Monday, April 15, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: ദുഃസ്വപ്‌നം
അദ്ധ്യായം 9: നായാട്ട് 


ഒരു മനുഷ്യന് ഈ ഭൂമിയിൽ ലഭിക്കാവുന്ന ഏറ്റവും നല്ല വരമെന്താണെന്ന് നിങ്ങൾക്കറിയുമോ? നോവിൻറെ നരകഭൂതങ്ങൾ ജീവിതത്തിൻറെ മൂക്കുകയർ പിടിച്ചുതുടങ്ങി എന്ന് തോന്നുന്നിടത്ത്, ഇനിയൊരുപാട് ദൂരം, ചിലപ്പോൾ മരണം വരെ, അവരായിരിക്കും നമ്മുടെ കൂട്ടെന്ന് തിരിച്ചറിയുന്നിടത്ത്, ആർക്കും കഥകൾ മെനയാൻ പഴുതുകൾ ബാക്കി വെക്കാതെ നമ്മളങ്ങ് മരിച്ചു പോവുക.... ഒളിച്ചോട്ടമല്ലാത്ത മരണം... ഓർത്തു നോക്കൂ.. അതെത്ര സുന്ദരമായ വരമായിരിക്കും?   

ഒരു മഹാദുരന്തം വന്നെത്തിക്കഴിഞ്ഞാൽ, നമ്മൾ കരുതും ഇതിനേക്കാൾ വലുത് ഇനിയെന്താണ് വരാനുള്ളതെന്ന്? കരഞ്ഞു കരഞ്ഞു കരച്ചിലിൻറെ അവസാനം അങ്ങിനെ ആശ്വസിക്കും. പക്ഷെ, അത് വെറുമൊരു തോന്നൽ മാത്രമാണെന്ന് തിരിച്ചറിയുമ്പോൾ പിന്നെ ഒരു മരവിപ്പാണ്. അപ്പോൾ നമ്മൾ മരണത്തെ പ്രണയിച്ചു തുടങ്ങും. പക്ഷെ, ജീവിതം നായാടുന്ന നമ്മളെ നോക്കി മരണം മാറി നിൽക്കും... നായാടി ജീവിതത്തിനും, അത് നോക്കി നിന്നാസ്വദിച്ച് മരണത്തിനും മതിവരാത്തതെന്തേ,  എന്നു നമ്മൾ ചോദിച്ചു കൊണ്ടേയിരിക്കും...  

ആശുപത്രി ഒരു കുപ്പത്തൊട്ടിലാണ്. ദുഃഖിതരുടെ കുപ്പത്തൊട്ടിൽ. അവിടെ ഓരോരുത്തർക്കും തങ്ങളേക്കാൾ ദുഃഖം അനുഭവിക്കുന്നവരെ കാണാം... ആശ്രയമറ്റു പോയവർ.. അഭിലാഷമറ്റു പോയവർ.. അങ്ങിനെയങ്ങിനെ ആർക്കും വേണ്ടാത്ത കുറെ ജന്മങ്ങൾ... ചിലർ മരണത്തിലേക്ക് രക്ഷപ്പെടുന്നു.. വേറെ ചിലർ മരണം കൊതിച്ചു കാത്തിരിക്കുന്നു.. ഇവിടെ വസന്തങ്ങളില്ല.. വർഷമില്ല.. മഞ്ഞുമില്ല... വേനൽ മാത്രം... കൊടും വേനൽ മാത്രം.. തീയാളുന്ന.... എല്ലാ പച്ചപ്പുകളേയും നക്കിത്തുടയ്ക്കുന്ന കൊടും വേനൽ മാത്രം....  വേദനകൾ... നിലവിളികൾ... പതംപറഞ്ഞുള്ള കരച്ചിലുകൾ... സ്വയം ശപിക്കലുകൾ... നോക്കിമടുത്തവരുടെ ശകാരവാക്കുകൾ... അങ്ങിനെയങ്ങിനെ വെറുക്കപ്പെട്ടെതെല്ലാം അവിടെ കച്ചവടം ചെയ്യപ്പെടുന്നു... കേൾക്കുന്നവരുടെ കാതുകൾക്ക് ചടച്ചിലുണ്ടാക്കുന്ന കഥകൾ മാത്രം അവിടെ കഥനം ചെയ്യപ്പെടുന്നു.. എൻറെ ജീവിതം ഏറ്റവും ഇരുണ്ട തുരങ്കങ്ങൾ തേടിയോടാൻ തുടങ്ങിയത് അവിടം മുതലാണ്... 

ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛൻ ചോർന്നലിക്കുന്ന ഞങ്ങളുടെ കൂരയിലെത്തി. ആകാശവും അച്ഛൻറെ കണ്ണുകളും ഒരുമിച്ചു പെയ്തു. ആളുകളൊക്കെ കാണാൻ വന്നു. കുറെ ആശ്വാസവാക്കുകൾ പറഞ്ഞു. വൈദ്യത്തിൻറെ അഭിപ്രായങ്ങൾ പറഞ്ഞു. പിന്നെ പിരിഞ്ഞു പോയി. അച്ഛനും ഞങ്ങളും ഞങ്ങളുടെ ചുടുനിശ്വാസങ്ങളും മാത്രം ബാക്കിയായി. ഇനിയെന്ത് ചെയ്യും എന്നൊരു വലിയ ചോദ്യത്തിന് മാത്രം ഞങ്ങൾക്ക് ഉത്തരം കിട്ടിയില്ല. വൈദ്യൻ പുരുഷുവേട്ടൻ വന്നു നോക്കി. ഒരു ഉഴിച്ചിൽ നടത്തി നോക്കാം. സ്വന്തം കാര്യങ്ങൾ നടത്താൻ ആയാലോ? അതും ഉറപ്പൊന്നുമില്ല. ഉറപ്പൊന്നുമില്ല....

ആടുകളിൽ രണ്ടെണ്ണത്തിനെയും കൊണ്ട് അറവുകാരൻ മൂസാക്ക പോകുന്നതും നോക്കി വിഷമത്തോടെ ഞാൻ നിൽക്കെ, ശാരദക്കുട്ടി തേങ്ങുകയായിരുന്നു. അച്ഛൻറെ ചികിത്സ തുടങ്ങി. അതിന് ധാരാളം പണച്ചിലവുണ്ടായിരുന്നു.  ചിലവാക്കാൻ കഴിയുന്നിടത്തോളം ചിലവാക്കാം.... അച്ഛനൊന്ന് എഴുനേറ്റ് നടന്നെങ്കിൽ... 

കഞ്ഞിയും കാവിത്തുമൊക്കെയായി ഞങ്ങളുടെ ഭക്ഷണം ചുരുങ്ങി. അതിൽ സങ്കടമില്ലായിരുന്നു. അച്ഛന് വലിയ മാറ്റമൊന്നും വന്നില്ല. അതായിരുന്നു സങ്കടം. ഉഴിച്ചിലും പിഴിച്ചിലുമായി ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, അങ്ങിനെ കഴിഞ്ഞു പോയി. ആടുകളുടെ എണ്ണം പിന്നെയും കുറഞ്ഞു. അവസാനത്തെ ആടിനെയും കൊണ്ട് മൂസാക്ക പോയപ്പോൾ ചങ്കു പൊട്ടുന്ന വേദനയോടെയുള്ള ശാരദക്കുട്ടിയുടെ കരച്ചിൽ അച്ഛനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാവും. തീർച്ചയാണ്. 

