Wednesday, December 26, 2018

ഓർമകളിൽ ഒരു തുളസിക്കതിർ പോലെ!

മുൻ അദ്ധ്യായം: പ്രാണൻറെ കച്ചവടം.

അദ്ധ്യായം: പുനർജനിയുടെ തുരങ്കം 




തുറന്നു വച്ച ജാലകത്തിലൂടെ പുറത്തേക്ക് നീട്ടിയ കണ്ണുകൾ, ഇടത്തും വലത്തും വയലറ്റ് ബോഗൻവില്ലകൾ നിറം ചാർത്തി നിൽക്കുന്ന ഗേറ്റിൻറെ അപ്പുറത്തേക്ക്, റോഡിലേക്ക് വീണു. ചില കുട്ടികൾ സ്കൂളിലേക്ക് വലിയ വലിയ ബാഗുകൾ ചുമന്നു കൊണ്ട് പോകുന്നു. ഇപ്പോൾ ഒരുവിധം കുഞ്ഞുങ്ങളൊന്നും നടന്ന് പോകാറില്ല. അല്ലെങ്കിലും മുതുകിലീ അരിച്ചാക്ക് പോലുള്ള ബാഗും തൂക്കി മക്കളെങ്ങിനെയാ നടന്നു പോവുക? ഓർമയുടെ ഓമനക്കൈകൾ ബാല്യകാലത്തിൻറെ സ്മൃതികളെ തഴുകിയുണർത്തി. അറിയാതെ ഒരു ചിരി എൻറെ ചുണ്ടിലേക്ക് വന്നു.

എട്ടുമണിയായെന്ന് ക്ലോക്കിൻറെ വിളംബരം കേട്ടാണ് ചിന്തകളിൽ നിന്നുണർന്നത്. ഞാനെൻറെ യന്ത്രവത്കൃത ചക്രക്കസേരയെ മുന്നോട്ട് നയിച്ചു. ചുണ്ടിലേക്കൊരു മൂളിപ്പാട്ട് വിരുന്ന് വന്നു. ലിഫ്‌റ്റിൻറെ ഡോർ തുറന്ന് അകത്ത് കയറി. എനിക്ക് വേണ്ടി മാത്രം സജ്ജീകരിച്ചതാണ് ആ ലിഫ്റ്റ്. ലിഫ്റ്റ് മതമല്ല, ഈ വീട് മുഴുവൻ. മുകളിലെ നിലയിൽ റോഡിലേയ്ക്ക് ജനാല തുറക്കുന്ന മുറി തന്നെ വേണം എന്നെനിക്ക് വാശിയായിരുന്നു. ആരും എതിർത്തില്ല. വീട് ഉണ്ടാക്കിയപ്പോൾ ഇക്കാക്കയും ബാപ്പയും ഒന്നേ നോക്കിയുള്ളൂ. എൻറെ സൗകര്യം മാത്രം. ആ വീട്ടിലെ ഏതു മുക്കിലേക്കും മൂലയിലേക്കും എൻറെ ചക്രക്കസേര എത്തണം എന്നവർക്ക് നിർബന്ധമായിരുന്നു.

ഡൈനിംഗ് ഹാളിലെത്തിയ എന്നെ കണ്ടപ്പോൾ  ഇക്കാക്കയുടെ മൂത്ത മോൻ നൗഫൽ ബഹുമാനാർത്ഥം ചാടിയെഴുനേറ്റു. അപ്പോൾ കൂരിയാറ്റക്കൂട് പോലുള്ള അവൻറെ മുടി ആകെ ഒന്നുലഞ്ഞു. അവൻ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. സലാം പറഞ്ഞപ്പോൾ ഞാൻ തിരിച്ചും പറഞ്ഞു. "എന്തൊക്കെയാണെടോ വാർത്തകൾ?" എന്ന് ചോദിച്ചപ്പോൾ അവൻ തലക്കെട്ടുകൾ ഓരോന്നായി പറയാൻ തുടങ്ങി. മനുഷ്യന് സന്തോഷമുണ്ടാക്കുന്ന ഒന്നുമില്ല. "നിർത്ത് നിർത്ത്." ഞാനവനെ വിലക്കി. അപ്പോൾ ചിരിച്ചു കൊണ്ടവൻ പറഞ്ഞു. "അല്ല, ഒരു വാർത്തയുണ്ട്. സന്തോഷാവും." എന്താത് എന്നർത്ഥത്തിൽ ഞാനൊന്ന് നോക്കി. അവൻ പറഞ്ഞു. "പെട്രോൾ ഇരുപത് രൂപയ്ക്ക് കിട്ടുമത്രെ. പ്രധാനമന്ത്രി പറഞ്ഞൂന്ന്." എനിക്ക് ചിരിയാണ് വന്നത്. "ഊം.. കിട്ടും കിട്ടും.. മേലോട്ട് വായും പൊളിച്ചിരുന്നോ.." 

