Wednesday, October 17, 2018

സ്വപ്നാന്തരങ്ങൾ




നിങ്ങൾ സ്വപ്നങ്ങളെ കുറിച്ച് തർക്കത്തിലാണല്ലേ?
നിങ്ങളിൽ ആർക്കാണ് ഏറ്റവും നല്ല സ്വപ്നങ്ങളെന്ന്?
നിങ്ങളുടെ സ്വപ്‌നങ്ങൾ ശലഭങ്ങളുടേതു പോലെയാണോ?
നിറമുള്ള പൂക്കളുടെ ഗന്ധം കാറ്റിനായ്‌ തേടുന്ന പോലെ?
അതന്യനായ് കാണുന്ന സ്വപ്നത്തിൻറെ സുഗന്ധമാണ്.
അതൊരിക്കലും നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല!
അതെന്തെന്നാൽ; നിങ്ങളുടേത് ഉണ്ടിട്ടുറക്കം തേടുന്ന
അധികമുണ്ടവൻറെ ആലസ്യത്തിൻറെ സ്വപ്നമാണ്!
നിങ്ങളുടെ സ്വപ്നങ്ങൾക്ക് സംഭോഗമോഹങ്ങളുടെ 
ഉഷ്ണപ്രവാഹങ്ങളുടെ ഉറവകളുടെ പിടപിടക്കലുണ്ട്. 
അവ കൂടുകൂട്ടിയിരിക്കുന്നതോ? വെണ്ണക്കല്ലുകൾ 
പാകിയ രമ്യഹർമങ്ങളുടെ മട്ടുപ്പാവുകളിലാകുന്നു.
പരശ്ശതമശ്വങ്ങളെ പൂട്ടിയ തങ്കരഥങ്ങളിലല്ലയോ; 
നിങ്ങളുടെ സ്വപ്ങ്ങൾ നാട് കാണാനിറങ്ങുന്നത്?
ആൾക്കൂട്ടത്തിൻറെ കരഘോഷത്തിൽ പുളകമേന്തി 
മയക്കം പൂണ്ടവ; നിങ്ങളുടെ മാറിലേക്ക് ചാഞ്ഞിരിക്കുന്നു. 
അറിയുമോ നിങ്ങൾക്ക്? ഞങ്ങളുടെ സ്വപ്നങ്ങളിതൊന്നുമല്ല!
അത് നട്ടുച്ചകളിൽ നിഴലുകളിൽ വിശ്രമിക്കാറില്ല.
അസ്ഥികളിലേക്കെത്തും തണുപ്പിൽ പുതപ്പ് തേടാറുമില്ല.
അത്ഭുതം തോന്നുന്നുവോ; ഇതെന്ത് സ്വപ്നമെന്നോർത്ത്?
അന്നം മുടങ്ങിയവൻറെ ഉന്തിയ നെഞ്ചിൻറെ സ്വപ്നമാണത്!
അന്യൻറെ ഹൃദയത്തിലേക്ക്; കരുണ തേടി നീളുന്ന
കുഴിഞ്ഞ കണ്ണുകളുടെ പതറിയ നോട്ടത്തിൻറെ സ്വപ്നം!
ചരലുകളിൽ വീണ ധാന്യമണികൾ ചില്ലു കൂട്ടി
പെറുക്കിയെടുക്കവേ അറ്റുപോയ വിരലുകളുടെ സ്വപ്നം! 
ജീവനുള്ള കങ്കാളങ്ങളായ പൈതങ്ങൾക്ക് മോന്തുവാൻ 
ചുരത്തുവാനുണങ്ങിയ മാറിടങ്ങളിൽ ചോര പോലും 
ബാക്കിയില്ലാത്ത അമ്മമാരുടെ വരണ്ട സ്വപ്നം!
കുപ്പയിലെ ഇലപ്പങ്കിനു വേണ്ടി നായ്ക്കളോട് മല്ലിടാൻ
