എപ്പോഴാണ് എനിക്ക് കണ്ണുകളുണ്ടെന്ന്
നീ സമ്മതിക്കേണ്ടതെന്ന് നിനക്കറിയുമോ?
"അവരു"ടെ ഉന്തിയ നെഞ്ചുകൾക്കുള്ളിൽ
തുടിക്കുന്ന ഹൃദയങ്ങളിലാളുന്ന നാളം
ഞാനവരുടെ കണ്ണുകളിൽ കണ്ടെത്തുമ്പോൾ!
എനിക്ക് കാതുകളുണ്ടെന്ന് നീയൊരിക്കലും;
ഒരു കാലത്തും എനിക്ക് സമ്മതിച്ച് തരരുത്.
"അവരു"ടെ വിറയ്ക്കുന്ന ചുണ്ടുകളിലൂടെ
ആ ലോല മനസ്സുകളുടെ മൃദുമന്ത്രണം
ഞാനെൻറെ ഹൃദയം കൊണ്ട് കേൾക്കുംവരെ!
"അവരു"ടെ ശുഷ്കിച്ച കരങ്ങളിൽ ഞാൻ
തലോടാത്തിടത്തോളം കാലമെന്നെ
മനുഷ്യനെന്ന് നീ ഒരിക്കലും വിളിക്കരുത്.
എങ്ങിനെ ഞാനാവും? അവരെനിക്കായെത്രയോ -
രാത്രികൾ നിദ്രവെടിഞ്ഞവരാണല്ലോ?
വാർദ്ധക്യത്തിൻറെ ഇടുങ്ങിയ ഇടനാഴിയിൽ
വേപഥു പൂണ്ട "അവർ" വീഴാനാഞ്ഞു നിൽക്കേ,
എൻറെ പിന്നാമ്പുറത്തവരെ കളഞ്ഞു ഞാൻ
എൻറെ വിനോദങ്ങളിലേക്ക് മടങ്ങുമ്പോൾ
നീയെന്നയോർമിപ്പിക്കണം, ഞാൻ നീചനാണെന്ന്!
നീ അതിശയിക്കുന്നുവോ? "അവർ" ആരാണെന്ന്!
"അവർ" എനിക്കുള്ള താരാട്ടു പാട്ടായിരുന്നു.
പിച്ചവച്ച കാലടികളിൽ മുള്ളു കൊള്ളാതെ കാത്തവർ.
കാറിക്കരയാൻ മാത്രമാവുന്നു പ്രായത്തിൽ
എനിക്ക് വേണ്ടി ഉരുകിയുരുകി ജീവിച്ചവർ!
ഞാൻ മറക്കുമ്പോൾ, നീയെന്നെയോർമിപ്പിക്കണം.
നാളെ എൻറെയുടലും വാടിത്തുടങ്ങുമെന്ന്.
ഒന്ന് ചായാൻ, ഞാനുമൊരത്താണി തേടുമെന്ന്.
ഇന്ന് വിതയ്ക്കുന്നതല്ലാതെ മറ്റൊന്നും
അന്നെനിക്ക് കൊയ്യാൻ കാലം മാറ്റിവെക്കില്ലെന്ന്.
ജന്മം തന്നവർക്ക് വർദ്ധക്യമെത്തിയിട്ടും
സ്വർഗത്തെ കരസ്ഥമാക്കാത്തവരത്രെ നിർഭാഗ്യവാന്മാർ.
ഗബ്രിയേൽ മാലാഖയുടെ വിളംബരം അതാണ്.
നെഞ്ചുണ്ടായാൽ പോര! നെഞ്ചിലൊരു,
ചിന്തിക്കുന്ന ഹൃദയം കൂടി നാം കണ്ടെത്തണം.
അവരെക്കുറിച്ചും നമ്മെക്കുറിച്ചും ചിന്തയുണ്ടാവണം!
അബൂതി
വാർദ്ധക്യത്തിൻറെ ഇടുങ്ങിയ ഇടനാഴിയിൽ
ReplyDeleteവേപഥു പൂണ്ട "അവർ" വീഴാനാഞ്ഞു നിൽക്കേ,
എൻറെ പിന്നാമ്പുറത്തവരെ കളഞ്ഞു ഞാൻ
എൻറെ വിനോദങ്ങളിലേക്ക് മടങ്ങുമ്പോൾ
നീയെന്നയോർമിപ്പിക്കണം, ഞാൻ നീചനാണെന്ന്...!