Wednesday, November 7, 2018

പ്രണയഗീതം


മന്മഥസായകമേറ്റു മുറിഞ്ഞൊരെൻ,
മനസ്സിന് മരുന്നു തരൂ; ദേവീ!
മനമലർ മണ്ഡപനടയിൽ നിന്നുടെ, 
നൂപുര മണിയുലക്കൂ! നിന്നുടെ
സുകുമാര ചലനത്തിലുണരുമെൻ 
മനസ്സിന്, മതിവരെ, കുളിർതൂവും, 
നിൻ മാറിലെന്നെ നീ ചേർക്കൂ!

മൃണ്മയദീപിക ശോഭാവലയം,
നിൻമുഖകാന്തിയിലലിയുമ്പോൾ;
നിന്നെ തേടുമെൻ, മുരളിക മൂളും,
രാഗസുധാമഴയുടെയാന്ദോളനം! 
ഇനിയെൻറെ ചാരെ  നീ വന്നിരിക്കൂ
ആരുമിന്നോളമോതാത്ത കഥകൾ ചൊല്ലൂ! 
ആരുമേകാത്തൊരനുഭൂതി വരമരുളൂ!

രാഗവിപഞ്ചികെ, നിന്മലർമെയ്യിൽ, 
ഞാനൊരു ശ്രുതിയായ് വീണുവെങ്കിൽ;
വിടരാൻ മടിക്കും, നിന്നിക്കിളിപ്പൂക്കൾ,
നിന്നുള്ളിലാകെ പടർന്നേനെ!
എൻ രാഗലതകേളിതന്നിശ്വാസങ്ങൾ,
നിൻറെ കപോലങ്ങളണിഞ്ഞേനെ.
നിൻതാമരമിഴികൾ, കൂമ്പിയടഞ്ഞേനെ!

* ശുഭം *

1 comment:

  1. മന്മഥ മൃണ്മയദീപികയായ രാഗവിപഞ്ചികെ....

    ReplyDelete