞാനൊരു വശം ചരിഞ്ഞ്‌ കിടന്നു. കൈകൊണ്ട്‌ തല താങ്ങി അസ്‌വദിനെ നോക്കി ചോദിച്ചു. 

ടാ,, എനിക്കുമുണ്ടാവുല്ലേ ഒരുത്തി, എവിടെയെങ്കിലും അച്ചിപ്പുളിയും തിന്ന്‌ നടക്കുന്നു. നല്ല വല്ല്യ കണ്ണുള്ള, ഈ അമ്പിളി പോലെ വട്ട മുഖമുള്ളവള്‍. നല്ലോണം മുടിയുള്ളൊരുത്തി. പിന്നെ ചിരിക്കുമ്പോള്‍ നുണക്കുഴിയുണ്ടെങ്കില്‍.. ഹാ... നിനക്കത്‌ മനസ്സിലാവുന്നോണ്ടോടാ അസ്‌വദേ.. 

അസ്‌വദ്‌ ബ്വാ എന്നൊരു ശബ്ദത്തില്‍ ഒരു കോട്ടുവായിട്ടു. അവനെന്ത്‌ പ്രണയം. പാവം. ഈ മതില്‍ കെട്ടില്‍ ഒരു പട്ടിയെപ്പോലും കാണാതെ ഉരുകിത്തീരുകയല്ലേ. സങ്കടം കാരണമാണെന്ന്‌ തോന്നുന്നു. അവനമ്പിളിയെ നോക്കി ഒരു നീണ്ട ഓരിയിട്ടു. പിന്നെ നേരെ കൂട്ടിലേക്ക്‌ നടന്നു. പതിവ്‌ പോലെ ഇടക്ക്‌ നിന്നെന്നെ തിരിഞ്ഞു നോക്കി. ഞാനൊന്നും പറഞ്ഞില്ല. ഒന്നും പറയാന്‍ കഴിഞ്ഞില്ല. എന്തോ ഒരു സങ്കടം പോലെ. ഞാന്‍ കുട്ടനെ നോക്കി. അവനിതൊന്നും ഒരു പ്രശ്നമേ അല്ല. അവനെന്തെങ്കിലും കുറവുണ്ടോ? തോന്നുമ്പോളങ്ങ്‌ ചെന്നാ മതി. ഓരോരോ ജന്‍മങ്ങളേ. ഇപ്പോള്‍ തന്നെ എത്ര കുട്ടികളുടെ തന്തയാണ്‌. 

നിശബ്ദമായ രാത്രി ഞാന്‍ ഉറക്കത്തിലൊരു വലിയ ശബ്ദം കേട്ട്‌ ഞെട്ടിയുണര്‍ന്നു. എന്തൊക്കയോ വീഴുന്നത്‌ പോലെ. അസ്‌വദിൻറെ കുര കേള്‍ക്കാം. പിന്നെ അത്‌ നിന്നു. പുറത്തെന്തൊക്കെയോ ശബ്ദങ്ങള്‍. പടച്ചോനെ ചെന്നായ്ക്കള്‍ മതില്‍ ചാടി വന്നോ? പക്ഷെ അവയുടെ ഓലിയിടലൊന്നും കേള്‍ക്കുന്നില്ലല്ലോ. ഞാനിരുമ്പ്‌ വടിയെടുത്ത്‌ ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു. മെല്ലെ പുറത്തേക്കിറങ്ങി. ഗേറ്റ്‌ മലര്‍ക്കെ തുറന്ന്‌ കിടക്കുന്നു. മുറ്റത്തൊരു പിക്കപ്പ്‌ നിര്‍ത്തിയിട്ടുണ്ട്‌. ഞാനും അവാദും കൂടി അഴിച്ചു വച്ച സാധനങ്ങള്‍ രണ്ടുമൂന്ന്‌ പേര്‍ അതിലേക്ക്‌ കയറ്റുന്നു. 

കള്ളന്‍മാരാണ്‌. അസ്‌വദ്‌ എവിടെ? അതാ ഗേറ്റിൻറെ അരികില്‍ വീണു കിടക്കുന്നു. പടച്ചോനെ, അവനെയിവര്‍ കൊന്നോ? എൻറെ അസ്‌വദിനെ? 

