Monday, March 4, 2019

ഇനിയെഴുതേണ്ടാത്ത പ്രണയ ലേഖനം!



"ഞാൻ പോവുകയാണ്.. സൗദിയിലേക്ക്.. വിസ വന്നു..." അത് പറയുമ്പോൾ ഞാൻ അവളിൽ നിന്നും മുഖം തിരിച്ചിട്ടുണ്ടായിരുന്നു. കണ്ണുകളിൽ പൊടിഞ്ഞ രണ്ടു നീർത്തുള്ളികൾ അവൾ കാണാതിരിക്കാൻ വേണ്ടിയുള്ള ഒരു അടവായിരുന്നു അത്. കനത്ത മൗനത്തിൻറെ ഇരുണ്ട ഭൂമിയിൽ ഒരപരിചിതൻറെ അടുത്തെന്നവണ്ണം അവൾ നിൽക്കുകയാണോ? എന്ത് കൊണ്ട് അവളൊന്നും പറയുന്നില്ല? ഒരുപാട് നേരം അവൾക്ക് മുഖം കൊടുക്കാതിരിക്കാനായില്ല എനിക്ക്. ആകാംഷയോടെ തിരിഞ്ഞു നോക്കിയപ്പോൾ സജലനേത്രങ്ങൾ തുടക്കുകയായിരുന്നു അവൾ! 

കോളേജ് മധ്യവേനൽ അവധിക്ക് അടയ്ക്കുകയാണ്. ഇന്ന് അവസാന ദിവസമാണ്. ക്ലാസിൻറെ മുൻപിലെ വരാന്തയിൽ നിൽക്കുകയായിരുന്നു ഞാനും ജ്യോതിയും. പഠിത്തം പകുതിക്കു നിർത്തി പോകുന്നതെന്തിനാണെന്ന് അവളെന്നോട് ചോദിച്ചില്ല. അവൾക്കറിയാം പ്രാരാബ്ധങ്ങളുടെ ഭാണ്ഡം, ജീവിതം എനിക്ക് വേണ്ടി പണ്ടേ മുറുക്കിക്കഴിഞ്ഞതാണെന്ന്. ഇനി നമ്മൾ കാണുമോ എന്നൊരു ചോദ്യം, അങ്ങേയറ്റം ദുർബലമായ ശബ്ദത്തിൽ അവളെന്നോട് ചോദിച്ചിരുന്നു അന്ന്. തീർച്ചയായും കാണാം. കാണണമല്ലോ, ഒരു പ്രണയ ലേഖനത്തിൻറെ കടം ബാക്കിയുണ്ടല്ലോ എന്ന് ഞാൻ പകുതി ചത്ത പുഞ്ചിരിയോടെ പറഞ്ഞിരുന്നു. അവളൊന്നു ചിരിച്ചു. കാർമേഘത്തടവറയിൽ നിന്നും അമ്പിളിക്കൊരു മാത്ര മോചനം കിട്ടിയ പോലെ.

ജ്യോതിയും ഞാനും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ഒന്നാം വർഷം ഒരു ദിവസം ജ്യോതി എൻറെ മുമ്പിലേക്കൊരു കടലാസു കഷ്ണം നീട്ടി. അതൊരു പ്രണയ ലേഖനമായിരുന്നു. ഗോവിന്ദേട്ടൻറെ ചായക്കടയിലെ ഒരു ബിരിയാണി വാങ്ങിച്ചു തന്നാൽ ഞാൻ ആർക്കു വേണമെങ്കിലും പ്രണയലേഖനം എഴുതിക്കൊടുക്കും. അത് ആൺകുട്ടികളിൽ ചിലർക്കെങ്കിലും അറിയാവുന്ന ഒരു രഹസ്യമായിരുന്നു. ആ വകയിൽ ഞാൻ തന്നെ എഴുതിയതാണ് ഇതും. ആർക്ക് കൊടുക്കാനാണ് എന്നറിയില്ലായിരുന്നു. ഞാൻ ആകെ വല്ലാണ്ടായി. എങ്കിലും അറിയാത്ത പോലെ എന്താണിതെന്ന് ചോദിച്ചു. "നിനക്കറിയില്ലേ? ഇത് നീ എഴുതിയതല്ലേ?" എന്നായി അവൾ. സംഗതി ഈ ബലാല് കുരു പൊട്ടിക്കുമോ, എന്നൊരു ഭയം ചേരട്ടയെ പോലെ എൻറെ മനസ്സിൽ അരിക്കാൻ തുടങ്ങി. ജാതകവശാൽ പ്രിൻസിപ്പൽ ഹിറ്റ്ലറും ഞങ്ങൾ വിദ്യാർത്ഥികൾ ജൂതന്മാരുമായിരുന്നു ആ കാമ്പസിൽ.

എന്തായാലും  ധൈര്യം സംഭരിച്ച് ഞാൻ പറഞ്ഞു. "ഞാൻ തനിക്കെഴുതിയതൊന്നുമല്ല. നിനക്കാണിതെന്ന് എനിക്കറിയുകയും ഇല്ല. സോറി."  ഉടനെ അവൾ പറഞ്ഞു. "ഒരു സൂര്യനും താമരയും. മോന്തയ്ക്കൊരു കുത്തു തന്നാലുണ്ടല്ലോ. ഇങ്ങിനെയൊക്കെ എഴുതിയാൽ ഇന്നേതു പെണ്ണാണെടോ പ്രണയിക്കുക. എഴുപതുകളിൽ നിന്നും ഇനിയും വണ്ടി കിട്ടിയിട്ടില്ല അല്ലെ? നിനക്കൊക്കെ ബിരിയാണി വാങ്ങിത്തരുന്ന പൊട്ടന്മാരെ പറഞ്ഞാൽ മതിയല്ലോ?" 

