Wednesday, December 19, 2018

ഓർമകളിൽ ഒരു തുളസിക്കതിർ പോലെ!

മുൻ അദ്ധ്യായം:ഒറ്റക്കൊലുസ്
അദ്ധ്യായം: പ്രാണൻറെ കച്ചവടം.





ഒരല്പ നേരത്തെ മന്ദതയ്ക്ക് ശേഷം ഞാൻ പെട്ടെന്ന് സമചിത്തത വീണ്ടെടുത്തു.  എൻറെ മുൻപിൽ മൃതുവിൻറെ കരങ്ങളിലേക്ക് ചിറകുകൾ വിടർത്തുന്ന ഒരു പ്രാണനെ ഞാൻ കണ്ടു. പിന്നെ ഒട്ടും താമസിച്ചില്ല. വാടിയ ചേമ്പിൻ തണ്ട് പോലുള്ള ആ ശരീരം ഞാനെൻറെ കൈകളിലേക്ക് കോരിയെടുത്തു. കുറച്ചപ്പുറത്ത് അവളുടെ വീടുണ്ട്. പക്ഷെ ഞാൻ അങ്ങോട്ട് പോയില്ല. ഏതോ ഒരു ഉൾപ്രേരണയാൽ, ഞാൻ ഇടവഴിയിലൂടെ  ഓടുകയായിരുന്നു. വീട്ടുപടിക്കൽ വന്ന് ഞാനുറക്കെ ഇളയുമ്മയെ വിളിച്ചു. അത് നിലവിളിക്കുന്ന പോലെ ആയിരുന്നു. പുറത്തേക്ക് വന്ന അവർ എൻറെ കൈകളിൽ വാടിക്കിടക്കുന്ന തുളസിയെ കണ്ട് തലയിൽ കൈവച്ചുകൊണ്ടോടി വന്നു. 

എൻറെ പേയ്‌സ് കൊണ്ടുവരാനാണ് ഞാനാദ്യം ആവശ്യപ്പെട്ടത്. ഓടിപ്പോയി അവരത് കൊണ്ടു വന്നു. തമ്പാപ്ര ചെന്ന് കാര്യം പറയാൻ പറഞ്ഞ്, ഞാൻ അവളെയും കൊണ്ട് റോഡിലേക്കോടി. ഇപ്പോഴും എനിക്കറിയില്ല. എൻറെ കൈകളിൽ യാതൊരു അനക്കവുമില്ലാതെ  കിടക്കുന്ന തുളസിക്ക് ജീവനുണ്ടോ, അതോ ഇല്ലയോ എന്ന്. എൻറെ ഹൃദയമിടിപ്പ് ഇടിമുഴക്കം പോലെ എനിക്ക് കേൾക്കാം.

റോഡിലെത്തിയപ്പോൾ ചാരായ ഷാപ്പിൽ നിന്നും  ഇറങ്ങി വരുന്ന പ്രകാശനും രാജേട്ടനും ഞങ്ങളെ കണ്ട് അടുത്തേക്കോടി വന്നു. പ്രകാശൻ നല്ല പൂസായിരുന്നു. എന്താ പറ്റിയത് എന്നായി രാജേട്ടൻ. ഞാൻ കാര്യം പറഞ്ഞു. കവലയിൽ ചെന്ന് കുട്ടേട്ടൻറെ കടയിൽ വിവരം പറയാൻ പറഞ്ഞു. പ്രകാശൻ അവിടെ ഇരിക്കെ രാജേട്ടൻ അങ്ങാടിയിലേക്കോടി. 

അപ്പോഴാണ് ഒരു മാരുതി 800 വരുന്നത്. ഒന്നും ആലോചിച്ചില്ല. ഞാൻ അവളെയും കൊണ്ട് നേരെ റോഡിൻറെ നടുവിൽ തന്നെ കയറി നിന്നു. കാർ നിർത്തി അതിൽ നിന്നൊരു സ്ത്രീയും പുരുഷനും കൂടി ഇറങ്ങി വന്നു. ഓടി വന്നു കൊണ്ട് ആ സ്ത്രീ ചോദിച്ചു.. "ഓ മൈ ജീസസ്... എന്താ.. എന്താ പറ്റിയത്..."

കരയുന്ന പോലെയാണ് ഞാൻ പറഞ്ഞത്.  "പാമ്പ് കടിച്ചതാണ്... ആശുപത്രീ കൊണ്ട് പോണം.. സഹായിക്കണം..."  

