മോഹങ്ങളെന്നിൽ നിന്നുമെന്നോ
പാറിപ്പറന്നെങ്ങോ പോയിരുന്നു.
നിൻറെ പുഞ്ചിരിയുടെ വസന്തത്തില-
വയൊക്കെയും, തിരികെയെന്നിലേക്ക്,
ചിറകുകൾ വീശിപ്പറന്നെത്തിയെൻറെ,
കരളിൻറെ ചില്ലയിൽ കൂടുകൂട്ടി!
മരതകച്ചുണ്ടിനാലവയെൻ മനസ്സിൻറെ
മുറ്റത്ത് കൊത്തിപ്പെറുക്കി നടക്കവേ;
ഞാനെന്നോ മറന്നൊരെൻ പാട്ടിൻറെ
പല്ലവി, മധുരമായീണത്തിൽ പാടിടുന്നു!
നോക്കൂ; നീയെന്ന പുണ്യമൊരു നദി-
യായെന്നിലേക്കൊഴുകിയെത്തിയതിൽ,
പിന്നെയാണെന്നിൽ വസന്തം ചിരിച്ചത്!
നീയെൻറെ ഉള്ളമാകെ തേൻ നിറച്ചതിൽ
പിന്നെയാണിവിടെ,യെനിക്കായി
പൂക്കളും പൂമ്പാറ്റകളുമുണ്ടായത്!
പ്രേയസി; നീയെന്ന മേഘം തണലിട്ടതിൽ
പിന്നെയാണെൻ വിണ്ടമനസ്സിൽ, ഞാൻ
വീണ്ടും, സ്വപ്നങ്ങളുടെ വിത്തെറിഞ്ഞത്!
പ്രിയേ; നിനക്കായിയീ ശിശിരത്തിൽ,
മഞ്ഞണിഞ്ഞ പുലർകാലങ്ങളിൽ,
ഹിമകമ്പളം പുതച്ച താഴ്വരയിൽ,
ഞാൻ നീലാഗ്നിമുഖപ്പൂക്കൾ തേടുന്നു!
സ്മരാന്ധശലഭമായ ഞാൻ നിൻറെ
സ്നിഗ്ദ്ധഹാസത്തേൻ നുകരുവാനാ
വാരിജകപോലത്തിൻ പുഷ്പവാടിയിൽ
പതിവായി ചുംബനപ്പൂക്കൾ തേടിടുന്നു!
*ശുഭം*

വസന്തം പുഞ്ചിരി വിടർത്തുന്ന വേളകൾ ...!
ReplyDeleteആശംസകൾ
ReplyDelete