എനിക്ക്‌ സങ്കടവും ദേഷ്യവുമൊക്കെ ഒരുമിച്ച്‌ വന്നു. ഒന്നുമാലോചിച്ചില്ല. ടാ എന്ന്‌ വിളിച്ചു കൊണ്ട്‌ കയ്യിലെ വടിയുമായി അവര്‍ക്കിടയിലേക്ക്‌ ചാടി വീഴാന്‍ തുടങ്ങിയതാണ്‌. പെട്ടെന്നാണ്‌ പിറകില്‍ നിന്നൊരടി തലക്കേറ്റത്‌. കണ്ണിലേക്കൊരു മിന്നല്‍ അപ്പാടെ വന്നു വീണു. വേച്ച്‌ വേച്ച്‌ മുട്ട്‌ കുത്തി വീണപ്പോള്‍, കയ്യിലെ ഇരുമ്പ്‌ വടിയൊക്കെ എവിടെയോ തെറിച്ച്‌ പോയി. തലയില്‍ നിന്നും മൂക്കി നിന്നും വായില്‍ നിന്നുമൊക്കെ രക്‌തം ഒലിച്ചിറങ്ങുന്നത്‌ ഞാനറിഞ്ഞു. കരയാനായില്ല. അടുന്ന തല ഞാനൊന്ന്‌ തിരിച്ചു നോക്കി. അതയാളായിരുന്നു. രാവിലെ സെല്‍ഫ്‌ മോട്ടോര്‍ വാങ്ങാന്‍ വന്ന കറുമ്പന്‍ കാപ്പിരി. അവൻറെ കയ്യിലെ ലിവര്‍ പിന്നെയും ഉയര്‍ന്നു. എൻറെ കണ്ണുകളിലെ പ്രകാശം മങ്ങി. കാഴ്ച്ചകള്‍ വികലമായി. അപ്പോഴുമെൻറെ അര്‍ദ്ധബോധ മനസ്സില്‍ അസ്‌വദ്‌ ഒരു തേങ്ങലായി അവശേഷിച്ചു. പിന്നെ ഞാനൊന്നും കണ്ടില്ല. കേട്ടില്ല. 

കുട്ടൻറെ നീണ്ട കരച്ചില്‍ കേള്‍ക്കാം. അതും ചെവിക്ക്‌ തൊട്ടടുത്ത്‌. സ്വന്തം മുഖം കൊണ്ടെന്നെ തള്ളുകയും മുന്‍ക്കാലു കൊണ്ട്‌ ചവിട്ടി നോക്കുകയും ചെയ്യുന്നുണ്ടവന്‍. നല്ല പോലെ ചൂട്‌ തോന്നുന്നു. പ്രയാസപ്പെട്ടെ കണ്ണ്‌ തുറന്നു. നല്ല പോലെ വെയിലുണ്ട്‌. എനിക്കാദ്യം കാണാനായത്‌ ഉണങ്ങി കട്ട പിടിച്ച എൻറെ തന്നെ ചോരയും, അതോഹരി വെക്കുന്ന ഉറുമ്പുകളേയും. തലയിലൊരു വലിയ കരിങ്കല്ല്‌ കയറ്റി വച്ച പോലെ. ഭയങ്കര ഭാരം. ഒന്ന്‌ ചലിപ്പിക്കാന്‍ പോലുമാവുന്നില്ല. കാലുകള്‍ അറുത്ത്‌ മാറ്റിയിട്ടുണ്ടോ. അസഹ്യമായൊരു വേദന. 

ആടുകളും മുയലുകളും കോഴികളുമൊക്കെ അങ്ങിങ്ങ്‌ നടക്കുന്നു. കുട്ടന്‍ കരഞ്ഞ്‌ ബഹളമുണ്ടാക്കി എൻറെ ചുറ്റിലും നടക്കുകയാണ്‌. ദാഹിച്ചിട്ടെൻറെ തൊണ്ട പൊട്ടുന്നു. ഞാനിപ്പോള്‍ മരിക്കും. അസ്‌വദിനെ ഓര്‍ത്തപ്പോള്‍ കണ്ണ്‌ നിറഞ്ഞു. 