ഞാൻ നേരെ അടുക്കള ഭാഗത്തേക്ക് വണ്ടിയുരുട്ടി. ഉമ്മയും ബാബിയും നല്ല തിരക്കിലാണ്. ചെന്നപാടെ ഞാൻ പറഞ്ഞു. "അതേയ്, ഇവിടൊന്നും കിട്ടീല.. വിശന്നിട്ട്  ഒരാനനെ കിട്ട്യാ തിന്നും. 

ബാബി എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. ഉമ്മ, അസാരം തമാശ കലർത്തി പറഞ്ഞു. "ആ, നേരെ പിന്നാമ്പുറത്തേക്ക് പൊയ്ക്കോ. അവിടെ അനക്ക് തിന്നാൻ ഒരാനനെ കെട്ടീട്ടുണ്ട്." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇങ്ങള് രാവിലെ തന്നെ ഇജ്‌ജാതി പോക പാള്യ തമാശ പറയരുത് ട്ടൊ. എനിക്ക് വിശന്നിട്ട് പാടില്ല. വല്ലതും തിന്നാനുണ്ടെങ്കി താ." ബാബിയാണ് അപ്പവും മുട്ടക്കറിയും എടുത്ത് തന്നത്. ഞാനത് വേഗം തിന്നു തീർക്കുന്നതിനിടയിൽ ഉമ്മ പറഞ്ഞു. "പതുക്കെ തിന്നെടാ. അൻറെ പിഞ്ഞാണത്തീന്ന് അതാരും കൊണ്ടാവൂല." ഞാൻ വെളുക്കനെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പറഞ്ഞു. "ഇന്ന് കൊടുക്കേണ്ടുന്ന വർക്കുണ്ട്. ബിസിയാണ്. ഇങ്ങളെ പോലെ ലാവിഷായി ഇരിക്കാനൊന്നും ഞമ്മക്ക് പറ്റൂല." 

ശരിക്കും ഞാനിന്ന് നല്ല തിരക്കിലാണ്. ഒരു കമ്പനിക്ക് ചെയ്ത് കൊടുത്ത പ്രോഗ്രാമിലൊരു ബഗ്ഗ് ഉണ്ട്. ചെകുത്താനെ പോലെ ഒരെണ്ണം. അതൊന്ന് ട്രൈസ് ചെയ്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്നലെ രാത്രി പകുതിയോളം. അവസാനം കണ്ടെത്തി. ഇനി ഫിക്സ് ചെയ്ത്, ഇന്ന് തന്നെ അവർക്കെത്തിച്ചു കൊടുക്കണം. നൗഫൽ കോളേജ് വിട്ട് വന്നിട്ട് വേണം പോകാൻ. അവനാണല്ലോ സാരഥി. ഞാനിപ്പോൾ ഈ വീൽചെയറിൽ തടവിലാണ്. ആ അപകടം. അതെനിക്ക് സമ്മാനിച്ചതാണ് ഇത്. ശരീരത്തിൻറെ പകുതി താഴേക്ക് ഞാൻ വെറുമൊരു ശവമാണ്. ജീവനുള്ള ഒരു ശവം!