പിന്നെ ആ വീട്ടിൽ ആകെയുണ്ടായിരുന്ന പൊന്നിൻറെ പൊട്ടും പൊടിയുമൊക്കെ പടിയിറങ്ങി. അവസാനം വിൽക്കുവാനിനി ജീവച്ഛവങ്ങളായ ഞങ്ങൾ അഞ്ചാത്മാവുകളല്ലാതെ വേറെ ഒന്നും അവിടെ ഇല്ലെന്നായി. ആർക്കും വേണ്ടാത്ത അഞ്ചാത്മാവുകൾ. ജീവിതത്തിനും മരണത്തിനും വേണ്ടാത്ത അഞ്ചാത്മാവുകൾ.. 

പിന്നെ ഞങ്ങളുടെ മുറ്റം കടന്നെത്തിയത് കൊടും വറുതിയായിരുന്നു. വിശപ്പാളുന്ന കണ്ണുകളുമായി സിദ്ധുവിൻറെ നോട്ടം നെഞ്ച് തുളച്ച് ഹൃദയം പിളർത്തയ്‌ക്കൊണ്ടിരുന്നു. ഹൊ.. അതെത്ര അസഹ്യമായിരുന്നെന്നോ? അന്നൊക്കെ നെഞ്ചിൽ അലറിവിളിച്ചു കൊണ്ടോടി നടന്നൊരു ചോദ്യമുണ്ട്... ജീവിതമേ.. നീയെൻറെ വേദനകൾ ആസ്വദിച്ചോളൂ.. മതിവരെ എന്നെ വേട്ടയാടിക്കൊള്ളൂ... പക്ഷെ... എന്തിനാണിങ്ങനെ കൊല്ലാതെ കൊന്നു രസിക്കുന്നത്? ഇതിലെന്ത് കൗതുകമാണ് നീ ബാക്കി വച്ചിരിക്കുന്നത്? ഇതിലെന്ത് രസമാണ് നീ കണ്ടെത്തുന്നത്? ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലായിരുന്നു. വേദന... വേദന മാത്രം... വിശപ്പാളുന്ന നോട്ടത്തിൻറെ തീയമ്പുകൾ മാത്രം... അണലി പോലെ ചുരുണ്ടു കൂടിയ ദുർവിധിയുടെ സീൽക്കാരം മാത്രം.. 

രാധേച്ചി വല്ലപ്പോഴും തരുന്ന നാഴൂരി അരിയിട്ട് തിളപ്പിച്ചാൽ, അതിലേക്ക് കൂട്ടാൻ മുളകുപൊടിയും ഉപ്പും ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണയും കൂട്ടിക്കുഴച്ചുണ്ടാകുന്ന ചമ്മന്തിയായിരുന്നു. പക്ഷെ ഞങ്ങൾക്ക് അത് തന്നെ വലിയ ആശ്വാസമായിരുന്നു. ഒരു ജോലി വേണം എന്ന് മനസ്സ് നിലവിളിക്കുന്നുണ്ട്.. ആര് കേൾക്കാൻ.. ചിലർ പറഞ്ഞു.. ജോലിയുണ്ട്... സുഖമുള്ള ജോലിയാണ്... സുഖമുള്ള ജോലി.. അറപ്പു തോന്നുന്നു.. ജീവിതത്തോട്... തൊലി വെളുത്ത മേനിയോട്.. പാത്തും പതുങ്ങിയും സുഖം വാങ്ങാനെത്തിയവരോട്.. എല്ലാത്തിനോടും അറപ്പ് തോന്നുന്നു...

ദയ കാണിച്ചവരുമുണ്ട്. അടക്ക വാരിക്കൂട്ടാൻ വിളിച്ച ഹാജ്യാർ. പശുക്കൾക്ക് പുല്ലു പറിച്ചു കൊടുക്കാനേൽപ്പിച്ച കരടിച്ചേട്ടൻ. വല്ലപ്പോഴും ചെറിയ ചെറിയ കൈസഹായങ്ങൾക്ക് വിളിച്ച മേസ്തിരി. അങ്ങിനെ കുറച്ചാളുകൾ. കൂരിരുട്ടിൽ അങ്ങിനെ ചില വിളക്കുകൾ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയെ അർദ്ധപട്ടിണിയാകാൻ സഹായിച്ചവർ. 

എന്നിട്ടും സ്ഥിര വരുമാനമുള്ളൊരു ജോലിക്കായി ഞാൻ കൊതിച്ചു. ശ്രമിച്ചു. ഏറെക്കഴിയാതെ എനിക്ക് മനസ്സിലായി. നമ്മുടെ നാട്ടിൽ ഒരു ജോലി കിട്ടുക അത്ര എളുപ്പമല്ല. പ്രത്യേകിച്ചും അവിവാഹിതയായ ഒരു അമ്മയ്ക്ക്. പക്ഷെ, എനിക്കും ഒരു ജോലിയൊരുക്കി വച്ചിട്ടുണ്ടാവുമല്ലോ ജീവിതം. വായും വയറും വിശപ്പും തന്ന ജീവിതം..... അത് ഞാൻ തേടി കണ്ടെത്താനോ? അതല്ല, അതെന്നെ തേടി ഇങ്ങോട്ട് വരുമോ?

തുടരും.

***  ****   ****   ***  ****   ****   ***  ****   ****
അദ്ധ്യായം 10: വിളക്കുമാടം   

അച്ഛന് ഒരു ദീനം വന്നിരിക്കുന്നു. അത് നാൾക്കുനാൾ വഷളായി വരികയാണ്. ഇപ്പോഴിപ്പോൾ ശ്വാസമെടുക്കാൻ പോലും അച്ഛൻ പ്രയാസപ്പെടുകയാണ്. ഒന്നും സംസാരിക്കാനും വയ്യ. കാണുന്നവർക്ക് തന്നെ അത് അസഹനീയമാണ്. പശുക്കൾക്ക് പുല്ലരിഞ്ഞു കൊടുക്കുന്നുണ്ട് ഇപ്പോഴും. നാട്ടുനടപ്പുള്ളതിനേക്കാൾ കൂടുതൽ പൈസ ഓരോ കെട്ടിനും കരടിച്ചേട്ടൻ തരുന്നുണ്ട്. അതൊരു  വലിയ സഹായം തന്നെയാണ്.   

അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. കരടിച്ചേട്ടനോട് ഇത്തിരി പൈസ കൂടുതൽ ചോദിച്ചു. കടമായി. അച്ഛനെ ഒന്നാശുപത്രിയിൽ കൊണ്ടാവാമയിരുന്നു.. അച്ഛൻറെ കിടപ്പ് കണ്ടിട്ട് തീരെ സഹിക്കാൻ വയ്യ. ചിരിച്ചു കൊണ്ടാണ് ആ പാവം ചോദിച്ചത്.. 

"മാസാവസാനല്ലേ കുട്ട്യേ.. പറ്റുകാരൊക്കെ പൈസ തരാതെ ഇന്നെക്കൊണ്ടിപ്പോ ഇത് കൂട്ട്യാ കൂടൂല..."

ഒന്നും പറഞ്ഞില്ല.. എന്ത് പറയാൻ.. പരിഭവം പറയാൻ പോലും അവകാശമില്ലാത്തവർക്ക് എന്ത് പറയാൻ.. മേസ്തിരി, ഹാജിയാർ, ശീമക്കലെ ചേട്ടത്തി, രാധേച്ചി, അങ്ങിനെ കണ്ണിലും കരളിലും അലിവുള്ളവർ കുറെ പേരുണ്ട്. പക്ഷെ ഒരായിരം രൂപയെങ്കിലുമില്ലാതെ അച്ഛനെയും കൊണ്ട് പോയിട്ട് ഒരു കാര്യവുമില്ല.. സംഗതി സർക്കാരാശുപത്രിയാണ്... അതുകൊണ്ടൊന്നും കാര്യമില്ല... ആര് തരും ഒരായിരം രൂപ.. ഒറ്റച്ചോദ്യത്തിന് എടുത്ത് തരാനാവുന്നത് ഹാജ്യാർക്കാണ്. മൂത്രക്കല്ലിൻറെ അസ്കിത മാറ്റാൻ ഇന്നെങ്ങോട്ടോ ഏതോ ഒരു നാട്ടുവൈദ്യൻറെ അടുത്തേക്ക് പോകും എന്ന് പറഞ്ഞിരുന്നു. വെയ്‌കുന്നേരത്തോടെ വരുമായിരിക്കും. പോയി നോക്കണം. നാളെയെങ്കിലും അച്ഛനെ ആശുപത്രിയിൽ കൊണ്ടാവണം. 

