Wednesday, October 17, 2018

പിണക്കം




എത്ര സുസ്മിതങ്ങൾ 
നിന്നോർമയിൽ പൂക്കളായ്!
എത്ര പൊൻകിനാവുകൾ 
നിന്നോർമയിൽ ശലഭങ്ങളായ്!

എത്ര മൗനനിമിഷങ്ങൾ 
നിന്നരികിൽ വാചാലമായ്!
എത്ര മോഹങ്ങളെന്നിൽ 
നിന്നെയോർത്തെത്ര പാട്ട് മൂളി!

കോടമഞ്ഞിൽ നീരാടി നിൽക്കും, 
കന്ദരം ചൂടുന്ന വിൺനിറപ്പൂക്കൾ, 
നാണിച്ചു നിൽക്കയായ് നാട്ട് പൂവേ 
നിൻനീലമിഴികൾ തൻ കാന്തികാണെ! 

പിന്നെയും കാണാൻ കൊതിക്കു-
മെന്നാർദ്ര കിനാവിലീറനാം പൂമര-
ക്കൊമ്പിൽ പുണരാൻ കൊതിക്കും 
രണ്ടിണക്കുരുവികൾ നമ്മൾ! 

എന്നിട്ടുമെന്തിത്ര താമസം ഓമനേ 
എന്നരികിലേക്കൊന്നിങ്ങ് വന്നീടുവാൻ? 
എന്തിത്ര പരിഭവം, എന്തെ ഈ മൗനം, 
എന്തിനാണീ കുറുമ്പിൻറെ നാടകം?

കാറ്റു പോൽ വന്നെന്നെ പുൽകുക.
നീ കവിത പോലെന്നിൽ നിറയുക.
വർഷബാഷ്പമായ് നീ കുളിരേകുക.
പ്രിയേ, നീയനഘസ്നേഹധാരയാവുക.

* ശുഭം *

1 comment:

  1. പിന്നെയും കാണാൻ കൊതിക്കു-
    മെന്നാർദ്ര കിനാവിലീറനാം പൂമര-
    ക്കൊമ്പിൽ പുണരാൻ കൊതിക്കും
    രണ്ടിണക്കുരുവികൾ നമ്മൾ!

    ReplyDelete