Monday, April 8, 2019

വടയക്ഷിയും കുളക്കോഴിയും


കരപ്രമാണിയുടെ ഭാര്യയുടെ ഉച്ചക്കുളി, കുളക്കടവിൻറെ വക്കത്തെ കമ്മ്യൂണിസ്റ്റ് പച്ചകളുടെ മറയിലിരുന്ന് സസൂക്ഷമം വീക്ഷിക്കവേ, അത് കയ്യോടെ പിടിക്കപ്പെട്ടപ്പോൾ സൈതാലിയുടെ പിതാവിന് നാട്ടുകാരൊക്കെ സന്തോഷപൂർവം സമ്മാനിച്ച വട്ടപ്പേരായിരുന്നു കുളക്കോഴി എന്നത്. അന്ന് മുതൽ ഇന്നോളം സൈതാലിയുടെ വീട്ടിലെ പൂച്ചക്കുട്ടിയെ വരെ നാട്ടുകാരു വിളിക്കുന്നത് കുളക്കോഴി എന്നാണ്. വിളിച്ച് വിളിച്ച് അതൊരു കുടുംബപ്പേര് പോലെയായി. പട്ടിക്കാട്ടം വാരിയ കുട്ടിക്കെന്ത് ആട്ടിൻകാട്ടം എന്ന് പറഞ്ഞ പോലെ, അവർക്കിപ്പോൾ ആ വിളി ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു. പക്ഷെ ഞങ്ങൾക്ക്, എന്ന് വച്ചാൽ, നാടിനും നാട്ടാർക്കും, വീടിനും വീട്ടാർക്കും ശല്യമല്ലാതെ മറ്റൊന്നുമാവാൻ സാധിക്കാത്ത വെങ്ങാലൂരിലെ തലതെറിച്ച തൊഴിൽ രഹിതരായ കൗമാരക്കാർക്ക് അന്ന് സൈതാലി ഒരു പ്രശ്നം തന്നെയായിരുന്നു.

പത്താം ക്ലാസെന്ന കടമ്പ ചാടിക്കടക്കാൻ 210 എന്ന മാജിക്ക് നമ്പർ ഒക്കാതെ നടുവും തല്ലി വീണ, കുരുത്തക്കേടിന് കയ്യും കാലും മുളച്ച ഞങ്ങൾ, പണിക്കോ പഠിക്കാനോ പോവുക എന്നൊരു ചിന്ത പോലുമില്ലാതെ, ഉപ്പമാർ നയിച്ചുണ്ടാക്കിക്കൊണ്ടുവരുന്നത്, നേരാനേരം മൂക്കുമുട്ടെ തിന്ന്, മദം കുത്തി നടക്കുന്ന കാലം. അവൻ നേരെ പോയി മീൻ കച്ചവടം തുടങ്ങി. ഒരു M80 എടുത്ത് അതിൻറെ പിറകിൽ മീൻകൊട്ടയും കയറ്റി, പകുതി ചന്തി പുറത്തേയ്ക്കിട്ട് വളഞ്ഞിരുന്ന് അവനൊരു വരവ് വരും. അത് കണ്ടാൽ പിന്നെ ഞങ്ങളുടെ ഉമ്മമാരുടെ വക ഉപദേശമെന്ന ഉപദ്രവം തുടങ്ങുകയായി. അവനെ കണ്ട് പഠിച്ചൂടെ, അവനെപ്പോലെ ആയിക്കൂടെ എന്നൊക്കെയുള്ള ഉപദേശം കേൾക്കുമ്പോൾ ഞങ്ങളിൽ നുരഞ്ഞു പൊന്തി വരാറുണ്ടായിരുന്ന ദേഷ്യം, അടുക്കളയിൽ നിന്നുമെത്തുന്ന മീൻ പൊരിച്ചതിൻറെ മണം തടഞ്ഞു നിർത്തും. പണ്ടാരടങ്ങാൻ വീട്ടുകാരോട് കച്ചറയുണ്ടാക്കിയാൽ കഞ്ഞിക്ക് പകരം കാടിവെളം പോലും കിട്ടില്ല എന്ന് മാത്രമല്ല, ചിലപ്പോൾ ഉമ്മമാരോ ഉപ്പമാരോ നന്നായി സേവിച്ചു എന്നും വരും. അത് കൊണ്ട് ആ വക ഉപദേശം കേൾക്കുമ്പോൾ സൈതാലിയെ മാത്രമല്ല, അവൻറെ ബാപ്പാനെ വരെ മനസ്സിൽ പ്രാകി ഞങ്ങൾ സ്വഭവനങ്ങളിൽ നിന്നും മെല്ലെ തടിയൂരും.