ആവതില്ലാത്തവൻറെ നഖവും പല്ലുമില്ലാത്ത സ്വപ്നം! 
ഗോതമ്പ് കപ്പലുകളുടെ കൂവലിന് കാത് കൂർപ്പിച്ചിരിക്കുന്ന
ഓരോരോ വണ്ടിയിലും അന്യൻറെ കരുണ തേടുന്ന
വിറച്ചു വീഴാൻ വെമ്പുന്ന മേനിയുടെ ഒറ്റനിറസ്വപ്നമാണത്!
ഒരുനേരമുണ്ണാതിരുന്ന് നിങ്ങളറിയും വിശപ്പിൻറെ വികൃതിയല്ല
വിശപ്പറ്റ് പോകാത്ത വയറിൻറെ വേവലാതി! ഇനിയെന്ന് 
വെന്തതോ വേവിക്കാത്തതായായിട്ടൊരു നുള്ള് പഴകിയ 
ധാന്യങ്ങൾ കണ്ണുനീരിൽ കുതിർത്തു തിന്നുക എന്നാണ്!
ഏകയുറവയുടെ അവസാന തുള്ളിയും തുടച്ചെടുത്ത്;
ഉറവ തേടുന്ന ദാഹത്തിൻറെ സ്വപ്നങ്ങൾക്ക് വേഗതയില്ല!
നിങ്ങൾക്ക് ചിലപ്പോൾ തോന്നിയേക്കാം! ഇതെന്ത് സ്വപ്നം?
സുഖമോ ശീതളമോ തരാത്ത ഉണങ്ങിയ പഴമാണിതെന്ന്!
എന്നാൽ; ഞങ്ങൾക്കുറപ്പ് പറയാനൊരു സംശയവുമില്ല. 
നിങ്ങളറിയാതെ പോകുന്ന ഒന്നുണ്ട്; ഇതാണ് സ്വപ്നമെന്ന്!
നിങ്ങൾ പറയൂ; നിങ്ങളുടെ മണമുള്ള നിറമുള്ള സ്വപ്നങ്ങൾക്ക്; 
ഞങ്ങളുടെ ഈ ഇരുണ്ട സ്വപ്നങ്ങളുടെ അത്രയും ജീവനുണ്ടോ?
ഉണ്ടാവില്ല! സ്വപ്നങ്ങൾക്ക് ജീവനുണ്ടാവണമെങ്കിലവയ്ക്ക് 
ഉടലിൻറെ ശ്വാസങ്ങളുടെയെങ്കിലും വിലയുണ്ടാവണം! 
കാണുനവൻറെ ജീവനാ സ്വപനത്തിൽ കൊരുത്ത് കിടക്കണം!
മുള്ളുകളിൽ കൊരുത്തു തേങ്ങുന്ന അപ്പൂപ്പൻ താടി പോലെ! 

** ശുഭം **

1 comment:

  1. അന്നം മുടങ്ങിയവൻറെ ഉന്തിയ നെഞ്ചിൻറെ സ്വപ്നമാണത്!
    അന്യൻറെ ഹൃദയത്തിലേക്ക്; കരുണ തേടി നീളുന്ന
    കുഴിഞ്ഞ കണ്ണുകളുടെ പതറിയ നോട്ടത്തിൻറെ സ്വപ്നം!
    ചരലുകളിൽ വീണ ധാന്യമണികൾ ചില്ലു കൂട്ടി
    പെറുക്കിയെടുക്കവേ അറ്റുപോയ വിരലുകളുടെ സ്വപ്നം!
    ജീവനുള്ള കങ്കാളങ്ങളായ പൈതങ്ങൾക്ക് മോന്തുവാൻ
    ചുരത്തുവാനുണങ്ങിയ മാറിടങ്ങളിൽ ചോര പോലും
    ബാക്കിയില്ലാത്ത അമ്മമാരുടെ വരണ്ട സ്വപ്നം ...!

    ReplyDelete