Monday, November 12, 2018

കാറ്റു ബാക്കി വച്ചത്!



കാറ്റു പോലെ വന്നു നീ!
ചെമ്പകക്കാട്ടിൽ നിന്നും 
വന്നൊരു കാറ്റു പോലെ! 
നിന്നിലലിഞ്ഞ ഗന്ധവും 
നീ ചുമനോരാ കുളിരും
എൻറെ ഈ മനസ്സിൻറെ 
ചുമരിൽ നീ കവിതയായ്
കോറിയിട്ടിട്ടുണ്ടായിരുന്നു! 
പ്രാണനിലൊരു തീനാളമായ്
നീയെനിക്ക് ചൂടും തന്നു!
നിലാവുള്ള രാത്രികളിൽ 
നീ തലോടിയുണർത്തിയ 
രാഗന്ധികളിലൊന്നായി 
ഞാനെന്നേ മാറിയിരുന്നു!
നിൻറെ ചുംബനങ്ങളിൽ 
പുളകമണിയുന്നൊരു ദളം; 
അതു മാത്രമായിരുന്നു ഞാൻ! 
അന്ന് നീ തന്ന ലഹരിയിലെല്ലാം
മറന്നൊരാത്മനിവൃതിയിൽ, 
ചിരിതൂവുന്ന മതികലയോട് 
നിനക്ക് സ്വപ്നങ്ങളുണ്ടോയെന്ന് 
ഞാൻ വെറുതെ ചോദിച്ചിരുന്നു!
വാനഭൂമിയിലുമവയ്ക്കിടയിലും
നാം മാത്രമേയുള്ളൂവെന്ന് ഞാനാ 
സ്വപ്നലഹരിയിൽ നിനച്ചു പോയി!
പിന്നെ, മഴയെത്തുന്ന മുന്നേ നീ 
ഒരു യാത്രാമൊഴിയുടെയാശ്വാസം
പോലുമെനിക്ക് നൽകാതെ പോയി! 
ഒരിക്കലെങ്കിലും നിനക്കെന്നോട് 
വെറുതെ ഒന്ന് പറയാമായിരുന്നു; 
സ്വപ്നങ്ങളിങ്ങനെ ഒരുക്കൂട്ടരുതെന്ന്!
എങ്കിൽ, ചിലപ്പോളെനിക്കിങ്ങനെ
കാനൽ തുള്ളികൾ വീണിതളുകൾ
പൊഴിഞ്ഞുപോയൊരു കാട്ടുപൂവായി
ഒറ്റയ്ക്ക് നിൽക്കേണ്ടി വരില്ലായിരുന്നു!

-- അബൂതി

2 comments:

  1. ദളങ്ങൾ കൊഴിഞ്ഞ പാവം കാട്ടുപൂവ്😥

    ReplyDelete
  2. കാട്ടുപൂവ്വിൻ മോഹഭംഗങ്ങൾ

    ReplyDelete