എന്നാലും, ആ വലിയ അപകടത്തിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയത് തന്നെ മഹാഭാഗ്യം. മൂന്ന് മാസക്കാലമാണ് ആശുപത്രിയിൽ കോമയിൽ കിടന്നത്. അര ശതമാനം പോലും പ്രതീക്ഷയ്ക്ക് വകയില്ല എന്ന് പറഞ്ഞ ഡോക്ക്ടറെ അത്ഭുതപ്പെടുത്തിയാണ് കണ്ണ് തുറന്നത്. പക്ഷെ, നേരെ നിൽക്കാണോ, നടക്കാനോ എനിക്കായില്ല. "ആ,,,,,, കയ്യും, കാലും, കണ്ണും, ചെവിയുമൊക്കെ തന്ന തമ്പുരാൻ കാൽ മാത്രമല്ലേ തിരിച്ചെടുത്തുള്ളൂ" എന്ന് ഞാനങ്ങ് സമാധാനിച്ചു. ആദ്യത്തെ കുറച്ച് മാസങ്ങൾ ഇടുങ്ങിയ ഒരു തുരങ്കത്തിലൂടെ കടന്നു പോകുന്ന പോലുള്ള തിക്തമായ അനുഭവമായിരുന്നു. ശ്വസിക്കാനും ഉണ്ണാനുമൊന്നും കഴിയാത്ത ഒരവസ്ഥ. പിന്നെ പതുക്കെ പതുക്കെ അതിജീവനത്തിൻറെ കടുത്ത പോരാട്ടമായി. ബാലൻസ് നഷ്ടപ്പെട്ട ശരീരത്തിൽ ബാലൻസ് നഷ്ടപ്പെടാതെ മനസ്സിനെ പറഞ്ഞു നിർത്താൻ തെല്ലൊന്നുമല്ല പ്രായാസപ്പെട്ടത്. അതൊരു ഞാണിന്മേൽ കളിയുടെ ഉന്നത വിജയമായിരുന്നു. ഇന്നിപ്പോൾ ഏറെക്കുറെ സ്വന്തം കാര്യങ്ങളും ഞാൻ ഒറ്റയ്ക്ക് ചെയ്യും. എന്നാലും ചിലപ്പോഴൊക്കെ ഒരു കൈത്താങ്ങ് വേണ്ടി വരും. അപ്പോൾ മനസ്സൊന്ന് പിടയ്ക്കും. നഷ്ടമായ കാൽസ്വാധീനം എൻറെ ഉള്ളിൽ വിങ്ങലായി മാറും. 

പക്ഷെ, എൻറെ മനസ്സിൽ ഇന്ന് സദാ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദുഃഖമേഘമുണ്ട്. അത് തുളസിയാണ്.  ആശുപത്രിക്കിടക്കയിൽ കണ്ണ് തുറന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഞാൻ അവളെ കുറിച്ച് ചോദിച്ചതാണ്. ഉമ്മ വർദ്ധിച്ച വിദ്വേഷത്തോടെ ചോദിച്ചു. "എന്തിനാ? മരിച്ചോ ചത്തോന്നറ്യാതെ മാസം മൂന്നാണ് ഇജ്ജീ കെടത്തം കെടന്നത്. ആരും തിരിഞ്ഞൊന്നു നോക്കീട്ടില്ല. എന്താ വർത്താനം ന്നെങ്കിലും ഒന്നറ്യാൻ."

അപ്പോൾ മാത്രമാണ്, കഴിഞ്ഞ മൂന്നു മാസക്കാലമായി ഞാൻ ഇവിടെ എത്തിയിട്ട് എന്നെനിക്ക് മനസ്സിലായത്. അരയ്ക്ക് താഴെ എനിക്കെന്തോ ഒരു മണൽ ചാക്ക് കെട്ടിത്തൂക്കിയ പോലെയാണ് തോന്നിയത്. കാലൊന്ന് മടക്കാൻ നോക്കിയിട്ട് നടന്നില്ല. അധികം താമസിയാതെ ഞങ്ങളൊക്കെ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു. ആ ഷോക്കിൽ ഒരു അഞ്ചാറു മാസത്തേയ്ക്ക് തുളസിയെ കുറിച്ച് ഒന്നും ഓർക്കാൻ എനിക്കായില്ല. പക്ഷെ മറവി എന്ന പ്രഹേളികയ്ക്ക്, ഓർമ്മകൾ മനസ്സിൻറെ വാതിൽക്കൽ മുട്ടി വിളിക്കുന്നത് വരെ ഉള്ള ആയുസ്സല്ലേ ഉള്ളൂ. തുളസിയുടെ ഓർമ്മകൾ അങ്ങിനെ മുട്ടിവിളിക്കാൻ ഒരു കരണമുണ്ടായി.  അവളുടെ ആ ഒറ്റപാദസരം ഞാൻ പിന്നെയും കണ്ടു. വീട്ടുകാർ സമർത്ഥമായി മറച്ചിരുന്നെങ്കിലും ഞാൻ അത് യാദൃച്ഛികമായി കാണുകയായിരുന്നു. 

