Monday, November 12, 2018

നീ വരുന്നുണ്ടോ?



ഇനിയെൻറെ ജീവന്റെയവസാനത്തുടിപ്പിന്
കൂട്ടിരിക്കാൻ നീയെത്തുമോ കൂട്ടുകാരാ?
ഇനിവരും നാളിലൊന്നിലെൻ ജീവൻറെ പക്ഷി 
ചിറകടിച്ചുയരവേയവസാന ചുംബനം നൽകുവാൻ
നീയെന്നെ തേടി വന്നെത്തുമോ കൂട്ടുകാരാ? 
ഞാൻ വിട്ടുപോന്ന വഴിയിലെ കാൽപാടു നോക്കി
എന്നെ പിന്തുടർന്നെത്തുമോ നീ കൂട്ടുകാരാ?
അക്കാലനീർച്ചാട്ടത്തിലൊരു കുലയിൽ നിന്നും 
ചിതറിത്തെറിച്ച പൂക്കളാണല്ലോ നമ്മൾ!
ഓർമ്മകൾ ചാവാത്ത മനസ്സിൻറെ മോഹമാം 
ശരശയ്യയിൽ നിന്നെയും കാത്തു കിടപ്പാണ് ഞാൻ!
നര വീണ മുടികളിൽ നിൻവിരലോടുവാൻ,
നന വന്ന മിഴികൾ നിൻ മുഖം പതിയുവാൻ,
ഹൃദയത്തിലൊരു തുടിപ്പള്ളിപ്പിടിച്ചിരിക്കുന്നു,
നീ വരും വരേയെൻറെ ജീവനെ നീട്ടുവാൻ! 
സ്വപ്നങ്ങളന്നു നാം പങ്കു വെക്കവേ വിറച്ചോരെൻ 
വിരലുകൾ നിൻ കൈകുമ്പിളിൽ നീ കോരണം.
എൻ മനസ്സിൻ താപമല്പം ചിലപ്പോൾ ശമിച്ചിടാം! 
പൊട്ടിയടർന്നു പറക്കുന്നെൻ പ്രാണനെ കെനീട്ടി 
മെല്ലെപ്പിടിച്ചെൻറെ നെഞ്ചത്ത് തന്നെ നിർത്താൻ 
ഒരുവട്ടമെങ്കിലും നീയൊന്ന് നോക്കണേ കൂട്ടുകാരാ! 
ഇണങ്ങുവാനല്ലാതെ പിണങ്ങിയതിൻ നോവിന്
ചിതയൊരുക്കുവാനെന്നരികിൽ വന്നു നീയൊന്ന് 
നിൻറെ കരളിൻറെ പാട്ടു പാടണേ കൂട്ടുകാരാ! 
നിന്നിണക്കത്തിൻറെ തണുത്ത കരങ്ങളെന്നെ
തഴുകിത്തലോടിയുറക്കുകയാണെങ്കിൽ ഞാൻ
അവസാനശ്വാസത്തിൽ നിന്നെ നിറച്ചുറങ്ങിടാം! 

* ശുഭം *

2 comments:

  1. അവസാന നാളുകളിൽ സ്നേഹിക്കുന്നവർ കൂടെയുണ്ടാകുന്നതാണ് ഭാഗ്യം

    ReplyDelete
  2. പൊട്ടിയടർന്നു പറക്കുന്നെൻ പ്രാണനെ കെനീട്ടി
    മെല്ലെപ്പിടിച്ചെൻറെ നെഞ്ചത്ത് തന്നെ നിർത്താൻ
    ഒരുവട്ടമെങ്കിലും നീയൊന്ന് നോക്കണേ കൂട്ടുകാരാ....!

    ReplyDelete