Wednesday, October 17, 2018

കോമാളി





നിർജീവമീ വീണ സ്വപ്നങ്ങളുടെ രാജകുമാരാ!
നിൻ മുഖച്ചുട്ടിക്കുള്ളിൽ നീയൊളിപ്പിച്ചുവോ
നിൻറെ കദനമെഴുതിയ കഥകളുടെ പുസ്തകം?
നിന്നിലെന്നും പെയ്യുമീ കണ്ണീർ മഴക്കാകുമോ, 
നീറും നിന്നുള്ളിലെ നാളങ്ങളണയ്ക്കുവാൻ? 
നീ ചിരിച്ചും ചിരിപ്പിച്ചും വേഷമാടും വേദിയിൽ 
നീർമിഴിത്തുള്ളി വീണു വറ്റിയതാരുമറിഞ്ഞില്ല!
നീ കരഞ്ഞാലതും കാണിക്ക് തമാശയല്ലാതല്ല!
നിൻറെ വീഴ്ചകൾ നിന്നെ നോവിക്കുന്ന നേരവും
നീറുന്ന നോവാരും കണ്ടതില്ലൊട്ടും; ഒരിക്കലും! 
നീളെയാർത്തു ചിരിച്ചു മാലോകർ കൈ കൊട്ടി 
നിന്നെ പിന്നെയും പിന്നെയും വീഴാൻ വിളിച്ചു!
നീയോ? നെഞ്ചിലെ നോവിൻറെ പഞ്ചാരിമേളം
നിൻറെ കോമാളിത്തരങ്ങളിൽ പൊതിഞ്ഞ്;
നീയാടിത്തിമർക്കുന്നു വെറും കോമാളിയായ്! 
നിന്നെ കൊതിപ്പിക്കുന്നതെന്താണ് ഈ വേദിയിൽ?
നിൻറെ അടുപ്പ് കത്തിക്കാനുള്ള ചില്ലറത്തുട്ടോ; 
നിൻറെ കാതുകൾ നിറയ്ക്കും ഈ കരഘോഷമോ? 

* ശുഭം *

2 comments:

  1. നിർജീവമീ വീണ സ്വപ്നങ്ങളുടെ രാജകുമാരാ..!
    നിൻ മുഖച്ചുട്ടിക്കുള്ളിൽ നീയൊളിപ്പിച്ചുവോ
    നിൻറെ കദനമെഴുതിയ കഥകളുടെ പുസ്തകം...?

    ReplyDelete
  2. നിൻറെ അടുപ്പ് കത്തിക്കാനുള്ള ചില്ലറത്തുട്ടോ;
    നിൻറെ കാതുകൾ നിറയ്ക്കും ഈ കരഘോഷമോ?
    ...നന്നായിട്ടുണ്ട്.

    ReplyDelete