ഹൊ കഷ്ടം. എൻറെ അസ്‌വദ്‌. എൻറെ അസ്‌വദിനെ അവര്‍ കൊന്നു. എൻറെ കണ്ണുകള്‍ പിന്നെയും അടഞ്ഞു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ വീണ്ടും ബോധം വന്നു. ഞാനൊന്ന്‌ കയ്യുയര്‍ത്താന്‍ നോക്കി. ഒരു വിരല്‍ പോലുമനക്കാനാവുന്നില്ല. ഞാന്‍ തീരുകയാണെന്ന്‌ എനിക്കുറപ്പായി. 

ഉമ്മയെ ഓര്‍ത്തു പോയി. ഉമ്മാ. ഉമ്മാൻറെ മോന്‍, ഇനിയുമ്മാനെ കാണൂലാട്ടൊ. കണ്ണുകള്‍ അറിയാതെ നിറയുന്നു. ചുട്ടുപൊള്ളിക്കുന്ന വെയിലില്‍ പിന്നെ അതുണങ്ങിക്കരിയുന്നു. 

ആരും ഇങ്ങോട്ടു വരില്ലെന്നെനിക്കറിയാം. നാളെ ഉച്ചയ്ക്കേ അവാദ്‌ വരൂ. ഈ കിടത്തമൊരു അരമണിക്കൂറു പോലും കിടക്കുമെന്ന്‌ തോന്നുന്നില്ല. ഞാനിവിടെ കിടന്ന്‌ മരിക്കും. 

പടച്ച തമ്പുരാനേ. എന്നെ നീ സ്വീകരിക്കേണമേ. എൻറെ തെറ്റുകളെനിക്ക്‌ പൊറുത്ത്‌ തന്ന്‌ എന്നെ ശുദ്ധീകരിക്കേണമേ. എൻറെ ധിക്കാരം കൊണ്ടെനിക്ക്‌ തെറ്റ്‌ പറ്റിയിട്ടില്ല റബ്ബേ. ഒരു മനുഷ്യനെന്ന നിലയില്‍ വന്നു പോയ പിഴവുകളാണ്‌. നാഥാ.. നീയെന്നെ സ്വീകരിക്കേണമേ. 

എൻറെ മരണം. ഏതു നിമിഷവും അത്‌ സംഭവിക്കാം. ഒരിറ്റു വെള്ളം കിട്ടിയുരുന്നെങ്കില്‍. ഇല്ല. ഈ മരുഭൂമിയില്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ, ഈ വെയിലത്ത്‌ കിടന്ന്‌ ഞാന്‍ മരിക്കും. 

പടച്ചവനേ.. എൻറെ ഉമ്മ.. ഉമ്മാക്ക്‌ നീ ശാന്തിയും സമാധാനവും കൊടുക്കേണമേ. ഉമ്മാക്ക്‌ നീ വലിയ ക്ഷമ കൊടുക്കേണമേ. 

എൻറെ മിഴികള്‍ പിന്നെയും മങ്ങിത്തുടങ്ങി. പക്ഷെ ബോധം മറഞ്ഞില്ല. അങ്ങിനെ കൂറേ നേരം കഴിഞ്ഞു. എണ്റ്റെ തൊലി പൊള്ളുന്ന പോലെ തോന്നിത്തുടങ്ങി. നട്ടുച്ചയായിട്ടുണ്ടാവും. നിര്‍ത്താതെ കരഞ്ഞു കൊണ്ട്‌ എനിക്ക്‌ ചുറ്റും നടക്കുകയായിരുന്നു കുട്ടന്‍. ഇപ്പോളതാ, അതകന്ന്‌ പോയിക്കൊണ്ടിരിക്കുന്നു. ഞാന്‍ കണ്ണുകള്‍ വലിച്ചു തുറന്നു. കുട്ടന്‍ ഗേറ്റിൻറെ നേരെ നടക്കുകയാന്‌. ജീവനറ്റ്‌ കിടക്കുന്ന അസ്‌വദിനെ നോക്കി അവന്‍ കരഞ്ഞു നോക്കി. ചവിട്ടി നോക്കി. പിന്നെ ഗേറ്റിൻറെ പുറത്തേക്ക്‌ നടന്നു. നിര്‍ത്താതെ കരഞ്ഞുകൊണ്ട്‌. 