പക്ഷെ എനിക്കൊരായിരം പരിമിധികളുണ്ടായിരുന്നു. സ്വന്തമായി ഒരിടത്തേക്കും പോകാൻ ആവില്ല. ബാപ്പയും ഇക്കാക്കയും സൗദിയിലാണ്. അമ്മാവന്മാരും അതെ. എനിക്ക് ചുറ്റും, നെടുവീർപ്പും മിഴിനീരുമായി കുറച്ച് സ്ത്രീകൾ മാത്രം. മാത്രമല്ല, നേരത്തെ നിശ്ചയിച്ച പോലെ അവർ ആ വീട് വിറ്റിരുന്നു. അപകടം പറ്റി കേവലം ഒരു മാസത്തിനുള്ളിൽ. ഉമ്മയുടെ വീതം അപ്പോൾ അത്യാവശ്യവുമായിരുന്നു. എൻറെ ചികിത്സയ്ക്ക് ഭീമമായ ചിലവായിരുന്നു. അവിടെ ഞങ്ങൾക്ക് ബന്ധുക്കളാരും ഇല്ല.  അത് കൊണ്ട് പിന്നെ ആർക്കും ആ വഴി പോകേണ്ടി വന്നിട്ടില്ല. ആ നാടും ആ വീടും അവർക്കെല്ലാം അടഞ്ഞ ഒരു അദ്ധ്യായമായിരുന്നു.

ഒരിക്കൽ ചെറിയ അമ്മാവൻ ലീവിന് നാട്ടിൽ വന്നപ്പോൾ ഞാൻ ഒരുപാട് നിർബന്ധിച്ചപ്പോൾ അദ്ദേഹം പോയി. അതാ സംഭവം കഴിഞ്ഞൊരു രണ്ടു രണ്ടര വർഷം കഴിഞ്ഞാണ്. അദ്ദേഹത്തിൽ നിന്നാണ് ചിലതെങ്കിലും ഞാനറിഞ്ഞത്. 

ആശുപത്രിയിൽ നിന്ന് തുളസിയുടെ അച്ഛൻ അവളെ കൊണ്ട് പോയി. അവരിപ്പോൾ വടക്കേ ഇന്ത്യയിൽ എവിടെയോ ആണ്. അവളുടെ അച്ഛന് അവിടെയാണ് ജോലി. എൻറെ അപകട വിവരമൊന്നും അവരാരും അറിഞ്ഞിരുന്നില്ല. അവളുടെ നില ഗുരുതരമായതിനാൽ അന്ന് മറ്റൊന്നും തിരക്കാൻ അവർക്ക് നേരം കിട്ടിയുമില്ല. നാലഞ്ചാഴ്ചകൾ കഴിഞ്ഞ് നാട്ടിൽ വന്നപ്പോഴേക്കും വീടൊക്കെ വിറ്റു പോയിരുന്നു. എവിടെ പോയി എങ്ങോട്ട് പോയി എന്നൊന്നും അവർക്കും അറിയില്ലല്ലോ.  സ്ഥലം വാങ്ങിയവരോ, വെറും കച്ചവടക്കാരും.

പക്ഷെ എൻറെ വിവരമറിഞ്ഞപ്പോൾ കുട്ടേട്ടന് വലിയ വിഷമമായത്രെ. ഒരുദിവസം എന്നെ കാണാൻ വരാം എന്ന് പറഞ്ഞത്രെ. ആ ഫോൺനമ്പർ വാങ്ങിയോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അമ്മാവൻ പറഞ്ഞത്. പിന്നീടൊരിക്കൽ പോയി വാങ്ങാം എന്നും പറഞ്ഞു. പക്ഷെ പിന്നെ ഒരിക്കലും അതുണ്ടായില്ല. എന്തോ, ആരും ആ വഴി പോയില്ല. ഞാൻ എൻറെ വേദനയുടെ ചൂളയിൽ, തുളസിക്ക് എന്ത് പറ്റി എന്ന ചോദ്യത്തിൻറെ ഉത്തരം കിട്ടാതെ ഉരുകികൊണ്ടിരുന്നു. ഒരാശ്വാസം മാത്രം ഉണ്ടായിരുന്നു. അവൾ ജീവനോടെ രക്ഷപ്പെട്ടല്ലോ. അത്രയെങ്കിലും സന്തോഷം.. ആശ്വാസം.