ഓടി വന്ന അവർ തുളസിയുടെ കൈത്തണ്ടയിൽ പിടിച്ചു നോക്കി. ആ മുഖത്ത് അങ്കലാപ്പ് പടരുന്നത് ഞാൻ കണ്ടു. അടുത്ത് വന്ന പുരുഷനോട് അവർ പറഞ്ഞു.. 

"സണ്ണീ... ക്രിട്ടിക്കലാണ്.. വെരിമച്ച്...." എൻറെ നേരെ മുഖം തിരിച്ച് പറഞ്ഞു.. "വേഗം കാറിൽ കയറൂ..." 

എനിക്കായി അവർ കാറിൻറെ പിൻവാതിൽ തുറന്നു തന്നു.. കൂടെ കൂട്ടാൻ വേണ്ടി ഞാൻ പ്രകാശനെ ഒന്ന് നോക്കി. നല്ല പിമ്പിരിയാണ് ആള്.. വേണ്ട. ചിലപ്പോൾ അതൊരു പണിയാകും. ഞാൻ കവലയുടെ ഭാഗത്തേക്കൊന്ന് തിരിഞ്ഞു നോക്കി. ഇല്ല. ആരെയും കാണുന്നില്ല. ഇടവഴിയിലേക്ക് നോക്കി. അവിടെയും ആരുമില്ല. അവർ വാഹനം മുന്നോട്ടെടുത്ത് തുടങ്ങി. ഡ്രൈവ് ചെയ്ത് തുടങ്ങുമ്പോൾ സണ്ണി അവരോട് ചോദിച്ചു. "ജില്ലയിലേക്ക് പോകാം അല്ലെ?"

ഒന്നും എൻറെ നിയന്ത്രണത്തിൽ ആയിരുന്നില്ല. ഞാനാകെ ഒരു മരവിപ്പിലാണ്. ആ സ്ത്രീ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു. 

"എന്ത് പാമ്പാ കടിച്ചത്?  പാമ്പിനെ കണ്ടോ?" 

ഞാനൊരു പൊട്ടനെ പോലെ തല വെട്ടിക്കുക മാത്രം ചെയ്തു. അവർ പ്രയാസപ്പെട്ട് പിന്നിലേക്കാഞ്ഞ് തുളസിയെ നോക്കി. എവിടെയാ കടിച്ചെതെന്ന് ചോദിച്ചപ്പോൾ ഞാൻ അവളുടെ ഉപ്പൂറ്റിയിലേക്ക് നോക്കി. അത് കണ്ട് അവരും.

"ഹോ.. കോബ്രയല്ല... അണലിവർഗ്ഗത്തിൽ പെട്ട എന്തോ ആണ്.. രണ്ട് വട്ടം കടിച്ചിട്ടുണ്ട്.. വലിയ പാമ്പുമാണ്.. സണ്ണീ.... നമുക്ക് മിഷൻ ഹോസ്പിറ്റലിലേക്ക് പോകാം. ആന്റിവെനോം അവിടെയെ കാണൂ.. ജില്ലയിൽ ചിലപ്പോൾ ഉണ്ടായിക്കൊള്ളണം എന്നില്ല.. "

അയാൾ അവരെ നോക്കി. സംശയത്തോടെ ചോദിക്കുന്നത് കേട്ടു.  

"ബട്ട്, ലിസീ.. ഹൌ ഷീ ഈസ്?" 

ശബ്ദം താഴ്ത്തിയാണ് അവർ പറഞ്ഞത്..

"നോ ഹോപ്... ഷീ ഈസ് പാസിംഗ് ദ നാരോ ബ്രിഡ്ജ്.. ഗോ ഫാസ്റ്റ്... ഗോ."

എൻറെ സകല നാഡികളും തളർന്ന് പോവുകയാണ്. നട്ടെല്ലിൻറെ ഉള്ളിലൂടെ ഒരു തണുപ്പ് മുകളിലേക്ക് അരിച്ച് കയറുന്നു. ശ്വാസം മുട്ടുന്ന പോലെ. ഒരു പക്ഷെ എൻറെ വേഷവും മറ്റും കണ്ട്, ഇംഗ്ലീഷ് ഭാഷ അറിയാത്ത ആളാവും എന്നവർ കരുതിക്കാണും.  