കുട്ടാ.. വേണ്ടെടാ.. പുറത്തേക്ക്‌ പോണ്ടാ. നിന്നെ ചെന്നായ്ക്കള്‍ പിടിക്കും. കുട്ടാ.. നീയിങ്ങോട്ട്‌ വാ.. എൻറെടുത്തേക്ക്‌ വാടാ.. ഞാന്‍ മരിക്കുമ്പോളെൻറെ അടുത്ത് നിക്കെടാ.. 

എൻറെ മനസ്സ്‌ അങ്ങിനെ ഉറക്കെയുറക്കെ വിളിച്ച്‌ പറഞ്ഞു. നാവൊന്നനക്കാനാവാതെ എൻറെ നെഞ്ചില്‍ ആ ശബ്ദം ശ്വാസം മുട്ടി മരിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. താഴെ മണ്ണില്‍ ഉണങ്ങിയ രക്‌തം പൊതിര്‍ന്നു. ഉറുമ്പുകള്‍ ചിതറിയോടി. കുട്ടനെങ്ങോട്ടോ പോയി. അവൻറെ കരച്ചില്‍ നേര്‍ത്ത്‌ നേര്‍ത്തില്ലാതായി. 

സമയമിഴഞ്ഞ്‌ നീങ്ങി. വീണ്ടും ബോധം മറഞ്ഞ്‌ തുടങ്ങുകയാണ്‌. ഏകനായി ആ മുറ്റത്ത്‌, വെയിലത്ത്‌ ഞാനെൻറെ മരണം കാത്ത്‌ കിടന്നു. അര മണിക്കൂറെങ്കിലും കഴിഞ്ഞപ്പോള്‍, ഒരു വാഹനത്തിൻറെ ബ്രേയ്ക്കിൻറെ അലര്‍ച്ച കേട്ട്‌ ഞാനുണര്‍ന്നു. 

അതങ്ങ്‌ മെയിന്‍ റോഡിലാണ്‌. റോഡില്‍ നിന്നാരൊക്കെയോ എന്തൊക്കെയോ പറയുന്നു. പത്തു പതിനഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ഒരാള്‍ ഗേറ്റ്‌ കടന്ന്‌ നടന്ന്‌ വരുന്നത്‌ കണ്ടു. അയാളുടെ പിന്നാലെ കുറേ കുട്ടികളും. എന്നെ കണ്ടപ്പോള്‍ ആ മനുഷ്യന്‍ "സുബിഹാനല്ലാഹി" എന്നുറക്കെ വിളിക്കുന്നത്‌ കേട്ടു. ഒരു സ്‌ത്രീയുടെ ശബ്ദം കൂടി കേള്‍ക്കാമിപ്പോള്‍. പോലീസിനെ വിളിക്കാനും, ആംബുലന്‍സിനെ വിളിക്കാനുമൊക്കെ ആ സ്‌ത്രീ ആരോടോ പറയുന്നുത്‌ അവ്യക്‌തമായി കേട്ടു. 

ആ മനുഷ്യന്‍ താങ്ങിപ്പിടിച്ചു കൊണ്ടു വന്ന എൻറെ കുട്ടൻറെ ജീവനറ്റ ശരീരം എൻറെ കണ്‍മുമ്പില്‍ വെറും നിലത്ത്‌ വച്ചപ്പോള്‍, നെഞ്ച്‌ പിടഞ്ഞ്‌ പോയി. 

എനിക്കൊന്നുറക്കെ കരയാന്‍ പോലുമാവുന്നില്ലല്ലോ പടച്ചോനെ....

22 comments:

 1. ദാഹം കൊണ്ട്‌ ഞാന്‍ മരിക്കുന്നതിൻറെ മുന്‍പ്‌;
  കരയിലടിഞ്ഞ മത്സ്യമായി ഞാനൊടുങ്ങുന്നതിൻറെ മുന്‍പ്‌;
  വരൂ, എന്റെ പ്രാണന്‍ മഹറായി സ്വീകരിക്കൂ.
  എൻറെ മണിയറയിലെ കട്ടില്‍, നമുകൊരുമിച്ച്‌ കുലുക്കാം.

