Sunday, November 4, 2018

ഖബറിലെ കുഞ്ഞുങ്ങൾ


ഇവിടെ ഞാൻ കാണുമീ ഖബറുകളിൽ,
ഉറങ്ങുന്ന പൈതങ്ങളുടെയമ്മമാരുടെ,
മുലകളിപ്പോഴും ചുരത്തുന്നുണ്ടാവുമോ?
അവ; വിങ്ങി നോവുന്നുമുണ്ടാവുമോ?

ഒരുനാളും തോരാത്തയശ്രുവര്ഷത്തിനു -
കൂട്ടായി; മാറിടങ്ങൾ ക്ഷീരധാരയാകുന്നുവോ?
നോവിൽ തുടിച്ചു കല്ലച്ച് പോകുന്ന മുൻപേ
പൈതലിൻ ചുണ്ടു തേടിക്കിനിഞ്ഞ മാറിടങ്ങൾ! 

അതോ, തനിച്ചുറങ്ങാൻ പേടിക്കുമരുമ -
പൈതലിനു കൂട്ടായടുത്ത ഖബറിൽ;
ഒരു കഥപറയാനവരും ചേർന്നുവോ?
കാതോർക്കട്ടെ; താരാട്ടു കേൾക്കുന്നുവോ?

പറന്നെത്തി തീ തുപ്പിത്തിരിച്ചു പോകു-
മിരുമ്പു പക്ഷികൾ; ഭീരുക്കളാൽ!
ചതുർമുഖമില്ലാത്ത യുദ്ധത്തിലന്ന്യൻറെ
അടുക്കളപ്പുറത്തേക്കാണാകാശക്കണ്ണുകൾ!

തെറ്റാര്? ശരിയാര്? ചോദ്യങ്ങളർത്ഥമില്ലാത്ത
പകിടയുരുട്ടലായി പല്ലിളിക്കുന്നു മുന്നിൽ!
പൊലിയുന്ന ജീവനുകളപരാധികളുടേതല്ലയാ-
നിലവിളികൾക്കിടമില്ല ചരിത്രത്താളിലും!

കുഞ്ഞുങ്ങളെ; നിങ്ങളുറങ്ങിക്കൊൾക!
ഞെട്ടിയുണരാത്ത സുഖമുള്ളയുറക്കത്തിലാഴുക!
വെടിയൊച്ച കേൾക്കാത്ത സ്വർഗ്ഗവല്ലരിയിൽ
പൂക്കളായ്, പൂമ്പാറ്റകളായ് നിങ്ങളുണരും നാളെ!

മണ്ണിൽ മരിക്കാതിരിക്കാനവകാശം, മക്കളെ;
നിങ്ങൾക്കുമുണ്ടായിരുന്നെന്നവരറിയും, നാളെ -
വിചാരണത്തുലാസിൽ വിരൽ കടിക്കവെയൊരു-
പിടി മണ്ണായി മാറാൻ കൊതിച്ച് കേഴുന്നവർ!

മണ്ണിൽ മിഥ്യജയത്തിലൊളിക്കുവാനായാലും
മർത്യനാവില്ല കർമ്മ ഫലമേൽക്കാതെ രക്ഷനേടാൻ!
ഏവം ചെയ്തിടും കര്മങ്ങളൊക്കേയുമകിടു തേടും
ഗോക്കിടാവിനെപ്പോലെത്തിടും നാളെയൊരിക്കൽ!

* ശുഭം * 

3 comments:

  1. മണ്ണിൽ മരിക്കാതിരിക്കാനവകാശം, മക്കളെ;
    നിങ്ങൾക്കുമുണ്ടായിരുന്നെന്നവരറിയും, നാളെ -
    വിചാരണത്തുലാസിൽ വിരൽ കടിക്കവെയൊരു-
    പിടി മണ്ണായി മാറാൻ കൊതിച്ച് കേഴുന്നവർ...!

    ReplyDelete