മുൻ അദ്ധ്യായം: അച്ഛൻറെ കൂട്ടുകാരൻ
അദ്ധ്യായം 5: പാപത്തിൻറെ മുള
അദ്ധ്യായം 5: പാപത്തിൻറെ മുള
ആ രാത്രി ഭീകരമായിരുന്നു. മഴയും മരവും പെയ്തു കൊണ്ടേയിരുന്നു. കിണറ്റുകരയിലെ മറപ്പുരയിൽ ശരീരത്തിലേക്ക് എത്ര വെള്ളം കോരി ഒഴിച്ചിട്ടും, ശരീരത്തിൽ നിന്നും നീങ്ങിപ്പോകാത്ത ഒരു അഴുക്ക് തങ്ങി നിൽക്കുന്നത് പോലെ തോന്നി. എൻറെ ശരീരമാസകലം വേദനയുടെ മുള്ളുകൾ കുത്തിക്കയറുകയായിരുന്നു. മാറിടത്തിലെ മാർദവം നോവിൻറെ കച്ച കെട്ടി മുറുകിയ പോലെ വിങ്ങുന്നു. അരക്കെട്ടിലെ നീറ്റലും വേദനയും മനസ്സിൽ പുഴുക്കുത്തുകൾ തീർക്കുന്നു. കൂമൻ മൂളിപ്പറക്കുന്ന ആ ഇരുൾ എന്നെ ഭയപ്പെടുത്തുന്നില്ല. പകരം മനുഷ്യരുടെ നിഴലുകൾ പോലും ഇപ്പോൾ എന്നെ ഭയപ്പെടുത്തുന്നു. ഒരു കറുത്ത ഗുഹയിൽ പെട്ട പോലെ.
കണാരേട്ടനാണ് എന്നെ വീട്ടിൽ കൊണ്ടു വിട്ടത്. എല്ലാം കഴിഞ്ഞപ്പോൾ അയാൾ കുറ്റബോധത്തിൻറെ വെളുത്ത പുതപ്പെടുത്ത് സ്വയം പുതച്ചു. അരുതായിരുന്നത്രെ. പറ്റിപ്പോയതാണത്രെ. വീടിൻറെ ഉള്ളിലേക്ക് കയറാതെ മുറ്റത്തു വച്ച് തന്നെ അയാൾ യാത്ര പറഞ്ഞു വേഗം പിരിഞ്ഞു പോയി. ആരോടും പറയരുതെന്ന് കെഞ്ചിപ്പറഞ്ഞു കൊണ്ടായിരുന്നു, പാടത്തിൻറെ അക്കര മുതൽ ഇക്കയോളം അയാളുടെ നടത്തം. ഒരു വേള ഞാൻ ആലോചിച്ചു. എല്ലാം അച്ഛനോട് പറഞ്ഞാലോ? അല്ലെങ്കിൽ അമ്മയോട്. പിന്നെ പേടിയായി.
ഒട്ടും രുചി തോന്നാതെ ഞാൻ ഭക്ഷണ പാത്രത്തിൽ വെറുതെ വിരലിട്ട് ഇളക്കിക്കൊണ്ടിരുന്നു. ആരുടേയും മുഖത്ത് നോക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഞാൻ വേഗം പായയിലേക്ക് ചുരുണ്ടപ്പോൾ അമ്മ സ്വയം ചോദിക്കുന്നുണ്ടായിരുന്നു. എന്താണീ പെണ്ണിന് പറ്റിയതെന്ന്. ആ പാവം കരുതിയിട്ടുണ്ടാവും. അച്ഛൻറെ കാലിലെ മുറിവ് എന്നെ സങ്കടപ്പെടുത്തിയതാണ് കാരണം എന്ന്. എൻറെ നെഞ്ചിലെരിയുന്ന കനലുകൾ അമ്മയെ കാണിച്ച് കൊടുക്കാൻ എനിക്കാവുന്നില്ലല്ലോ, എനിക്കതിന് ധൈര്യം വരുന്നില്ലല്ലോ, എന്ന് ഞാനന്ന് വേദനിച്ചിരുന്നു. പക്ഷെ എനിക്കിപ്പോൾ തോന്നാറുണ്ട്. ഞാൻ അന്ന് അമ്മയോടെങ്കിലും എല്ലാം തുറന്നു പറയേണ്ടതായിരുന്നു. എങ്കിൽ ഒരു പക്ഷെ, എൻറെ ജീവിതം ഇങ്ങിനെ ഉടഞ്ഞു പോകില്ലായിരുന്നു. പെണ്ണിൻറെ പരിശുദ്ധി ലോകത്തിലെ ഒരു പുരുഷനും ബലാൽക്കാരമായി കയ്യടക്കാനാവില്ല എന്ന് തിരിച്ചറിയാൻ എനിക്കന്ന് ആയില്ല. കാലുകൾക്കിടയിൽ ആർക്കും കവർന്നെടുക്കാവുന്ന ഒന്നും പെൺകുട്ടികൾ കൊണ്ട് നടക്കുന്നില്ല എന്ന തിരിച്ചറിവുണ്ടായില്ല. മനസ്സിൽ നിന്നാണ് പരിശുദ്ധി കളഞ്ഞു പോകുന്നത് എന്ന് ഞാനന്നേ തിരിച്ചറിഞ്ഞിരുന്നെങ്കിൽ!?
ഉറക്കമില്ലാത്ത ആ രാത്രി കണ്ണുകളടക്കൻ ഞാൻ ഭയന്നു. കണ്ണുകളടക്കുമ്പോൾ കാണാം, ഒരു മാംസപിണ്ഡമെൻറെ ഉടലിലേക്ക് ചാഞ്ഞു കിടന്ന് എവിടെയോ എന്തൊക്കെയോ ഉരസുന്നത്. എൻറെ കണ്ണുകൾ തോർന്നതേ ഇല്ല. എൻറെ തേങ്ങലിൻറെ ഒച്ച പുറത്ത് കേൾക്കാതിരിക്കാൻ ഞാൻ വളരെ പ്രയാസപ്പെട്ടു. പുലരുമ്പോൾ എനിക്ക് നല്ല പനിയായിരുന്നു. മൂടിപ്പുതച്ച് കിടക്കുന്ന എൻറെ അടുത്തു വന്ന അച്ഛൻ എൻറെ നെറ്റിയിൽ തൊട്ടപ്പോൾ ഞാൻ നടുങ്ങി വിറച്ചു. എനിക്കിപ്പോൾ അച്ഛനെ പേടിയാണ്. വല്ലാത്ത പേടിയാണ്.
നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ ഞാൻ സ്‌കൂളിലേക്ക് പോകാൻ തുടങ്ങി. ഞാൻ ആരോടും ഒന്നും സംസാരിച്ചില്ല. അച്ഛന് നടക്കാം എന്നായിരിക്കുന്നു. കണാരേട്ടൻ ആ വഴി വന്നതേ ഇല്ല. അച്ഛൻ ചോദിക്കുകയും ചെയ്തു. എന്തെ മൂപ്പർ വരാത്തതെന്ന്. സ്‌കൂളിലേക്ക് പോകാൻ വേണ്ടി ചടച്ച മനസുമായി ഇറങ്ങിയ ഞാൻ ഇടവഴിയുടെ ശൂന്യതയിലേക്ക് പേടിയോടെ നോക്കി. അവിടെ ആ ശൂന്യതയിൽ ആരെങ്കിലും എന്നെ കാത്തിരിക്കുന്നുണ്ടാവുമോ എന്ന് ഞാൻ ഭയന്നു. പേടിച്ചു പേടിച്ചാണ് ഓരോ ചുവടും മുന്നോട്ട് വച്ചത്. സ്‌കൂളിൽ ആൺകുട്ടികളെ എനിക്ക് ഭയമായി. അദ്ധ്യാപകരെയും. എൻറെ ചുറ്റുപാടുകളിൽ എവിടെ നിന്നോ ഒരു കരാളഹസ്തം എൻറെ നേരെ എപ്പോൾ വേണമെങ്കിലും നീണ്ടു വരാം എന്നൊരു തോന്നൽ. എങ്ങിനെയൊക്കെയോ ഞാൻ ദിവസങ്ങൾ തള്ളി നീക്കി.
എൻറെ കുട്ടിക്കെന്താ പറ്റിയത് എന്ന ചോദ്യം അമ്മയും അച്ഛനും കൂടെക്കൂടെ ചോദിച്ചിട്ടും, എന്താണ് പറ്റിയത് എന്ന് പറയാനാവാതെ ഞാൻ ഉപ്പുരുകുന്ന പോലെ ഉരുകിക്കൊണ്ടിരിക്കെ, ഒരു ദിവസം എല്ലാം എല്ലാവരും അറിഞ്ഞു. ലോകത്തുള്ള സകല പുരുഷന്മാരെയും പേടിച്ച് കഴിഞ്ഞിരുന്ന എനിക്ക് അതിനേക്കാൾ വലിയ ദുരന്തം വരാനുണ്ടായിരുന്നില്ല. പേടിയുടെയും വെപ്രാളത്തിൻറെയും ദിനരാത്രങ്ങൾക്കിടയിലെപ്പോഴോ എൻറെ മാസക്കുളി തെറ്റിയ കാര്യമൊന്നും ഞാനറിഞ്ഞിരുന്നില്ല. അന്നൊരിക്കൽ സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കാൻ വേണ്ടി പൊതിച്ചോർ അഴിച്ചുകൊണ്ടിരിക്കെയാണ് ആദ്യമായി എനിക്ക് മനംപിരട്ടൽ വന്നത്. മൂത്രപ്പുരയുടെ അരികിലിരുന്ന് ഓക്കാനിക്കുന്നത് കണ്ടു വന്ന കൂട്ടുകാരികൾ പറഞ്ഞത് ദഹനക്കേട് പിടിച്ചതായിരിക്കും എന്നാണ്. പക്ഷെ അപ്പോഴും ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ദഹിക്കാതെ എൻറെ വയറ്റിൽ ഒരു ബീജം തുടിക്കുന്നുണ്ടെന്ന്.
ബസ്സിൽ വച്ച് മനംപിരട്ടിയ ഞാൻ പ്രയാസപ്പെട്ട് കണ്ണുകൾ ഇറുക്കെ അടച്ച് ഓക്കാനം പിടിച്ചു വച്ചു. ബസ്സിറങ്ങി വീട്ടിലേക്ക് ഓടുകയായിരുന്നു ഞാൻ. എന്നിട്ടും വഴിയരികിൽ ഒന്ന് രണ്ടിടത്ത് എനിക്ക് പിടിച്ചു നിൽക്കാനായില്ല. വീടിൻറെ മുറ്റത്തേക്ക് കയറി ഞാൻ കയ്യിലെ പുസ്തകങ്ങൾ ഇറയത്ത് വച്ച് കിണറ്റിൻ കരയിലേക്കോടി. ഓക്കാനിക്കുന്ന ശബ്ദം കേട്ടാണ് അമ്മ വന്നു നോക്കിയത്. എന്ത് പറ്റി എന്ന അമ്മയുടെ ചോദ്യത്തിൽ ഒരു കുന്നോളം ആധിയുണ്ടായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. ശവം കണ്ട കഴുകന്മാരെപ്പോലെ, ഓക്കാനിക്കുന്ന ശബ്ദം കേട്ടപ്പോൾ അയല്പക്കത്തെ ചില പെണ്ണുങ്ങൾ അവിടേയ്ക്ക് വന്നു. ആകാശം ഇടിഞ്ഞു പൊളിഞ്ഞ പോലെയുള്ള അമ്മയുടെ നിർത്തം കണ്ട് ഞാൻ അപ്പോൾ മരിച്ചു പോയെങ്കിൽ എന്നെനിക്ക് തോന്നി. എൻറെ നാശം, എൻറെ സർവ്വത്ര നാശം. ഞാനത് തിരിച്ചറിഞ്ഞത് ആ നിമിഷത്തിലാണ്. അമ്മയുടെ നെഞ്ചത്തടിയും നിവിളിയും പതം പറച്ചിലുമൊന്നും ഞാൻ കേട്ടില്ല. പ്രജ്ഞത നശിച്ച ഞാൻ ഒരു അപ്പൂപ്പൻ തടി പോലെയായി. ആ ബോധക്കേടിൻറെ ഇടയിലാരോ ചോദിച്ചു ആരാണ് ആളെന്ന്. അറിഞ്ഞോ അറിയാതെയോ ഞാൻ പറഞ്ഞു. "കണാരേട്ടൻ എന്നെ ബലമായി....." മുഴുവനാക്കാൻ കഴിയാതെ ഞാൻ എൻറെ വീഴ്ച പൂർത്തിയാക്കി.
വാർത്ത കാട്ടുതീ പോലെ പരന്നു. ആ സായംസന്ധ്യയിൽ ഗ്രാമവാസികൾക്ക് പറയാൻ അതിനേക്കാൾ നല്ലൊരു വിഷയം വേറെ കിട്ടിയിരിക്കില്ല. അങ്ങാടിയിലെ ചായക്കടയിൽ ഞാൻ പിന്നെയും പിന്നെയും നഗ്നയാക്കപ്പെട്ടു. ആരോ പറഞ്ഞത്രെ. കണാരൻ കുറെ കാലമായി അമ്മയേയും മകളെയും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന്. ഇരുട്ടിൻറെ കനം കൂടിക്കൂടി വന്നു. അച്ഛനൊരു തീമല പോലെ വന്നു. വീടിൻറെ അകത്തളത്തിൽ തളർന്നു കിടക്കുന്ന അമ്മയുടെ ചാരെ നിലത്ത് ചടഞ്ഞിരിക്കുകയായിരുന്ന ഞാൻ, ഒന്നും പറയാനാവാതെ, ഒരു പ്രതിമയായി മാറിയിരുന്നു അപ്പോഴേക്കും. അച്ഛൻ എൻറെ മുഖത്തേയ്ക്ക് നോക്കി ഒന്നും മിണ്ടാതെ നിന്നു.
ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അച്ഛനെന്നെ ഒന്ന് ശകാരിച്ചെങ്കിൽ, ഒന്ന് ആശ്വസിപ്പിച്ചെങ്കിൽ. ഞാൻ വല്ലാതെ കൊതിച്ചു. ആ കാൽക്കൽ വീണ്, അച്ഛൻറെ മോൾ തെറ്റൊന്നും ചെയ്തിട്ടില്ലച്ഛാ എന്ന് കരയാൻ കൊതിച്ചു. പക്ഷെ എനിക്കതിനായില്ല. ഒരു പ്രതിമയായി മാറിയ എനിക്കൊന്നിനും ആയില്ല. നെടുവീർപ്പ് പോലും അന്യമായ എൻറെ നെഞ്ചിൻ കൂടിൻറെ ഉള്ളിൽ മരണം കൊതിക്കുന്ന ഹൃദയം മിടിച്ചു കൊണ്ടേ ഇരുന്നു. ആ രാവിരുണ്ടു വെളുത്തപ്പോൾ ഗ്രാമവാസികൾക്ക് പുതിയ വർത്തമാനം കൂടി കിട്ടി.
രാത്രിയോട് രാത്രി കണാരേട്ടൻ നാട് വിട്ടിരിക്കുന്നു. ദേവേച്ചിയുടെ പുലയാട്ടു പാട്ടിൽ ഞാനും എൻറെ അമ്മയും വെറും തേവിടിശ്ശികളായി മാറിയിരിക്കുന്നു. കാഴ്ചക്കാർക്ക് ബഹുരസമായിരുന്നു എല്ലാം. ആർക്കെന്ത് സംഭവിച്ചാലും, അത് സ്വന്തം ഹൃദയത്തിലോ കണ്ണിലോ നീറ്റലുണ്ടാക്കില്ലെങ്കിൽ എല്ലാവർക്കും എല്ലാം വെറും കഥകൾ മാത്രമാണ്. വെറും കഥകൾ.
തുടരും
ആർക്കെന്ത് സംഭവിച്ചാലും, അത് സ്വന്തം ഹൃദയത്തിലോ
ReplyDeleteകണ്ണിലോ നീറ്റലുണ്ടാക്കില്ലെങ്കിൽ എല്ലാവർക്കും എല്ലാം വെറും
കഥകൾ മാത്രമാണ്. വെറും കഥകൾ.