പറമ്പത്തെ കുഞ്ഞൻ രണ്ടീസം മുൻപ് ചോദിച്ചതാണ്, എന്തിനാ ഇങ്ങിനെ എടങ്ങേറാകുന്നത് എന്ന്. മേനി കറുപ്പിക്കണ്ടത്രെ.. പറങ്കൂച്ചിക്കാട് വരെ ഒന്ന് ചെന്നാൽ മതിയെന്ന്.. കാശെത്ര വേണമെങ്കിലും തരാമെന്ന്.. മടക്കിക്കുത്തിയ മുണ്ടിൻറെ ഉള്ളിലായിരുന്നു അവൻറെ ഇടങ്കൈ.. തുറിച്ചു നിൽക്കുന്ന ആ മാംസദണ്ഡിൻറെ തല കണ്ടപ്പോൾ ഓക്കാനം വന്നു.. പുല്ലരിയുന്ന അരിവാള് കൊണ്ട് അതും നാവും കൂട്ടി അരിഞ്ഞെടുക്കാൻ തോന്നായികയല്ല. തൊണ്ടയിൽ കിനിഞ്ഞ അറപ്പിൻറെ കഫം ഊക്കോടെ തുപ്പിക്കളഞ്ഞു. പിന്നെ വർദ്ധിച്ച ഈർഷ്യയോടെ പുല്ലരിഞ്ഞു. അരിവാള് പാളി കൈ മുറിയുവോളം...

എന്തൊരു ലോകമാണിത്? എന്തൊരു തരം ആണുങ്ങളാണിത്? പെണ്ണുങ്ങൾ വെറും ഉടലുകളാണത്രെ.. ആണിന് രസിക്കാനുള്ള വെറും ഉടൽ.. കണാരേട്ടൻ അങ്ങിനെ ഒരാണായിരുന്നല്ലോ? കണാരേട്ടൻ... കൈപിടിച്ച് നടത്തിയയാൾ.. കുഞ്ഞുകാലത്ത് ഒക്കെത്തെടുത്തു നടന്നയാൾ... ഹൊ.. ഈ നശിച്ച ഓർമ്മകൾ... നശിച്ച ഓർമ്മകൾ... തല പെരുത്തുകൊണ്ട്, തിണ്ണയിലിരുന്നു പാടത്തേയ്ക്കും നോക്കി ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ, അമ്മ മടിച്ചു മടിച്ച് പറഞ്ഞു.

"മോളെ.. ചെമ്പകത്തോളം ഒന്ന് ചെന്നൂടെ.. രാജനോട് കുറച്ച് പൈസ ചോദിച്ച് നോക്ക്. അച്ഛനെ ഇങ്ങിനെ ഇവിടെ ഇട്ടാ ശരിയാവൂലല്ലോ...?"  

എൻറെ കണ്ണുകൾ വിടർന്നു. ചെമ്പകത്തെ രാജേട്ടൻ... ആശുപത്രിയിൽ മാലാഖയെ പോലെ സഹായഹസ്തവുമായി വന്നയാൾ.. എന്ത് സഹായം വേണമെങ്കിലും ചോദിയ്ക്കാൻ മടിക്കരുത് എന്ന് പറഞ്ഞയാൾ.. ഛെ.. ഞാനെന്തൊരു വിഢിയാണ്? ആദ്യം ഓർക്കേണ്ടിയിരുന്നത് അദ്ദേഹത്തെ അല്ലെ? ആദ്യം ഒരു ജോലി ചോദിക്കേണ്ടിയിരുന്നത് അദ്ദേഹത്തോടല്ലേ..?

രാജേട്ടന് പട്ടണത്തിൽ ഒരു തുണിക്കടയുണ്ട്. ഒരു ജോലി എന്നത് അദ്ദേഹത്തിന് നിസാരമാവും. ഇന്ന് ഞായറല്ലേ. മൂപ്പർ വീട്ടിൽ കാണും. അവസാനം ഒരു പ്രതീക്ഷയുടെ വിളക്കുമാടം കാണാം. എൻറെ വഴിയിലേക്ക് വെളിച്ചം വീശുന്നൊരു വിളക്കുമാടം. 

ചെമ്പകത്തോട്ട് ഇറങ്ങാൻ നേരം, കൂടെ വരാൻ ശാഠ്യം കാണിച്ച സിദ്ധുവിനെ അമ്മ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു. മുറ്റത്ത് നിന്നും ഇടവഴിയിലേക്ക് കാലെടുത്ത് വെക്കവേ എൻറെ കരളൊന്നു പിടച്ചു. പണ്ട് ഇത് പോലെ ശാരദക്കുട്ടി കൂടെ വരാൻ കരഞ്ഞപ്പോൾ അമ്മ കുറുക്കൻറെ പേര് പറഞ്ഞ് അവളെ പിന്തിരിപ്പിച്ചു. അന്നവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ജീവിതം ഇത്ര ഇരുൾ നിറഞ്ഞതാകുമായിരുന്നോ? ഹൊ.. പിന്നെയും ഈ ഓർമ്മകൾ... നശിച്ച ഓർമ്മകൾ... വേണ്ട... കണ്ണീർ ചാലിലൂടെ മുന്നോട്ട് തന്നെ നടക്കാം. തിരിഞ്ഞു നോക്കണ്ട. മുൻപിൽ കാണുന്ന വിളക്കുമാടത്തിലേക്ക് പറക്കാം. ഒരു ഈയലിനെ പോലെ...

ചെമ്പകത്തെ ഗെയ്റ്റ് കടന്നു മുറ്റത്തേയ്ക്ക് കാലെടുത്തു വെയ്ക്കുമ്പോൾ എന്തിനെന്നറിയാതെ നെഞ്ചിലൊരു തീവണ്ടിയെഞ്ചിൻ കൂകിവിളിച്ചു. ഹൃദയത്തിൻറെ തമ്പേറു മുട്ട് ഇടിമുഴക്കമായി മാറുന്നു. 

എത്ര പ്രാവശ്യം ഞാനിവിടെ വന്നിട്ടുണ്ട്. ഈ കാണുന്ന കുഞ്ഞു മാവുകളിൽ കയ്യെത്തിപ്പിടിക്കാവുന്ന കണ്ണിമാങ്ങാ കുലകളിൽ നിന്നും എത്ര കണ്ണിമാങ്ങകൾ പൊട്ടിച്ചെടുത്തിട്ടുണ്ട്. ഉപ്പും മുളകും കൂട്ടി അവ തിന്നിട്ടുണ്ട്. എത്ര രസമായിരുന്നു അന്നൊക്കെ.  എന്ത് രസമായിരുന്നു.. ഇന്നിപ്പോൾ ചിരിക്കാൻ പോലും നല്ല നേരം നോക്കേണ്ടി വരുന്നു. 