ആദ്യമൊക്കെ കുട്ടേട്ടൻ ഇന്ന് വരും നാളെ വരും എന്നോർത്ത് ഞാൻ വഴിയിലേക്ക്  കണ്ണുകൾ പാകിയിരുന്നു. വന്നില്ല. ഇപ്പോൾ ഇരുപത്തഞ്ച് വർഷമായില്ലെ. ഇനി വരുമോ? ഉണ്ടാവില്ല. അവരെല്ലാവരും എന്നെ മറന്നിട്ടുണ്ടാകും. ഒരു പക്ഷെ തുളസി പോലും. എന്നാലും ഇപ്പോഴും വെറുതെ പകൽകിനാവ് കാണുന്നു. ഒരിക്കൽ അവളെന്നെ ഓർക്കും. ഓർക്കാതിരിക്കില്ല. അന്നവൾ എന്നെ തേടിവരും. വരാതിരിക്കില്ല. അവൾക്കെങ്ങിനെ വരാതിരിക്കാനാവും. അവൾക്കറിയില്ലേ, ഒരു തുണ്ടം കടലാസിൽ അവളെനിക്ക് എഴുതിയത് എന്താണെന്ന് വായിക്കാൻ പോലും എനിക്കായില്ലെന്ന്? 

എന്തായിരിക്കും അവളെഴുതിയിരിക്കുക? എൻറെ മുഖത്ത് നോക്കിപ്പറയാൻ മടിയുള്ളത് എന്തായിരിക്കും. സൗഹൃദം, പ്രണയം, സാഹോദര്യം. ഇതിൽ പ്രണയം മാത്രമേ ഒരാളെ തരളിതമാക്കുന്നുള്ളു. ചഞ്ചലമാക്കുന്നുള്ളൂ.  അത് തന്നെ ആയിരിക്കുമോ? അതെന്തുമാവട്ടെ. എന്തായാലും, എനിക്ക് ലഭിക്കാതെ പോയ നിധിയാണത്. ഇപ്പോൾ ഉള്ളിൽ ഒരു ആഗ്രഹമേ ഉള്ളു. അത് മാത്രം ആഗ്രഹിക്കാനേ എനിക്കാവൂ. മരിക്കുന്നതിൻറെ മുൻപ് ഒരിക്കലെങ്കിലും അവളെ ഒന്ന് കാണണം. ഒരേ ഒരു പ്രാവശ്യം.

എന്തായിരിക്കും ഇപ്പോൾ അവളുടെ അവസ്ഥ? കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആയി, സന്തോഷമായി ജീവിക്കുന്നുണ്ടാവും. അവളുടെ ലോകത്ത് ഒരു പുൽക്കൊടിയായെങ്കിലും ഞാനുണ്ടാവുമോ? അറിയില്ല. ഒന്നൊന്നര മാസത്തെ മാത്രം ആയുസുള്ള ഒരു ബന്ധത്തിന് എന്നെ പോലെ ഒരു വില അവളിട്ടിട്ടുണ്ടാവുമോ? അറിയില്ല. എനിക്കൊന്നുമറിയില്ല. ഒന്ന് മാത്രമറിയാം. എൻറെ മനസ്സിൽ തുളസി ഒരു കണൽക്കട്ടയാണ്. ഇത് വരെ ചാരം മൂടാത്ത ഒരു കണൽക്കട്ട. അതെൻറെ ഹൃദയത്തെ സദാ പൊള്ളിക്കുന്നുണ്ട്.

അത് കൊണ്ട് തന്നെ എന്നോട് പുഞ്ചിരിക്കുന്ന പ്രഭാതത്തിലും, കരയുന്ന പ്രദോഷത്തിലും ഞാൻ പതിവായി എൻറെ മുറിയിൽ നിന്നും ജാലകത്തിലൂടെ റോഡിലേക്ക് നോക്കി നിൽക്കും. അവിടെ, ഗേറ്റിങ്കൽ വന്നു നിൽക്കുന്ന ഒരു വാഹനത്തിൽ നിന്നും തുളസി ഇറങ്ങി വരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്വപ്നം കാണുന്നു. നിറങ്ങളൊന്നുമില്ലാത്ത ഒരു നിഴൽ സ്വപ്നം...

തുടരും 

4 comments:

  1. ഹൃദയസ്പർശിയായ ആവിഷ്ക്കാരം!
    ആശംസകൾ

    ReplyDelete
  2. ബാക്കി എന്തെന്നറിയാൻ ഒരു ആകാംഷ

    ReplyDelete
  3. ബാക്കി എന്തെന്നറിയാൻ ഒരു ആകാംഷ

    ReplyDelete
  4. തുളസി ഒരു കനലായി എന്നും മനസ്സിലുണ്ടാകട്ടെ ....!

    ReplyDelete