ഞാൻ ഒന്നും പറയാൻ നിന്നില്ല. എന്നാലും എൻറെ രചന അത്ര മോശമാണോ? എനിക്ക് അവളുടെ ആ സംസാരം ഒരു മാതിരി പരിഹാസമായി തോന്നി. ഞാൻ ആലോചിക്കുകയായിരുന്നു. ഞാൻ എഴുതിക്കൊടുത്ത പ്രണയ ലേഖനം വായിച്ച് ഏതെങ്കിലും ഒരു പെൺകുട്ടിക്ക് ഒരാൺകുട്ടിയോട് പ്രണയം തോന്നിയിട്ടുണ്ടോ? അങ്ങിനെ സെറ്റായെന്നോ, ഇല്ലെന്നോ പറഞ്ഞ് ആരും എൻറെ അരികിൽ വന്നിട്ടില്ല. ഉണ്ടോ ഇല്ലയോ എന്ന് ആർക്കറിയാം? ഞാൻ ഇങ്ങിനെ ഓരോന്നാലോചിച്ചിരിക്കെ ജ്യോതി ക്ലാസിൽ നിന്നും പോവുകയും ചെയ്തു. എൻറെ ഉഷ്ണം അപ്പോഴും മാറിയിട്ടില്ലായിരുന്നു. നാലഞ്ച് ദിവസം കഴിഞ്ഞാണ് ജ്യോതിയോട് എങ്ങിനെയാണ് ആ കത്ത് ഞാനെഴുതിയതാണെന്ന് മനസ്സിലായി എന്ന് ചോദിക്കാനുള്ള ഒരു ധൈര്യം കിട്ടിയത്. അവൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു. "നീ ആർക്കു വേണ്ടിയാണോ എഴുതിയത്, ആ കൊരങ്ങൻ തന്നെ." 

സത്യം പറഞ്ഞാൽ അതാർക്കാണെന്ന് എനിക്കറിയില്ലായിരുന്നു. ഗോവിന്ദേട്ടനാണ് ബ്രോക്കർ. പുള്ളിയോട് ചോദിച്ചാലും അറിയില്ല. ഇതിപ്പോൾ എപ്പോൾ എഴുതിക്കൊടുത്തതാണ് എന്നൊന്നും ഓർമയിലില്ല. ഒരുപാടുണ്ടല്ലോ.  എന്നാലും ഈ മാരണത്തെണ്ടി, എത്ര വലിയ ബോറനാണ്? കൂലിക്ക് കത്തെഴുതിച്ചതാണ് എന്നറിഞ്ഞാൽ ലോകത്തെ ഏതെങ്കിലും പെണ്ണ് അവനെ പ്രേമിക്കുമോ? ആളാരാണ് എന്ന എൻറെ ചോദ്യത്തിന് ജ്യോതിയുടെ മറുപടി ഇങ്ങിനെയായിരുന്നു. "അതാരായാലെന്താ നിനക്ക്? കാണാൻ കൊള്ളാവുന്ന പെമ്പിളാരെ ചോരയും നീരുമുള്ള ആമ്പിള്ളാരു നോക്കും. ചിലപ്പോൾ പിന്നാലെ നടക്കും. ആണത്തമുള്ളവർ മുഖത്ത് നോക്കി ഇഷ്ടമാണെന്നു പറയും. ചിലർ ആ ചമ്മലൊഴിവാക്കാൻ സ്വന്തമായി വല്ലതും എഴുതിത്തരും. അല്ലെങ്കിൽ വേറെ മാർഗം നോക്കും. നീ ഇതിലൊന്നും പെടില്ലല്ലോ. നീ വെറുമൊരു കൂലിയെഴുത്തുകാരൻ. ജസ്റ്റ് എ ഗോസ്റ്റ് റൈറ്റർ. ഒരു ബിരിയാണിക്ക് വേണ്ടി ഉള്ളിലെ പ്രണയം വാക്കുകളാക്കി വിൽക്കാൻ നടക്കുന്നവൻ." ഞാനത് കേട്ട് വിഷണ്ണനായി നിൽക്കെ അവൾ അകന്നകന്നു പോയി. അപമാനഭാരം കാരണം എൻറെ ശിരസ്സ് കുനിയാൻ തുടങ്ങുകയായിരുന്നു.

മാസങ്ങൾ ഒന്ന് രണ്ടു കഴിഞ്ഞു പോയതിൽ പിന്നെ, ഒരു ദിവസം വരാന്തയിൽ തൂണും ചാരി വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന എൻറെ പിന്നിൽ വന്നു ജ്യോതി ഒന്ന് മുരടനക്കി. ആ സംഭവത്തിനു ശേഷം ഞാൻ ജ്യോതിക്ക് മുഖം കൊടുക്കാതെ നടക്കുകയായിരുന്നു. തിരിഞ്ഞ് അവളെ നോക്കിയ എന്നോട് അവൾ മുഖവുരയൊന്നും കൂടാതെ ചോദിച്ചു. "എന്താടോ ഇന്നൊരു വിഷാദം? രാവിലെ മുതൽ കാണുന്നു?" ഞാൻ അത്ഭുതപ്പെട്ടുപോയി. ഇവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നോ? അത് കൊള്ളാമല്ലോ? ഒരു പെൺകുട്ടി എന്നെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞപ്പോൾ എൻറെ ഉള്ളിൽ എവിടെയൊക്കെ രോമാഞ്ചമുണ്ടായി. എങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല. വിഷാദത്തിൻറെ കാരണം ഉമ്മയുടെ അസുഖമായിരുന്നു. തലേന്ന് വൈകുന്നേരം മുതൽ ഉമ്മ ആശുപത്രീയിൽ ആണ്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൾ വീണ്ടും എൻറെ അരികിലെത്തി. അന്നത്തെ ചോദ്യം ഉമ്മയുടെ അസുഖം മാറിയോ എന്നായിരുന്നു. അതെനിക്കൊരു പുതിയ അനുഭവമായിരുന്നു. മറ്റൊരാൾ എൻറെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധ. അത് ഒരു തുടക്കം കൂടിയായിരുന്നു. ഞങ്ങളുടെ സൗഹൃദത്തിൻറെ ഒരു നല്ല തുടക്കം. 

