Friday, December 7, 2018

കൂട്ട് തേടി....


എൻറെ കൈതെറ്റിനാലന്ന്
വീണുടഞ്ഞ കണ്ണാടിച്ചില്ലിൻറെ
വക്ക് തട്ടിയെൻറെ ഹൃദയം
മുറിഞ്ഞു പോയിരിക്കുന്നു.
മരുന്നുമായി വരുന്നൊരു
അവധൂതനെക്കാത്ത്
ഇവിടെയീയിരുട്ടിൽ
ഞാനൊറ്റയ്ക്കിരിക്കുന്നു.
വരുമെന്ന് പറഞ്ഞു പോയ വർഷം
വഴിയറിയാതെ വേനലിൻ
വാതിൽക്കൽ തേങ്ങിക്കരയുന്നു.
നന തേടിതേങ്ങിക്കരിഞ്ഞ സ്വപ്‌നങ്ങൾ
നാമ്പുകൾ നഷ്ടമായ് പിരിയുകയാണെൻ,
നാല് ദിക്കിലുമിരുട്ട് മാത്രമാവുമ്പോൾ!
കരിന്തിരി കത്തും വിളക്കിനെ
കൈകൊണ്ട് പൊത്താൻ മറന്നതെന്തേ;
നീയെൻറെ കരളിൻറെ നോവിനെ
കാണാതിരുന്നതെന്തേ? 
അവിടെ, ആ ഉണങ്ങിയ വാഹിനീതീരത്ത്
അകം കത്തി പുകപാളിയ സ്വപ്നങ്ങളുടെ
വിത്തെറിഞ്ഞതു മുളക്കുന്നതും കാത്ത്
ഞാനിനിയെത്ര കാലം തപസ്സിരിക്കണം?
പറയുക, കൂട്ടുകാരാ, നീ നിൻറെ
മനസ്സിൻറെ ഇരുണ്ട കോണിലെങ്കിലും
എനിക്കൊരിടം തന്നിട്ടുണ്ടോ?
എനിക്കൊന്ന് സർവ്വം മറന്നുറങ്ങുവാൻ; 
അതിനാണ് ഞാനാ മനസ്സിലൊരു
തുണ്ടിടം തേടുന്നതെന്നറിയണം നീ!
ഇവിടെയീ ഇരുട്ടിലിങ്ങിനെ
ഒറ്റയ്ക്കിരുന്നു മടുത്തു ഞാൻ!
ദയ കാട്ടുക നീയിനിയെങ്കിലും!

*ശുഭം*
ചിത്രത്തിന് കടപ്പാട് പേരറിയാത്ത ചിത്രകാരനോട്..

2 comments:

  1. എല്ലാം ഞങ്ങൾ അറിയുന്നു... കൂട്ട് തേടി അലയുന്ന ഏകാന്ത പഥികനെ കാത്ത് ഞങ്ങൾ ഈ വഴിത്താരയിലെ ചുമടുതാങ്ങിയ്ക്കരികിൽ ഇരിക്കുന്നു...

    ReplyDelete
  2. ഇവിടെയീ ഇരുട്ടിലിങ്ങിനെ
    ഒറ്റയ്ക്കിരുന്നു മടുത്തു ഞാൻ!
    ദയ കാട്ടുക നീയിനിയെങ്കിലും!

    ReplyDelete