Sunday, March 17, 2019

അസ്തമയത്തിൻറെ മൊഴികൾ.



എന്നിലേക്ക് ചുരുങ്ങട്ടെ ഞാനിനി.
എന്നോ വാടിക്കരിഞ്ഞ്, ധൂളികളായ
എൻറെ ജീവസ്വപ്നങ്ങളിലേക്ക്.
എൻറെ സൂര്യൻ അസ്തമിച്ചിരിക്കുന്നു
എങ്ങും ഇരുൾ പരന്നുതുടങ്ങവേ
എൻറെ താമരയും കൂമ്പിയടയുന്നു. ഇനി നീ, 
എൻറെ കണ്ണുകളിലേക്ക് നോക്കരുത്
എരിയുന്ന പ്രണയം നിന്നെ
എൻറെ നെഞ്ചിൽ തന്നെ തളച്ചിടും.
എന്നിലെരിയുന്ന എൻറെ പ്രണയം!
 
നിനക്കറിയുമോ? സ്വപ്നങ്ങളെക്കുറിച്ച്
നമ്മോട് സംസാരിച്ച് കൊണ്ടിരിക്കെ
നിനയ്ക്കാത്ത നേരത്ത് പിരിയുന്നവർ
നെഞ്ചിലൊരു പിടി കണലിട്ട് പോകും.
നീറി നിൽക്കുന്ന നെടുവീർപ്പുകൾ
നിത്യവും പ്രാണനിൽ അതൂതുമ്പോൾ, ആ 
നീലജ്വാലയിൽ നമ്മുടെ മനസുരുകും. 
നനഞ്ഞ കണ്ണുകളുമായി നമ്മൾ ശേഷം
നിറഞ്ഞ ശൂന്യതയിലേക്ക് തുറിച്ച് നോക്കും.
നീറിനീറി നാമില്ലാതാവുന്നത് വരെ!

പിരിഞ്ഞു പോകുന്ന മുൻപേയവരോട്
പറയുവാൻ നമ്മൾ ചില വാക്കുകൾ
പ്രിയമോടെ നെഞ്ചിലൊരുക്കിവെക്കും!
പക്ഷെ;  പറയുവാൻ നേരം തരാതെ
പാടേ പറ്റിച്ചതാരാണ് നമ്മളെ?
പുഞ്ചിരിയാൽ തഴുകിക്കൊണ്ടിരിക്കെ
പെടുന്നനെ കരച്ചിൽ തന്നു പോയവരോ?
പ്രഭാതത്തിനു മുൻപേ പൊൻക്കിനാവിൻറെ
പ്രഭയൂതിക്കളഞ്ഞ ജീവിതമോ? അതോ;
പ്രഭാമയമായിരിക്കെയസ്തമിച്ച സ്വപ്നമോ?

ഇനിയെൻറെ കയ്യിൽ നിനക്കൊന്നുമില്ല.
ഇതൾ കരിഞ്ഞൊരു ഹൃദയമല്ലാതെ. 
മറക്കില്ലെന്ന വാക്കിൻറെ തേങ്ങലല്ലാതെ.
കൈകൂപ്പി നിൽക്കുമെൻ സർഗ്ഗസിദ്ധിക്ക്
എഴുതുവാനിനിയൊരു വരി പോലുമില്ല.
കദനം നിറഞ്ഞ കരളിൻറെ കഥനങ്ങളില്ല!
ഇതാ; എൻറെ ജീവിതമൊരു പച്ചിരുമ്പായി
കാലമേ, നിൻറെ മുൻപിൽ കിടക്കുന്നു.
നീയെന്നെ സ്ഫുടം ചെയ്തെടുക്കുക. നിൻറെ
നിതാന്തപരിശുദ്ധപാതയിലേക്ക് ചേർക്കുക!

*ശുഭം* 

5 comments:

  1. കവിത നന്നായിരിക്കുന്നു,, അഭിനന്ദനങ്ങൾ

    ReplyDelete
  2. പ്രഭാതത്തിനു മുൻപേ പൊൻക്കിനാവിൻറെ
    പ്രഭയൂതിക്കളഞ്ഞ ജീവിതമോ? അതോ;
    പ്രഭാമയമായിരിക്കെയസ്തമിച്ച സ്വപ്നമോ ?

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. നല്ല വരികൾ
    ആശംസകൾ

    ReplyDelete