എൻറെ മടിയിൽ കിടക്കുന്ന തുളസിയുടെ ശരീരം, ജീവന് വേണ്ടി ഇപ്പോൾ മരണവുമായി മല്ലടിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാനാ മുഖത്തേക്ക് നോക്കി. എൻറെ കണ്ണുകൾ നിറഞ്ഞു. മനുഷ്യൻ ഒരു പുഴുവിനെക്കാൾ നിസാരനാണല്ലോ എന്ന് ഞാനോർത്തു. ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കേണ്ടി വരുന്ന എത്രയെത്ര സന്ദർഭങ്ങളുണ്ട് ഓരോ മനുഷ്യ ജീവിതത്തിലും. 

ഞാൻ അവളുടെ മുഖം മെല്ലെ എൻറെ മുഖത്തോട് അടുപ്പിച്ചു. എൻറെ കണ്ണുനീർ വീണ് ആ മുഖം നനഞ്ഞു. അവളുടെ നെറ്റിയിൽ ചുണ്ടുകളമർത്തി ഞാൻ മനസ്സ് കൊണ്ട് അവളോട് പറഞ്ഞു. "പ്ലീസ്... പോകരുത്... എന്നെ ഇവിടെ ഇങ്ങിനെ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകരുത്. പ്ലീസ്..."  ഞാനവളെ എൻറെ നെഞ്ചിലേക്ക് ചേർത്തു വച്ചു. എൻറെ നെഞ്ചിൽ നിന്നും ജീവൻറെ കണികകൾ അവൾക്ക് ലഭിക്കട്ടെ. എൻറെ ഹൃദയത്തിൻറെ തുടിപ്പുകൾ അവൾ കേൾക്കട്ടെ. ഈ വെറും വഴിയിലിങ്ങനെ എന്നെ തനിച്ചാക്കി പോകാൻ നിനക്കാവില്ലെന്ന്, എൻറെ ഹൃദയമേ, നീ അവളോട് പറയുക. അത് കേട്ടെങ്കിലും അവളുണരട്ടെ..

"എന്താ പേര്?" ലിസിയുടെ ചോദ്യമാണ് എന്നെ തിരിച്ചു കൊണ്ട് വന്നത്. അവരെൻറെ പേരാണോ അതോ തുളസിയുടെ പേരാണോ ചോദിച്ചത് എന്നെനിക്ക് മനസ്സിലായില്ല. ഞാൻ പറഞ്ഞത് എൻറെ പേരാണ്. അവർ തുളസിയുടെ മുഖത്തേക്കും എൻറെ മുഖത്തേക്കും മാറി മാറി നോക്കി.  ആ ആശങ്കയ്ക്കിടയിലും ആ മുഖത്തൊരു ചെറു പുഞ്ചിരി മിന്നായം പോലെ വന്നു പോയി. അവർ ചോദിച്ചത് തുളസിയുടെ പേരാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവളുടെ പേരും പറഞ്ഞു. അവരെന്തോ ആലോചിച്ച് തല കുലുക്കുന്നത് കണ്ടു. സ്വന്തം സീറ്റിലേക്ക് ചാഞ്ഞിരിക്കുന്നതിനിടയിൽ അവർ സ്വയം പറഞ്ഞു. "തുളസി... വാട്ട് എ ബ്യുട്ടിഫുൾ നെയിം..." ഒരല്പ നേരം ഒന്നും മിണ്ടാതിരുന്ന അവർ തിരിഞ്ഞു നോക്കി എന്നോടായി പറഞ്ഞു. "പേടിക്കേണ്ടാട്ടൊ.. അവൾക്ക് കുഴപ്പൊന്നൂല.. പേടിച്ച് ബോധം പോയതാവും.. നോക്ക്.. ഞാനൊരു ഡോക്ടർ ആണ്." ഞാൻ വെറുതെ തലയാട്ടുക മാത്രം ചെയ്തു. എൻറെ മനസ്സ് നിറയെ പ്രാർത്ഥനയായിരുന്നു. വേറെ ഒന്നും ഇപ്പോൾ എൻറെ ഹൃദയത്തെ അലട്ടിയില്ല. ഞാനവളെ എൻറെ നെഞ്ചിലേക്ക് കൂടുതൽ കൂടുതൽ ചേർത്തു വച്ചു. എൻറെ ജീവൻറെ തുടിപ്പുകൾ അവളിലേക്ക് പകർന്നു കൊടുക്കാനെന്ന വണ്ണം. 