മുറ്റത്ത് ചെടിക്ക് വെള്ളമൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു രാജേട്ടൻറെ മോൾ മിനി. എന്നെ കണ്ടപ്പോൾ പൈപ്പ് അവിടെ ഇട്ട്, മുഖം കനപ്പിച്ച് അകത്തേയ്ക്ക് പോയി. എൻറെ കാലുകൾക്ക് ഭരമേറി. ഒന്ന് മിണ്ടുക പോലും ചെയ്തില്ലല്ലോ? സങ്കടം വരുന്നു. മുൻപൊക്കെ എങ്ങിനെ വർത്തമാനം പറഞ്ഞിരുന്നതാണ്. ഇന്നിപ്പോൾ ഒരു അപശകുനത്തെ കണ്ട പോലെ. കുറച്ച് കഴിഞ്ഞപ്പോൾ രാജേട്ടൻ വന്നു. പിന്നാലെ ഭാര്യ മാളുവേട്ടത്തിയും. എന്ത് വേണമെന്ന് പരുക്കൻ സ്വരത്തിലാണ് രാജേട്ടൻ ചോദിച്ചത്.  ഒന്ന് ചിരിക്കുക പോലും ചെയ്യുന്നില്ലല്ലോ? അതിശയപ്പെട്ടു. അന്ന് ആശുപത്രിയിൽ വച്ച് കണ്ട ആളെ അല്ല. ഇത് വേറെ ഏതോ ഒരാൾ.

"അച്ഛന് തീരെ സുഖമില്ല. ആശുപത്രിയിൽ കൊണ്ട് പോകാൻ കയ്യിൽ പൈസയുമില്ല. കുറച്ച് പൈസ തരാമോ? കടമായിട്ട് മതി."

എങ്ങിനെയൊക്കെയോ വിക്കി വിക്കി അത്രയും പറഞ്ഞൊപ്പിച്ചു. മാളുവേട്ടത്തിയുടെ ചുണ്ടിൽ ഒരു വികൃതച്ചിരി വിടർന്നു. എന്നാലും പ്രതീക്ഷയുണ്ടായിരുന്നു. രാജേട്ടൻ എന്തെങ്കിലും തരും. തരാതിരിക്കില്ല. അല്ലെങ്കിൽ നല്ലൊരു വാക്കെങ്കിലും പറയും. അപ്പോൾ വേണം ജോലിക്കാര്യമൊന്ന് ചോദിയ്ക്കാൻ. എന്ത് സഹായം വേണമെങ്കിലും ചോദിക്കണം എന്ന് പറഞ്ഞ ആളല്ലേ. ഞാൻ മുഖത്തേക്ക് ദൈന്യതയോടെ നോക്കി. പക്ഷെ ഒരു ദയയുമില്ലാതെ കർക്കശ സ്വരത്തിൽ രാജേട്ടൻ അറുത്തുമുറിച്ച് പറഞ്ഞു. 

"ഇവിടെ ഇപ്പോൾ പൈസയൊന്നുമില്ല. ഞാൻ കുറച്ച് ടൈറ്റിലാണ്.."

ആ വിളക്കുമാടമെവിടെ? ഇല്ല.. അവിടെയൊന്നുമില്ല. കൂരിരുട്ട് മാത്രം. കട്ടകുത്തിയ ഇരുട്ടിൽ, ദൂരെ ഒരു മിന്നാമിനുങ്ങിനെ പോലെ ഒരു കുഞ്ഞു വെളിച്ചമുണ്ടോ? ഇല്ല.. ഒന്നുമില്ല... ശൂന്യം... 

നീർ പൊടിഞ്ഞ കണ്ണുകൾ തുടയ്ക്കാൻ മറന്ന, എൻറെ മുൻപിൽ ആ വാതിലടഞ്ഞപ്പോൾ, ലോകത്തിലേറ്റവും കൂടുതൽ അപമാനിതയായ പെൺകുട്ടിയായി ഞാൻ തരിച്ച് നിന്നു. തൊട്ടടുത്തൊരു അടക്കിപ്പിടിച്ച ചിരി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, തീ പോലെ പൊള്ളിക്കുന്ന വൃത്തികെട്ടൊരു ചിരിയുമായി മിനി. എൻറെ കളിക്കൂട്ടുകാരി...

തിരിച്ചു മടങ്ങുമ്പോൾ എൻറെ ഉള്ളിൽ കണ്ണുനീരിൻറെ ഒരു മഹാമേഘം തിമർത്തു പെയ്തു. ഏതു ശപിക്കപ്പെട്ട നിമിഷത്തിലാണ് ഇങ്ങോട്ട് വരാൻ തോന്നിയത്. വേണ്ടായിരുന്നു. വർദ്ധിച്ച വിഷമത്തോടെ തിരിച്ചു മടങ്ങുമ്പോൾ, എതിരെ സുകു വരുന്നു. ദൈവമേ. ഇങ്ങിനെയും ഉണ്ടോ ദുർവിധി. 

അവനെ കാണാറേ ഇല്ല. എത്ര വർഷമായി കണ്ടിട്ട്. ഇപ്പോൾ ആളാകെ മാറിയിട്ടുണ്ട്. പഴയ മെല്ലിച്ച ചെക്കനല്ല. നല്ല ശരീരമുള്ള യുവാവാണ്. പൊടിമീശയല്ല. കട്ടിമീശയും നേരിയ താടിയും ഉണ്ട്. ചുണ്ടുകൾ കുറച്ച് കൂടി ഇരുണ്ടോ? ഉവ്വെന്ന് തോന്നുന്നു. എന്താവും? ബീഡി വലിക്കുന്നുണ്ടാവും.. എന്തെങ്കിലും ആവട്ടെ...

ഉള്ളിൽ ആദ്യമായി മോഹത്തിൻറെ വിത്തെറിഞ്ഞവനാണ് വരുന്നത്. പക്ഷെ, ഞാൻ അന്നത്തെ ആ പെൺകുട്ടിയല്ല. ഈ ഗ്രാമത്തിലെ ഒട്ടുമിക്ക ആണുങ്ങളും ആർത്തിയോടെ നോക്കുന്ന ഒരു മാംസക്കഷ്ണം മാത്രമാണ്. വെറുമൊരു മാംസക്കഷ്ണം മാത്രം. എന്തായിരിക്കും ഇപ്പോൾ എന്നെക്കുറിച്ച് അവൻറെ മനസ്സിൽ. ദേഷ്യം? വെറുപ്പ്? അതല്ല മറ്റുള്ളവരെ പോലെ എന്നെ കാണുമ്പൊൾ അവൻറെ അരക്കെട്ടിലും എന്നെ കൊത്താനൊരു കറുത്ത പാമ്പ് പടം വിടർത്തിയാടുമോ... വേണ്ട.. ഒന്നുമാലോചിക്കണ്ട..

അവനെ അഭിമുഖീകരിക്കാനാവാതെ ഞാൻ മണ്ണിലേക്ക് നോക്കി നടന്നു. ഒന്നും മിണ്ടാതെ സുകു എന്നെ കടന്നു പോകുന്നത് ഞാൻ അറിഞ്ഞു. ആശ്വാസത്തിൻറെ ഒരു നെടു വീർപ്പ് എന്നിൽ പിറന്നപ്പോഴാണ് പിന്നിൽ നിന്നും സുകുവിൻറെ ചോദ്യം ഞാൻ കേട്ടത്. 

"കണ്ടിട്ട് കാണാത്ത പോലെ, ഒന്നും മിണ്ടാതെ പോവ്വാണോ?"

എൻറെ അടിവയറ്റിൽ നിന്നും ഒരു അഗ്നിഗോളം ഉരുണ്ടു പിടഞ്ഞ് ഉയർന്നു വന്നു. അത് നെഞ്ചിൽ ജ്വലിച്ചു. ഞാൻ തിരിഞ്ഞു നോക്കി. ഒരു വിളറിയ പുഞ്ചിരിയിൽ മറുപടി ഒതുക്കി. ചില നിമിഷങ്ങൾ മൗനത്തിൻറെ ഭാരത്തിലടർന്നു വീണു. സുകു പിന്നെയും ചോദിച്ചു.

"അച്ഛനിപ്പോൾ എങ്ങിനെ ഉണ്ട്?"

സുഖമെന്ന് പറഞ്ഞപ്പോൾ പിന്നെയും സുകുവിൻറെ ചോദ്യം. "മോനോ?" ഞാൻ തളർന്നു പോയി. എന്താണ് പറയേണ്ടത് എന്നറിയാത്ത ഒരവസ്ഥയിൽ മൗനം പൂണ്ടു. എൻറെ കണ്ണുകളിൽ നീര് പൊടിഞ്ഞു നിൽക്കുന്നത് കണ്ടാണോ എന്തോ സുകു പിന്നെ ഒന്നും ചോദിച്ചില്ല. തിരിഞ്ഞു നടക്കാൻ തുനിഞ്ഞ സുകുവിനെ എന്തോ ഒരുൾപ്രേരണയാൽ ഞാൻ വിളിച്ചു. 

"അതേയ്..."

തിരിഞ്ഞു നോക്കിയപ്പോൾ സുകുവിൻറെ മുഖത്തൊരു തിളക്കമുണ്ടായിരുന്നു. ഞാൻ വളരെ വിഷമത്തോടെ ചോദിച്ചു. 

"എന്നോട് ദേഷ്യമുണ്ടോ?" എന്തേ ഞാനങ്ങനെ ചോദിച്ചു? എന്തിന്? ദേഷ്യമൊന്നുമില്ല എന്നവൻ പറഞ്ഞെങ്കിൽ എന്ന മോഹം മാത്രം.. ഒന്നിനുമല്ല... വെറുതെ.. വെറുതെ ഒരു മോഹം മാത്രം..

സുകു ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ കുറച്ചു നേരം മൗനമായി നിന്നു. പിന്നെ ഇല്ലെന്ന് തലയാട്ടി. ഒരാശ്വാസം നെടുവീർപ്പായി ജനിച്ചു. ഒരു തണൽമേഘവും വലിച്ചിഴച്ചൊരു കാറ്റ് ചൂളം കുത്തി വന്നു. ഹാജ്യാരുടെ തോട്ടത്തിലെ കവുങ്ങുകൾ ഭ്രാന്ത് പിടിച്ച പോലെ ആടിയുലഞ്ഞു. വഴിവക്കത്തെ നാട്ടുമാവിൻറെ ഇലകൾക്ക് ബാധ പിടിച്ചെന്ന് തോന്നുന്നു. എൻറെ മനസ്സ് പോലെ അവയും വിറച്ചുവീണു. ഏതോ ഒരു ഉൾപ്രേരണയിൽ ഞാൻ പെട്ടെന്ന് അവനോടു ചോദിച്ചു.  

"എനിക്ക് കുറച്ച് പൈസ കടം തരാമോ? അച്ഛനെ ഒന്നാശുപത്രിയിൽ കൊണ്ടാവണം.  തീരെ സുഖമില്ല."

ഞാൻ ചോദിയ്ക്കാൻ പാടുണ്ടായിരുന്നോ എന്നറിയില്ല. എന്തുകൊണ്ടാണ് അന്നങ്ങിനെ അവനോട് ചോദിച്ചത് എന്നുമറിയില്ല. മുങ്ങിച്ചാകാൻ പോകുന്നവൻ മുന്നിൽ കണ്ട ഏത് പുൽത്തുരുമ്പിലും പിടിച്ചു നോക്കുമല്ലോ?

സുകു എന്തൊക്കെയോ ആലോചിച്ച് ഒരല്പ നേരം അങ്ങിനെ നിന്നു. പിന്നെ പറഞ്ഞു. 

"ഇപ്പൊ കയ്യിലില്ല. വൈകുന്നേരം തരാം." 

ആശ്വാസത്തോടെ ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ ശരിയെന്ന് തലയാട്ടി മെല്ലെ തിരിഞ്ഞു നടന്നു. കുറച്ച് നടന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു. ഒരു മരം കണക്കെ ആ ഇടവഴിയിൽ എന്നെയും നോക്കി നിൽക്കുന്ന സുകുവിനെ. മേലാകെ ഒരു കുളിർ പടർന്നു കയറി. വേഗം നടന്നു. പിന്നെയും തിരിഞ്ഞു നോക്കാൻ ഒരു പാട് കൊതിയുണ്ടായെങ്കിലും നോക്കാനുള്ള ധൈര്യമുണ്ടായില്ല. 

മാമരങ്ങളിൽ നിന്നും പച്ചിലകൾ തല്ലിപ്പൊഴിച്ച് കാറ്റെങ്ങോ അകന്നുപോയി. പരിഭ്രമിച്ചു പറന്നുയർന്ന കിളികൾ ശാന്തരായി മരച്ചില്ലകളിലേക്ക് തിരിച്ചെത്തി. അവയിൽ കൗശലക്കാരായ ആൺകിളികളുടെ സ്വരജതി കേട്ട് പെൺകിളികൾ അവരുടെ ചാരെ തൂവൽ മിനുക്കി, കുറുകിക്കൊണ്ട് നിന്നു. പ്രതാപശാലിയും പ്രതിഭാശാലിയുമായ കാലമെന്ന മഹാകവി, അനശ്വര ഗീതങ്ങളുടെ രചനയിൽ മുഴുകിയിരിക്കുന്നു. ഇനിയും ചില പുതിയ ഗീതങ്ങൾ പിറക്കേണ്ടതുണ്ട്.

തുടരും 

***     ****     ****     ****     ****
അദ്ധ്യായം 11: സ്വപ്നചകോരവും കാലൻ കോഴിയും

മുറ്റത്ത് അക്ഷമയായി അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. വിഷമത്തോടെ അമ്മയോട് ചെമ്പകത്ത് നടന്നതൊക്കെ പറഞ്ഞു. അമ്മയുടെ മുഖം മങ്ങി. അവസാനം സുകുവിനോട് കാശ് ചോദിച്ച കാര്യം മടിച്ചു മടിച്ചാണ് പറഞ്ഞെത്. അമ്മ ദേഷ്യപ്പെടും എന്നാണ് കരുതിയത്.  എന്നാൽ അതുണ്ടായില്ല. മാത്രമല്ല ആ മുഖത്ത് അശ്വാസത്തിൻറെ ഒരു വെള്ളി വെളിച്ചം കണ്ടു. 

എന്നിട്ടും അമ്മ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു: "രാജനെന്തേ ഇപ്പൊ ഇങ്ങിനെ ഒരു മാറ്റം."

അമ്മയ്ക്കിപ്പോഴും ആ മാറ്റം ഉൾക്കൊള്ളാനായിട്ടില്ല. വലിച്ചു വലിച്ച്‌ നെഞ്ചു തിക്കുന്ന അച്ഛൻറെ ചാരെയിരുന്ന്, ആ നെഞ്ചിൽ തടവിക്കൊടുക്കവേ എൻറെ ഉള്ളിലും ആ ചോദ്യം ഉണ്ടയിരുന്നു. എന്തേ രാജേട്ടനിങ്ങനെ ഒരു മാറ്റം? ഇല്ല.. ഈ ചോദ്യത്തിനും ഉത്തരമൊന്നും ഇല്ല.

നിമിഷങ്ങളടർന്നു പോകാതെ സമയം എന്നിൽ വീർപ്പു മുട്ടി. ഒന്ന് വൈകുന്നേരമായെങ്കിൽ. ഞാൻ അതിയായി ആഗ്രഹിച്ചു. പ്രതീക്ഷയുടെ ഒരായിരം മിന്നാമിന്നികൾ എന്നിൽ കുഞ്ഞു ചിറകുകൾ വിടർത്തി. ഇരുൾ മുറ്റിയ എൻറെ ജീവിതത്തിൽ ചന്ദനപ്രഭ വിതറി ആ അഗ്നിശലഭങ്ങൾ എന്നിലേക്ക് പറന്നടുക്കുന്നു. 