"ഞാൻ എഴുതിയ പ്രണയലേഖനം അത്ര മോശമായിരുന്നോ?" ഒരിക്കൽ ഞാൻ ജ്യോതിയോട് ചോദിച്ചു. ചിരിച്ചു കൊണ്ട് അവൾ ഒരു മറു ചോദ്യം ചോദിച്ചു. "ഹ.. താനിപ്പോഴും അത് വിട്ടില്ലെ? ആട്ടെ. ഇപ്പോൾ ബിസിനസൊക്കെ എങ്ങിനെയുണ്ട്? ഒരാഴ്ചയിൽ ഒരു ബിരിയാണിയൊക്കെ തടയുമോ?" ഞാനൊരല്പം ചമ്മലോടു കൂടിയാണ് പറഞ്ഞത്. "അല്ല.. ഞാനത് നിർത്തി. പിന്നെ ആർക്കും എഴുതിക്കൊടുത്തിട്ടില്ല." അവൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു. വളരെ പ്രയാസപ്പെട്ടാണ്, "കഷ്ടായല്ലോ.. ഈ കോളേജിലെ കാമുകന്മാരൊക്കെ ഇനിയിപ്പോളെന്താ ചെയ്യാ" എന്ന് ആ ചിരിക്കിടയിൽ അവൾ ചോദിച്ചത്. ഞാനാണെങ്കിൽ ആൾകൂട്ടത്തിൻറെ മുൻപിൽ വച്ച് സൈക്കിളിൽ നിന്നും വീണവനെ പോലെ ഒരു തരം അവിഞ്ഞ ഇളിയുമായി ഇരിക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു. 

"അത്ര മോശമൊന്നുമല്ല. എനിക്ക് മുൻപ് കിട്ടിയ രണ്ടു പ്രണയ ലേഖനത്തിനെക്കാളും കൊള്ളാം. ആദ്യത്തേത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടി. മുഴുവൻ അക്ഷര തെറ്റായിരുന്നു. വായിക്കാനേ കഴിഞ്ഞില്ല. അന്നത് കണ്ട് എൻറെ കയ്യും കാലും വിറച്ചു. രണ്ടീസം ആ ചെക്കൻറെ മുഖത്ത് നോക്കാൻ തന്നെ പേടിയായിരുന്നു. പക്ഷെ പിന്നെ പിന്നെ അവനെ നോക്കി ഞാൻ ചിരിക്കാറുണ്ടായിരുന്നു കേട്ടോ. പരീക്ഷ കഴിഞ്ഞപ്പോൾ അവനെങ്ങോ പോയി. ഒരു യാത്ര പോലും പറഞ്ഞില്ല. മൈ ഫസ്റ്റ് ലൗ..." അവളൊന്നു നിർത്തി. ഞാനവളുടെ മുഖത്തേക്ക് അമ്പരന്നു നോക്കുകയായിരുന്നു. എനിക്കാ പയ്യനോട് അസഹ്യമായ അസൂയ തോന്നി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് നേരെ പ്രണയലേഖനം നീട്ടാനുള്ള ധൈര്യമുണ്ടാവുക. അസാധ്യം. എനിക്കൊക്കെ ഇപ്പോഴും നേരെ മുൻപിൽ ഒരു പെൺകുട്ടി വന്നു നിന്നാൽ ചങ്കിനും കരളിനും ഒരു പിടപ്പാണ്. അതിനി എത്ര പ്രായമായാലും പണ്ടാരം മാറുമെന്ന് തോന്നുന്നില്ല. കുറച്ചു നേരം ഒരു നേർത്ത പുഞ്ചിരിയോടെ എന്തോ ആലോചിച്ചിരുന്നു ജ്യോതി. പിന്നെ തുടർന്നു. 

"പിന്നൊന്ന് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കിട്ടി. അയ്യോ.. എൻറെ ഈശോയേ.. അത് മുഴൻ A ആയിരുന്നു. അത് വായിച്ചതിൻറെ കുളിരും പനിയും ഇപ്പോഴും മാറിയിട്ടില്ല. അതിൽ പിന്നെ ഈ പ്രണയ ലേഖനത്തിനോട് വല്ല്യ താല്പര്യം ഇല്ല. ഇതിപ്പോ തന്നത് ആർട്ട്സിലെ സജ്ജദാണ്. ആ ചേപ്ര പിടിച്ച ചേലുള്ളവൻ. ഒന്ന് കണ്ണുരുട്ടിയപ്പോൾ അവൻ നിൻറെ പേര് പറഞ്ഞു. ഞാൻ ആകെ അന്തം വിട്ടു. നീ വളരെ ഷെയ്യായ ഒരാളല്ലേ. ക്ലാസിൽ ഞങ്ങളോട് പോലും നീ മിണ്ടാറില്ല. അപ്പോൾ പിന്നെ നിന്നെ ഒന്ന് വിരട്ടാമെന്നു വച്ചു.  വെറുതെ അങ്ങിനെ ഒരു രസം."  അവൾ പറയുന്നത് കേട്ടപ്പോൾ ഞാൻ ഒന്ന് വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. 

തടശിലകളിൽ തട്ടിച്ചിതറുന്ന പുഴയിലെ കുഞ്ഞോളങ്ങളിലേക്ക് കുളിരലിഞ്ഞു ചേർന്ന പോലെ എൻറെ ഹൃദയത്തിലേക്ക് അലിഞ്ഞു ചേർന്നൊരു സൗഹൃദമായിരുന്നു ഞങ്ങളുടേത്. ഒരു വേനലവധി ഞങ്ങൾക്കിടയിൽ ചുട്ടുപഴുത്ത് കടന്നു പോയി. ക്രിസ്മസ് പൂട്ട് കഴിഞ്ഞെത്തിയപ്പോൾ ജ്യോതി പറഞ്ഞിരുന്നു. അവൾക്കൊരാളെ ഇഷ്ടമാണ്, അത് നേരിട്ട് പറയാൻ സാധിക്കാതെ പ്രയാസപ്പെടുന്നു, ചിലപ്പോൾ അവൾക്കു വേണ്ടിയും ഞാൻ ഒരു പ്രണയ ലേഖനം എഴുതിക്കൊടുക്കേണ്ടി വരുമെന്ന്. അന്ന് ഞാനവളോട് പറഞ്ഞു.  "കാലത്തിൻറെ കാവ്യനീതിയുടെ പ്രണയ ലേഖനം നിനക്ക് വെറുതെ കിട്ടില്ല. വില തരേണ്ടി വരും." താരമെന്നായി അവൾ. എന്ത് വേണം എന്ന ചോദ്യത്തിന് ആ ഒഴിഞ്ഞ ക്ലാസിൽ വച്ച് ഞാൻ ആവശ്യപ്പെട്ടത് എനിക്ക് വേണ്ടി മാത്രമായി "യഹൂദിയായിലെ ഒരു ഗ്രാമത്തിൽ"  എന്ന ഗാനം മുഴുവനും പാടിത്തരണം എന്നായിരുന്നു. 