അങ്ങിനെയിരിക്കെ ഒരു ദിവസം. ഞങ്ങളുടെ പ്രാക്കിൻറെ ഫലമാണോ, അതല്ല സൈതാലിയുടെ ജാതകദോഷമാണോ എന്നറിയില്ല, തേങ്ങാക്കണ്ടി ആസ്യയുമായി അവനൊന്ന് കോർക്കേണ്ടി വന്നു. തലേന്ന് കൊടുത്ത മീൻ ചീഞ്ഞതായിരുന്നു എന്ന് പറഞ്ഞ് ആസ്യ അവളുടെ വീടിൻറെ മുൻപിൽ വച്ച് സൈതാലിയെ ചോദ്യം ചെയ്തതാണ് സംഗതികളുടെ തുടക്കം. ചീഞ്ഞ മീനൊന്നും ഞാൻ വിൽക്കാറില്ല എന്നു പറഞ്ഞ് സൈതാലി ഒന്ന് പയറ്റി നോക്കി. ആരോട്..? ആസ്യയോട്. ടെമ്പർ തെറ്റിയ ആസ്യ അവനെ നാവു കൊണ്ട് ആകാശത്തേക്കുയർത്തി നാല് ചുഴറ്റ് ചുഴറ്റി ഭൂമിയിലൊരൊറ്റ അടിയായിരുന്നു. നല്ല അസ്സല് നോൺവെജ്ജ് പച്ചത്തെറി കേട്ട സെയ്താലി ചൂളിപ്പോയി. നച്ചെലി കരയുന്ന പോലെ ചിൽക്കീ പിൽക്കീ എന്നെക്കെ അവനും കുറെ പറഞ്ഞു നോക്കിയെങ്കിലും ആസ്യയുടെ വായിൽ നിന്നും വന്ന തെറികളുടെ നയാഗ്രാ വെള്ളചാട്ടത്തിൻറെ മുൻപിൽ അതൊന്നും ഒന്നുമല്ലായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ നാവു കൊണ്ട് ആസ്യ അവൻറെ തൊലിയിങ്ങോട്ട് പൊളിച്ചെടുത്ത്, ഉപ്പും മുളകും തേച്ചു. അത്ര തന്നെ. അവസാനം നിവർത്തിയില്ലാതെ, "എന്നാ പിന്നെ ഇജ്ജെന്ത് പണ്ടാറാച്ചാ കാട്ടിക്കൊ" എന്നും പറഞ്ഞ് പോകുന്ന സൈതാലിയുടെ പിന്നിൽ നിന്നും ആസ്യ വിളിച്ചു പറഞ്ഞു. 

"ബലാലെ, ഇന്നത്തോടെ അൻറെ കച്ചോടം ഞാൻ പൂട്ടിക്കും..."