  ReplyDelete
 2. മൊത്തമായി ഒറ്റയിരിപ്പിന് വായിച്ചു,, നന്നായിരിക്കുന്നു,,

  ReplyDelete
 3. നന്നായി.. പിടിച്ചിരുത്തി

  ReplyDelete
 4. ആരാണീ അബൂതി ? ഒരു ചിത്രശലഭം ആണോ ? ആ.. ഏതായാലും അതി മനോഹരം ആണീ കഥ. അടുത്തകാലത്ത് എവിടെയും വായിച്ച കഥകളില്‍ മികച്ച ഒന്ന്. എത്ര മനോഹരമായ തീം.. കാട് കയറാതെ നേരെ പറഞ്ഞ കഥ. ആയിരം അഭിനന്ദനങ്ങള്‍.

  ReplyDelete
 5. അനുഭവ തീക്ഷ്ണമായ കഥ.നന്നായി. അഭിനന്ദനങ്ങള്‍!

  ReplyDelete
 6. നാലു വർഷത്തിനു ശേഷം വായിക്കുന്ന ആദ്യ ബ്ലോഗ് പോസ്റ്റ്

  ഒറ്റയിരിപ്പിനു വായിച്ചു.
  നന്നായിട്ടുണ്ട് അബൂത്തി

  ReplyDelete
 7. വളരെ നല്ല എഴുത്ത്
  നല്ല അവതരണം
  കുറച്ചും കൂടെ ഉണ്ടായിരുന്നെങ്കില്‍.......
  ഇനിയും ഇത് പോലെ ഉള്ള എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു
  എല്ലാ വിത നന്മകളും നേരുന്നു.

  ReplyDelete
 8. നന്നായിരിക്കുന്നു...
  'നഷ്ടകഷ്ടങ്ങളൊന്നുമുണ്ടായിരുന്നില്ല.
  നേട്ടങ്ങളേ ഉള്ളൂ. അതിലേറ്റവും വലുത്‌,
  അവാദ്‌ എന്ന മനുഷ്യനായിരുന്നു. അറബികളെ
  കുറിച്ചുണ്ടായിരുന്ന സകല മുന്‍വിധികളേയും വേരോടെ
  പിഴുതെറിഞ്ഞു അദ്ദേഹം. ഒരു സാദാരണ അറബ്‌ കുടുംബത്തിലെ
  അംഗം. ചെറുപ്പക്കാരന്‍. കഠിനാധ്വാനി. നല്ല വായനാശീലമുള്ളയാള്‍.
  എനിക്കദ്ദേഹം കഫീലും, സഹോദരനും, ചങ്ങാതിയും, ഗുരുവും ഒക്കെയായിരുന്നു.'

  ReplyDelete
 9. സാധാരണ ഇത്തരം വലിയ പോസ്റ്റ്‌ വായിക്കാറില്ലെങ്കിലും ഇത് ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു. നിന്ന് പോയ ബ്ലോഗേഴുത്തിനെ വീണ്ടും പൊടി തട്ടിയെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന താങ്കളുടെ ശ്രമം . വീണ്ടും ഉണ്ടാവട്ടെ ഇത്തരം ബ്ലോഗ്‌ പോസ്റ്റുകള്‍
  അഭിനന്ദനങ്ങള്‍

  ReplyDelete
 10. മനോഹരം...വളരെനാളുകൽക്ക് ശേഷം ഒരു നല്ല വായനാനുഭവം. നന്ദി

  ReplyDelete
 11. Very well written.
  ഇനിയും ഇത് പോലെ ഉള്ള എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 12. ബ്ലോഗ് പോസ്റ്റുകൾ അന്യമാവുന്നു.വായന
  കുറവും...അബൂത്തിക്കു നന്ദി...
  മനോഹരമായ ഒരു വായന തന്നതിന്.

  ക്‌ളീഷേ അറബിയും ആടും ഒട്ടകവും കഥയെന്നു
  തുടക്കത്തിൽ സംശയിച്ചു.പിന്നെ ഒറ്റയിരിപ്പിനു
  വായിച്ചു..

  എല്ലാ അറബികളും ഒരു പോലെയല്ല എന്ന സത്യവും
  വായനക്കാർ അറിയേണ്ടതു തന്നെ.മനസ്സും ശരീരവും
  മടുക്കുന്ന വേളയിൽ മനുഷ്യന് കൂട്ടു കൂടാൻ മനുഷ്യൻ
  തന്നെ വേണമെന്നില്ല.മതിലുകൾക്കുള്ളിൽ തളച്ചിട്ട
  വേദനകൾ എല്ലാ ജീവികൾക്കും ഒരു പോലെ..

  ജീവൻ എടുക്കാൻ അനുവദിക്കാതെ, കാത്തു സൂക്ഷിച്ച
  ജീവൻ, അവസാനം തന്റെ ജീവൻ തന്നെയെടുത്തു മറ്റൊരു
  ജീവിതം മടക്കിക്കൊടുക്കുന്ന ഉദാത്തമായ സ്നേഹത്തിന്റെ
  പ്രതി ബിംബമായി സഹജീവികൾ ഒരു പോറൽ ബാക്കി
  വെച്ചു കടന്നു പോവുമ്പോൾ വായന തൃപ്തി ആയി
  അവസാനിക്കുന്നു...അഭിനന്ദനങ്ങൾ.....

  ReplyDelete
 13. എന്താണ് എഴുതുക..സ്വപ്നവും യാഥാര്‍ത്യവും സത്യവും മിഥ്യയും ഒക്കെ കൂടി വല്ലാത്തൊരു ലോകത്തില്‍ എത്തിപ്പെട്ടപോലെ ..വളരെ ഹൃദ്യമായിരുന്നു...

  ReplyDelete
 14. അനുഭവം ആണെന്ന് തോന്നിപ്പിച്ചു !!

  ReplyDelete
 15. അബൂതിയുടെ ഈ രചന വായിച്ചുതുടങ്ങിയപ്പോൾ ആടുജീവിതത്തിന്റെ ഓർമ്മ മനസ്സിലോടിയെത്തി. ബിന്യാമിന്റെ ആടുജീവിതം മരുഭൂമി പശ്ചാത്തലമാക്കിയ മറ്റെല്ലാ രചനകളേയും ഉരച്ചുനോക്കാനുള്ള ഉരക്കല്ലായ മലയാളസാഹിത്യത്തിൽ ഉന്നതശീർഷത്തോടെ നിലകൊള്ളുന്നു എന്നതാണതിന്റെ കാരണം. പക്ഷെ വളരെ വേഗം മനസ്സ് അതിന്റെ പിടിയിൽ നിന്ന് വിമോചിതമാകുകയും അബൂതിയുടെ കഥയുടെ ആത്മാവിലേക്ക് അലിഞ്ഞുചേരുകയും ചെയ്തു. ഈ രചനയ്ക്ക് സ്വന്തമായ ഒരസ്തിത്വം ഉണ്ട് എന്ന് തന്നെയാണത് വ്യക്തമാക്കുന്നത്. നല്ല കയ്യടക്കത്തോടെയാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വായനക്കാരന്റെ ഉള്ളിലേക്ക് നേരിട്ട് പ്രവേശിക്കുന്ന വിധത്തിൽ വളരെ ഋജ്ജുവായ ശൈലിയിൽ തന്മയത്തത്തോടെയുള്ള വിവരണം. ഒറ്റ ഇരിപ്പിൽ വായിപ്പിക്കുന്ന സമർത്ഥമായ അവതരണം.

  ആശംസകളൂം അഭിനന്ദനങ്ങളും നേരുന്നു.

  ReplyDelete
 16. നല്ല വരികള്‍ ......ആശംസകള്‍

  ReplyDelete
 17. നല്ല ഒരു വായനാനുഭവം ....ഒരിക്കലെങ്കിലും മരുഭൂമിയിൽ ജീവിച്ചവർക്ക് ഈ കഥ മനസ്സിലാകും ....നന്നായി ഇഷ്ടപ്പെട്ടു ...ആശംസകൾ

  ReplyDelete