അവൾക്കറിയില്ലായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവളത് മുഴുവനും നല്ല അസ്സലായിട്ടു തന്നെ പാടി. എപ്പോഴാണ് പ്രണയ ലേഖനം വേണ്ടത് എന്ന എൻറെ ചോദ്യത്തിന് അവൾ ഇങ്ങിനെ മറുപടി പറഞ്ഞു..

"നിക്ക്.. ഞാനൊന്ന് നോക്കട്ടെ.. ഉള്ളിൻറെ ഉള്ളിൽ നിറയെ എന്നോട് സ്നേഹമുണ്ടെങ്കിലും, മരണം വരെ ഞാൻ കാത്തിരുന്നാലും അവൻ ചിലപ്പോഴെന്നോട് പറഞ്ഞു എന്ന് വരില്ല. എന്നാലും ഒന്ന് കൂടി കാത്തിരിക്കാം അല്ലെ? ഞാനൊന്ന് നോക്കട്ടെ. പ്യൂപ്പ പിളർന്നൊരു ശലഭം പുറത്തു വരുമോ എന്ന്?" എൻറെ കണ്ണുകൾ അത്ഭുതരസം കാരണം ഒരു പപ്പട വട്ടത്തിലേക്ക് വലുതായി. അതിൻറെ അനുബന്ധാലങ്കാരമായി ഒരു പുഞ്ചിരി എൻറെ ചുണ്ടിൽ വിരുന്നു വന്നു. ഞാൻ ശരിയെന്ന അർത്ഥത്തിൽ തലയാട്ടുമ്പോഴും ആ പുഞ്ചിരി എൻറെ ചുണ്ടിലുണ്ടായിരുന്നു.

അങ്ങിനെ ഞാൻ അവൾക്ക് കടക്കാരനായി. ഒരു പ്രണയ ലേഖനത്തിൻറെ കടക്കാരൻ. ഇനിയിപ്പോൾ അവൾ ആവശ്യപ്പെടുമ്പോൾ അവൾക്ക് വേണ്ടിയും എഴുതണം, ഞാനൊരു പ്രണയ ലേഖനം. ഒരു പെണ്ണിൻറെ ഭാഗത്തു നിന്ന് ഞാനെന്താണ് എഴുതേണ്ടത്? പിന്നീടൊരുപാട് പ്രാവശ്യം അതാലോചിച്ച് ഞാൻ വശം കെട്ടിട്ടുണ്ട്. പക്ഷെ എനിക്കറിയില്ല, അന്നുമിന്നും, അതെങ്ങനെയാണ് എഴുതേണ്ടതെന്ന്. 

"അപ്പോഴിനി നമ്മളെന്നാ കാണുക?" ഹൃദയത്തിലേക്കമ്പു പോലെ തറച്ചു കയറുന്ന ഒരു ചോദ്യമായിരുന്നു അത്. ഇനി പരസ്പരം കാണുമോ? എന്ന്? സൗദിയിലേക്ക് പോയാൽ ഇനി ഞാനെന്നാ  തിരിച്ചു വരിക? രണ്ടോ മൂന്നോ നാലോ കൊല്ലം കഴിഞ്ഞാവും. കാമ്പസിൽ തളിർത്ത് കാമ്പസിൽ തന്നെ പൊഴിഞ്ഞു പോകുന്ന ഒരു ശരാശരി സൗഹൃദം അല്ല എൻറെ ഹൃദയത്തിൽ ഞങ്ങളുടെ ബന്ധം. ശ്മശാനത്തോളം കൂടെ നടക്കേണ്ടതാണത്. "കത്തെഴുതാം ഞാൻ. നീ മറുപടി അയക്കണം." അവൾ തലയാട്ടി. അഡ്രസ് ഒരു തുണ്ടിൽ കുറിച്ച് തന്നു. അവൾ നീട്ടിയ ഓട്ടോഗ്രാഫ് വാങ്ങി അതിൽ വെറുതെ അപ്പോൾ തോന്നിയ ഏതാനും വരികൾ കുറിച്ചിട്ടു. കവിയായതു കൊണ്ടല്ല. ഹൃദയം നിറയെ ആ കൂട്ടുകാരി നിറഞ്ഞു നിൽക്കുന്നതിനാലായിരുന്നു അത്.

മൃദുരവമായ നിൻറെ പദനിസ്വനം  
കേട്ടാണ്  ഞാനുണർന്നത്!
ഞാനന്നോളമൊരു പേക്കിനാവിൻറെ 
മാറാലയിൽ ബന്ധനസ്ഥനായിരുന്നു!
പിന്നെ നിൻറെ പുഞ്ചിരിപ്പൂക്കളുടെ 
നറുമണത്തിൽ ഞാനെന്നെ മറന്നു!
എൻറെ വേദനകളെയും മറന്നു!
കേവലമൊരുവാക്കിനാൽ നിന്നോട് 
വിടപറയുനാവില്ലെനിക്കൊരിക്കലും;
ഇന്നീ മിഴിക്കോണിലെയശ്രുപുഷ്പങ്ങൾ
നിനക്കേകിപ്പോകുന്നു ഞാൻ!
മറക്കാതിരിക്കുവാനാ നെഞ്ചിലെ 
നോവിൻറെ ചെപ്പിലെന്നെ 
പാത്തു വച്ചുകൊൾക നീ നിത്യം!    