കൂട്ടം കൂട്ടമായി അവ പറന്നടുക്കുന്നു. കട്ടകുത്തിയ ഇരുട്ടിൽ പെട്ടുപോയ എൻറെ അടുത്തേക്ക്. എല്ലാ പ്രതീക്ഷകളും ചിതൽ തിന്നു പോയതിൽ പിന്നെ, സ്വപ്‌നങ്ങൾ കാണാൻ മറന്ന എന്നിലേക്ക്. അവ കൂട്ടം കൂട്ടമായി പറന്നു വരുന്നു. ഉള്ളിലൊരു സ്വപ്നചകോരത്തിൻറെ ചിറകടിയൊച്ച മുഴുങ്ങുന്നു. എനിക്ക് സ്വപ്നം കാണാൻ പാടുണ്ടോ എന്നറിയില്ല. എന്നിട്ടും, മിഴികൾ മുറ്റത്തിൻറെ അപ്പുറത്തേയ്ക്ക്, ഇടവഴിയിലേക്ക് നീണ്ടുനീണ്ട് പോകുന്നു. ഞാൻ അക്ഷമയായി സുകുവിനെയും കാത്തിരുന്നു. അവൻ കൊണ്ടു വരുന്ന പൈസക്ക് വേണ്ടിയാണോ, അതല്ല അവനെ ഒന്ന്കൂടി കാണുവാനാണോ? ഒരു വെറും പെണ്ണിൻറെ എല്ലാ ചപലതകളും ഇനിയും എൻറെ നെഞ്ചിൽ കൂടുകൂട്ടുകയാണോ? എന്തിന്..? അറിയിയില്ല... 

മരുഭൂമിയിൽ നടന്നു നടന്നു കാലിൻറെ ഉപ്പൂറ്റി പൊട്ടിയൊലിച്ചൊരു സഞ്ചാരി, ദൂരെ... അങ്ങുദൂരെ...  മരത്തണൽ തേടുന്ന പോലെ, ഒരു മോഹം. ഇങ്ങിനെ ജീവിച്ചു തളർന്നതിൽ പിന്നെ വീഴാതെ നിൽക്കാൻ മനസ്സിനൊരു അത്താണി വേണമെന്ന മോഹം. അത്താണി... തളർന്നുപോയ മനസ്സിന് ചായാൻ. അതിനായി മോഹിച്ചു കൂടെ? സ്വപ്നം കണ്ടുകൂടെ? എനിക്കറിയില്ല. എനിക്കവൻ കൊണ്ടുവരുന്ന പൈസയും വേണം.. പിന്നെ മനസ്സിൻറെ ഭാരമിറക്കിവെക്കാനൊരു അത്താണിയും വേണം. പണ്ടേയ്ക്കു പണ്ടേ മനസ്സ് അവനിലേക്ക് ചാഞ്ഞുവീണതാണല്ലോ?

സമയം സന്ധ്യയാകാറായി. സുകു വന്നില്ല. ഞാൻ മുറ്റത്ത് തന്നെ കാത്തു നിൽക്കുകയാണ്. എത്ര നേരം അങ്ങിനെ കാത്തിരുന്നു? ക്ഷമ കെട്ടു മനസ്സിൽ നിരാശയുടെ പുഴുക്കൾ നുരയ്ക്കാൻ തുടങ്ങവെയാണ്, ഇടവഴിയിൽ ഒരു കാലൊച്ച കേട്ടത്. എൻറെ കണ്ണുകളിൽ ഞാനറിയാത്തൊരു മോഹം തിര തല്ലി. മേലാകെ രോമാഞ്ചമുണ്ടാകെ ഞാൻ ഇടവഴിയിലേക്ക് നോക്കി.

ഇടവഴിയിൽ നിന്നും  മുറ്റത്തേയ്ക്ക് കയറിവന്നത് രാജേട്ടനായിരുന്നു. എൻറെ അമ്പരപ്പിന് അതിരില്ലായിരുന്നു. അന്ധാളിച്ച്, അമ്മയെ വിളിച്ചു. അകത്ത് നിന്നും ഇറങ്ങി വന്ന അമ്മയും അത്ഭുതപ്പെട്ടു. ഉള്ളിലെ നീരസം അമ്മ മുഖത്ത് കാട്ടിയില്ല. അങ്ങോട്ടെന്തെങ്കിലും ചോദിക്കാനാവുന്നതിൻറെ മുൻപേ രാജേട്ടൻ ചോദിച്ചു.  

"അച്ഛനെന്താ പറ്റിയത്?" 

എൻറെ മറുപടിക്ക് കാത്തു നിൽക്കാതെ, അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു. 

"ഇവള് വന്നപ്പോൾ അവിടെ മാളുവുണ്ടായിരുന്നു. അവളെ അറിയാലോ? ഇനി അവളുടെ വായ്പ്പാട്ട് കേൾക്കണ്ട എന്ന് കരുതിയാ ഞാൻ അങ്ങിനെ പറഞ്ഞത്. പിന്നെ ഇപ്പോഴാ ഒന്ന് വരാൻ തരായത്. ഞായറാഴിച്ച സാധാരണ വീട്ടീന്ന് പുറത്തിറങ്ങാറില്ല. അവള് സമ്മതിക്കില്ല. അതങ്ങിനെ ഒരു ജന്തു..." 

അമ്മയുടെ മുഖത്ത് ആശ്വാസത്തിൻറെ ഒരു മഴ പെയ്യുന്നത് കണ്ടു. നീരസത്തിൻറെ മഞ്ഞുരുകി. എൻറെ ഉള്ളിലും പ്രതീക്ഷയുടെ പുതിയ വാതിലുകൾ തുറക്കുന്നുണ്ട്. എന്നിട്ടും ഞാൻ തീയിൽ ചവിട്ടിയാലെന്ന പോലെ നിൽക്കുകയാണ്. ദൈവമേ, സുകു ഇപ്പൊ വന്നാൽ..

അച്ചൻറെ കട്ടിലിൻറെ അരികിൽ നിന്ന് രാജേട്ടൻ അമ്മയോട് പറഞ്ഞു. 

"ഇതിത്രയും ദിവസം കാക്കാനേ പാടില്ലായിരുന്നു. ഇവളെ ഒന്നാ ടെക്സ്റ്റയിൽസിലേക്ക് വിട്ടാ പോരായിരുന്നോ? എന്തായാലും, നാളെ ഞാൻ രണ്ടാളെ വണ്ടിയുമായി അയക്കാം. പിന്നെ..." 

രാജേട്ടൻ എൻറെ മുഖത്തേയ്ക്ക് നോക്കി. "ഇനി പൈസക്ക് വീട്ടിലേക്ക് വരണ്ട. തുണിക്കടയിലേക്ക് വന്നാൽ മതി. നീയിവിടെ ചില്ലറ കൂലിപ്പണിക്കൊക്കെ പോണൂന്ന് പറഞ്ഞു കേട്ടല്ലോ? അതിൻറെ ചേല് കാണാനുമുണ്ട്. എന്താ പറയാ.."

എന്ത് പറയാൻ. എൻറെ ജീവിതം ഉടഞ്ഞുപോയൊരു പളുങ്കുപാത്രമാണ്. ഞാനത് വൃഥാ മരപ്പശ തേച്ചൊട്ടിച്ചതാണ്. എൻറെ മനസ്സ് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു.   

