നാളെയീ മഴ പെയ്ത് തോർന്നീടുമോ?
നാമ്പുകൾ വെയിലേറ്റുണർന്നീടുമോ?
നടവരമ്പൊക്കെയുണങ്ങീടുമോ?
നാട്ടു പണിക്കാരിറങ്ങീടുമോ?
ഒരുപിടി മിഠായിയുമായച്ഛൻ
ഓടിവന്നുണ്ണിയെ പുണർന്നീടുമോ?
ഒരുനൂറുമ്മകൾ വിയർപ്പുകലർത്തി
ഓമനക്കവിളത്തെനിക്കേകീടുമോ?
നാളെയീ മഴ പെയ്ത് തോർന്നീടുമോ?
നാളെയെന്നച്ഛനിങ്ങണഞ്ഞീടുമോ?
നാളെത്രയായുണ്ണി വിശന്നിരിപ്പൂ.
നാളെയെങ്കിലുമച്ഛനെത്തീടുമോ?
മഴ പൈയ്ത് കരതിക്കി പുഴയോടവേ
പുഴകടന്നച്ഛൻ പോയതെങ്ങോ?
നാളെയീ മഴ പെയ്ത് തോർന്നീടുമോ?
ഉണ്ണിയെ കാണാനച്ഛനെത്തീടുമോ?
എന്തിനാണമ്മ കഞ്ഞിക്കലത്തിൽ
നോക്കിക്കരയുന്നതെന്തിനാവാം?
പുക കൊണ്ട് കണ്ണ് നീറുന്നുവോ
അച്ഛനെ കാണാഞ്ഞ് പേടിച്ചുവോ?
നാളെയീ മഴ പെയ്ത് തോരുകില്ലേ?
അച്ഛനിങ്ങോടിയണയുകില്ലേ?
ആരോ പറഞ്ഞച്ഛൻ പോയുണ്ണിയേ
ആരുമാവഴിയേ മടങ്ങയില്ല.
ആരോ പറഞ്ഞത് കള്ളമാവാം.
ഉണ്ണിയെ കാണാതച്ഛനുറങ്ങുകില്ല.
അച്ഛൻ വരുമുണ്ണിയെ വാരിപ്പുണരും
ഉണ്ണിക്കൊരു നൂറു മുത്തം തരും.
ഒരു പിടി മിഠായി പാത്തു വെക്കും
ഉണ്ണിക്കുറുമ്പ് കണ്ട് രസിക്കും
അമ്മതൻ ചിരികൊണ്ടകം നിറയും
പള്ള നിറച്ചു കഞ്ഞികുടിച്ചുണ്ണി
അച്ഛൻറെ ചാരെ കിടന്നുറങ്ങും.
അച്ഛൻറെ ചാരെ കിടന്നുറങ്ങും.
No comments:
Post a Comment