Monday, October 22, 2018

ഘടികാരം


Image result for childhood art

ഞാനെൻറെ ഘടികാരത്തിൻറെ സൂചിയിന്ന് 
വൃഥാ പിന്നിലേക്ക് തിരിച്ചു നോക്കുകയാണ്.
വ്യാമോഹമെങ്കിലുമാ സുന്ദരമോഹത്തിന് 
എത്ര ഭംഗിയുണ്ടെന്നറിയാമോ നിങ്ങൾക്ക്?

പ്രഭാതത്തിൻറെ പുഞ്ചിരിച്ചുവപ്പും
പ്രദോഷത്തിൻറെ സങ്കടച്ചുവപ്പും
കവിളിലേറ്റുമിരു ചക്രവാളങ്ങൾക്കിടയിൽ
ചിറകുകൾ വിരിക്കുന്നു എൻറെ മോഹം!

വെള്ളിവലാഹങ്ങൾക്ക് താഴെ താഴ്ന്നു പറന്ന്
വെണ്മുകിലുകൾക്കുമ്മയേകും മേരുതാണ്ടി 
കാടുകൾ താണ്ടി, നല്ല നാടുകൾ താണ്ടി
ഒരു മുഖം മാത്രം തേടിപ്പറക്കുന്നെൻ മോഹം!

കൈവിരൽ തുമ്പിൽ പട്ടത്തിൻ നൂലറ്റപ്പോൾ
മഴപെയ്‌തൊലിച്ച വരി വെള്ളത്തിലെങ്ങോ
കടലാസു തോണിയകന്നപ്പോൾ വിതുമ്പിയ
നിഷ്കളങ്കമാം ബാല്യമുഖം തേടുന്നെൻ മോഹം!

ഒരു പിടി മഷിത്തണ്ടുകൾക്ക് പിണങ്ങിയവളെ
ഒരു കൈക്കുമ്പിൾ ഇലഞ്ഞിപ്പൂക്കളാലിണക്കിയ 
ഒരു കുല തെച്ചിപ്പഴത്തിനൊരുമ്മ കടം വാങ്ങിയ
ഓർമയിലെ ഓമനപ്പൂക്കളാണെൻറെ ബാല്യം!

മകരമാസക്കുളിരിലെൻ നഗ്നപാദങ്ങൾ നൊന്ത്
ഓത്തുപള്ളിയിലേക്ക് നടന്ന ഇടവഴിയിന്നെവിടെ?
എൻറെ കളിവീടെവിടെ, ഓലപ്പീപ്പിയെവിടെ? 
ഞാൻ പിടിച്ച് പോറ്റാൻ കൊതിച്ച മാടത്തയെവിടെ?

പാഠം പഠിക്കാതിരുന്നൊരാ കാലത്തെൻ
പാഠപുസ്തകത്തിലെ മയിൽ പീലി പെറ്റുവോയെന്ന് 
നോക്കുന്ന നേരത്ത് നോക്കി ചിരിച്ചൊരെന്നമ്മേ
ഒരിക്കൽ കൂടി പാടുമോ നീ നിൻറെ താരാട്ട്?

ഞാനെണ്ണി വച്ച മഞ്ചാടിമണികൾ കണ്ടുവോ?
മിഠായിക്കടലാസും വളപ്പൊട്ടുകളും കണ്ടുവോ?
ഏതോ രാമഴയ്ക്ക് പൊളിഞ്ഞൊരു കളിവീടും; 
എന്നോ ചിതൽ തിന്നൊരെൻ  കളിവണ്ടിയും?

പ്രണയത്തിൻറെ വെറ്റിലത്താമ്പാളം നീട്ടും
താരുണ്യം കാട്ടിയെൻ കൗമാരത്തെയെടുത്തു നീ; 
കൗതുകമുണ്ണുമാ കൗമാരം നീട്ടി ബാല്യത്തെയും; 
ജീവിതമേ; എന്നെ വഞ്ചിച്ചത് നീ തന്നെയല്ലോ?

ഘടികാരമേ; നിനക്ക് വെട്ടിക്കളയാനാവാത്ത ചില
നിമിഷങ്ങളുണ്ടെന്നുള്ളിൽ ഞാനൊളിപ്പിച്ചത്.
കർണികാരം ചൂടിയ  മേടത്തിൻ കളിമുറ്റത്തെൻ 
ബാല്യം  കാൽമുദ്രകൾ ചാർത്തിയ നിമിഷങ്ങൾ!

* ശുഭം *

1 comment:

  1. ഞാനെൻറെ ഘടികാരത്തിൻറെ സൂചിയിന്ന്
    വൃഥാ പിന്നിലേക്ക് തിരിച്ചു നോക്കുകയാണ്.
    വ്യാമോഹമെങ്കിലുമാ സുന്ദരമോഹത്തിന് എത്ര ഭംഗി...!

    ReplyDelete