Thursday, October 25, 2018

ചിരിക്കുന്ന ശ്മശാനം



മരിച്ചവരുടെ മുഖപുസ്തകത്താളിൽ പോയിട്ടുണ്ടോ?
മരണമെത്തിയവരെ മൃദുവായി തട്ടിവിളിച്ചപ്പോൾ
വാതിലടയ്ക്കാൻ മറന്നവരുടെ മുഖപുസ്തകത്താളിൽ?
അതിന്നൊരു ചിരിക്കുന്ന ശ്മശാനമായി കാണ്മാനാകും!

അവിടെയവരുടെ ചിതറിയ അടയാളങ്ങൾ കാണാം.
നോവിൻ പുതപ്പിലെ ഓർമ്മയുടെ അടയാളങ്ങളാണവ.
ചിരിക്കുന്ന സ്വചിത്രങ്ങൾ മങ്ങാതിരിക്കുന്നുണ്ടാവും.
മണ്ണിലൊടുങ്ങിയവൻറെ മരണമില്ലാത്ത ചിരിയാണത്!

അർത്ഥമെന്നോ ചത്തുപോയ ചില വരികളവിടെ
ഇന്നും വായനക്കാരനെ തേടി തേങ്ങുന്നുണ്ടാവും.
പങ്കുവെക്കുവാനാവാതെയനാഥമായ ചില വാക്കുകൾ
വരികൾക്കിടയിൽ സ്ഫടികം പോൽ തിളങ്ങുന്നുണ്ടാവും!

ചിത്രകാരനില്ലാത്ത ചിത്രത്തിൻറെ ദുഃഖ പേറുന്ന
ചില വരകളുണ്ടാവും, അന്നയാൾക്ക് പ്രിയമുള്ളത്.
ഏതേതു ചേതോവികാരങ്ങളിൽ ചായം തേച്ചാവും
അന്നയാൾ നെഞ്ചിലെ ചിത്രങ്ങളവിടെ ഇറക്കി വച്ചത്?

ഹൃദ്യമാം സൗഹൃദങ്ങൾ അരുമയായന്നു പങ്കുവച്ച
കൊള്ളക്കൊടുക്കയുടെ  തിരുശേഷിപ്പുകളുണ്ടാവും.
വരണ്ടുണങ്ങിയ കുന്ദളങ്ങളായി ചില ചിന്തകളുണ്ടാവും.
മാറ്റമെന്ന മോഹമൂശയിൽ നൊന്തുവെന്ത ചിന്തകൾ!

നേടിയ കിനാവിൻറെ സ്മരണഗീതാലാപനമുണ്ടാവും
മോഹങ്ങളും മോഹഭംഗങ്ങളും പരിഭവം കൂടാതെ
പങ്കിട്ടെടുത്തതെല്ലാം പരേതൻറെ അടയാളങ്ങളാണ്.
മുഖപുസ്തകത്താളിലെ  ആ ചിതറിയ അടയാളങ്ങൾ!

* ശുഭം *

1 comment:

  1. ഹൃദ്യമാം സൗഹൃദങ്ങൾ അരുമയായന്നു പങ്കുവച്ച
    കൊള്ളക്കൊടുക്കയുടെ തിരുശേഷിപ്പുകളുണ്ടാവും.
    വരണ്ടുണങ്ങിയ കുന്ദളങ്ങളായി ചില ചിന്തകളുണ്ടാവും.
    മാറ്റമെന്ന മോഹമൂശയിൽ നൊന്തുവെന്ത ചിന്തകൾ!

    നേടിയ കിനാവിൻറെ സ്മരണഗീതാലാപനമുണ്ടാവും
    മോഹങ്ങളും മോഹഭംഗങ്ങളും പരിഭവം കൂടാതെ
    പങ്കിട്ടെടുത്തതെല്ലാം പരേതൻറെ അടയാളങ്ങളാണ്.
    മുഖപുസ്തകത്താളിലെ ആ ചിതറിയ അടയാളങ്ങൾ!

    ReplyDelete