തിരിഞ്ഞു നോക്കാതെ ഞാൻ നടന്നകന്നപ്പോൾ എന്നെയും നോക്കി ആ വരാന്തയിൽ അവൾ ഒറ്റയ്ക്ക് നിൽക്കുന്നത് ഞാൻ കാണാതെ കാണുന്നുണ്ടായിരുന്നു. ചില കാഴ്ചകൾക്ക് കണ്ണുകൾ വേണമെന്നില്ലല്ലോ. ഇന്നത്തെ പോലെ മൊബൈലോ ഈമെയിലോ മെസ്സഞ്ചറുകളോ ഒന്നുമില്ലാത്ത അന്ന് എൻറെ കയ്യിലെ ആ അഡ്രസ് മാത്രമായിരുന്നു ഞങ്ങളുടെ ബന്ധം നിലനിർത്താനുള്ള ഏക ചരട്. അത് കൊണ്ട് ഞാനത് ഭദ്രമായി ഇന്നോളം സൂക്ഷിച്ചു പോന്നു.

സൗദി ഒരു തുറന്ന ജയിൽ പോലെയാണ് എനിക്ക് എന്നും അനുഭവപ്പെട്ടിട്ടുള്ളത്. ഏതോ മുജ്ജ്ന്മ പാപത്തിനു ജോലിഭാരമെന്ന ശിക്ഷയും വിധിച്ച് ഞങ്ങളെ ഈ ജയിലിൽ അടച്ചിരിക്കുകയാണ്. ജനിച്ചു വളർന്ന നാടും, നല്ല ഓർമകളും ആയിരം കൈകാട്ടി വിളിക്കുന്നു. ബാധ്യതകളുടെ കള്ളക്കണക്ക് പറഞ്ഞു ഞാൻ മോഹങ്ങളെ പിന്നെയും പിന്നെയും ചതിച്ചു കൊണ്ടിരുന്നു. ഒരു വർഷത്തോളം ഉറങ്ങാൻ പോലും ശരിക്കും സമയം കിട്ടിയില്ല. പതിനാറും പതിനേഴും പതിനെട്ടും മണിക്കൂർ ഡ്യൂട്ടി എന്നൊക്കെ പറഞ്ഞാൽ സൗദിയിൽ അതൊരു സാധാരണ സംഭവമാണ്. ആറു മാസം കഴിഞ്ഞപ്പോൾ ഒരു പനി വന്നു മൂന്നു ദിവസം കിടപ്പിലായി. അന്നാണ് ജ്യോതിക്ക് ആദ്യമായി ഞാൻ ഒരു കത്തയച്ചത്. വൈകിയതിന് ഒരുപാട് ക്ഷമാപണങ്ങളൊക്കെ പറഞ്ഞ്.  

അവളുടെ മറുപടിക്ക് വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരുന്നു. തുടിക്കുന്ന ഹൃദയം നിരാശ തിന്നു തീർത്ത ദിനരാത്രിങ്ങൾ കുറേ കഴിഞ്ഞു പോയി. കാത്തിരിപ്പിന് മാസങ്ങളുടെ വളർച്ചയായി. മറുപടി മാത്രം വന്നില്ല. അവൾക്കെൻറെ കത്ത് കിട്ടിയിരിക്കില്ല എന്ന് ആശ്വസിച്ചു. അപ്പോഴേക്കും ജോലി മാറിയിരുന്നു. ജോലി സമയം പന്ത്രണ്ട് മണിക്കൂറായി ചുരുങ്ങിയിട്ടുണ്ട്. ഒരു മാസം ഒരു കത്ത് എന്ന പോലെ ഞാൻ അയച്ചു കൊണ്ടേ ഇരുന്നു. മറുപടി വന്നതേ ഇല്ല. ഒരു പക്ഷെ അവളുടെ വീട്ടുകാർ പ്രശ്നമുണ്ടാക്കിയിരിക്കും. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.

എന്നെങ്കിലും അവർക്കെന്നോട് ഒരു ദയ തോന്നും എന്ന് കരുതി ഞാൻ പിന്നെയും എഴുതിക്കൊണ്ടേ ഇരുന്നു. എൻറെ മനക്കണ്ണിൽ സജലനേത്രങ്ങളോടെ ഞാൻ അകന്നു പോകുന്നതും നോക്കി കോളേജ് വരാന്തയിൽ നിൽക്കുന്ന ജ്യോതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ ചിത്രത്തിന് ജീവനുണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളുമുണ്ടായിരുന്നു. ഒരിക്കൽ അവൾക്ക് കത്തെഴുതിക്കൊണ്ടിരിക്കെ സഹമുറിയൻ ഹൈദ്രോസിക്ക ചോദിച്ചു.. "അല്ല മോനെ.. ആ കുട്ടിൻറെ കല്ല്യാണം കഴിഞ്ഞിട്ടുണ്ടെങ്കിൽ, ഇങ്ങിനെ നീ കത്തെഴുതിയാൽ, ചെലപ്പോ, അത് കൊഴപ്പമാവും ട്ടൊ. ആ കുട്ടിൻറെ ജീവിതം കുട്ടിച്ചോറാവും..." ഞാൻ ആലോചനയിലാണ്ടു. ശരിയല്ലേ? അങ്ങിനെ ഒരു സാധ്യത വേണ്ടുവോളമുണ്ടല്ലോ? അങ്ങിനെ ആ കത്ത് ഞാനയച്ചില്ല. പിന്നെ ഒരിക്കലും അവൾക്ക് ഞാൻ കത്തൊന്നും എഴുതിയില്ല. അപ്പോഴേക്കും മൂന്നര വർഷം കഴിഞ്ഞിരുന്നു.  

നാല് വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ നാട്ടിലേക്ക് ആദ്യമായി വന്നത്. അതും ബാപ്പയ്ക്ക് ഒരു അപകടം പറ്റിയപ്പോൾ ഒരു എമർജൻസി പോലെ. അപ്പോഴേക്കും നല്ലൊരു ജോലി ആയിരുന്നു. നല്ല ശമ്പളവും. ആശുപത്രിക്കിടക്കയിൽ വച്ച് ബാപ്പ നിർബന്ധിച്ചപ്പോൾ പെട്ടെന്ന് ഒരു പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് ചേർത്തു വെക്കേണ്ടി വന്നു. ജ്യോതിയെ കുറിച്ച് അന്വേഷിക്കാൻ ആ വരവിൽ സമയം കിട്ടിയില്ല. പിന്നെയും കഴിഞ്ഞിരിക്കുന്നു ഒന്നര വർഷം. 