ഓടിക്കിതച്ചെത്തിയ കാർ ആശുപത്രിയുടെ മുന്നിൽ ബ്രേക്കലറിക്കൊണ്ട് നിന്നു. അതാളുകളുടെ ശ്രദ്ധയാകർഷിച്ചു. ആരൊക്കെയോ ഓടിക്കൂടുന്നു. കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്കും അവളെ ആരൊക്കെയോ ഏറ്റെടുത്തിരിക്കുന്നു. സണ്ണിയും ലിസിയും വലിയ അനുഗ്രഹമായി. അവരാണ് കാര്യങ്ങളൊക്കെ ഡ്യൂട്ടി ഡോക്ട്ടറോട്  പറഞ്ഞത്. അതൊരു സ്വകാര്യാശുപത്രിയാണ്. പണം കെട്ടാതെ ചികിത്സ തുടങ്ങില്ല. പക്ഷെ, ഞങ്ങൾക്ക് ഒരു പ്രത്യേക പരിഗണന ലഭിച്ചത് അവർ കാരണമായിരുന്നു. 

ചികിത്സ തുടങ്ങി. വിഷചികിത്സയ്ക്ക് പ്രസിദ്ധമായ ഒരു ആശുപത്രിയാണ് അത്. വേർപെടാൻ വെമ്പി നിൽക്കുന്ന തുളസിയുടെ ജീവൻ ആ ശരീരത്തിൽ തന്നെ നിലനിർത്തണെ എന്ന് പ്രാർത്ഥിക്കുകയാണ് ഞാനിപ്പോൾ. എൻറെ മനസ്സിൽ അതല്ലാതെ വേറൊന്നും ഇല്ല. എനിക്കിപ്പോൾ അതല്ലാതെ മറ്റൊന്നും മനസ്സിലാവുന്നുമില്ല. 

അരമണിക്കൂർ കഴിഞ്ഞപ്പോൾ സണ്ണിയും ലിസിയും എൻറെ അടുത്തു വന്നു. അവർ തുളസിയുടെ ബന്ധുക്കളെ കുറിച്ച് അന്വേഷിച്ചു. അവർ വരുമായിരിക്കും എന്ന് ഞാനാശ്വസം പറഞ്ഞു. എങ്കിലും എൻറെ മനസ്സ് ആശങ്കയിലാണ്. അവരിപ്പോൾ വിവരമറിഞ്ഞ്,  ആകെ തിരഞ്ഞ് നടക്കുന്നുണ്ടാവും. ഇങ്ങോട്ട് കൊണ്ട് വരും എന്നവർക്കറിയില്ലല്ലോ. അവസാനമെങ്കിലും ഇങ്ങോട്ട് അന്വേഷിച്ച് വരുമായിരിക്കും. ഇനിയിപ്പോ മെഡിക്കൽ കോളേജിലേക്കോ മറ്റോ പോകുമോ ആവോ? 

കുട്ടേട്ടൻറെ കടയിൽ ഫോണുണ്ട്. ഒന്ന് വിളിച്ചറിയിക്കാമെന്ന് വച്ചാൽ ഫോൺനമ്പർ എനിക്കറിയില്ല. പരിചയമുള്ള വീട്ടിലൊന്നും ഫോണില്ല. എന്താ ചെയ്യേണ്ടൂ എന്നൊരു തിട്ടവുമില്ല.

അപ്പോഴേക്കും തുളസിയെ നോക്കുന്ന ഡോക്ടർ അങ്ങോട്ട് വന്നു. ആകാംഷയോടെ ഞാനയാളെ നോക്കി. ആരോ വലിയൊരു ചുറ്റിക കൊണ്ട് എൻറെ ഹൃദയത്തിന്മേൽ ആഞ്ഞടിക്കുന്നത് പോലെ. അദ്ദേഹം സണ്ണിയെ നോക്കിയാണ് സംസാരിച്ചത്.  ഒന്നും പറയാൻ പറ്റില്ലത്രെ. ചെയ്യാൻ കഴിയുന്നത് മുഴുവൻ അവർ ചെയ്തത്രെ. ആന്റിവെനോം കൊടുത്തിട്ടുണ്ട്. വിഷം ഒരുപാട് വ്യാപിച്ചിട്ടുണ്ട്. വൃക്ക കരൾ എന്നിവയ്ക്കൊക്കെ വിഷം ബാധിച്ചു കഴിഞ്ഞു. അതാണ് മൂക്കിൽ നിന്നൊക്കെ ബ്ലീഡിംഗ് ഉണ്ടാവാൻ കാരണം. മിക്കവാറും ഡയാലിസിസ് വേണ്ടി വരും. പക്ഷെ ഡയാലിസിസ് അവർ പണം കെട്ടിയാലെ ചെയ്യൂ. പടച്ചോനെ കുട്ടേട്ടൻ ഒന്ന് പെട്ടെന്ന് വന്നെങ്കിൽ. എൻറെ കയ്യിലെ ചില്ലറത്തുട്ടുകൾ കൊണ്ട് ഇവിടെ എന്താവാൻ?

ഞാനാകെ തളർന്നിരുന്നു. ICU-വിൻറെ മുൻപിൽ ഇരിപ്പും നിൽപ്പുമുറക്കാതെ ഞാനുഴറി. കുറച്ച് നേരം കൂടി കഴിഞ്ഞപ്പോൾ സണ്ണി അങ്ങോട്ട് വന്നു. 

"ഞങ്ങൾ അത്യാവശ്യവുമായി ഒരു വഴിക്ക് പോവുകയായിരുന്നു. ഇനിയും പോയില്ലെങ്കിൽ ഒരുപാട് നേരം വൈകും.  നിങ്ങൾ സമാധാനമായിരിക്കൂ. ഒന്നും സംഭവിക്കില്ല."

എനിക്കാകെ കരച്ചിൽ വന്നു. ഉയർന്നു വന്നൊരു തേങ്ങൽ തൊണ്ടയിൽ പിടിച്ചു നിർത്തിയപ്പോൾ അത് തൊണ്ടയെ കുത്തിനോവിക്കുന്നു. ഒന്നും പറയാനാവാതെ ഞാൻ വെറുതെ തലയാട്ടി. ഒരു നന്ദി പോലും പറയാൻ എനിക്കായില്ല. പക്ഷേ എൻറെ മനസ്സ് പറയുന്നുണ്ടായിരുന്നു. ഭൂമിയിൽ എനിക്കായി വന്ന മാലാഖാമാരാണ് നിങ്ങളെന്ന്. അവർ പോയി. 

ഞാൻ എനിക്കും അവൾക്കുമിടയിൽ കഴിഞ്ഞു പോയ സുന്ദരമായ നിമിഷങ്ങളോർത്ത് അവിടെ കുറച്ചിരുന്നും, കുറച്ച് നടന്നും സമയം തള്ളി നീക്കി. പടച്ചവനെ, ആ ജീവൻ, അതിൻറെ അവധി നീ നീട്ടിക്കൊടുക്കേണമേ. ഒരു ജീവൻ പകരം എനിക്ക് നൽകാൻ പറ്റുമോ? നിറഞ്ഞൊഴുകുന്ന കണ്ണുനീർ നനയ്ക്കുന്ന ചുണ്ടുകളാൽ ഞാനറിയാതെ മന്ത്രിച്ചു. അങ്ങിനെ പറ്റുമെങ്കിൽ, പടച്ചോനെ, എനിക്ക് സമ്മതമാണ്.  എനിക്ക് സമ്മതമാണ്.

പന്ത്രണ്ടരയെങ്കിലും ആയിക്കാണും, രാജേട്ടനും കുട്ടേട്ടനും ഒക്കെ വന്നു. എന്നെ കണ്ട് ഓടിവന്ന് കരഞ്ഞു കൊണ്ട് കുട്ടേട്ടൻ ചോദിച്ചു.. "എന്താടാ ൻറെ കുട്ടിക്ക് ആയത്..." 

എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ICU-വിൻറെ ചില്ലുവാതിലിനു നേരെ ഞാൻ വിരൽ ചൂണ്ടി. കുട്ടേട്ടൻ എന്തൊക്കെയോ പതം പറഞ്ഞു കൊണ്ട് എൻറെ മുൻപിൽ ഇരുന്നു. കൈകളിൽ തല താങ്ങിയുള്ള ആ ഇരുപ്പും, അദ്ദേഹത്തിൻ്റെ സംസാരവുമൊക്കെ സത്യത്തിൽ എൻറെ വേദന കൂട്ടുകയാണ് ചെയ്തത്. 

ഡോക്ടർ, വല്യ പ്രതീക്ഷയൊന്നും വേണ്ട, നാല്പത്തെട്ട്‍ മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ കുട്ടേട്ടൻ ഒരു കുഞ്ഞിനെ പോലെ നിലവിളിച്ചു. കണ്ടു നിന്നവരുടെ ഒക്കെ ഹൃദയം ദ്രവിച്ചു പോയി. 

