Sunday, March 31, 2019

എൻറെ ശലഭം


ചിറകുകൾ മുളക്കട്ടെ
യെനിക്കിനിയീയനന്തയാകാശത്തിൽ
അതിരുകളില്ലാതെ പാറിപ്പറക്കുവാൻ.

"അനാമികെ!" ഇനിയെങ്കിലും
നീ നിൻറെ പേരൊന്നു ചൊല്ലണം. ഒരു -
നാമവും നിന്നെ അശുദ്ധയാക്കില്ല. സത്യം!

എനിക്ക് നുകരുവാനുള്ള മുലക്കണ്ണിൽ
ചെന്നിനായകമരച്ചിട്ട കാലമേ
നീയാണ് സാക്ഷി. നീ തന്നെയാണ് സാക്ഷി!

കണ്ണീർ തുടച്ചു തേഞ്ഞോരെൻ കൈത്തണ്ടയിൽ,
പാറിവന്നിരുന്ന ശലഭത്തെയിന്നു ഞാൻ
അനാമികയെന്നെ വിളിക്കയുള്ളൂ!

ദുഃഖഹാരങ്ങൾ ചാർത്തി-
യെന്നേകാന്ത വീഥിയിലെന്നോട് ചേർന്ന്, 
പരിലസിക്കുകയായിരുന്നെന്നിന്നലെകൾ!

ഭാവനാ തീരത്തു ഞാനേകനായ്,
ഭ്രാന്തനായ്, അലഞ്ഞു തിരിഞ്ഞ ഇന്നലെകൾ,
ശോകഗാനങ്ങൾ മൂളിപ്പിരിഞ്ഞു പോയ്.

ഒരു നുള്ള് സങ്കടം കൊണ്ടെൻറെ വേണുവിൽ
ശില പോലുമുരുകുന്ന രാഗവും മൂളി
വെറുതെ പോയതാണിതിലെയെന്നോർമകൾ.

കൂട്ട് തേടിയലഞ്ഞ വീഥിയിൽ
കരിയിലകൾ പാകിയ നാട്ടു വഴിയിൽ; എൻറെ -
കുഞ്ഞു കവിതകൾ വീണുടഞ്ഞിരുന്നു.

ഒരു തുടം കണ്ണുനീർ കൊണ്ടെൻറെ കരളിൽ
ഓരാരണ്യകം മുഴുവൻ നനഞ്ഞിരുന്നു.
കാനലിൽ പൂവിതളുകൾ മണ്ണിലേക്കടർന്നിരുന്നു.

ഇരുൾ തിക്കിത്തിരക്കി വന്നെന്നെ
തണുത്ത മൗനത്തിൽ തളച്ചിടവേയെന്നരികിലേക്ക്
പതിയെ പറന്നു വന്നതാണീ സ്നേഹശലഭം.

വെണ്ണീർ ചിറകുകൾ വീശിയെത്തി
നക്ഷത്രക്കണ്ണുള്ളോരെൻ ശലഭം
എന്നോട് ചൊല്ലിയാദ്യമായ് "ഞാൻ നിൻറെ സ്വന്തം"!

പിന്നെയെൻ കദനങ്ങളെ ചുംബിച്ചുറക്കി
അരുമയായെത്രയോ കഥകൾ ചൊല്ലി.
എന്നാത്മ പ്രയാണത്തിൻ ദീപശിഖയായ്.

ഇന്നെൻറെ നെഞ്ചിലെ പുഷ്പവാടിയിൽ
ഒരു ബ്രഹ്മകമലത്തിന്നിതളിൽ വീണുറങ്ങുന്നു
എന്നുടെയാത്മ ഭാവനാ ശലഭം!

കണ്ണീർ ചുരത്തുമെന്നെഴുത്താണിത്തുമ്പിൽ
കഥകളായ്, കവിതകളായ് മന്ത്രിച്ചിടുന്നു
അതിനാത്മശോകത്തിൻ നീർപ്രവാഹങ്ങൾ.

ഇനിയൊരു ചിത്രശലഭമായ്
പറക്കേണമെനിക്കീ നഭസ്സിൻറെ താഴെയെൻ
ആത്മഭാവനാ ചിറകു വീശി!

ചിറകുകൾ മുളക്കട്ടെ
യെനിക്കിനിയീയനന്തയാകാശത്തിൽ
അതിരുകളില്ലാതെ പാറിപ്പറക്കുവാൻ.

അബൂതി

2 comments:

  1. ചിറകുകൾ മുളക്കട്ടെയെനിക്കിനിയീയനന്തയാകാശത്തിൽ
    ചിരകാലമെന്നും അതിരുകളില്ലാതെ പാറിപ്പറക്കുവാൻ...

    ReplyDelete
  2. നല്ല വരികൾ
    ആശംസകൾ

    ReplyDelete