ഇന്ന് ഞാൻ എൻറെ കയ്യിലെ പിഞ്ഞിത്തുടങ്ങിയ, നിറം മങ്ങിയ ഒരു കടലാസു തുണ്ടിലെ അഡ്രസ്സ് തിരഞ്ഞ് പോവുകയാണ്. ഇവടവേളകളിൽ ചിലപ്പോഴൊക്കെ എൻറെ മനസ്സിൽ ഓർമയുടെ വാതിലിൽ മുട്ടിവിളിക്കുന്ന എൻറെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നറിയാനുള്ള ഒരു ആകാംഷയ്ക്ക് വിരാമമിടാൻ വേണ്ടി. അവൾ സുഖമായി, സന്തോഷമായി ജീവിക്കുന്നുണ്ടാവും. എനിക്കുറപ്പാണ്. എന്നാലും എൻറെ കണ്ണുകൾക്ക് അതൊന്ന് കണ്ടു ബോധിക്കേണ്ടതുണ്ട്.

എന്നെ കാണുമ്പോൾ അവളെന്തായിരിക്കും പറയുക? ചോദിക്കുക? അവൾക്കെത്ര വലിയ സന്തോഷമാകും? എന്തായാലും കല്ല്യാണമൊക്കെ കഴിഞ്ഞിരിക്കും. എന്നെ മറന്നിരിക്കാൻ വഴിയൊന്നുമില്ല. ഞാൻ കത്തൊക്കെ അയച്ചിരുന്നല്ലോ. അല്ലെങ്കിലും, ജ്യോതി എങ്ങിനെയാണ് എന്നെ മറക്കുക? അവളെ കാണുമ്പൊൾ മറുപടി അയക്കാത്തതിന് ഒന്ന് ചൂടാവണം. ഒരുപാട് ചൂടാവണം. അല്ലെങ്കിൽ നമുക്കൊരു സുഖം കിട്ടില്ലല്ലോ. ഏയ്.. അത് വേണ്ട. അവൾക്കെന്തെങ്കിലും തക്കതായ കരണമുണ്ടാവും. ഇല്ലാതിരിക്കില്ല. ഇല്ലെങ്കിൽ ഒരിക്കലും ജ്യോതി എനിക്ക് മറുപടി അയക്കാതിരിക്കില്ല. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ പുറത്തെ കാഴ്ച്ചകൾ കണ്ടിരിക്കുമ്പോഴും എൻറെ മനസ്സാഗരത്തിൽ ചിന്തകൾ തിരത്തല്ലിക്കൊണ്ടിരുന്നു. 

ബസ്റ്റോപ്പിൽ ഇറങ്ങി ഞാനൊന്ന് ചുറ്റും നോക്കി. പണ്ട് അവൾ പറഞ്ഞു തന്ന പ്രകാരമാണെങ്കിൽ ബസ്റ്റോപ്പിൻറെ വലതു വശത്തു കൂടിയുള്ള പഞ്ചായത്ത് റോഡിലൂടെ പോകണം. സംഗതി ഇപ്പോൾ ടാറിട്ട റോഡാണ്. നേരെ നടന്നു. ഇനി ഒരു കലുങ്ക് കാണണം. കലുങ്കിൻറെ വലതു വശത്ത് ഒരു താണി മരമുണ്ടാവും. അതിൻറെ ചുവട്ടിലൂടെ തോടിൻറെ വശം ചേർന്ന് വീതിയുള്ള ഒരു വഴിയുണ്ടാവും. അതിലൂടെ പോയാൽ തോടിൻറെ അപ്പുറം നിൽക്കുന്ന വീട്. വീടിൻറെ പേര് ലോട്ടസ് വില്ല. വഴിയെല്ലാം പച്ചവെള്ളം പോലെ അറിയാം. മനസ്സ് കൊണ്ട് ഞാനെത്രയോ പ്രാവശ്യം ഇതിലെ പോയതാണല്ലോ. ശങ്കയൊന്നും കൂടാതെ ഞാൻ കാലുകൾ വലിച്ച് വച്ചു നടന്നു.  

ഒരു ഇരുമ്പ് ഗേയ്റ്റിൻറെ മുൻപിൽ ഞാൻ ശങ്കയോടെ നിന്നു. അടയാളം കൊണ്ട്, ഇത് തന്നെയാണ് അവളുടെ വീട്. പക്ഷെ പേരിൻറെ ഒരടയാളവും അവിടെയെങ്ങും കണ്ടില്ല.. അടുത്തെങ്ങും മനുഷ്യരെയും കാണാനില്ല. കുറച്ച് നേരം ഞാൻ അവിടെ അങ്ങിനെ നിന്നു. ആരെങ്കിലും വരുന്നെങ്കിൽ ചോദിക്കാമല്ലോ? ആരും വന്നില്ല. കാത്ത് നിന്ന് മടുത്തപ്പോൾ ഞാൻ മെല്ലെ ഗെയ്റ്റ് തുറന്നു ചെന്നു. കോളിംഗ് ബെല്ലിൻറെ  നേരെ കൈ വിരൽ നീട്ടിയപ്പോഴാണ് ഇടിമുഴക്കം പോലെ നായയുടെ കുര കേട്ടത്. തൊണ്ടയിൽ നിന്നും ജനിച്ചതിൽ പിന്നീട് ഇന്നോളമുണ്ടാവാത്തൊരു തരം  വൃത്തികെട്ട ശബ്ദമുണ്ടായി. ഞെട്ടിച്ചാടി പിടഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ മുറ്റത്തിൻറെ ഒരു കോണിലെ കൂട്ടിൽ നിന്നാണ്. എൻറെ രോമങ്ങളാകെ മുള്ളു പോലെ ആയിട്ടുണ്ടായിരുന്നു.  ശ്വാസം നിലച്ച പോലെ നിന്നു ഞാൻ. അങ്ങിനെ നിൽക്കെ, വീടിൻറെ മുൻവാതിൽ തുറന്ന് ഒരാൾ ഇറങ്ങി വന്നു. ഒരു അൻപത് വയസ്സിൻറെ മുകളിൽ പ്രായമുണ്ടാവും. ജീവിതത്തോട്ട് ഒട്ടും താല്പര്യമില്ലാത്ത, ജീവിച്ച് മടുത്ത ഒരാളുടെ മുഖം പോലെയായിരുന്നു അദ്ധേഹത്തിൻറെ മുഖഭാവം. പേടിച്ച് വിറച്ച് ചൂളി നിൽക്കുന്ന എന്നെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു.. "ആരാ? എന്താ?"

എനിക്ക് പിന്നെയും ഒരല്പ സമയമെടുത്തു കാര്യങ്ങളൊക്കെ ഒന്ന് നേരെയാവാൻ. ഇത് ലോട്ടസ് വില്ലയല്ലെ എന്നായിരുന്ന് എൻറെ ആദ്യ ചോദ്യം. സത്യത്തിൽ എനിക്ക് ചെറിയൊരു ശങ്കയുണ്ട്. ഞാൻ ജ്യോതിക്കയച്ച കത്തുകളൊക്കെ വീട്ടിലൊരു പ്രശ്നമായിട്ടുണ്ടെങ്കിൽ ഒരു നല്ല സ്വീകരണം പ്രതീക്ഷിക്കണ്ട. ചിലപ്പോൾ നല്ല പുളിച്ച ചീത്ത കേൾക്കാനും മതി. പിന്നെ. ഇപ്പോൾ പ്രായമൊക്കെ ഇത്രയും ആയില്ലേ. അതിൻറെ ഒരു പരിഗണന കിട്ടാതിരിക്കില്ല എന്നാണു വിശ്വാസം. അതെ എന്ന അദ്ദേഹത്തിൻറെ മറുപടിയ്ക്കു പിന്നാലെ ഞാൻ പറഞ്ഞു. "ഞാൻ ജ്യോതിയുടെ കൂടെ പഠിച്ചതാണ്. കോളേജിൽ. ഇപ്പോൾ സൗദിയിൽ ആണ്. ലീവിന് വന്നതാണ്. ജ്യോതിയുടെ വിവരമൊക്കെ ഒന്നറിയാലൊ എന്ന് കരുതി വന്നതാണ്."

ആ മുഖത്ത് മാറിമറിഞ്ഞു വരുന്ന ഭാവങ്ങളെന്ത് വായിച്ചറിയാനാവാതെ ഞാൻ കുഴങ്ങി. എന്താണ് വേണ്ടത് എന്നറിയുന്നില്ല. ഒരു മിനിറ്റോളം ആ ടെൻഷൻ പിടിച്ച നിർത്തം നിന്നു. നോക്കി നിൽക്കെ ആ പ്രകാശരഹിത മിഴികളിൽ പൊടിയുന്ന നീർക്കണം കണ്ട് ഞാൻ വല്ലാതായി. അദ്ദേഹം എൻറെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ച്. "നീയല്ലേ ജ്യോതിക്ക് കത്തൊക്കെ എഴുതിയിരുന്നത്?" വല്ലാത്തൊരു അവസ്ഥയിൽ ഞാൻ തല കുലുക്കിയപ്പോൾ അദ്ദേഹം വരൂ എന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി. പിന്നാലെ പോകാതിരിക്കാൻ എനിക്കവുമായിരുന്നില്ല. 

അകത്ത് സ്വീകരണ മുറിയിൽ അദ്ദേഹം കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ എനിക്ക് കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ചുമരിൽ ചിരിക്കുന്ന ജ്യോതിയുടെ ഫോട്ടോയിൽ ഒരു പൂമാല തൂങ്ങുന്നുണ്ടായിരുന്നു. അടിയിൽ ചാടിക്കളിക്കുന്ന ഇലക്ട്രിക്ക് ലൈറ്റിൻറെ സമീപം അട്ടിയട്ടിയായി വച്ചിരിക്കുന്നു ഞാനയച്ച ഓരോ കത്തുകളും. ആ ഫോട്ടോയ്ക്ക് തൊട്ടടുത്ത് ഓമനത്തം തുളുമ്പുന്ന ഒരു ആൺകുട്ടിയുടെ ഫോട്ടോയും മാലയിട്ട നിലയിലുണ്ട്‌. എനിക്കെൻറെ ഹൃദയത്തിൻറെ ധമനികളിൽ ചവണ കൊണ്ടാരോ പിടിച്ച പോലൊരു വേദന അനുഭവപ്പെട്ടു. ബാലൻസ് കിട്ടാതെ ഇപ്പോൾ വീഴുമെന്ന പോലെ. കാൽച്ചുവട്ടിൽ ഭൂമി താഴ്ന്നു താഴ്ന്നു പോകുന്ന പോലെ. ഒരശരീരി പോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു ജ്യോതിയുടെ പിതാവിൻറെ വാക്കുകൾ. 

"നീ അയച്ചതൊന്നും വായിക്കാൻ അവൾ നിന്നില്ല മോനെ. അവൾ പോയി. അവളുടെ അനിയനും. ആദ്യത്തെ കത്ത് വരുന്നേൻറെ ഒരു രണ്ടോ മൂന്നോ മാസം മുൻപാ. ഒരു കത്ത് പോലും ഞങ്ങള് പൊളിച്ചിട്ടില്ല. ഒക്കെ അവിടെ വച്ചിട്ടുണ്ട്. ഒരു മറുപടി പോലും വരാതെ മൂന്നു കൊല്ലം  തുടർച്ചയായി കത്ത് വന്നപ്പോൾ, അത് സ്നേഹമുള്ള ഒരു മനസ്സീന്നാണ് എന്നുറപ്പായിരുന്നു.. ഒരിക്കൽ നീ വരും എന്നും ഞങ്ങൾക്കുറപ്പായിരുന്നു."

അടക്കിപ്പിടിച്ച ഒരു തേങ്ങൽ കേട്ടപ്പോൾ വിറച്ച് കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി. അവിടെ കണ്ണുകളിൽ രണ്ടു മഹാസമുദ്രങ്ങൾ നിറച്ചു കൊണ്ട് നിൽക്കുന്നു ഒരു സ്ത്രീ. അവളുടെ അമ്മയായിരിക്കും. ആകെയുള്ള രണ്ടു മക്കളെ മരണം തട്ടിയെടുത്ത അവരുടെ വേദനയുടെ അളവ് ഈ ഭൂമിയിൽ ആർക്കാനറിയുക? പതറിയ ശബ്ദത്തോടെ അവളുടെ അച്ഛൻ പറയുന്നത് കേട്ടു.  

