Thursday, November 8, 2018

സമ്മതം



നിനക്കന്ന് നല്കുവാനാവാത്തൊരു ചുംബനം 
ഇന്നുമെൻറെ ചുണ്ടിൽ കനലായെരിയുന്നു. 
പൂത്തു നിന്നൊരു സന്ധ്യയുടെ ചുവട്ടിൽ
നാം മാത്രമായൊരു നിഴൽ കൂടാരത്തിൽ 
കുസൃതിക്കെൻറെ കൈകൊണ്ട് നിൻറെ 
പാൽകുടം ഞാനറിയാതെയുടഞ്ഞ നേരം.
എൻറെ കൈക്കുമ്പിളിൾ നിൻറെ വിറയാർന്ന
അധരമാ ചുംബനത്തിനു കൊതിച്ചിരുന്നുവോ? 

ഇഷ്ടമെന്നൊരു വാക്കുകൊണ്ട് മാത്രം 
ഇല്ലാതാവുന്നൊരു മതിലുണ്ടായിരുന്നു 
നമുക്കിടയിലന്നാകാശത്തോളമുയരത്തിൽ!
മൂഢനായിരുന്നു ഞാൻ! നീയെന്നിലേക്കന്ന്
ചേർന്നിരുന്നതും ചാഞ്ഞിരുന്നതും നിൻറെ 
സമ്മതമായിരുന്നെന്നറിയാത്ത മൂഢൻ! 

ഇനിയൊരു സന്ധ്യയിൽ ചുവന്നൊരു മേഘമായ് 
ഞാൻ നിൻറെ ജാലകത്തിൽ മുട്ടി വിളിക്കും!
മഴയായി മതിവരെ നിന്നിലേക്ക് പെയ്യാനെനിക്ക്;
കുളിരുടുത്തെത്തുന്ന നിലാവിൻറെ നാണത്തിലും 
ഒരരഞ്ഞാണത്തിൻറെ വിസമ്മതം പോലുമില്ലാതെ 
ആടകളില്ലാത്തൊരജന്താ ശില്പമായ് നീയുണരണം!

1 comment:

  1. ഇഷ്ടമെന്നൊരു വാക്കുകൊണ്ട് മാത്രം
    ഇല്ലാതാവുന്നൊരു മതിലുണ്ടായിരുന്നു
    നമുക്കിടയിലന്നാകാശത്തോളമുയരത്തിൽ!

    ReplyDelete