സുകു വരുമോ എന്നൊരു വെപ്രാളം എനിക്കുണ്ടായിരുന്നെങ്കിലും ആ അവസരം നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമായിരുന്നില്ല. രാജേട്ടനോട് തുണിക്കടയിൽ എനിക്കൊരു ജോലി തരാമോ എന്ന് ചോദിക്കാൻ ഇതിനേക്കാൾ നല്ലൊരു അവസരം ഇനി കിട്ടില്ല. ആ ചോദ്യം അമ്മയ്ക്ക് ഒരുപാട് സന്തോഷമുണ്ടാക്കി എന്ന്, പ്രതീക്ഷയോടെ രാജേട്ടൻറെ മുഖത്തേയ്ക്ക് നോക്കുന്ന അമ്മയെ കണ്ടപ്പോൾ മനസ്സിലായി. പ്രതീക്ഷയുടെ നാലു കണ്ണുകൾ രാജേട്ടൻറെ മുഖത്തു തറച്ചു നിൽക്കുമ്പോൾ, അയാൾ എന്തോ കാര്യമായ ആലോചനയിലായിരുന്നു. മൗനത്തിൻറെ നീരൊഴുക്കിൽ നിമിഷങ്ങൾ ഒഴുകിപ്പോയി.

"അതിപ്പോ.. തുണിക്കടയിൽ ഒഴിവൊന്നുമില്ല. കച്ചോടം കൊറവാണെ.. മാത്രല്ല, മാളുവിൻറെ ഭരണം കൂടിയുണ്ടവിടെ. അവളെപ്പറഞ്ഞു സമ്മതിപ്പിക്കാൻ എനിക്കിത്തിരി സമയം വേണം.. എടിപിടീന്ന് ഒന്നും നടക്കില്ല."

നിരാശയുടെ ഒരു പടുകുഴിയായിരുന്നു അത്. ഞാനതിലേക്ക് മുഖവും കുത്തി വീണു. അമ്മയുടെ മുഖത്തും സങ്കടത്തിൻറെ ഒരു സാഗരമുണ്ടായിരുന്നു. മാളുവേട്ടത്തിയാണ് തീരുമാനമെടുക്കുന്നതെങ്കിൽ പ്രതീക്ഷയുടെ ഒരു ചെറു തരി പോലും. ഒരു ചോണനുറുമ്പിന് കടിച്ചെടുക്കാവുന്നത്ര പോലും വേണ്ട. എന്നിട്ടും ഞാൻ വിഷമത്തോടെ ചോദിച്ചു...

"അവിടെ അടിച്ചുവാരാനായാലും മതിയായിരുന്നു...."

തല വെട്ടിച്ചുകൊണ്ടാണ് രാജേട്ടൻ പറഞ്ഞത്..

"നിനെക്കെന്താ കുട്ടീ...അതൊക്കെ അവിടെ സെയിൽസ് ഗേൾസ് ചെയ്യുന്നതാ.. ഈ ടെക്സ്റ്റയിൽസിൽ അതിന് വേറെ പോസ്റ്റൊന്നും ഇല്ല... പിന്നെ..."

രാജേട്ടൻറെ അർദ്ധോക്തിയിൽ എനിക്കാകാംഷയായി. വിടർന്ന കണ്ണുകളോടെ ഞാനാ മുഖത്തേയ്ക്ക് നോക്കി. 

"പിന്നെ... പറ്റുമെങ്കിൽ മറ്റൊരു കാര്യം പറയാം. എനിക്കത്ര താല്പര്യമൊന്നും ഇല്ല.. തീരെ നിവർത്തിയില്ലാച്ചാ, ടൗണിൽ എനിക്കൊരു ചെറിയ വീടുണ്ട്. മുമ്പ് വാടകക്കാരുണ്ടായിരുന്നു. ഇപ്പൊ വല്ലപ്പോഴും ഞാനും ചങ്ങാതിമാരും കമ്പനി കൂടുന്നത് അവിടെയാണ്.. ആഴ്ചയിൽ ഒരീസം വന്നൊന്ന് തൂത്തുവാരി വൃത്തിയാക്കി ഇടാൻ ഒരാളെ തിരക്കി നടക്കാൻ തുടങ്ങീട്ട് ഇത്തിരിയായി. ആളെ കിട്ടണ്ടെ? നീ എല്ലാ ഞായറാഴ്ചയും ചെന്ന് അതൊന്ന് തൂത്ത് തുടച്ച് വൃത്തിയാക്കി പോര്. അതിനെന്താച്ചാ ഞാൻ തരാം. പിന്നെ സൗകര്യം പോലെ മാളുവിനോട് സംസാരിച്ച്, തുണിക്കടയിൽ കേറാലൊ. എന്താ..?"

രാജേട്ടൻ എൻറെയും അമ്മയുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി. എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. അടിച്ചു വൃത്തിയാകാൻ പോകാവുന്നതേ ഉള്ളു. പക്ഷെ ഇത് എന്തോ എനിക്കൊരു മനസ്സ് വരുന്നില്ല. അമ്മയാണെങ്കിൽ എന്തോ ആലോചിക്കുകയാണ്. 

പട്ടണത്തിലൊരു വീട്. അതും പൂട്ടിക്കിടക്കുന്നത്. രാജേട്ടനെ വിശ്വസിക്കാമോ? പേടിക്കേണ്ടതുണ്ടോ? കണാരേട്ടനെ വിശ്വസിക്കാമായിരുന്നില്ലേ? പേടിക്കേണ്ടതുണ്ടായിരുന്നോ? എന്നിട്ടെന്തായി? എനിക്കിപ്പോൾ ആണുങ്ങളുടെ നിഴലിനെപ്പോലും വിശ്വാസമില്ല. എഴുപത് കഴിഞ്ഞ ഹാജ്യാരെ പോലും. എൻറെ ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്. ചെന്നായ്ക്കളുടെ ലോകത്താണ് നീ ജീവിക്കുന്നതെന്ന്. ചെന്നായ്ക്കളുടെ ലോകത്ത്. നിനക്കോടി രക്ഷപ്പെടാനാവാത്ത ഒരു ഗുഹയിലേക്കും നീ കയറിചെല്ലരുത്..

ഞങ്ങളുടെ മൗനം കണ്ടപ്പോൾ രാജേട്ടൻ പറഞ്ഞു....

"അല്ല... വേണ്ടാച്ചാ വേണ്ട.. ഇത്തിരി സമയമെടുത്താലും കടയിൽ തന്നെ കയറുന്നതാണ് നല്ലത്.."

അമ്മ പെട്ടെന്ന് കയറിപ്പറഞ്ഞു... 

"അത്, ഓള് വന്നോളും." 

അച്ഛൻറെ തൊണ്ടയിൽ നിന്നും എന്തോ ഒരു ശബ്ദം വന്നത് ഞാൻ മാത്രമേ ശ്രദ്ധിച്ചുള്ളൂ. എനിക്ക് നെഞ്ചത്ത് വല്ലാത്ത ഒരു കനം തോന്നി. എന്തോ ഒരു ശരികേട് പോലെ. പക്ഷെ പറ്റില്ലെന്ന് പറയാൻ വയ്യ താനും. രാജേട്ടൻ പിന്നെ ഒന്നും പറഞ്ഞില്ല. 

മുറ്റത്തേക്കിറങ്ങിയപ്പോൾ വേലിയ്ക്കപ്പുറം സുകുവിനെ കണ്ട് പാമ്പിനെ ചവിട്ടിയ പോലെ ഞാൻ ഞെട്ടി. രാജേട്ടൻ അമ്മയുടെ കയ്യിലേക്ക് കുറച്ച് പൈസ കൊടുത്ത് ഇടവഴിയിലേക്ക് നടക്കുമ്പോൾ സുകുവും മെല്ലെ നടന്നു തുടങ്ങുകയായിരുന്നു. ഞാൻ പിന്നാലെ ചെന്നു. മെല്ലെ വിളിച്ചപ്പോൾ സുകു തിരിഞ്ഞു നോക്കി. ആ മുഖത്ത് വിഷാദഭാവമായിരുന്നു. ഒരു ചെറു ചിരിയോടെ അവൻ ചോദിച്ചു.

"ഞാനിത്തിരി നേരം വൈകി അല്ലെ. ചങ്ങാതിമാരെ കയ്യീന്ന് കടം വാങ്ങേണ്ടി വന്നു. അതാ വൈകിയത്. നിങ്ങൾക്ക് ഇപ്പൊ പൈസയൊക്കെ കിട്ടീലെ. എന്നാലിനി ഇത് തിരിച്ചു കൊടുത്തോളാം.."

എൻറെ കരളുരുകിപ്പോയി. പെട്ടെന്ന് ഞാൻ പറഞ്ഞു.. 

"അല്ല.. എനിക്കത് വേണം. ഞാൻ പിന്നെ തന്നോളാം.."

സുകുവിൻറെ മുഖം തിളങ്ങുന്നത് കണ്ടു. അവൻ പൈസയെടുത്ത് നീട്ടി. അത് വാങ്ങി ഞാൻ പറഞ്ഞു. 

"താങ്ക്സ് ട്ടൊ... ഇതിപ്പോ വല്ല്യ സഹായായി. മരിച്ചാലും മറക്കൂല..."

ഇരുൾ പരന്നു തുടങ്ങിയ ആ സായം സന്ധ്യയിൽ സുകുവിൻറെ കണ്ണിൽ രണ്ടു നക്ഷത്രങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. നോക്കി നിൽക്കെ അതിൽ നിന്നൊരു തീപ്പൊരി എൻറെ നെഞ്ചിൽ വീണെരിയാൻ തുടങ്ങി. മെല്ലെ മെല്ലെ സുകു നടന്നകലുമ്പോൾ ഞാൻ നോക്കി നിന്നു. അവാച്യമായൊരു അനുഭൂതിയുടെ തഴുകലിൽ നെഞ്ചകം കുളിർക്കുന്ന പോലെ. അവൻ നടന്നകന്ന വീഥിയിൽ നിഴലുകൾ പോലും ഇല്ലാതാക്കി ഇരുട്ട് വീണപ്പോൾ പതിയെ മുറ്റത്തേയ്ക്ക് കയറി. അമ്മ നോക്കി നിൽക്കുന്നുണ്ടായിരുന്നു. രൂക്ഷമായ നോട്ടം. ചോദിയ്ക്കാൻ നിന്നില്ല. 

"സുകു പൈസ കൊണ്ട് വന്നതാ. ചോദിച്ചിട്ടല്ലെ. വേണ്ടാന്നു പറഞ്ഞാൽ അത് മുഷിപ്പല്ലെ. നാളെ ഇനീം ചോദിക്കേണ്ടി വന്നാലോ. ഞാൻ വെറുതെ വാങ്ങി വച്ചു. നാലീസം കഴഞ്ഞങ്ങ് തിരിച്ച് കൊടുക്കാലൊ." 

എന്തോ അമ്മയൊന്നും മിണ്ടിയില്ല. ഞാൻ അച്ഛൻറെ അടുത്തേയ്ക്ക് ചെന്നു. നോക്കുമ്പോൾ ആ രണ്ടു കണ്ണുകളും അരുവി പോലെ ഒഴുകുകയാണ്. കട്ടിലിൻറെ ഓരം ചേർന്ന് ഞാനിരുന്നു. അച്ചൻറെ നെഞ്ചിൽ മെല്ലെ തലോടിക്കൊടുത്തു. എനിക്കറിയാം, അച്ഛനെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന്. പാവത്തിന് ഒന്നും പറയാൻ വയ്യല്ലോ.  ഞാൻ അച്ഛൻ മാത്രം  കേൾക്കുന്ന ശബ്ദത്തിൽ പറഞ്ഞു. 

"സാരമില്ലച്ഛാ... അച്ഛൻ വെഷമിക്കണ്ട. അടിച്ചു വാരാനോ, തുണി തിരുമ്പാനോ, പത്രം കഴുകാനോ, എന്തിനു വേണേലും ഞാൻ പോകാം. പട്ടിണിയേക്കാൾ ഭേദമല്ലേ. പള്ള പയിച്ചാൽ പിന്നെ സിദ്ധുവിനെ കാണാൻ വയ്യച്ഛാ.. അച്ഛൻ വിഷമിക്കണ്ട. നാളെ ആശുപ്രത്രീ പോകാട്ടൊ.."

അച്ഛൻറെ കണ്ണുകൾ പിന്നെയും പൊടിഞ്ഞു കൊണ്ടേയിരുന്നു. ആ അധരങ്ങൾ എന്തിനോ വേണ്ടി വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ കാതുകൾ ചുണ്ടോടു ചേർത്തുനോക്കി. നിരാശയായിരുന്നു ഫലം.

അമ്മ കൊണ്ടുവന്ന കഞ്ഞി ഞാൻ അച്ഛന് കോരിക്കൊടുത്തു. കുറച്ച് കുടിച്ചു. പിഞ്ഞാണത്തിൽ ബാക്കിയുള്ള കഞ്ഞി കോരിക്കുടിക്കുമ്പോൾ എൻറെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞിരുന്നു. 

പിന്നെ പുതിയൊരു പുലരിയെ സ്വപ്നം കണ്ട് ഞങ്ങൾ ഉറങ്ങാൻ കിടന്നു. പക്ഷെ ഉറക്കം വന്നില്ലെനിക്ക്. അസ്വസ്ഥമായ മനസ്സിൽ ഏതൊക്കെയൊ ചിന്തകൾ മദിച്ചു നടന്നു. രാജേട്ടൻ.. ശരിയാണ്.. ഇപ്പോൾ ഒരു നിഴൽ മരം തന്നെയാണ്.. എന്നാലും... ഉള്ളിലൊരു ഭയം.. പരിഭ്രമം.. പരവേശം.. അങ്ങിനെയിരിക്കെ അതാ വരുന്നു.. മഞ്ഞുതിരുന്ന പ്രഭാതം പോലെ പുഞ്ചിരിച്ച്, സുകു. അറിയാതെ ചുണ്ടിലേക്കൊരു പുഞ്ചിരി പറന്നു വന്നു. അധികം താമസിച്ചില്ല.. പിന്നെയും ഭയമോ പരിഭ്രമമോ പരവേശമോ.. കുറെ കഴിഞ്ഞപ്പോൾ പിന്നെയും സുകുവിൻറെ തെളിച്ചമുള്ള കണ്ണുകൾ.. 

പെട്ടെന്ന് വീടിനടുത്തുള്ള ഏതോ മരത്തിൽ നിന്നും ഒരു കാലൻ കോഴിയുടെ പേടിപ്പെടുത്തുന്ന കൂവൽ. ഞാനാകെ ചൂളിപ്പോയി. പേടിച്ച് കണ്ണുകൾ ഇറുക്കെ അടച്ചു. ഇപ്പോൾ ഇരുട്ടാണ്.. അകെ ഇരുട്ട്.. 

കാതുകൾ കൊട്ടിയടക്കാനായില്ല. കാലൻ കോഴിയുടെ കൂവൽ മാത്രമല്ല. പാടത്തു നിന്നോ പറമ്പിൽ നിന്നോ നായ്ക്കളോ കുറുനരികളോ ഒക്കെ കൂടി ഓരിയിടുന്നു... ഹൊ.. ഇതൊരു വല്ലാത്ത കാളരാത്രി തന്നെ...

തുടരും 

No comments:

Post a Comment