"ഞങ്ങൾ നാലാളും ഒരൊറ്റ കാറിലായിരുന്നു. എന്നിട്ടും മരണം ഞങ്ങളോട് ഒരു ദയയും കാണിച്ചില്ല. കാലന് പോലും വേണ്ടാതിരിക്കാൻ എന്ത് മഹാപാപമാണാവോ ഞങ്ങൾ ചെയ്തത്? കർത്താവേ..." അതൊരു തേങ്ങലായി മാറി.

അഗ്നിമഴ പെയ്യുകയായിരുന്നു എൻറെ ഉള്ളിലപ്പോൾ. ഉള്ളു വേവുമ്പോൾ കണ്ണുകൾ പെയ്യും. എത്ര പറഞ്ഞാലും അനുസരിക്കാത്ത കണ്ണുകൾ രണ്ടുറവകളായി മാറി. ഒരു വാക്കു കൊണ്ട് പോലും എനിക്കവരെ  ആശ്വസിപ്പിക്കാനാവുന്നില്ലല്ലോ. എന്തൊരു മനുഷ്യനാണ് ഞാൻ. എനിക്ക് എന്നോട് തന്നെ എന്തെന്നില്ലാത്ത വെറുപ്പ് തോന്നുന്നു.

അവരുടെ നിർബന്ധമായിരുന്നു, ഭക്ഷണം കഴിച്ചിട്ടേ പോകാൻ പറ്റൂ എന്ന്. ഞാൻ വഴങ്ങി. പിന്നെയും പിന്നെയും ആ അമ്മ എൻറെ പാത്രത്തിലേക്ക് ഭക്ഷണം ഇട്ടു കൊണ്ടിരുന്നു. വയറു പൊട്ടും എന്നായി എനിക്ക്. അവസാനം വിടപറയുമ്പോൾ നിറഞ്ഞ കണ്ണുകളുമായി അവർ എന്നോട് പറഞ്ഞു. "ഇനിയും വരണം. പെണ്ണിനേയും മക്കളെയും ഒക്കെ കൂട്ടി വരണം. ഞങ്ങൾക്ക് വേറെ ആരും വരാനില്ല....." 

ഹൃദയം ദ്രവിച്ചു പോകുന്ന വേദനയോടു കൂടി, ആ കൈകളിൽ പിടിച്ചു കൊണ്ട്  ഞാൻ പറഞ്ഞു. "വരും അമ്മേ.. ഞാൻ വരും. ഞങ്ങൾ എല്ലാവരും വരും. തീർച്ചയായും വരും...."

പിന്നെ നിന്നില്ല.. പോട്ടെ എന്ന് ഞാനവരോട് ചോദിച്ചില്ല. ചോദിക്കാനായില്ല. നെഞ്ചിൽ അടക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചിൽ തൊണ്ടയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.  ഞാനതിവേഗം തിരിഞ്ഞു നോക്കാതെ നടന്നകന്നു. അന്ന് ജ്യോതിയുടെ അടുത്ത് നിന്നും പോകുമ്പോളെന്ന പോലെ. ഇങ്ങോട്ട് ഞാനിന്ന് വന്നില്ലായിരുങ്കിൽ എൻറെ മനസ്സിലെങ്കിലും അവൾ ജീവിച്ചിരിക്കുമായിരുന്നല്ലോ എന്ന് വേദനയോടെ ഓർത്തുകൊണ്ട്, കാലുകൾ വലിച്ചു വച്ച് നടന്നകലുമ്പോൾ, എനിക്കറിയാം, അവർ എന്നെയും നോക്കി അവിടെ നിൽക്കുന്നുണ്ടാവും. ആ കാഴ്ച കാണാൻ എനിക്ക് കണ്ണുകൾ വേണമെന്നില്ല. ഞാൻ വലിഞ്ഞു നടന്നു. മരണം വരെ ചുമക്കേണ്ടുന്ന, എൻറെ സ്വന്തം വേദനകളുടെ മഹാപർവ്വതവും മനസ്സിൽ ചുമന്നു കൊണ്ട്. ഒരു സുന്ദരമായ പാട്ടിനു പകരം കടലാസിലേക്ക് പകരേണ്ടിയിരുന്ന സ്നേഹാക്ഷരങ്ങൾക്ക് പകരം തീ നിറച്ച്.....

* ശുഭം *

7 comments:

  1. കഥ ഹൃദയസ്പർശിയായി...
    പണ്ടേ മൊബൈലും നെറ്റും ഉണ്ടായിരുന്നുവെങ്കിൽ.......
    ആശംസകൾ

    ReplyDelete
  2. ഹൃദയഹാരിയായ പ്രണയ കഥ.ഹൃദയ ഭേദകമായ കഥാപരിണാമം..വായന തുടങ്ങിയാൽ അവസാനം കാണാതെ നിർത്താൻ കഴിയില്ല...

    ReplyDelete
  3. കഥ നന്നായിട്ടുണ്ട്. അവസാനം സങ്കടം തോന്നി. ബ്ലോഗ് എഴുത്ത് തുടരുക,,

    ReplyDelete
  4. അബൂതി,,ഇനിയെഴുതേണ്ടാത്ത പ്രണയ ലേഖനം
    വായിച്ചു.ബാക്കി വെച്ച പ്രണയ പത്രം ഒരിക്കലും
    തുറക്കാൻ അവസരം കിട്ടാതിരുന്നെങ്കിൽ എന്നു
    ആൽമാർത്ഥമായി ആഗ്രഹിച്ചു പോയ നിമിഷങ്ങളിലൂടെ
    കടന്നു പോയപ്പോൾ ഹൃദയ സ്പർശി ആയി വേദന പകർന്നു
    തന്നല്ലോ...നല്ല ഒഴുക്കോടെ എഴുതി.അഭിനന്ദനങ്ങൾ..

    ReplyDelete
  5. കൊള്ളാം, നന്നായെഴുതി

    ReplyDelete
  6. 'പ്രണയ ബാക്കി' ഒരു എഴുതി തീരാത്ത പ്രേമ ലേഖനം ..!

    ReplyDelete