അദ്ധ്യായം 1: ഭയം
നാണത്തിൻറെ രക്തച്ഛവി വറ്റിവരണ്ട കണ്ണുകളിൽ അഞ്ജനമെഴുതുകയായിരുന്നു അവൾ. അവളുടെ വരച്ചു വച്ചതു പോലുള്ള പിരികങ്ങൾക്കിടയിലൊരു കറുത്ത നാഗം ഫണം വിടർത്തി നിൽക്കുന്നുണ്ടായിരുന്നു. ചായം തേച്ച തടിച്ച ചുണ്ടിലൊരു മൂളിപ്പാട്ടും. അണിഞ്ഞൊരുങ്ങി, സാരിയുടെ ഞൊറി ഒന്നുകൂടി ശരിയാക്കിയിട്ടു. മുന്നിലെ കണ്ണാടിയിലൂടെ സ്വന്തം ശരീര വടിവിലേക്ക് ഒന്ന് കൂടി നോക്കി. എന്തോ, ഒരാത്മസംതൃപ്തിക്കുറവ് ആ കണ്ണുകളിൽ നിഴലടിയോ? രണ്ടു കൈകൾ കൊണ്ടും തൻറെ താരുണ്യത്തിൻറെ ഉയർന്ന അടയാളങ്ങൾ അളവെടുക്കാനെന്ന പോലെ ഒന്നു പിടിച്ചു നോക്കി. ഗാഢമായ എന്തോ ഒരാലോചന ആ മുഖത്ത് കാണാം. പുറത്ത് നിന്നും മുഴങ്ങിക്കേട്ട വാഹനത്തിൻറെ ഹോൺ ശബ്ദത്തിൽ, അവൾക്ക് ധൃതി കൂടി. വാനിറ്റി ബാഗെടുത്ത് പുറത്തിറങ്ങി, വാതിൽ പൂട്ടി വേഗം നടന്നു ചെന്ന് റോഡിൽ തന്നെയും കാത്തിരുന്ന ഓമ്നിയിൽ കയറിയിരുന്നു. അതിൽ ഒരു ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വണ്ടി മുന്നോട്ടെടുക്കുന്നതിനിടയിൽ ഡ്രൈവർ പറഞ്ഞു: "ചേച്ചീ, താമസിക്കാൻ പുതിയ വീട് നോക്കേണ്ടി വരുമെന്നാ തോന്നുന്നത്? ഇവിടെ കോളനിയിലൊക്കെ ചില ശനികൾ ഓരോന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഞാനേതായാലും വേറെ വീട് നോക്കാം. അതാ നല്ലത്."
അവളുടെ ചുണ്ടുകൾ പുച്ഛരസം കാരണം കോടിപ്പോയി. രാത്രിയിൽ വിശുദ്ധരില്ലാത്ത മഹാനഗരത്തിലെ കപട സദാചാരത്തിൻറെ കാവൽ നായ്ക്കൾ നാക്കണച്ച്, പല്ലിളിച്ച് സദാ ജാഗരൂകരാണ്. രാവിരുളിൻറെ അകത്തളങ്ങളിലേക്ക് പെണ്ണുടൽ തേടി നാഗങ്ങളെ പോലെ ഇഴഞ്ഞെത്തിയ സമൂഹ ദൃഷ്ടിക്ക്, പ്രഭാതസ്നാനം കഴിഞ്ഞാൽ പിന്നെ ആ പെണ്ണുടലുകൾ ഭ്രഷ്ടാണ്. ഹും. കൊതിക്കുറവിൻറെ, മനസ്സിൻറെ ദൗർബല്യത്തിൻറെ അമർത്തിയ മോങ്ങൽ.. അല്ലാതെ ഇത് വേറൊന്നുമല്ല. സദാചാരമെന്ന പദം തന്നെ അശ്ലീലമാക്കിക്കളഞ്ഞവരത്രെ അവർ.
ഡ്രൈവറുടെ വാക്കുകളാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയായത്: "നാളെ സിദ്ധുവിൻറെ ഫീസ് കൊടുക്കേണ്ട ദിവസമാണ് ചേച്ചീ.."
അവളൊന്നു മൂളുക മാത്രം ചെയ്തു. നക്ഷത്ര ഹോട്ടലിൻറെ മുന്നിൽ നിന്ന വാനിൽ നിന്നും അവൾ ഒന്നും പറയാതെ ഇറങ്ങി നടക്കുമ്പോൾ പിന്നിൽ നിന്നും ഡ്രൈവർ വിളിച്ചു പറയുന്നുണ്ടായിരുന്നു: ചേച്ചീ.. 168 ആണെ.
അവളുടെ പ്രാർത്ഥന അപ്പോൾ ആ റൂമിൽ തന്നെയും കാത്ത് ഒരേ ഒരാൾ മാത്രമേ ഉണ്ടാകാവൂ എന്നായിരുന്നു. ചിലപ്പോൾ ചിലർ കൂട്ടമായി വരും. മൂന്നോ നാലോ പേര്. പിന്നെ അവിടെ ഒരു കൂട്ടക്കല്ല്യാണമാണ് നടക്കുക. സഹിക്കാൻ കഴിയില്ല അത്. ചവച്ചു ചവച്ചു ചണ്ടിയായാലും പിന്നെയും ചവക്കുന്ന ചിലരുണ്ട്.
റിസപ്‌ഷനിസ്റ്റ് ഒരു യുവാവാണ്. കോട്ടും ടൈയ്യും ഒക്കെ ധരിച്ച സുദനരനായ ഒരുത്തൻ. അവൻ അവളെ നോക്കി വെളുക്കനെ ഒന്ന് ചിരിച്ചു കാണിച്ചു. ആ ചിരി പോലും അശ്ലീലമാണ് എന്നവൾക്ക് തോന്നി. സ്ത്രീകളോട്, അതാരോടാവട്ടെ, മാന്യമായി ഒന്ന് പുഞ്ചിരിക്കാൻ പോലും കഴിയാത്ത പുരുഷന്മാർ ഈ സമൂഹത്തിൽ എത്രയോ ഉണ്ടെന്ന് അവൾക്ക് തോന്നാറുണ്ട്. ഒരു പെണ്ണുടലിനേയും ഭോഗേച്ഛയോടെയല്ലാതെ അക്കൂട്ടർക്ക് നോക്കുവാനാവില്ല. അവർക്കു പിന്നെ വില്പനയ്ക്ക് വച്ച പെണ്ണുടലിൻറെ ഉടമസ്ഥയോട് എന്ത് മാനം, എന്ത് മര്യാദ? കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുന്നോട്ട് പോവുക തന്നെ.
കതകിൽ മൃദുവായി തട്ടിയപ്പോൾ അകത്തു നിന്നും അനുവാദം കിട്ടി. വാതിൽ മെല്ലെ തുറന്നവൾ അകത്തു കയറിയപ്പോൾ കണ്ടത് പുറം തിരിഞ്ഞിരിക്കുന്ന ഒരാൾ തൻറെ മുമ്പിലെ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുകയാണ്. മൊബൈലിൽ നിന്നാണെന്നു തോന്നുന്നു ഒരു ഹിന്ദി ഗസൽ ഒഴുകി വരുന്നുണ്ട്. തിരിഞ്ഞു നോക്കാതെ തന്നെ അയാൾ പറഞ്ഞു.
"ഒന്ന് വെയിറ്റ് ചെയ്യണേ. ഒരൽപം പണിയുണ്ട്. ഒരു പതിനഞ്ചു മിനിറ്റ്. അവിടെ ഇരുന്നോളൂ. വേണമെങ്കിൽ ടിവി കാണാം. അല്ലെങ്കിൽ ഒന്ന് കുളിച്ചു ഫ്രഷാവാം. വിശക്കുന്നുണ്ടെങ്കിൽ ഫുഡ് പറഞ്ഞോളൂ.. പറയുമ്പോൾ എനിക്കും വേണം. "
ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് എന്തോ ഒരു നീരസമുണ്ടായി. വന്നത് അരാന്നെങ്കിലും ഒന്ന് നോക്കിക്കൂടെ. വലിയ ജാഡയാണെന്ന് തോന്നുന്നു. ഉം. എന്തായാലെന്താ. ഒരു നേരത്തെ കാര്യം സാധിക്കാൻ വരുന്നവർക്ക് ഞാൻ അതിനുള്ള ഒരു ഉപകരണം മാത്രമല്ലെ. എന്നെ സന്തോഷിപ്പിക്കണമെന്നോ പരിഗണിക്കണമെന്നോ ആർക്കെങ്കിലും തോന്നുമോ? അവൾ സോഫയിലിരുന്നു. അതൊരു സ്യൂട്ട് റൂമായിരുന്നു. ആ റൂമിൻറെ പളപളപ്പിൽ തന്നെ ആ ഇരിക്കുന്ന ആൾ സാമാന്യം സാമ്പത്തിക ഭദ്രത ഉള്ള ആളായിരിക്കും എന്ന് അവൾക്ക് മനസ്സിലായി. കാര്യം അയാൾക്കിഷ്ടപെട്ടാൽ സാമാന്യം നല്ല പണം കിട്ടും. ചിലപ്പോൾ പിന്നെയും തന്നെ തേടി വരാനും മതി. ആൾ വാനിറ്റി ബാഗിൽ നിന്നും ഒരു കൊച്ചു കണ്ണാടിയെടുത്ത് മുഖമൊന്ന് നോക്കി.
പിന്നെ അവൾ അയാളെ നോക്കി. അയാൾ എന്തൊക്കെയോ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇടതടവില്ലാതെ കീബോർഡിലെ അക്ഷരക്കട്ടകൾ അമരുന്ന ശബ്ദം മാത്രമെ ഉള്ളൂ. ആ മുഖം ഒന്ന് കണ്ടെങ്കിൽ എന്നവൾ ശരിക്കും കൊതിച്ചു. അത്രയ്ക്കുണ്ടായിരുന്നു അവളിലെ കൗതുകം. ഇങ്ങിനെ ഒരു അനുഭവം അവൾക്കാദ്യത്തേതായിരുന്നു. കാണുന്ന മാത്രയിൽ ചാടി വീഴുന്ന വെറിയന്മാരായിരുന്നു ഇന്നോളം അവൾ കണ്ട പുരുഷന്മാരിൽ മിക്കതും. ചിലർ മാത്രം ഒരല്പ നേരം ഫോര്മാലിറ്റിക്ക് വേണ്ടി എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. പക്ഷെ അപ്പോഴും അവർ കാര്യത്തിലേക്ക് അതിവേഗം പ്രവേശിക്കും. തനിക്കും അതാണ് സൗകര്യം. ഇതിപ്പോൾ തന്നെ ഒന്ന് മൈന്റ പോലും ചെയ്യാതെ ഇങ്ങിനെ ഒരാൾ, ആദ്യമായാണ്.
അസ്വസ്ഥതയുടെ ഉറുമ്പുകൾ അരിക്കുന്ന മനസ്സുമായി അവൾ കാത്തിരുന്നു. പതിനഞ്ചു മിനിറ്റിൽ അധികം കഴിഞ്ഞാണ് അയാൾ ലാപ്ടോപ്പ് മടക്കിയത്. എഴുനേറ്റ് മൊബൈൽ എടുത്തു. പാട്ട് ഓഫ് ചെയ്തു. ആരെയോ വിളിക്കുകയാണ്. ശബ്ദം താഴ്ത്തി ആരോടോ എന്തോ സംസാരിക്കുന്നു. ഏതാനും വാചകങ്ങളിൽ മാത്രം ഒതുങ്ങുന്ന ആ സംഭാഷണം കഴിഞ്ഞാണ്. അയാൾ അവൾക്കു നേരെ തിരിഞ്ഞത്. ഒരു നാല്പത് വയസ്സ് മതിക്കുന്ന സുന്ദരനായ ഒരാൾ. പ്രകാശം നിറഞ്ഞ കണ്ണുകൾ കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
"ഭാര്യയായിരുന്നു. ഇന്ന് രാത്രി വീട്ടിൽ വരാൻ കഴിയില്ലെന്ന് പറയാൻ. ഈ അവസരത്തിൽ, ഒരു കൊച്ചു കള്ളമൊക്കെ അനുവദനീയമാണ്, അല്ലെ?ഭർത്താക്കന്മാരെ കണ്ണടച്ച് വിശ്വസിക്കുന്നത് കുലമഹിമയുള്ള ഭാര്യമാരുടെ ദൗർബല്യമാണ്. അവരെ കണ്ണിൽ ചോരയില്ലാതെ വഞ്ചിക്കുന്നത് ചില ഭർത്താക്കന്മാരുടെ മൃഗീയ വിനോദവും. ജീവശാസ്ത്രപരമായി മനുഷ്യനും ഒരു മൃഗമാണല്ലോ അല്ലെ? വൈവിധ്യങ്ങളെ അതിരറ്റു സ്നേഹിക്കുന്ന ഒരു കേവല മൃഗം!"
അവൾ തരിച്ചിരിക്കുകയായിരുന്നു. അങ്കലാപ്പ് കൊണ്ട് അവളുടെ കണ്ണുകൾ കുറുകിപ്പോയി. ആദ്യമായിട്ടായിരുന്നു ഒരു മനുഷ്യൻ അവളുടെ മുൻപിൽ സ്വന്തം ഭാര്യയെ പറ്റി ഇങ്ങിനെ പരാമർശിക്കുന്നത്. ആ ഷോക്കിൽ അവൾ എന്ത് പറയണം എന്നറിയാതെ, അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ പോലും മറന്നിരിക്കെ അവളെ നോക്കി അയാൾ തുടർന്നു.
"ഉം.. സുന്ദരിയാണല്ലോ? ഞാൻ പ്രതീക്ഷിച്ചത് മുല്ലപ്പൂ ചൂടിയ, നെറ്റിയിലൊരു വലിയ പൊട്ടു തൊട്ട, മുക്കുപണ്ടങ്ങളണിഞ്ഞ, താമ്പൂലം കൊണ്ട് ചുവന്ന ചുണ്ടുകളുള്ള ഒരാളെയായിരുന്നു. മുഗ്ദ്ധയെങ്കിലും കുറച്ചു കൂടി പ്രായമുള്ള ഒരാളെ. പക്ഷെ, താനാകെ തെറ്റിച്ചു കളഞ്ഞല്ലോ. La Belle Dame Sans Merci യിലെ വശ്യവനദേവതയെ പോലെ ഒരാൾ. കൊള്ളാം."
അയാൾ മുന്നിൽ വന്നു നിന്നപ്പോൾ അവൾ എഴുനേറ്റു. പറഞ്ഞറിയിക്കാനാവാത്ത ഒരു ഭയം, എന്തുകൊണ്ടെന്നറിയില്ലെങ്കിലും, അവളുട നെഞ്ചിൽ ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു അപ്പോൾ. ഇയാൾ, ഇയാൾ ഒരു ഭ്രാന്തനാണോ? ഒരു കുടം ഉമിനീർ അവളുടെ തൊണ്ടയിൽ കൂടി ഇറങ്ങിപ്പോകുന്ന ശബ്ദം ഇടിവെട്ട് പോലെ അവളുടെ ഉള്ളിൽ ഉയർന്നു. അപ്പോഴും പുഞ്ചിരി തത്തിക്കളിക്കുന്ന മുഖവുമായി, തൻറെ തിളങ്ങുന്ന കണ്ണുകൾ അവളുടെ മിഴികളിൽ തറച്ചു വച്ചിരിക്കുകയായിരുന്നു അയാൾ. പതുക്കെ ഒരു മന്ത്രണം പോലെ അയാൾ അവളോട് ചോദിച്ചു.
"പേടി തോന്നുന്നുണ്ടോ നിനക്ക്? പേടി..."
തുടരും

വായന തുടങ്ങി കേട്ടോ ഭായ്
ReplyDelete