രാജേട്ടൻ അവസരത്തിനൊത്ത് ഉയർന്നു. പിന്നീടങ്ങോട്ട് ആശുപതിയിലെ മുഴുവൻ കാര്യങ്ങളും അദ്ദേഹമാണ് കൈകാര്യം ചെയ്തത്. പൈസ മുഴുവൻ അടച്ചു. ICU-വിനു മുന്നിൽ ഞങ്ങൾ ചിലർ ജഗദീശ്വരനോട് അവളുടെ പ്രാണന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. 

നേരം പരപരാ വെളുത്തപ്പോൾ രാജേട്ടനാണ് എന്നോട് പറഞ്ഞത്. 

"അല്ല, അവരൊക്കെ തനിച്ചല്ലെ അവിടെ. നീ ആദ്യത്തെ വണ്ടിക്കു തന്നെ  പൊയ്ക്കോ.. ഇവിടെ ഇപ്പൊ ഞങ്ങളൊക്കെ ഉണ്ടല്ലോ?"

വേണ്ട എന്ന് ഞാൻ പറഞ്ഞു നോക്കി. അദ്ദേഹം നിർബന്ധിച്ചു. കുട്ടേട്ടനും പറഞ്ഞു. പോകാൻ. നാല്പത്തെട്ട്‍ മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞതല്ലേ ഡോക്ടർ. അപ്പോൾ പിന്നെ ഇരിക്കുന്നതിലും അർത്ഥമൊന്നുമില്ല. വീട്ടിലൊന്നു പോയി ഫ്രഷായി വൈകുന്നേരം വരാം എന്ന് കരുതി ഞാൻ. 

ആശുപത്രിക്ക് പുറത്തിറങ്ങിയപ്പോഴാണ് ഷർട്ടിൻറെ പോക്കറ്റിൽ കിടക്കുന്ന പാദസരം കണ്ടത്. അത് കുട്ടേട്ടൻറെ കയ്യിൽ കൊടുക്കാം എന്ന് കരുതി തിരിച്ചു ചെന്നു. സഭംവം മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. എല്ലാം കേട്ട് ആ പദസരത്തോട് കൂടി എൻറെ കൈകൾ കൂട്ടിപ്പിടിച്ച് പറഞ്ഞു.

"അവിടിരുന്നോട്ടെ.. നീ തന്നെ കൊടുത്താ മതി. പ്രാർത്ഥിക്കണം,,, ട്ടൊ.."

അവസാനിപ്പിക്കാനായില്ല അദ്ദേഹത്തിന്. ഞാൻ ഒന്നും പറയാനാവാതെ നിന്നു. പിന്നെ ആ പാദസരം എൻറെ പെയ്സിലേക്ക് വച്ച് വേഗം നടന്നു. റോഡിലിറങ്ങി ബസ്റ്റാന്റിലേക്ക് നടക്കുകയാണ് ഞാൻ. കാലുകൾക്ക് വല്ലാത്ത ഭാരം തോന്നുന്നു. ആശുപത്രിയിൽ അവളങ്ങിനെകിടക്കുമ്പോൾ എനിക്കെങ്ങനെ പോകാനാവുന്നു എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. 

എന്നാൽ ഇനി പോകണ്ട. റോഡിൻറെ അപ്പുറത്തൊരു ഹോട്ടൽ കാണുന്നുണ്ട്. വല്ലതും നാസ്ത കഴിച്ച് ആശുപ്രതിയിലേക്ക് തന്നെ തിരിച്ചു ചെല്ലാം. പെട്ടെന്നുള്ള ആ തീരുമാനത്തിൽ ഞാൻ റോഡ് മുറിച്ച് കടന്നു. എനിക്കടുത്ത് ഏതോ ഒരു വാഹനത്തിൻറെ ബ്രെക്കിൻറെ അലറിവിളികേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞില്ല. ശരീരത്തിൻറെ ഉള്ളിൽ നിന്നൊക്കെ എന്തൊക്കെയോ പൊട്ടിച്ചിതറുന്ന പോലെ. ആകാശത്ത് ഞാനൊന്ന് കൈകളിലിട്ട് തുഴഞ്ഞു. പിന്നെ നടു റോഡിലേക്ക് മുഖം കുത്തി വീണു. അവസാന കാഴ്ചയിൽ എൻറെ നേരെ നിരങ്ങി വരുന്ന ഒരു ചക്രം മാത്രം ഞാൻ കണ്ടു........ 

തുടരും 

5 comments: