മുൻ അദ്ധ്യായം: പാപത്തിൻറെ മുള
അദ്ധ്യായം 6: പേറ്റുനോവ്
അദ്ധ്യായം 6: പേറ്റുനോവ്
ശവപ്പറമ്പിലെ നിശബ്ദത തടംതല്ലി നിൽക്കുന്ന ആ ചെറ്റക്കുടിലിൻറെ ഉള്ളിൽ, നാല് ആത്മാവുകൾ പരസ്പരം നോക്കാനാവാതെ, മിണ്ടാനാവാതെ, ആശ്വസിപ്പിക്കാനാവാതെ ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി. അച്ഛൻ വൈകുന്നേരം വന്നാൽ പിന്നെ വീടിൻറെ പുറത്തേക്കിറങ്ങാതെയായി. തിണ്ണയിലിരുന്ന് താടിക്ക് കയ്യും കൊടുത്ത്, ദൂരെ പാടത്തേക്ക് നോക്കിയിരിക്കുന്ന അമ്മ ഒരു സ്ഥിരം കാഴ്ചയായി. ശാരദക്കുട്ടി മാത്രം വല്ലപ്പോഴും "വിശക്കുന്നമ്മാ" എന്ന് പരിഭവം പറയും.
ഞാൻ വീടിൻറെ അകത്ത് ഏറ്റവും ഇരുട്ടുള്ള ഇടങ്ങൾ തേടി ഉഴറി നടന്നു. വെളിച്ചം എൻറെ അകവും പുറവും പൊള്ളിച്ചു. കൂട്ടുകാരികൾ ആരും എൻറെ അടുത്തേക്ക് വരാതെയായി. നെടുവീർപ്പുകൾ ഇടനെഞ്ചിൽ കൊടുങ്കാറ്റുകളായി അലഞ്ഞു നടന്നു. ഉപേക്ഷിച്ച പാഠപുസ്തകങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തി. എന്തിനാണ് ഇങ്ങിനെ ജീവിക്കുന്നത് എന്ന ചിന്ത ഉണ്ടായപ്പോൾ, ഒരു മുഴം കയറോ ഒരു തുടം വിഷമോ എന്താണ് നല്ലതെന്ന് ഞാൻ ആലോചിച്ചു. ഉയരവും ആഴവും പേടിയാണെനിക്ക്. അത് കൊണ്ട് പാറക്കല്ലുകൾ നിറഞ്ഞ കിണറ്റിലേക്ക് ചാടാൻ ഒട്ടും ധൈര്യം വന്നില്ല.
ഒരു വൈകുന്നേരം വീടിൻറെ പിന്നാമ്പുറത്ത്, അച്ഛൻറെ പണിയായുധങ്ങൾ വച്ച ഭാഗത്ത് പൊതിഞ്ഞു വച്ച നിലയിൽ ഒരു കുപ്പി വിഷം കിട്ടി. പതുക്കെ ഞാനതിൻറെ അടപ്പ് തുറക്കുകയായിരുന്നു. അതിൻറെ രൂക്ഷഗന്ധം എൻറെ മൂക്കുകളിൽ തുളച്ച് കയറവെ, പേരറിയാത്തൊരു പേടിയുടെ കരിനാഗമെൻറെ നെഞ്ചിൽ ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു.
"എടീ..." അച്ഛൻറെ ശബ്ദം ഇടിനാദമായി എൻറെ കാതുകളിൽ മുഴങ്ങിയപ്പോൾ ഞാൻ ഞെട്ടി വിറച്ച് പിന്മാറി. എൻറെ കയ്യിൽ നിന്നും വിഷക്കുപ്പി താഴെ വീണു. തീ പാറുന്ന കണ്ണുകളോടെ അച്ഛൻ ഓടിവന്ന് എൻറെ മുഖമടച്ച് ഒരടിയായിരുന്നു. എൻറെ കണ്ണുകളിൽ ഇരുട്ട് കയറി. ഞാൻ വീണു പോയി. പിടഞ്ഞെഴുനേറ്റു കുത്തിയിരുന്ന് മുട്ടുകാലുകൾക്കിടയിൽ മുഖം പൂഴ്ത്തി തേങ്ങവെ അച്ഛൻ ചോദിക്കുന്നത് കേട്ടു
"ഇനി ഇങ്ങിനെയൊരു ശിക്ഷ കൂടി തരണോ, ഞങ്ങൾക്ക്?"
ദേഷ്യത്തോടു കൂടിയാണ് അച്ഛൻ തുടങ്ങിയതെങ്കിലും അതവസാനിച്ചത് സങ്കടത്തോടെയാണ്. അമ്മ ഓടിവരുന്ന ശബ്ദം കേട്ടു. ഇടയിൽ പതിഞ്ഞ ശബ്ദത്തിൽ വ്യസനത്തോടെ അച്ഛൻ ചോദിച്ചു. "ഇയ്യ് ചത്താ... ഞങ്ങളെ സങ്കടം തീര്യോ കുട്ട്യേ?"
എൻറെ കാൽക്കീഴിൽ നിന്നും അച്ഛൻ ആ കുപ്പിയെടുത്ത് അമ്മയുടെ നേരെ നീട്ടി. "എന്നാലിനി എല്ലാർക്കും ഒരുമിച്ച് പോകാം.. ല്ലേ.. നമ്മളായിട്ടെന്തിനാടീ ബാക്കി.."
അമ്മ ഒന്നും പറഞ്ഞില്ല. അച്ഛൻറെ കയ്യിൽ നിന്ന് അത് വാങ്ങി വലിച്ചെറിഞ്ഞു. പിന്നെ എന്നെ പിടിച്ചെഴുനേൽപ്പിച്ച് അകത്തേയ്ക്ക് കൊണ്ട് പോയി. അന്ന് രാത്രി അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടു.
"നമുക്ക് ഇതിനെയങ്ങ് കളഞ്ഞാലോ?"
കുറച്ചു നേരത്തെ മൗനത്തിനു ശേഷമാണ് അച്ഛൻറെ വാക്കുകൾ കേട്ടത്. "എന്തിനാടീ? എല്ലാം എല്ലാരും അറിഞ്ഞില്ലേ? ഇനി ആ മഹാപാപം കൂടി വേണോ? നമ്മളെ തലയിൽ..."
പിന്നെ ആ വീട് കനത്ത മൗനത്തിൽ മുങ്ങി നിന്നു. ദിവസങ്ങൾ കടന്ന് പോയി. ആഴ്ചകളും മാസങ്ങളും. ആ വീടിൻറെ അകത്തളമാകെ, ഞങ്ങളുടെ മനസ്സിലെന്ന പോലെ ശോകധൂളിക മൂടി നിന്നു. ഗ്രാമവാസികൾക്ക് പറയാൻ പിന്നെയും പലരുടെയും പല കഥകളും കിട്ടി. ഞാൻ അവർക്ക് വല്ലപ്പോഴും ഓർത്ത് പറയാനുള്ള ഒരു അശ്ലീലം മാത്രമായി. കണാരേട്ടൻ പിന്നെ അങ്ങോട്ട് വന്നതേയില്ല. വരാതിരിക്കണേ എന്നായിരുന്നു ഞാനും അമ്മയും പ്രാർത്ഥിച്ചിരുന്നത്. വന്നാൽ ആ നെഞ്ചിൽ കുത്തിയിറക്കാൻ അച്ഛൻ ഒരു കഠാര കരുതിയിട്ടുണ്ടായിരുന്നു. കണാരേട്ടൻ ചത്തു പോകുന്നതിൽ ഞങ്ങൾക്കാർക്കും വിഷമമുണ്ടായിട്ടല്ല. അച്ഛൻ ജയിലിൽ പോകേണ്ടി വരുമല്ലോ എന്നായിരുന്നു ഞങ്ങളുടെ ആധി. അച്ഛൻറെ ന്യായം സ്പഷ്ടമായിരുന്നു. സ്വന്തം മകളെ പോലെ തോളത്തെടുത്തു നടന്ന ഒരു പെൺകുട്ടിയോട്, ഇങ്ങിനെ ചെയ്തയാൾ, ഭൂമിക്ക് മുകളിൽ ജീവിക്കാൻ അർഹനല്ല.
എൻറെ ഉദരം അതിവേഗം വലുതായിക്കൊണ്ടിരുന്നു. ആദ്യത്തെ നാലഞ്ച് മാസങ്ങൾ ഗർഭാലസ്യത്തിൻറെ കൊടുമുടിയുടെ ഉച്ചിയിലായിരുന്നു ഞാൻ. ഒന്ന് നിവർന്നു നിൽക്കുമ്പോഴേക്കും കുടൽമാല പോലും പുറത്തേയ്ക്ക് വരുന്ന വിധം ഓക്കാനിച്ച് നടന്ന മാസങ്ങൾ. വേണ്ട രീതിയിൽ ഭക്ഷണം കഴിക്കാത്തതിനാൽ വന്ന തളർച്ച കൂടിയായപ്പോൾ എല്ലാം പൂർണമായി. ഞാൻ മരിച്ച് പോകും എന്ന് പോലും കരുതിയ ദിവസങ്ങളുണ്ട്. എന്നാൽ അങ്ങിനെ ഒരു ഭാഗ്യം എനിക്ക് വിധിച്ചിട്ടില്ലായിരുന്നല്ലോ. അയൽവാസികൾക്ക് പരിഹസിക്കാനും, വീട്ടുകാർക്ക് നോക്കി വേദനിക്കാനും, ഇടയ്ക്കൊക്കെ ശാപവാക്കുകൾ പറയാനും ഞാൻ ജീവിച്ചിരിക്കണമായിരുന്നല്ലോ. അങ്ങിനെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി.
വിഷുപ്പക്ഷി പാട്ടു നിർത്തി എങ്ങോട്ടോ പറന്നു പോയി. വസന്തത്തിൻറെ പുണ്യം ചുട്ടെരിച്ച് വേനലെരിഞ്ഞു. കണിക്കൊന്ന പൂക്കൾ പൊഴിച്ച് വിഷാദം പൂണ്ട് നിന്നു. വരണ്ട പാടങ്ങളിൽ കർഷകൻറെ നെഞ്ച് പിടഞ്ഞു. ഭൂമിയുടെ ഉള്ളുരുക്കി സൂര്യൻ ജ്വലിച്ച് നിന്നു. പിന്നെ വേനൽ മഴ വന്നു. വിണ്ട പാടങ്ങളിൽ ഒരല്പം നീർ തൂവി അതെങ്ങോട്ടോ പോയി. പിന്നെയും ചൂടിൻറെ ചൂളയിൽ ഭൂമി വെന്തു.
ശാരദക്കുട്ടിയെ സ്‌കൂളിൽ ചേർത്തു. ആറ്റുനോറ്റ് വളർത്തിയ ഒരു മകൾ പുഴുക്കുത്തേറ്റ് വീണതിൽ പിന്നെ അമ്മയ്ക്ക് ശാരദക്കുട്ടിയുടെ മേലെ ആയിരം കണ്ണായിരുന്നു. കളിക്കാൻ പോലും അമ്മ അവളെ ആ മുറ്റത്തിൻറെ അപ്പുറത്തേയ്ക്ക് വിട്ടിരുന്നില്ല. ഞാനുന്തിയ വയറുമായി ഏന്തിവലിഞ്ഞ്, വീടിൻറെ ഒരു മൂലയിൽ നിന്നും മറ്റൊരു മൂലയിലേക്ക് പ്രയാണങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു. ആവശ്യമില്ലാതെ മുറ്റത്തേയ്ക്ക് പോലും ഞാനിറങ്ങിയില്ല. ഇപ്പോഴിപ്പോൾ പ്രസവവേദന എന്നൊരു ഭീതി അതിൻറെ വൃത്തികെട്ട തേറ്റ കാട്ടി എന്നെ പേടിപ്പിക്കുന്നുണ്ട്. അറ്റമില്ലാത്തൊരു പാതാളക്കിണറിലേക്ക് ഞാൻ വീണുകൊണ്ടേയിരിക്കുന്നതായി, ഒരു ദുഃസ്വപ്നം ഞാനിപ്പോൾ പതിവായി കാണുന്നുണ്ട്.
ഒരു ദിവസം അച്ഛൻ വന്നപ്പോൾ ചെനയുള്ള ഒരു പെണ്ണാടിനെയും കൊണ്ടാണ് വരുന്നത്. ചോദ്യരൂപത്തിൽ നോക്കിയ അമ്മയോട് അച്ഛൻ പറഞ്ഞു.
"ആദായത്തിലൊന്നിനെ കിട്ടിയപ്പോ ഞാനിങ്ങ് വാങ്ങി."
അമ്മയൊന്നും പറഞ്ഞില്ല. ശാരദക്കുട്ടി വർദ്ധിച്ച സന്തോഷത്തോടെ ആടിൻറെ അടുത്ത ചെന്ന് അതിനെ തൊട്ടും തലോടിയും നിന്നു. ഇടയ്ക്കിടയ്ക്ക് അതിനെ കെട്ടിപ്പിടിച്ചും, കൊമ്പിലും ചെവിയിലും പിടിച്ചു നോക്കിയും അവളതിൻറെ അടുത്ത് തന്നെ പറ്റിക്കൂടി നിന്നു. രാത്രി അമ്മയോട് അച്ഛൻ പറയുന്നത് കേട്ടു.
"ഓളെ കോലം കണ്ടിലെ.. പെറ്റാ കുട്ടിക്ക് കുടിക്കാൻ ഓളെ പാലൊന്നും തെകയൂല. ഇവിടത്തെ കഞ്ഞിവെള്ളവും, കൊറച്ച് പുണ്ണാക്കും, കൊറച്ച് പ്ലാവിലേം കൊടുത്താ അതവിടെ നിന്നോളും.. എന്തായാലും ആടല്ലേ.. ഉപദ്രവിക്കൂല... ഓളെ വയറ്റില് ഏതു ചെകുത്താൻറെ കുട്ടിയാണെങ്കിലും, ഓള് നമ്മളെ കുട്ടിയല്ലേ.."
അമ്മയുടെ നെടുവീർപ്പ് ഒരു കൊടുങ്കാറ്റിൻറെ ഹൂങ്കാരം പോലെ കേൾക്കാമായിരുന്നു. എല്ലാവരുടെ ഉള്ളിലും കടലോളം സ്നേഹമുണ്ട്. ശോകത്തിൻറെ കനത്ത പുറഞ്ചട്ടയിൽ ആ സ്നേഹസാഗരം വീർപ്പുമുട്ടി തിരതല്ലുകയാണ്. പച്ചയായ മനുഷ്യരായിരുന്നു ഞങ്ങൾ. വെറും പച്ചയായ മനുഷ്യർ.
മഴക്കാലം തുടങ്ങി. പുത്തൻ പുസ്തകങ്ങളും, കുടയും ഉടുപ്പുമൊക്കെയായി ശാരദക്കുട്ടി സ്ക്കൂളിലേക്ക് പോകാൻ തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ആ രാത്രി ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. എൻറെ അടിവയറ്റിൽ ആയിരം വെള്ളിടികൾ ഒരുമിച്ച് വെട്ടുന്ന പോലെ. ഒരു ജനനത്തിൻറെ തിക്കിത്തിരക്കലുകൾ എൻറെ അരക്കെട്ടിൽ രക്തം ചുരത്തിത്തുടങ്ങിയിരിക്കുന്നു. എൻറെ നെഞ്ചിൽ നിന്നൊരു നിലവിളി തൊണ്ടയിൽ വന്നു പൊട്ടിത്തെറിച്ചു. ആ ഇരുട്ടിൽ ഞാൻ അമ്മയെ വിളിച്ച് നിലവിളിക്കുമ്പോൾ, ആ ജന്മത്തിൻറെ ബീജവാപത്തിൻറെ കറുത്ത ദിവസത്തിലെന്ന പോലെ, മഴ അപ്പോഴും ഒരു രുദ്രതാളത്തിൽ തകർത്ത് പെയ്യുകയായിരുന്നു.
തുടരും
ReplyDelete'വിഷുപ്പക്ഷി പാട്ടു നിർത്തി എങ്ങോട്ടോ പറന്നു പോയി. വസന്തത്തിൻറെ പുണ്യം ചുട്ടെരിച്ച് വേനലെരിഞ്ഞു. കണിക്കൊന്ന പൂക്കൾ പൊഴിച്ച് വിഷാദം പൂണ്ട് നിന്നു. വരണ്ട പാടങ്ങളിൽ കർഷകൻറെ നെഞ്ച് പിടഞ്ഞു. ഭൂമിയുടെ ഉള്ളുരുക്കി സൂര്യൻ ജ്വലിച്ച് നിന്നു. പിന്നെ വേനൽ മഴ വന്നു. വിണ്ട പാടങ്ങളിൽ ഒരല്പം നീർ തൂവി അതെങ്ങോട്ടോ പോയി. പിന്നെയും ചൂടിൻറെ ചൂളയിൽ ഭൂമി വെന്തു... '
നല്ല സാഹിത്യ ഭംഗിയുള്ള വരികൾ ..