ആ ഭീക്ഷണി സൈതാലിക്ക് ചങ്കിലാണ് കൊണ്ടത്. സംഗതി ആസ്യ ചില്ലറ സിഹറിൻറെ പരിപാടിയൊക്കെ ഉള്ള ആളാണെന്ന് നാട്ടിലൊരു സംസാരമുണ്ട്. ഇനി ആസ്യയെങ്ങാനും തനിക്കെതിരെ കൂടോത്രം ചെയ്യുമോ എന്ന അവൻറെ സംശയത്തിന് ആ വകയിൽ ആവോളം ന്യായമുണ്ടായിരുന്നു.  അവൻ വണ്ടിയുരുട്ടി ഒരു ഇരുനൂറ് മീറ്റർ പോയില്ല, ദാണ്ടെ കിടക്കുന്നു വണ്ടിയും മീൻകൊട്ടയും അവനും കൂടി നടുവഴിയിൽ. ഓടിക്കൂടിയ ആളുകൾക്കിടയിൽ ചില പെണ്ണുങ്ങൾ കുശുകുശുക്കുന്നത് അവൻ കേട്ടു. "അല്ലെങ്കിലാരെങ്കിലും ആസ്യനോട് കളിക്കാൻ നിക്ക്വോ.. ചേക്കുട്ടിപ്പാപ്പാൻറെ സേവയുണ്ടോൾക്ക്.." 

അവൻ ഉറപ്പിച്ചു. വണ്ടി മറിഞ്ഞത് ആസ്യയുടെ പ്രാക്ക് തന്നെ. ചരലിൽ വീണ മീനൊക്കെ വാരിക്കോരി തോട്ടിൽ പോയി കഴുകി വൃത്തിയാക്കി വന്നിട്ടും, അവന് അന്നത്തെ കച്ചവടം ശരിയായില്ല. അന്ന് രാത്രി ഭീകര സ്വപ്നങ്ങൾ കണ്ട് ഉറക്കം ശരിയാവാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ച അവൻ രാവിലെ മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ട കാഴ്ച മതിയായിരുന്നു പകുതി ആയുസ്സ് തീരാൻ. മുറ്റത്ത് വാഴയിലയിൽ   ഒരു കോഴിത്തല. ചുണ്ടിൽ ഒരു ചെമ്പ് തകിടും കുറച്ച് തെച്ചിപ്പൂവും മഞ്ഞളുമൊക്കെയായി ചിരിച്ചങ്ങിനെ കിടക്കുന്നു. ആസ്യ പണി പറ്റിച്ചല്ലോ ബദിരീങ്ങളെ എന്നവൻ മനസ്സാലെ നിലവിളിച്ചു.

ഒരുകോല് കൊണ്ട് വെടിമരുന്ന് കൂട്ടുന്ന ശ്രദ്ധയോടെ കോഴിത്തലയടങ്ങിയ വാഴയില  കീസിലേക്ക് തോണ്ടിയിട്ട് അവൻ പല്ലു തേക്കാൻ പോലും നിൽക്കാതെ നേരെ പോയത് കുഞ്ഞിക്കാദര് മുസ്ല്യാരുടെ അടുത്തേക്കാണ്. മൂപ്പർ ഏത് മദ്രസയിൽ പഠിപ്പിച്ച വകയാണ് മുസ്ല്യാരായത് എന്നൊന്നും അറിയില്ല. നാട്ടിലെ അറിയപ്പെടുന്ന ആഭിചാര വിദഗ്ദനാണ്. കോഴിത്തലയിലേക്ക് നോക്കി താടിയുഴിഞ്ഞ് കുറെ നേരം മുസ്ല്യാർ ഒന്നും മിണ്ടാതിരുന്നു. അവസാനം പറഞ്ഞതോ, സൈതാലിയുടെ സകല ഗ്യാസും പോകുന്ന കാര്യവും.

"സംഗതി വടയക്ഷിയെ കൂട്ടി വിട്ട കൊടും പണിയാണ്. ലക്ഷ്യം നിന്നെ ഇല്ലാതാക്കുക തന്നെ. മീൻ വണ്ടിയുമായി വരുമ്പോ ഒരു ടിപ്പർ എതിരെ വന്നാ പോരെ. എന്തായാലും നേരെ ഇങ്ങോട്ട് വന്നത് നന്നായി. നമുക്കൊരു മറുപണി ചെയ്യാം. എന്തെ?"

പാവം സൈതാലി. കണ്ണ് തള്ളി നിൽക്കുന്ന അവന് അറിയേണ്ടത് ഒരു കാര്യം മാത്രമായിരുന്നു: ആരാ ചെയ്തത്?

മുസ്ല്യാർ താടിയുഴിഞ്ഞു:  അതൊരു പെണ്ണാ..

തലകുലുക്കി സൈതാലി: അപ്പൊ അത് തന്നെ.. ആസ്യ ചെയ്തതാണ്. വല്ലാത്ത ചൈത്താണല്ലോ ചെയ്തത്. ഇതൊന്ന് ഒഴിയാനെന്താ വഴി?

കണ്ണ് വികസിച്ച് മുസ്ല്യാർ:  ഞാനൊരു തകിട് തരാം. അത് ആ പെണ്ണ് നടക്കുന്ന വഴിയിൽ കുഴിച്ചിടണം. രാത്രി വേണം പോകാൻ. ഒറ്റയ്ക്ക്. 

കഴുത്തിന് കുത്തിപ്പിടിക്കപ്പെട്ടവൻറെ കണ്ണുകൾ പോലെ, പുറത്തേക്കുന്തി വരുന്ന കണ്ണുകളെ നിയന്ത്രിക്കാൻ പാടുപെട്ടു, സൈതാലി അത് കേട്ടപ്പോൾ. വളരെ ദയനീയമായി അവൻ ചോദിച്ചു.  

"രാത്രിയോ?  ഒറ്റക്കോ? ഞാനോ? അപ്പൊ ഈ മുസീബത്ത് ൻറെ തലേന്ന് പോണം ന്നില്ലേ മുസ്ല്യാർക്ക്?"

മുസ്ല്യാർ നിസാരമട്ടിൽ: ഇജ്ജ് പേടിക്കണ്ടടാ.. ഇതേ.. കുഞ്ഞിക്കാദറാ.. ഒരു ചൈത്താനും ഇന്നോട് കളിക്കൂല. ഇജ്ജ് ധൈര്യായി പൊയ്ക്കോ...

ഇരുട്ടിൻറെ കരിമ്പടം പുതച്ച് രാത്രിയെത്തി. ഒരു ഒൻപത് മണിയായപ്പോൾ, സൈതാലി പേടിച്ച് വിറച്ച് കള്ളനെ പോലെ സ്വന്തം വീടിൻറെ സാക്ഷയിളക്കി. എന്തൊരു ഇരുട്ട്. എന്ത് ശബ്ദം കേട്ടാലും തിരിഞ്ഞു നോക്കരുത് എന്ന് കുഞ്ഞിക്കാദര് മുസ്ല്യാർ കട്ടായം പറഞ്ഞിരുന്നു. ഇനി അഥവാ അങ്ങിനെ പറഞ്ഞില്ലെങ്കിലും അവൻ തിരിഞ്ഞു നോക്കുമായിരുന്നില്ല. നോക്കിയാൽ തൻറെ പിന്നിലെങ്ങാനും വടയക്ഷിയെ കണ്ടാലോ എന്നായിരുന്നു അവൻറെ ചിന്ത. വഴിയരികിലെ മരങ്ങൾ നാട്ടു വെളിച്ചത്തിൽ വഴിയിലേക്ക് നീട്ടിയ നിഴൽകൈകൾ അവനെ പേടിപ്പിക്കുന്നുണ്ടായിരുന്നു. വടയക്ഷിയുടെ കൈകൾ പോലെയാണ് അതെല്ലാം അവന് തോന്നിയത്.

എങ്ങിനെയൊക്കെയോ തപ്പിത്തടഞ്ഞ് അവൻ ആസ്യയുടെ വീടിൻറെ മുറ്റത്തെത്തി. നേരെ അടുക്കള ഭാഗത്തേക്ക് നടന്നു. അടുക്കള ഭാഗത്തെ മുറ്റത്ത് കുനിഞ്ഞിരുന്ന്, ഒരു കോലു കൊണ്ട് കുഴിച്ചു കൊണ്ടിരിക്കെയാണ് അവൻ ഒരു ശബ്ദം കേട്ട് നോക്കിയത്. അപ്പോൾ കണ്ട കാഴ്ചക്ക് അവൻറെ ജീവൻ ഈരേഴ് പതിനാല് ലോകവും ഒന്ന് ചുറ്റിക്കറഞ്ഞി വന്നു.

ഒരു വലിയ ആൾരൂപം. അല്ല ഒരു സ്ത്രീ രൂപം. മാറിലെ വൻഭാരങ്ങളും പനങ്കുല പോലുള്ള വിടർത്തിയിട്ട മുടിയുമായി  തന്നെ തുറിച്ചു നോക്കിക്കൊണ്ട് ആസ്യയുടെ വീടിൻറെ കിണറിൻറെ ഭാഗത്ത് നിൽക്കുന്നു. ആ നാട്ടു വെളിച്ചത്തിൽ ആ ഇരുണ്ട സ്ത്രീ രൂപം ഒരു  ശീലകൊണ്ട് അരഭാഗം മാത്രമേ മറച്ചിട്ടുള്ളൂ എന്ന് കൂടി അവൻ തിരിച്ചറിഞ്ഞപ്പോൾ, പേടി കൊണ്ട് നാക്ക് തൊണ്ടക്കുഴിയിലേക്ക് ഇറങ്ങിപ്പോയി.  കുഞ്ഞിക്കാദർ മുസ്ല്യാർ പറഞ്ഞ വടയക്ഷി തന്നെ കൊല്ലാനുള്ള വരവാണെന്ന് ധരിച്ച സൈതാലി, തൻറെ ആവത് മുഴവനെടുത്ത് ആഞ്ഞു നിലവിളിക്കാൻ നോക്കി. എന്ത് ചെയ്യാം. കഠോരമാകേണ്ടിയിരുന്ന നിലവിളി പോലും  വെറും "ഹൂ"ന്ന് കാറ്റ് മാത്രയാണ് വെളിയിൽ വന്നത്. അന്തരീക്ഷത്തിൽ നിന്നും ശബ്ദം തപ്പിപ്പിടിക്കാനെന്ന വണ്ണം അവൻ വായുവിൽ വെറുതെ കൈകൾ കൊണ്ട് ചുരമാന്തിക്കൊണ്ടിരുന്നു.

അവനങ്ങനെ വടത്തിലൂടെ നടക്കുന്ന സർക്കാസഭ്യസിയെ പോലെ വായുവിൽ മാന്തിക്കൊണ്ടിരിക്കെ, അവൻറെ ശിഷ്ട ജീവൻ കൂടി കത്തിച്ച് കളഞ്ഞു കൊണ്ടൊരു സ്ത്രീയുടെ നിലവിളി അതിൻറെ ഉച്ചസ്ഥായിയിൽ വെങ്ങാലൂര് മുഴുവനും അലയടിച്ചു. ആ നിലവിളി അങ്ങ് നീരോട്ടി മലയുടെ ഉച്ചിയിൽ തട്ടിത്തെറിച്ച് പിന്നെയും വെങ്ങാലൂരിലൂടെ ഓടി നടന്നു. പിന്നാലെ അതിന് കൂട്ടായി കോമൻനായരുടെ പട്ടിയുടെ ഓലിയിടൽ കൂടിയായപ്പോൾ പൂർണമായി. 

നാടിൻറെ നാനാഭാഗങ്ങളിൽ നിന്നും പുരുഷ പ്രജകൾ ടോർച്ചും ചൂട്ടുമായി ആസ്യയുടെ വീടിൻറെ നേരെ ഓടിക്കൂടാൻ തുടങ്ങി. ആരൊക്കെയോ, ആരെടാ, എന്തെടാ, കൊല്ലെടാ എന്നൊക്കെ കാറി വിളിക്കുന്നുണ്ടായിരുന്നു. അരപ്പിരാന്തൻ ഇണ്ണീൻ കാക്ക മാത്രം തോക്കെടുക്കെടാ, വെക്കേടാ വെടി എന്ന വെറൈറ്റി ഘോഷവുമായി ഓടി വന്നു.

ജാതകവശാൽ സൈതാലിയുടെ നേരമായിരുന്നു നല്ല ബെസ്റ്റ് നേരം. നാലു ഭാഗത്ത് നിന്നും ആളുകൾ ഓടിക്കൂടുന്നത് കണ്ട അവൻ ആ ഭയപ്പാടിൻറെ മൂർദ്ധന്യാവസ്ഥയിൽ, ആ വരുന്നവരുടെ കയ്യിൽ കിട്ടിയാൽ താൻ പാണ്ടി ലോറി കയറിയ മാക്കാൻ തവള പോലെയായിപ്പോകും എന്ന തിരിച്ചറിവിൽ, ഭൂമി തുരന്ന് പോകാൻ ഒരു വഴി കിട്ടിയെങ്കിൽ എന്നാത്മാർത്ഥമായും ആഗ്രഹിച്ചു. ഒന്നിന്നും നേരം കിട്ടിയില്ല. അതിനു മുൻപേ അവൻറെ മുൻപിൽ ബലിഷ്ഠമായ കാലുകളുള്ള ഒരു പുരുഷ രൂപം പ്രത്യക്ഷപ്പെട്ടു. പിന്നെ നിലത്ത് നിൽക്കേണ്ടി വന്നില്ല. അവൻ വായുവിൽ ഒരു അഭ്യാസിയെ പോലെ കൈകാലിട്ടടിക്കുമ്പോൾ അറിയാതെ വിളിച്ചു പറഞ്ഞു..

"ഇന്നെ തല്ലലീം കാക്കാ,, ഞാൻ കള്ളനല്ലാ,, സൈതാലിയാണ്..."

ഓടിക്കൂടിയ നാട്ടുകാർ കാണുന്നത്, ആസ്യയുടെ ഭർത്താവ് കളരിക്കുഞ്ഞാക്ക എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഹസ്സൻ കുഞ്ഞ് ഒരു സാധു ജീവിയെ എടുത്ത് കാവടിയാടുന്നതാണ്. നിലത്ത് നില്ക്കാൻ സമ്മതിക്കാതെ സൈതാലിയെ അയാൾ പെലെ പെനാൽറ്റിയടിക്കുന്നത് പോലെ തട്ടുന്നത് കണ്ടപ്പോൾ ഒരു കാര്യത്തിൽ നാട്ടുകാർക്ക് തീർപ്പായി. കളരിക്കുഞ്ഞാക്ക കളരി പഠിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഫുഡ്ബോള് പഠിച്ചിട്ടുണ്ട്. 

തല്ലു കൊള്ളുന്നത് സെയ്താലിയാണ് എന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ ഒരു വിധം പണിപ്പെട്ട് ഹസ്സൻ കുഞ്ഞിനെ പിടിച്ചു മാറ്റി. സംഗതി എന്തൊക്കെയായാലും സൈതാലി കക്കാൻ വരില്ലെന്ന് ആളുകൾക്കുറപ്പായിരുന്നു. ആളുകളിൽ നിന്നും കുതറുന്നതിനിടയിൽ ഹസ്സൻ കുഞ്ഞ് ചോദിക്കുന്നുണ്ടായിരുന്നു..

"കക്കാനല്ലാതെ പിന്നെ അൻറെ ഉമ്മാക്ക് ഖബറ് കുത്താനാണോ ഇജ്ജിവിടെ വന്നത്?"

അങ്ങിനെ ഒരു സംശയം നാട്ടുകാർക്കും ഇല്ലാതില്ലായിരുന്നു. അവരുടെ അറിവിലേക്കായി, നിലത്തൊന്ന് നിന്നുകിട്ടിയ സമാധാനത്തിൽ മൂക്കിലൂടെയും വായിലൂടെയും ശ്വാസം വലിച്ച് കേറ്റിയിട്ടും തികയാതെ നിൽക്കുന്ന സൈതാലി വിളിച്ചു പറഞ്ഞു..

"ആസ്യ ഇച്ച് കോഴിത്തലമ്മെ സെഹറ്  ചെയ്തപ്പോ അതൊഴിപ്പിക്കാനുള്ള തകിട് കുഴിച്ചിടാൻ വന്നതാ..."
അവനിതും പറഞ്ഞ് നാക്ക് വളച്ച് വായിലേക്കിട്ടതും, ഓടിക്കൂടിയ നാട്ടുകാരെ മുഴുവൻ ഞെട്ടിച്ച് കൊണ്ട്, കിണറിൻറെ ഭാഗത്തെ മരപ്പുരയിൽ നിന്നൊരു സ്ത്രീ ശബ്ദം ഉയർന്നു. 

"അൻറെ തള്ളേണ് ചത്തലപ്പട്ട്യേ അനക്ക് സൈറ് ചെയ്തത്.."

നോക്കുമ്പോഴുണ്ട്, മരപ്പുരയുടെ ഒരു ഭാഗവും പൊളിച്ച് കൊണ്ട് ദാണ്ടെ വരുന്നു ആസ്യ. ആ വരുന്ന വരവ് കണ്ടപ്പോൾ എല്ലാവരും കരുതിയത്, ആസ്യ അവനെ ഒരൊറ്റ തല്ലിന് കൊന്ന് കളയും എന്നാണ്. എന്തായാലും അതുണ്ടായില്ല. കാരണം ആസ്യയുടെ ഭർത്താവ് തന്നെ തടസം പിടിച്ചതോണ്ടാണ്. അവറാൻ സാഹിബാണ് സൈതാലിയോട് ചോദിച്ചത്.. 

"അല്ലെടാ.. ആസ്യ അനക്ക് സിഹറ്‌ ചെയ്‌തൂന്ന് അന്നോടാരാ പറഞ്ഞത്?"

എല്ലാ കഥകളും സൈതാലി തത്ത പറയുമ്പോലെ പറഞ്ഞു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ കുറെ പേർക്ക് ചിരിയായി. എന്തായാലും വടയക്ഷിയുടെ ഉപദ്രവം മാറ്റാൻ വന്ന സൈതാലിക്ക് സന്ധിബന്ധങ്ങളിലെ നീരുമായി വീട്ടിലേക്ക് ആമവാതം പിടിച്ചവനെ പോലെ വലിഞ്ഞ് പോകേണ്ടി വന്നു. പോകുന്ന പോക്കിലും കിണറ്റു കരയിൽ കണ്ട വടയക്ഷിയുടെ രൂപം അവൻറെ മനസ്സിൽ നിന്നും വിട്ടു മാറിയിട്ടില്ലായിരുന്നു..

ആ വടയക്ഷി മറ്റാരുമായിരുന്നില്ല.. ആസ്യ തന്നെ ആയിരുന്നു. ചെറുപ്പം തൊട്ട് ആസ്യയ്ക്ക് ഒരു ശീലമുണ്ട്. രാത്രി ഉറങ്ങുന്നതിൻറെ മുൻപ് ഒന്ന് കുളിക്കണം. കുളി കഴിഞ്ഞാൽ പിന്നെ കമഴ്ന്ന് കിടക്കുന്ന ഒരു ഇലയെടുത്ത് മലർത്തിയിടാൻ പോലും ആസ്യയെ കിട്ടില്ല. ആസ്യയുടെ ഭർത്താവ് ഹസ്സൻ കുഞ്ഞ് മാസത്തിൽ രണ്ടു പ്രാവശ്യമേ നാട്ടിൽ വരൂ. അന്ന് മൂപ്പർ വന്നതിനാൽ, ആസ്യയുടെ പതിവ് കുളി ഒരല്പം വൈകി. ഉടുത്തിരുന്ന മാക്സിയിൽ സാമാന്യം നന്നായി വിയർപ്പ് പറ്റിയതിനാൽ, രാത്രിയല്ലേ, ആര് കാണാനാ എന്ന വിചാരത്തോടെ കുളി കഴിഞ്ഞ് ഒറ്റത്തോർത്ത് അരയിൽ ചുറ്റി മറപ്പുരയ്ക്ക് പുറത്തേക്ക് വന്ന ആസ്യ കാണുന്നത് മുറ്റത്താരോ ഇരുന്ന് ഹൂ ഹൂ എന്ന് പറയുന്നതും, രണ്ട് കൈകളും കൊണ്ട് വായുവിൽ എന്തോ കാണിക്കുന്നതുമാണ്. അത് ആസ്യയെ കണ്ട സൈതാലിയുടെ കണ്ണ് തള്ളിയുള്ള പ്രയോഗമാണെന്ന് അസ്യക്കെങ്ങിനെ മനസ്സിലാവാൻ. ഒരു വീർപ്പിന് ഒരു നിലവിളിയായിരുന്നു. നാനാ ഭാഗത്ത് നിന്നും ആളുകൾ ഓടിക്കൂടിയപ്പോഴാണ്, താനിപ്പോൾ പ്രായപൂർത്തിയായവർക്ക് മാത്രം കാണാൻ പറ്റുന്ന കോലത്തിലാണ് നിൽക്കുന്നത് എന്നും, ഈ ഓടിക്കൂടുന്നവർക്കൊക്കെ നല്ലോണം പ്രായപൂർത്തിയായിട്ടുണ്ടെന്നും ആസ്യ മനസ്സിലാക്കിയത്. അപ്പോൾ ആമ്മ തൊണ്ടിൻറെ അകത്തേക്ക് തല വലിക്കുന്ന പോലെ മരപ്പുരയുടെ ഉള്ളിലേക്ക് തന്നെ വലിഞ്ഞതാണ്. പിന്നെയും വിയർപ്പ് നാറുന്ന വസ്ത്രം തന്നെ ധരിച്ചായിരുന്നു അടുത്ത രംഗപ്രവേശം.

പിറ്റേന്ന് പ്രഭാതത്തിൽ, ഇബ്രാഹീംകാക്കാൻറെ ചായക്കടയിലെ രാഷ്ട്രീയ ചർച്ചയുടെ കൂടെ വടയക്ഷിയും ആസ്യയും സൈതാലിയുമൊക്കെ ഉണ്ടായിരുന്നു. ആ ചർച്ച പൊടി പൊടിക്കുമ്പോഴാണ്,  ഒരാൾ അത് വഴി ഓടിപ്പോകുന്നത്. പിന്നാലെ ഹസ്സൻ കുഞ്ഞും വേറെ ഒരുപണിയുമില്ലാത്ത കുറെ കുണ്ടന്മാരുമുണ്ടായിരുന്നു. ആ മുന്നിലോടുന്നത് കുഞ്ഞിക്കാദര് മുസ്ല്യാർ ആയിരുന്നു. ഓടുന്ന ഓട്ടത്തിനിടയിൽ അയാൾ വിളിച്ച് പറയുന്നുണ്ട്. 

"ആസ്യ സിഹറ്‌ ചെയ്‌തൂന്ന് ഞാനാ ചെക്കനോട് പറഞ്ഞിട്ടില്ലാ.. ഒരു പെണ്ണ് ചെയ്‌തൂന്നെ പറഞ്ഞിട്ടുള്ളൂ.." 

പക്ഷെ അതൊക്കെ ആര് കേൾക്കാൻ. കളരിക്കുഞ്ഞാക്കാൻറെ തൃപാദ സ്പര്ശനം അടിനഭിക്ക് സിദ്ധിച്ചതിൻറെ അനന്തരഫലമായി മൂന്ന് ദിവസം കുഞ്ഞിക്കാദർ മുസ്ല്യാർ മൂത്രം പോകാതെ ജില്ലാ ആശുപത്രിയിൽ കിടന്നത്, ഈ കഥയിൽ ഒരു ഉപകഥ മാത്രമാണ്.

ശുഭം 

No comments:

Post a Comment