Monday, November 19, 2018

ഒരു പൂവിൻറെ തപസ്സ്


എല്ലാ മുഖങ്ങളും തെളിയുന്ന കണ്ണാടിയിൽ
എന്തെ; എൻ മുഖം മാത്രം തെളിഞ്ഞതില്ല?
എല്ലാ പൂക്കളും വിരിയിക്കും വസന്തം
എന്തെ; എന്നിതൾ മാത്രം അലർത്തിയില്ല?
ഏതോ കിരാത പാപ നക്ഷത്രദോഷമോ? അതോ;
ഏതോ ചിറകടർന്ന നിശാശലഭത്തിൻ ശാപമോ?

എത്ര പൗര്ണമികൾ, പുലരികൾ, പ്രദോഷങ്ങൾ
എത്രമേൽ കാത്തിരുന്നു, ഞാനൊരു മൊട്ടായി?
എല്ലാ മുകുളങ്ങളും തഴുകിയുണർത്തുന്ന കാറ്റെ;
എന്നെ തേടി നീ വരുമീ വഴിയെന്നോർത്തു ഞാൻ!
ഏതൊരുന്മാദമലരിൻറെയുടലിൽ മയങ്ങി നീ?
എന്നെ മറന്നേതു വാടിയിലകപ്പെട്ടു പോയി നീ?

സ്വർഗകന്യകൾ നീരാടുവാനെത്തുമൊരു
സൗപർണ്ണികയുടെ കരയിലെ വാടിയിൽ,
സ്വപ്‌നങ്ങൾ കൊണ്ട് ബന്ധനസ്ഥയാണു ഞാൻ!
ഇനി വരും പൗര്ണമിക്കെങ്കിലും ചന്ദ്രികേ,
നീയെൻ നെഞ്ചിലൊന്നു വെറുതെ തഴുകണം.
സ്വയം വിടരുമൊരു പൂവായെനിക്കുണരാൻ!

ഹാ.. അന്നു ഞാനൊരു  രാഗാന്ധിയായ് മാറിടും.
നിൻറെ മാറിലെന്നെത്തേടി ശലഭങ്ങളെത്തിടും!
നിൻ നിലാമഴയിൽ കുളിച്ചു ഞാനീറൻ  മാറ്റവെ
ഒളിച്ചു നോക്കും വണ്ടിനെ കണ്ടില്ലെന്ന് നടിച്ചിടും!
ഒരു ഗൂഡസ്മിതമൊളിപ്പിക്കുമെന്നരിയയിതളുകൾ
ആ പ്രഭാതത്തിൽ നീഹാരമണിമാലയണിഞ്ഞിടും!

* ശുഭം *

2 comments:

  1. തപസ്സനുഷ്ഠിക്കുന്ന മനോഹരമായ പുഷ്പം ...!

    ReplyDelete
  2. പ്രതീക്ഷകൾ പൂവിടട്ടേ!
    ആശംസകൾ

    ReplyDelete