Monday, February 18, 2019

പ്രണയത്തിൽ നിന്നൊരല്പം!



എന്നിലെ വാർദ്ധക്യം നെഞ്ച് കുത്തിച്ചുമയ്ക്കുന്ന -
നേരത്തൊരിത്തിരി ചുട് നീര് നീട്ടുവാൻ  നിൻറെ -
പ്രണയത്തിൽ നിന്നൊരല്പം നീ പാത്തുവച്ചീടണേ!
യൗവനം തൊണ്ട് തല്ലിപ്പടിയിറങ്ങിയ മേനിയിൽ -
പൊടിയും വിയർപ്പുമുത്തുകൾ മെല്ലെ തുടക്കണേ! 

പകച്ചു പതറിയ കുഴിഞ്ഞ കണ്ണുകളിലെഴുതുവാൻ
നിൻറെ പുഞ്ചിരിപ്പാലാഴിയിൽ നിന്നുമൊരല്പം
ആശ്വാസത്തിൻറെ സുറുമ നീ പാത്തു വെക്കണേ!
കൊട്ടിയടച്ചു തുടങ്ങിയ കാതുകൾക്കേകാൻ നിൻറെ
ഇശലിൻറെയീരടികൾ നീയോർത്തു വച്ചീടണേ!

പതുങ്ങിയെത്തുമ്മരണം നിൻ മാറിൽ നിന്നുമെന്നെ-
പറിച്ചെടുക്കുവേയെനിക്കേകുവാൻ രണ്ടശ്രുകണങ്ങൾ -
പ്രണയാഗ്നിയിൽ തിളപ്പിച്ച് നീ പാത്തു വെക്കണേ!
ഇരുളിൻറെ കമ്പളം കൊണ്ടെന്നെ പുതയ്ക്കുന്ന നേരം
മണ്ണിലേക്കെനിക്ക് കൂട്ടാകുവാനുള്ള നീർത്തുള്ളികൾ!

ആത്മാവിൽ കനലായിടും ചുടുചുംബനങ്ങളില്ലാത്ത;
ചുഴിയായ് മുറുക്കിമാറോട് ചേർക്കുമാലിംഗനങ്ങളില്ലാത്ത;
കാറ്റുപോൽ വഹിക്കുമുൻമാദ രതികൂജനങ്ങളില്ലാത്ത;
നുരുമ്പാൻ തുടങ്ങിയോരാരെൻ വയസ്സായ നെഞ്ചിനെ
തഴുകിയുറക്കുവാനിത്തിരി പ്രണയം നീ മാറ്റിവച്ചീടണേ!

* ശുഭം * 

2 comments: