ഒരു തണുത്ത കാറ്റാഞ്ഞു വീശണം;
ഓർമ്മകൾ തീയൂതുമെൻ മനസ്സിനെ,
ഒട്ടൊന്ന് തണുപ്പിച്ചുറക്കുവാൻ!
ആലിപ്പഴം പൊഴിയുമൊരു മാരിയും!
ആശകൾ വേവുമീ ചൂളയ്ക്കരികിൽ,
അത്രയെങ്കിലുമാശ്വാസം വേണം!
വിഷാദഘനവർഷം പെയ്തിറങ്ങുമീ;
വിരഹം തപിക്കുമേകാന്തഭൂമിയിൽ,
വിടരാൻ മറന്ന മുകുളമാണു ഞാൻ!
വരണ്ട മനസ്സിൻറെ കണ്ണാടിക്കണ്ണിൽ;
വറ്റിയ കണ്ണീരിന്നടയാളങ്ങൾ പോലും,
വിട്ടകലാത്തയോർമ്മകൾ ബാക്കിവച്ചില്ല!
നുരുമ്പിയ കടലാസിലേക്ക് പകർത്തിയ;
നനഞ്ഞയക്ഷരങ്ങളിൽ പോലും കാണാം.
നീറിനിൽക്കുന്ന നോവിൻറെ കനലുകൾ!
അതിലെൻറെ നോവിൻറെയടയാളങ്ങൾ;
അങ്ങിങ്ങു ചിതറിയ കുന്നിമണികളായ്,
ആരും കാണാതെ വിതറപ്പെട്ടിരിക്കുന്നു!
വേണ്ടതിനിയൊരു മന്ത്രമോതിരമാണ്;
വേനൽ ഉറവകളെയുറക്കുന്നത് പോലെ
വേദനകളെയുറക്കുന്നൊരു മന്ത്രമോതിരം!
* ശുഭം *
വിശ്വാസമല്ലേ എല്ലാം!
ReplyDeleteആശംസകൾ
അതെ ..
ReplyDeleteവേണ്ടതിനിയൊരു മന്ത്രമോതിരമാണ്;
വേനൽ ഉറവകളെയുറക്കുന്നത് പോലെ
വേദനകളെയുറക്കുന്നൊരു മന്ത്രമോതിരം!