Monday, October 15, 2018

വ്യഭിചാരിണി



സ്മാർത്ത വിചാരം കഴിഞ്ഞെങ്കിൽ
ഇനിയെന്നെ നിങ്ങൾ കഴുവേറ്റുക.
കൊല്ലുമ്പോഴെങ്കിലും ദയ കാട്ടണം;
ഇന്നോളം നിങ്ങളൊട്ടും കാട്ടാത്ത ദയ!
നിങ്ങൾ; ഇന്നത്തെ സ്മാർത്തന്മാർ
ഇന്നലെകളിലെൻറെ കാമുകന്മാർ.
ആർത്തിയോടെന്നുടൽ തിന്നവർ,
കാമം കൊണ്ട് കലി കൊണ്ടവർ!
നിങ്ങളിൽ ചിലരൂഴം കിട്ടാത്തവർ,
മദ്ധ്യേ മുറിഞ്ഞ കാമമോഹമുള്ളോർ. 
ഇന്നിപ്പോൾ ആ കൊതിക്കുറവിൻറെ
ചിറകുകൾ വിരിക്കുന്ന കഴുകന്മാർ!
എൻറെ ജാലകത്തിനപ്പുറം നാവുനീട്ടി
ലാലാരസം തൂവി നായപോലണച്ചവർ.
കപട പ്രണയത്തിൻറെ പട്ടുടുപ്പിൽ
കാമത്തിൻ ദ്രംഷ്ടകളൊളിപ്പിച്ചവർ!
എത്ര കൊതിയോടെ തേൻപുരട്ടി
അന്ന് നിങ്ങളെന്നെ വിളിച്ചിരുന്നു?
ഇന്നിതാ ശിലകളേന്തി നിൽക്കുന്നു; 
ഇന്നലെയെൻ മാറ് പരതിയ കരങ്ങൾ!
പെൺച്ചതിക്ക് കുലം മുടിയാതിരിക്കാൻ;
നിങ്ങൾക്കെന്നെ എറിഞ്ഞു കൊല്ലണം.
എന്നെ ഭോഗിച്ച ഉദ്ധൃതലിംഗങ്ങളല്ലയോ
നിങ്ങളുടെ സദാചാര നാഴികക്കല്ലുകൾ!
എനിക്കറിയാം; ആ സദാചാരമെന്തെന്ന്.
ഒന്നിലും സ്ഖലിക്കാനാവാതെയിപ്പോഴും
നിങ്ങളിൽ മുഴച്ചു നിൽക്കും നിങ്ങളുടെ
കപടയാണത്തത്തിൻറെ കഴപ്പാണത്!
ഞാൻ വീണതേയോടി വന്ന് വരിനിന്ന് 
ഭോഗിച്ചവർക്ക് ഞാനൊരുടൽ മാത്രം.
പാവാടച്ചരടഴിക്കും കറുത്ത കൈകളെ
തട്ടിമാറ്റുവാനായില്ല. അതെൻറെ തെറ്റ്! 
ഇന്നീ വെളുപ്പിൽ നിങ്ങളെത്ര മാന്യന്മാർ
ഇരുട്ടിൽ ഞാൻ കണ്ടെത്ര നിന്ദ്യമുഖങ്ങൾ
ഇനിയെന്തിനാണ് ഈ പടു വിചാരണ
ഇനി കാക്കണ്ട നിങ്ങളെന്നെ കഴുവേറ്റുക!

* ശുഭം *
(ചിത്രത്തിന് കടപ്പാട് പേരറിയാത്ത ചിത്രകാരനോട്)   

4 comments:

  1. ഇന്നീ വെളുപ്പിൽ നിങ്ങളെത്ര മാന്യന്മാർ
    ഇരുട്ടിൽ ഞാൻ കണ്ടെത്ര നിന്ദ്യമുഖങ്ങൾ
    ഇനിയെന്തിനാണ് ഈ പടു വിചാരണ
    ഇനി കാക്കണ്ട നിങ്ങളെന്നെ കഴുവേറ്റുക!

    ReplyDelete
  2. എല്ലാവരും മാന്യന്മാര്‍ തന്നെ. കവിത അസ്സലായി.

    ReplyDelete
  3. വിഷയം ഗംഭീരം...കവിതയും.

    ReplyDelete